സമയത്തു കണ്ടെത്താം, ചികിൽസിച്ചു തോൽപിക്കാം; കാൻസർ ഭീതി വേണ്ട

HIGHLIGHTS
  • ആദ്യ കാഴ്ചയിൽ ട്രീറ്റ്മെന്റ് ആരംഭിക്കാനുള്ള ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെങ്കിലും ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല.
  • ചെറിയ ഡോസിലുള്ള മരുന്നുകൾ കൊടുത്ത് ട്രീറ്റ്മെന്റ് ആരംഭിച്ചു
world cancer day 2021
Representative Image. Photo credit : MergeIdea / Shutterstock.com
SHARE

കാൻസർ എന്ന രോഗത്തെക്കുറിച്ച് ഇപ്പോഴും ആളുകൾക്കിടയിൽ തെറ്റിദ്ധാരണകൾ നിരവധിയാണ്. രോഗം കൃത്യമായി ചികിത്സിച്ചു ഭേദമാക്കിയ നിരവധി പേർ നമുക്കു ചുറ്റുമുണ്ടെങ്കിലും, കാന്‍സർ ആണോ? എങ്കിൽ ചികിത്സ ഇല്ലെന്നും മരണം ഉറപ്പാണെന്നും വിശ്വാസിക്കുന്ന കുറച്ചു പേരെങ്കിലും ഈ നൂറ്റാണ്ടിലും ഉണ്ടെന്നത് അദ്ഭുതമാണ്. അത്തരത്തിലൊരു അനുഭവം പങ്കുവയ്ക്കുകയാണ് കൊച്ചി രാജഗിരി ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം തലവൻ ഡോ. സഞ്ജു സിറിയക്.

മെഡിക്കൽ രംഗത്ത് ഓരോ ദിവസവും പുതിയ പ്രതീക്ഷകൾ ഉണ്ടാകുന്നുണ്ട്. ആധുനിക വൈദ്യശാസ്ത്രം വികസിച്ചുകൊണ്ടിരിക്കുന്നു. ഇങ്ങനെയൊക്കെയുള്ള ആശ്വാസങ്ങൾ ഉണ്ടാകുമ്പോഴും, കാൻസർ എന്നു കേൾക്കുമ്പോൾത്തന്നെ എല്ലാം തീർന്നു എന്നു കരുതുന്ന കുറച്ചു പേരെയെങ്കിലും ഒപിയിൽ ഞാൻ കാണാറുണ്ട്. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുമ്പോൾ ഇവരിൽ ചിലർ വളരെ പോസിറ്റീവായി ചികിത്സയോട് സഹകരിച്ച് മുന്നോട്ടു പോകും. എന്നാൽ ചെറിയൊരു ശതമാനം പേർ ആശുപത്രിയിൽനിന്ന് പോസിറ്റീവായി പുറത്തിറങ്ങുമെങ്കിലും പിന്നീട് മറ്റു പലരും പറയുന്നതു കേട്ട് ചികിത്സ സ്വീകരിക്കാതെയും ചികിത്സിച്ചിട്ടും കാര്യമില്ലെന്ന മട്ടിലും നടക്കും. പലരെയും ജീവിതത്തിലേക്കു കൈപിടിച്ച് ഉയർത്തി രോഗം പൂർണമായും മാറ്റിയിട്ടും ഇപ്പോഴും ‘ഇതുവഴി പോയപ്പോൾ വെറുതേ ഡോക്ടറെ കണ്ട് വിശേഷം അറിയാൻ വന്നതാണെ’ന്നു പറഞ്ഞ് എത്തുന്നവരുമുണ്ട്. അങ്ങനെയൊരാളാണ് കൊച്ചി സ്വദേശി മിഥുൻ. (പേര് യഥാർഥമല്ല)

ഏതാനും വർഷം മുൻപ് മിഥുൻ എന്നെ കാണാനെത്തുമ്പോൾ 25 വയസ്സ് ആയിരുന്നു പ്രായം. അച്ഛനും അമ്മയ്ക്കും ഒപ്പമെത്തിയ വളരെ സാധാരണക്കാരനായ യുവാവ്. ലക്ഷണങ്ങൾ കണ്ടുള്ള പരിശോധയനയിൽ ഹോഡ് ജി കിൻ ലിംഫോമ ( Hodgkin's lymphoma ) എന്ന കാൻസർ സ്ഥിരീകരിക്കുന്നു. അതറിഞ്ഞതോടെ അവരാകെ വിഷമത്തിലായി. പേടിക്കേണ്ട കാര്യമില്ലെന്നും ഇതു പൂർണമായും ചികിത്സിച്ചു മാറ്റാവുന്ന ഒരു രോഗം മാത്രമാണെന്നുമൊക്കെ പറഞ്ഞ് മനസ്സിലാക്കി, കാര്യങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ജോലി ഗൾഫിലാണെന്നും പറഞ്ഞു. അടുത്ത ദിവസം വരാൻ പറഞ്ഞുവിട്ടു. 

എന്നാൽ മിഥുനെ പിന്നെ ഞാൻ കാണുന്നത് മാസങ്ങൾ പലതു കഴിഞ്ഞാണ്. 80 കിലോ ശരീരഭാരമുണ്ടായിരുന്നത് 45 കിലോയായി ആകെ ക്ഷീണിച്ച രൂപത്തിൽ. കാര്യങ്ങൾ വിശദമായി ചോദിച്ചപ്പോഴാണ്, കാൻസർ വന്നാൽ ചികിത്സിച്ചിട്ടു കാര്യമില്ലെന്ന് എവിടെ നിന്നൊക്കെയോ കിട്ടിയ അറിവുവച്ച് ചികിത്സ തേടാതെ നടക്കുകയായിരുന്നെന്നു പറഞ്ഞത്. രോഗം വഷളായതോടെ എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ട് കാരണം മറ്റു ചില ആശുപത്രികളിൽ പോയെങ്കിലും ചികിത്സ നൽകാനുള്ള ആരോഗ്യമില്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. ഒടുവിൽ വീണ്ടും എന്റെ അടുത്തെത്തുകയായിരുന്നു. ആദ്യ കാഴ്ചയിൽ ട്രീറ്റ്മെന്റ് ആരംഭിക്കാനുള്ള ഫിറ്റ്നസ് ഉണ്ടായിരുന്നില്ലെങ്കിലും ഉപേക്ഷിക്കാൻ മനസ്സ് അനുവദിച്ചില്ല. ചെറിയ ഡോസിലുള്ള മരുന്നുകൾ കൊടുത്ത് ട്രീറ്റ്മെന്റ് ആരംഭിക്കാൻ തീരുമാനിച്ചു.

അടുത്ത ദിവസം മിഥുൻ ഫോണിൽ വിളിച്ചു, ‘ഡോക്ടർ എനിക്കൊരു കാര്യം പറയാനുണ്ട്. എനിക്ക് ഗൾഫിൽ അല്ല ജോലി, ഞാനിവിടെ ഒരു ഹോട്ടലിലെ വെയ്റ്ററാണ്’. എന്തിനാണു പിന്നെ അങ്ങനെ പറഞ്ഞതെന്നു ചോദിച്ചപ്പോഴാണ് മിഥുൻ പറയുന്നത് പാവപ്പെട്ട രോഗിയാണെന്നു കരുതി നല്ല ചികിത്സ ലഭിച്ചില്ലെങ്കിലോ എന്നു വിചാരിച്ചാണത്രേ മാറ്റി പറഞ്ഞത്. അങ്ങനെയില്ലെന്നും മുന്നിലെത്തുന്ന ഓരോ രോഗിയുടെയും രോഗം മാറ്റി ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരേണ്ടത് ഡോക്ടറുടെ കടമയാണെന്നുമൊക്കെ പറഞ്ഞു കൊടുത്തതോടെ മിഥുൻ ഒക്കെയായി. അടുത്ത ദിവസം മുതൽ കൃത്യമായി ചികിത്സയ്ക്കും എത്തിത്തുടങ്ങി. 

dr-sanju-cyriac
ഡോ. സഞ്ജു സിറിയക്

ഇപ്പോൾ മിഥുൻ പൂർണമായും രോഗമുക്തനായിട്ട് രണ്ടു വർഷത്തിലേറെയായി. ഇനി ഈ രോഗം മിഥുന് ഉണ്ടാകില്ലെന്നും ഉറപ്പാണ്. ഇപ്പോൾ പൂർണ ആരോഗ്യവാനായി ജോലി ചെയ്യുന്നു, ഇടയ്ക്കിടെ എത്തി വിശേഷങ്ങൾ പങ്കുവയ്ക്കുന്നുമുണ്ട്. മാത്രമല്ല തന്നെക്കൊണ്ട് ആകുന്നവിധം കാൻസർ രോഗികൾക്ക് പോസിറ്റീവായ സന്ദേശങ്ങൾ നൽകുന്നുമുണ്ട്.

രോഗം സ്ഥിരീകരിച്ച ആദ്യനാളുകളിൽ ചികിത്സ എടുക്കാത്തതിനെ തുടർന്ന് കുറച്ചധികം ആരോഗ്യപ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും ചികിത്സയ്ക്കായി ഒരുലക്ഷത്തിൽ താഴെ രൂപ മാത്രമാണ് ചെലവായതെന്നത് മിഥുന് ഏറെ ആശ്വാസകരമായിരുന്നു. അന്നു തോന്നിയ ആ മണ്ടത്തരങ്ങളെപ്പറ്റി ഇപ്പോഴും ഇടയ്ക്കിടെ സഹതപിക്കുന്ന മിഥുൻ സമൂഹത്തിലെ തെറ്റിദ്ധാരണയുടെ ഒരുദാഹരണമായി മാറാഞ്ഞതിൽ ഞങ്ങൾക്കും ആശ്വാസം.

English Summary : World Cancer day 2021

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA