ഇനി സാവിത്രിമാർ ഉണ്ടാകരുത്; ഭയക്കേണ്ട, കാൻസർ കൃത്യമായി ചികിൽസിച്ചാൽ പൂർണമുക്തി

HIGHLIGHTS
  • കൃത്യമായ ചികിത്സ തേടിയാൽ ഏറിയപങ്ക് കാൻസർ രോഗങ്ങളും പൂർണമായും ചികിത്സിച്ചു ഭേദമാക്കാം
  • ചികിത്സ തേടാതിരിക്കുന്നതാണ് രോഗം വഷളാക്കുന്നത്
world cancer day 2021
Representative Image. Photo credit : ESB Professional / Shutterstock.com
SHARE

തനിക്ക് കാൻസർ ആണെന്ന് അറിയുമ്പോൾ രോഗി ഒന്നു പകച്ചുപോകുക സ്വാഭാവികം. പക്ഷേ ഇപ്പോൾ അങ്ങനെ ഭയക്കേണ്ട കാര്യമില്ല. രോഗത്തിന്റെ ആദ്യ സ്റ്റേജുകളിൽതന്നെ കൃത്യമായ ചികിത്സ തേടിയാൽ ഏറിയപങ്ക് കാൻസർ രോഗങ്ങളും പൂർണമായും ചികിത്സിച്ചു ഭേദമാക്കാം. സ്ഥിരീകരിച്ച ശേഷവും ചികിത്സ തേടാതിരിക്കുന്നതാണ് രോഗം വഷളാക്കുന്നത്. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് കൊച്ചിൻ കാൻസർ റിസേർച്ച് സെന്റർ സൂപ്രണ്ട് ഡോ. പി.ജി ബാലഗോപാൽ.

ഔദ്യോഗിക ജീവിതത്തിൽ നിരവധി രോഗികളെ തിരുവനന്തപുരം ആർസിസിയിലും കൊച്ചിൻ കാൻസർ റിസേർച്ച് സെന്ററിലുമായി കണ്ടിട്ടുണ്ട്. ഓരോ രോഗിയും നമുക്ക് നൽകുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. ജോലിയുടെ ആദ്യഘട്ടത്തിൽ ആർസിസിയിൽ എന്നെ കാണെനെത്തിയ സാവിത്രി എന്ന കൊല്ലം സ്വദേശിയുണ്ട്. കൃത്യമായ വിവരങ്ങൾ നൽകിയിട്ടും ചികിത്സ തേടാതെ രോഗം വഷളായി അവസാനം ഒന്നും ചെയ്യാനാകാത്ത ഘട്ടത്തിലെത്തിയ അവരെ പാലിയേറ്റീവ് കെയറിലേക്കു വിടേണ്ടി വന്ന അനുഭവം ഏറെ വേദന ഉണ്ടാക്കിയതാണ്.

dr-balagopal
ഡോ. പി. ജി ബാലഗോപാൽ

നാക്കിൽ വ്രണവുമായാണ് സാവിത്രി എത്തിയത്. വീട്ടുജോലി ചെയ്ത് ജീവിക്കുന്ന അവർക്കു സ്വന്തമെന്നു പറയാനുള്ളത് ഒരു അനുജത്തി മാത്രം. പരിശോധനയിൽ കാൻസർ സ്ഥിരീകരിച്ചു. രോഗത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും അല്ലെങ്കിൽ ഉണ്ടാകാവുന്ന അപകടങ്ങളെ കുറിച്ചുമെല്ലാം പറഞ്ഞു കൊടുത്തു. അടുത്ത ദിവസം അനിയത്തിയെയും കൂട്ടി എത്താമെന്നു പറഞ്ഞുപോയ അവരെ പിന്നെ ഞാൻ കാണുന്നത് ഏഴെട്ടു മാസം കഴിഞ്ഞാണ്. അപ്പോഴേക്കും വ്രണം കുറച്ചു വലുതായിരുന്നു.

റിപ്പോർട്ട് നോക്കി റേഡിയേഷനോ കീമോതെറാപ്പിയോ ചെയ്യണം. ഇല്ലെങ്കിൽ താടിയിലേക്കു വ്യാപിച്ച് താടിയെല്ലു മാറ്റേണ്ടിവരും എന്നൊക്കെയുള്ള അപകടാവസ്ഥ പറഞ്ഞു മനസ്സിലാക്കി. വീണ്ടും വരാമെന്നു പറഞ്ഞു പോയ സാവിത്രി പിന്നെ രണ്ടു വർഷം കഴിഞ്ഞാണ് വരുന്നത്. അപ്പോഴേക്കും രോഗം മൂർധന്യത്തിലെത്തിയിരുന്നു. തൊലിപ്പുറത്ത് വളർന്ന് താടിയെല്ലിലേക്കൊക്കെ അർബുദം വ്യാപിച്ചിരുന്നു. ശസ്ത്രക്രിയയോ ചികിൽസകളോ പറ്റാത്ത അവസ്ഥയിൽ അവരെ പാലിയേറ്റീവ് കെയറിലേക്ക് പറഞ്ഞുവിടേണ്ടിവന്നു.

രോഗം ചികിൽസിക്കാതിരുന്നാൽ ഉണ്ടാകാവുന്ന അപകടസാധ്യതകളുമെല്ലാം പറഞ്ഞുകൊടുത്തിട്ടും, ചികിത്സ തേടാനുള്ള സാഹചര്യം അവർക്ക് ഇല്ലാതിരുന്നതാകാം രോഗം വഷളാകുന്ന നില വരെയെത്തിച്ചത്. ഫിസിക്കൽ സപ്പോർട്ട് കിട്ടാത്തത് പലരെയും ചികിത്സ തേടുന്നതിൽനിന്ന് വിട്ടു നിൽക്കാനോ ചികിൽസ വൈകിപ്പിക്കാനോ പ്രേരിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ളവർക്ക് സാമൂഹികനീതി വകുപ്പ് വഴിയോ ആരോഗ്യവകുപ്പ് വഴിയോ സഹായമെത്തിക്കുന്നത് നന്നായിരിക്കും. നമ്മുെട സമൂഹത്തിൽ ഇങ്ങനെയുള്ള സാവിത്രിമാർ നിരവധിയുണ്ട്.

English Summary : World cancer day 2021, cancer treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA