അറിയാം, കോവിഡ്- 19 ന്റെ പുതിയ ലക്ഷണങ്ങൾ

HIGHLIGHTS
  • വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ വ്യാപിക്കുകയും ചെയ്‌തപ്പോൾ പുതിയ ലക്ഷണങ്ങൾ
  • തലവേദന, വിശപ്പില്ലായ്‌മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളിൽ പെടുന്നു
headache
Photo credit : Artem Furman / Shutterstock.com
SHARE

കൊറോണ വൈറസ് ബാധയ്ക്ക് നിരവധി ലക്ഷണങ്ങളുണ്ട്. എന്നാൽ ചിലരിൽ ഒരു ലക്ഷണവും പ്രകടമാവണമെന്നില്ല. മറ്റു ചിലരിലാകട്ടെ ലക്ഷണങ്ങൾ ഗുരുതരവുമാകാം. ആഗോള ആരോഗ്യ ഏജൻസികൾ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളെ തരംതിരിച്ചിട്ടുണ്ട്. എന്നാൽ വൈറസിന് ജനിതകമാറ്റം സംഭവിക്കുകയും കൂടുതൽ വ്യാപിക്കുകയും ചെയ്‌തപ്പോൾ പുതിയ ലക്ഷണങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകർ നടത്തിയ പുതിയ പഠനം അനുസരിച്ച് തലവേദന, വിശപ്പില്ലായ്‌മ, പേശീവേദന, കുളിരും വിറയലും എന്നിവ കോവിഡ് ലക്ഷണങ്ങളിൽ പെടുന്നു. 

ഇംഗ്ലണ്ടിലെ പത്തുലക്ഷത്തിലധികം പേരിൽ REACT പ്രോഗ്രാം നടത്തിയ പഠനം ഈ കണ്ടെത്തൽ ശരി വയ്ക്കുന്നു. ജൂൺ 2020 നും ജനുവരി 2021 നും ഇടയിലാണ് വിവരശേഖരണം നടത്തിയത്. ചോദ്യാവലികളും സ്വാബ് ടെസ്റ്റുമാണ് രോഗം ബാധിച്ചവരുടെ വിവരങ്ങളറിയാൻ ഉപയോഗിച്ചത്.   

പഠനത്തിൽ 60 ശതമാനത്തിലധികം പേർക്കും ലക്ഷണങ്ങളൊന്നും പ്രകടമായില്ല എന്നു കണ്ടു. രുചിയും ഗന്ധവും നഷ്ടപ്പെടുക, പനി തുടങ്ങിയ സാധാരണ ലക്ഷണങ്ങൾ പോലും കോവിഡ് പോസിറ്റീവായവരിൽ പ്രകടമായിരുന്നില്ല. 

കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുന്നതിൽ പ്രായവും ഒരു ഘടകമാണ്. ഉദാഹരണത്തിന് കോവിഡ് പോസിറ്റീവായ എല്ലാ പ്രായത്തിലുള്ളവർക്കും വിറയലും കുളിരും അനുഭവപ്പെടുന്നതായി കണ്ടു. 

അതേ സമയം 5 നും 17 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കും ടീനേജുകാർക്കും തലവേദന അനുഭവപ്പെട്ടിരുന്നു. 18 നും 55 നും ഇടയിൽ പ്രായമുള്ളവർക്ക് വിശപ്പില്ലായ്‌മയും ഉണ്ടായി. 

പേശിവേദന മുതിർന്നവരിൽ കോവിഡിന്റെ ലക്ഷണം ആയിരുന്നു. കുട്ടികളിൽ ചുമ, പനി, വിശപ്പില്ലായ്‌മ എന്നിവ അനുഭവപ്പെട്ടിരുന്നു. 

കോവിഡ് ബാധിച്ചവരിൽ മിക്കവരും പരിശോധന നടത്തുന്നില്ലെന്നും അതുകൊണ്ടുതന്നെ  സെൽഫ് ഐസൊലേറ്റ് ചെയ്യുന്നില്ലെന്നും ഇതിനു കാരണം പലപ്പോഴും കോവിഡിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാത്തതു  കൊണ്ടാണ് എന്നും പഠനം നടത്തിയ REACT പ്രോഗ്രാമിന്റെ ഡയറക്ടർ ആയ പ്രൊഫ. പോൾ എലിയറ്റ്  പറയുന്നു. 

ഈ പഠനം രോഗം ബാധിച്ച കൂടുതൽ പേരെ തിരിച്ചറിയാൻ സഹായകമാകട്ടെ എന്നും കൂടുതൽ പേർ ടെസ്റ്റ് ചെയ്യാൻ ഇത് കാരണമാകുമെന്നും  പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary : Three new warning signs of COVID-19 disease

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA