ADVERTISEMENT

കേരളത്തിൽ ആരോഗ്യപ്രവർത്തകർ കോവിഷീല്‍ഡ് വാക്സീൻ സ്വീകരിച്ചു തുടങ്ങിയെങ്കിലും പൊതുജനങ്ങൾക്കിടയിൽ ഇപ്പോഴും വാക്സിനേഷൻ സംബന്ധിച്ച് ആശങ്കകളുണ്ട്. കേരളത്തിൽ കോവിഷീൽഡ് വാക്സീനാണ് നൽകുന്നതെങ്കിലും മറ്റു രാജ്യങ്ങളിൽ ഫൈസർ ബയോഎൻടെക് വാക്സീനും നൽകുന്നുണ്ട്. യുകെയിലെ എൻഎച്ച്എസ് ഹോസ്പിറ്റലിൽ‌നിന്ന് ഫൈസർ വാക്സീൻ സ്വീകരിച്ച അനുഭവം ഡോക്ടർ കുഞ്ഞാലികുട്ടി (സമൂഹമാധ്യമങ്ങളിലെ പെൻ നെയിം) ‌സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ചു. ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ യാതൊരു പ്രശ്നവുമില്ലായിരുന്നെന്നും രണ്ടാമത്തെ ഡോസിൽ പനിയും വിറയലും ശരീരവേദനയും അനുഭവപ്പെട്ടെന്നും ഡോക്ടർ പറയുന്നു. എന്നാൽ രണ്ടു പാരസെറ്റമോൾ കഴിച്ച് ഉറങ്ങി എഴുന്നേറ്റതോടെ പ്രശ്നങ്ങളെല്ലാം മാറി പതിവുപോലെ ജോലിക്കും പോയി. പനി പോലുള്ള പാർശ്വഫലങ്ങൾ കണ്ട് ആരും പേടിക്കേണ്ടതില്ലെന്നും ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥ വാക്സീനോട് പ്രതിപ്രവർത്തിച്ച് പ്രതിരോധമുണ്ടാക്കുന്നതിന്റെ ലക്ഷണമാണിതെന്നും ഡോക്ടർ പറയുന്നു. 

ഡോക്ടറുടെ കുറിപ്പ് വായിക്കാം; 

ആദ്യ ഡോസ് കോവിഡ് വാക്സീൻ എടുത്തപ്പോൾ പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. കുത്ത് കിട്ടിയ സ്ഥലത്ത് മൂന്നാല് ദിവസം വേദനയുണ്ടായിരുന്നു എന്നു മാത്രം. സാധാരണ ഫ്ലൂ വാക്സിൻ എടുക്കുമ്പോൾ ഉണ്ടാകാറുള്ള വേദനയേക്കാളും കുറച്ച് കൂടി കൂടുതലായി തോന്നി. 

രണ്ടാമത്തെ ഡോസ് അങ്ങനെയായിരുന്നില്ല. ഇക്കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് വാക്സീൻ എടുത്തത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞതും ഒരു പനിക്കോള് തുടങ്ങി. താമസിയാതെ കിടുകിടെ വിറയ്ക്കാനും. അപ്പഴേ ഓടി വീട്ടിൽ പോയി. വീട്ടിൽ ചെന്ന് കുറച്ച് കഴിഞ്ഞതും ശക്തമായ ഫ്ലൂവിന്റെ ലക്ഷണങ്ങൾ തുടങ്ങി. ശരീരവേദന, വിറയലോട് കൂടിയ പനി. മൂന്നാല് ലെയർ ഉടുപ്പുകളിട്ടിട്ടും തണുപ്പും വിറയലും. 2 പാരസെറ്റമോൾ കഴിച്ചു. രാത്രി കിടന്നിട്ട് ഉറക്കവും വരുന്നില്ല. വയർ വേദന, പനി, കുളിര്. അവസാനം എപ്പോഴോ ഉറങ്ങി. 

രാവിലെ എഴുന്നേറ്റപ്പോൾ പനിയും കുളിരും ശരീരവേദനയും എല്ലാം പമ്പ കടന്നിരിക്കുന്നു. ശരിക്ക് ഉറങ്ങാനാവാത്തതിന്റെ ക്ഷീണം മാത്രമേ ഉള്ളൂ. ജോലിക്ക് പോയി. ഇന്നലത്തെ ലക്ഷണം കണ്ടിട്ട് ഇന്ന് സിക്ക് ലീവെടുക്കേണ്ടി വരുമെന്നാണ് കരുതിയത്. എന്റെ കൂട്ടുകാരിലും സഹപ്രവർത്തകരിലും മിക്കവാറും പേർക്ക് രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ഇതേ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ചിലർക്കൊക്കെ രണ്ടു ദിവസം വരെ ലക്ഷണങ്ങൾ നീണ്ടുനിന്നു. എന്നാൽ ചിലർക്ക് യാതൊരു പ്രശ്നവും ഉണ്ടായതുമില്ല! 

വാക്സിൻ ടൈപ് : ഫൈസർ-ബയോൺടെക്

പോസ്റ്റ് എഡിറ്റ്: ഈ ലക്ഷണങ്ങൾ കണ്ട് ആരും പേടിക്കേണ്ടതില്ല. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ വാക്സീനോട് പ്രതിപ്രവർത്തിച്ച് പ്രതിരോധമുണ്ടാക്കുന്നതിന്റെ ലക്ഷണമാണത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com