ADVERTISEMENT

കോവിഡ് മഹാമാരിക്ക് കഷ്ടിച്ച് ഒരു വർഷമേ പ്രായം ആയിട്ടുണ്ടാകുള്ളൂ. എന്നാൽ അതിനെ തളയ്ക്കാൻ ശാസ്ത്രലോകം രംഗത്തിറക്കിയിരിക്കുന്നത് ഓക്സ്ഫഡ് സർവകലാശാലയുടേത് അടക്കം നിരവധി വാക്സീനുകളാണ്.

ഓക്സ്ഫഡ് സർവകലാശാലയും ആസ്ട്ര സെനകയും ചേർന്ന് വികസിപ്പിച്ച കോവിഡ് വാക്സീൻ ഫലപ്രാപ്തിയെയും സുരക്ഷിതത്വത്തെയും സംബന്ധിച്ച ഇടക്കാല റിപ്പോർട്ട് വിവിധ രാജ്യങ്ങളുടെ പരിശോധനയ്ക്കും അനുമതിക്കുമായി നൽകി കഴിഞ്ഞു. യുകെ, ഇന്ത്യ, അർജന്റീന, എൽസാൽവദോർ, മൊറോക്കോ അടക്കമുള്ള രാജ്യങ്ങൾ അടിയന്തിര ഉപയോഗത്തിനുള്ള അനുമതിയും ഓക്സ്ഫഡ് വാക്സീന് നൽകി.

സാധാരണഗതിയിൽ ദശാബ്ദങ്ങൾ എടുക്കുന്ന വാക്സീൻ വികസന പരിപാടി 12 മാസത്തിനകം പൂർത്തിയാക്കുന്നത് ശാസ്ത്രത്തിന്റെ അനുപമ നേട്ടമാണ്. ഓക്സ്ഫഡ് വാക്സീൻ റെക്കോർഡ് സമയത്തിൽ പൂർത്തിയാക്കിയതിന് പിന്നിലുള്ള പരിശ്രമത്തിന്റെ കഥ പറയുകയാണ് അവിടുത്തെ ഗവേഷകർ.

നിർണായകമായ വൈറൽ വെക്ടർ ടെക്നോളജി

വാക്സീനു വേണ്ടിയുള്ള പ്ലാറ്റ്ഫോം നേരത്തെതന്നെ സജ്ജമായിരുന്നു. കോവിഡിന് വേണ്ടി അല്ലെങ്കിലും സമാനമായ രോഗങ്ങൾക്കെതിരെ ChAdOx1 വൈറൽ വെക്ടർ ടെക്നോളജിയിൽ അധിഷ്ഠിതമായ പരീക്ഷണങ്ങൾ നടക്കുന്നുണ്ടായിരുന്നു. ചിമ്പാൻസികളിൽ ജലദോഷപ്പനി ഉണ്ടാക്കുന്ന നിരുപദ്രവകാരിയായ അഡനോവൈറസിനെ പരിഷ്കരിച്ചാണ് ഈ പ്ലാറ്റ്ഫോം തയാറാക്കിയത്.

ഡിസീസ് X ന് വേണ്ടി ഒരുങ്ങി, കോവിഡ് വന്നു

 ലോകാരോഗ്യസംഘടന മുൻഗണന നൽകിയിരുന്ന ഡിസീസ് X ഉൾപ്പെടെ 8 രോഗങ്ങൾക്കെതിരെയുള്ള തയാറെടുപ്പിന്റെ ഭാഗമായായിരുന്നു ഗവേഷണം.കോവിഡ്–19 ഈ പട്ടികയിൽ ഉൾപ്പെടുത്തി.

ചൈനയിൽ നടന്ന ജനിതക സീക്വൻസിങ്

ഇതിനിടെ ചൈനയിലെ ഗവേഷകർ കൊറോണ വൈറസിന്റെ ജനിതക സീക്വൻസ് മാപ്പ് തയാറാക്കി. തുടർന്നു ChAdOx1 വെക്ടറിനെ സാർസ് കോവ് 2 സ്‌പൈക് പ്രോട്ടീൻ വെക്ടറുമായി യോജിപ്പിച്ച് കോവിഡ് 19 വാക്‌സീൻ തയാറാക്കി.ഡിസീസ് X  എന്ന സാങ്കൽപിക മഹാമാരിക്കായുള്ള തയാറെടുപ്പ് മൂലം ഗവേഷണ സംഘത്തിന് 2020 ആരംഭത്തിൽ തന്നെ മൃഗങ്ങളിൽ വാക്സീൻ പരീക്ഷണം തുടങ്ങാനായി.

മനുഷ്യരിലെ പരീക്ഷണം

മൂന്ന് ഘട്ടങ്ങളിലായാണ് വാക്സീൻ പരീക്ഷണം മനുഷ്യരിൽ നടത്തിയത്. ഒന്നാംഘട്ടത്തിൽ വാക്സീൻ സുരക്ഷയും അതിനോടുള്ള പ്രതിരോധ പ്രതികരണവും സംബന്ധിച്ച പരീക്ഷണം ചെറിയ ഗ്രൂപ്പിൽ നടത്തി. രണ്ടാംഘട്ടത്തിൽ കൂടുതൽ വലിയ സംഘത്തിൽ പരീക്ഷണം നടത്തി വാക്സിൻ ഡോസും ഷെഡ്യൂളും തിരിച്ചറിഞ്ഞു. മൂന്നാംഘട്ടത്തിൽ വിവിധ ഇടങ്ങളിലുള്ള വലിയ ഗ്രൂപ്പുകളിൽ പരീക്ഷിച്ച് വാക്സീൻ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പുവരുത്തി. വാക്സീൻ വികസന പ്രക്രിയ ത്വരിതപ്പെടുത്തുന്നതിനു ചില ഘട്ടങ്ങൾ ഒരേസമയം വ്യത്യസ്ത തലങ്ങളിൽ നടപ്പാക്കി.

സുരക്ഷയ്ക്ക് നോ കോംപ്രമൈസ്

വേഗത്തിൽ വാക്സീൻ വികസനം പൂർത്തിയാക്കി എന്നതുകൊണ്ട് സുരക്ഷയുടെ കാര്യത്തിൽ വിട്ടുവീഴ്ച ഉണ്ടായിട്ടില്ലെന്ന് ഓക്സ്ഫഡ് വാക്സീൻ നിർമാതാക്കൾ ആവർത്തിക്കുന്നു. കുത്തിവയ്പ്പ് എടുത്ത വോളന്റിയർമാരെ കർശന നിരീക്ഷണത്തിന് വിധേയമാക്കുകയും അതുമായി ബന്ധപ്പെട്ട് അവർക്കുണ്ടായ മാറ്റങ്ങളെ കൃത്യമായി അവലോകനം ചെയ്യുകയും ചെയ്തു. സാധാരണഗതിയിൽ ഒരു വാക്സീൻ ലൈസൻസ് എടുക്കാൻ ആവശ്യമായതിലും അഞ്ചിരട്ടി വോളന്റിണ്ടിയർമാരിൽ  ഓക്സ്ഫഡ് വാക്സിൻ പരീക്ഷിച്ചതായും നിർമാതാക്കൾ കൂട്ടിച്ചേർത്തു.

English Summary : Oxford scientists explain how they developed the Covid-19 vaccine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com