പദ്ധതിയുണ്ട് ജീവിക്കാൻ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് വീട്ടിലെത്തും

digital-life-certificate
Photo credit : fizkes / Shutterstock.com
SHARE

കേന്ദ്ര – സംസ്ഥാന പെൻഷൻകാർ, വിമുക്തഭടർ, ബാങ്ക് ജീവനക്കാർ തുടങ്ങിയവർക്ക് ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (പെൻഷൻ തുടർന്നു ലഭിക്കാനുള്ള തെളിവ്) പോസ്റ്റ് ഓഫിസുകളിൽ നിന്നോ പോസ്റ്റ്മാൻ വീട്ടിൽ എത്തിയോ നൽകുന്ന പദ്ധതി തപാൽ വകുപ്പ് ആരംഭിച്ചു. മുതിർന്നവർ വീടിനു പുറത്തുപോകുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിന്റെ ചുമതലയിൽ പദ്ധതി ആരംഭിച്ചിരിക്കുന്നത്. മുൻകൂട്ടി അറിയിച്ചാൽ പോസ്റ്റ്മാൻ വീട്ടിലെത്തി മൈക്രോ എടിഎമ്മിന്റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നൽകും. ഇതിനു തപാൽ വകുപ്പ് 70 രൂപ ഈടാക്കും.

കേന്ദ്ര – സംസ്ഥാന ജീവനക്കാർ നവംബറിലാണ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത്. ഇക്കുറി  സംസ്ഥാന ജീവനക്കാർക്ക് മാർച്ച് വരെ അവസരം നീട്ടിയിട്ടുണ്ട്.

പെൻഷൻ വിവരങ്ങൾക്കൊപ്പം ആധാർ നമ്പറുമായി ബന്ധപ്പെടുത്തി വിരലടയാളം ചേർത്താണ് ജീവൻ പ്രമാൺ എന്ന ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിനു റജിസ്റ്റർ ചെയ്യുന്നത്. 

പെൻഷൻ കണക്കുകൂട്ടൽ: മാറ്റം പിൻവലിച്ചു

സർക്കാർ ജീവനക്കാർക്കു പെൻഷൻ കണക്കുകൂട്ടുന്നതിനായി സർവീസ് കാലയളവു നിർണയിക്കുന്ന രീതിയിൽ വരുത്തിയ മാറ്റം ഇനിയില്ല.  കേരള സേവന ചട്ടങ്ങളിലെ ഭേദഗതിയാണ് പിൻവലിച്ചിരിക്കുന്നത്.

6 മാസത്തിലേറെയുള്ള സർവീസ് ഒരു വർഷമായി കണക്കാക്കിയിരുന്നതും 6 മാസത്തിൽ താഴെയെങ്കിൽ പൂർണമായി ഒഴിവാക്കിയിരുന്നതുമാണ് ഇനി തുടരുക. 3 മാസവും അതിൽ കൂടുതലും 9 മാസത്തിൽ കുറവും ആണെങ്കിൽ അതിനെ അരവർഷത്തെ സർവീസായി കണക്കാക്കുമെന്നു വ്യക്തമാക്കിയായിരുന്നു ഭേദഗതി. 9 വർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ 10 വർഷമായി കണക്കാക്കി മിനിമം പെൻഷൻ നൽകും. 28 വർഷവും 7 മാസവും സർവീസ് ഉണ്ടെങ്കിൽ 29 വർഷത്തെ സർവീസായി കണക്കാക്കും. ഇതിനെ ഇരുപത്തിയെട്ടര വർഷത്തെ സർവീസായേ കണക്കാക്കാവൂ എന്ന ഭേദഗതി ഒഴിവാക്കി. 29 വർഷവും ഒരു ദിവസവും ജോലി ചെയ്താൽ 30 വർഷമായി കണക്കാക്കി ഫുൾ പെൻഷൻ അനുവദിക്കും. 32 വർഷവും ഒരു ദിവസവും സർവീസുണ്ടെങ്കിൽ 33 വർഷമായി കണക്കാക്കി ഗ്രാറ്റുവിറ്റി നൽകും. 

എല്ലാ തപാൽ ഓഫിസിലും സമ്പാദ്യപദ്ധതി

ചെറുകിട സമ്പാദ്യ പദ്ധതി പ്രകാരമുള്ള നിക്ഷേപങ്ങൾ രാജ്യത്തെ എല്ലാ തപാൽ ഓഫിസുകളിലും സ്വീകരിക്കും. നേരത്തെ നഗരങ്ങളിലെ തപാൽ ഓഫിസുകളിൽ മാത്രമായിരുന്നു ഈ സൗകര്യം.

എൻഎസ്‌സി, പിപിഎഫ്, കിസാൻ വികാസ് പത്ര, സീനിയർ സിറ്റിസൻസ് സേവിങ്സ് സ്കീം, പ്രതിമാസ നിക്ഷേപ പദ്ധതികൾ തുടങ്ങിയവയെല്ലാം ഇനി ലഭിക്കും.

വിപുലമായ സേവന ലഭ്യത

കേരളത്തിലുടനീളം 51 ഹെഡ് പോസ്റ്റ് ഓഫിസുകളുടെ താഴെയായി ചെറു പട്ടണങ്ങളെല്ലാം ഉൾപ്പെടുത്തിക്കൊണ്ട് 1457 സബ് പോസ്റ്റ് ഓഫിസുകളും, ഉൾനാടൻ ഗ്രാമപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന 3560 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളുടെയും അതിവിപുലമായ തപാൽ ഓഫിസുകളുടെ ശൃംഖല സാമ്പത്തിക സേവനങ്ങളെ സാധാരണക്കാരന്റെ വീട്ടുപടിക്കൽ എത്തിക്കുന്നു. കേരളത്തിലെ റീജനൽ റൂറൽ ബാങ്കുകളുടേതുൾപ്പെടെയുള്ള ശാഖകളുടെ എണ്ണത്തോളം തന്നെ വരുന്ന ഇതര സാമ്പത്തിക സേവന ശൃംഖലയായി പോസ്റ്റ് ഓഫിസുകളെ കരുതാം. പോസ്റ്റ് ഓഫിസുകളിൽ സാധാരണ തപാൽ സേവനങ്ങൾക്കു പുറമേ ലഭിക്കുന്ന സാമ്പത്തിക സേവനങ്ങൾ:

 സേവിങ്സ് ബാങ്ക്

 ആവർത്തന നിക്ഷേപങ്ങൾ

 സ്ഥിര നിക്ഷേപങ്ങൾ

 ചെറുകിട നിക്ഷേപങ്ങൾ

സുകന്യ സമൃദ്ധി നിക്ഷേപങ്ങൾ

 ചെറു തുകകൾ അയച്ച് കൊടുക്കുന്നതിന്

 ഇലക്ട്രോണിക് മണി ഓർഡർ

 അടൽ പെൻഷൻ സ്കീം

 നാഷനൽ പെൻഷൻ സ്കീം

(തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ)

നികുതി ഇളവുകൾ

10,000 രൂപ വരെയുള്ള വാർഷിക പലിശ വരുമാനത്തിന് ആദായ നികുതി നൽകേണ്ടതില്ല. അതിനു മുകളിൽ സ്രോതസിൽ നികുതി ബാധകമാണ്. മുതിർന്ന പൗരന്മാരുൾപ്പെടെ ആദായ നികുതി ബാധകമല്ലാത്ത വരുമാനമുള്ളവർക്കു നിർദിഷ്ട ഫോറത്തിൽ ഡിക്ളറേഷൻ നൽകിയാൽ സ്രോതസിൽ നികുതി പിടിക്കില്ല. സ്ഥിര നിക്ഷേപം, മുതിർന്ന പൗരന്മാരുടെ നിക്ഷേപം എന്നിവയ്ക്ക് 80 സി വകുപ്പ് പ്രകാരം ആദായ നികുതി ഇളവിന് മറ്റു നിക്ഷേപങ്ങളോടൊപ്പം അർഹതയുമുണ്ട്.

English Summary : Digital life certificate

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA