ADVERTISEMENT

ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു ജൈവ ഘടികാരം നമ്മുടെയെല്ലാം ഉള്ളിലിരുപ്പുണ്ട്. സിര്‍കാഡിയന്‍ റിഥം അഥവാ ജൈവ ഘടികാരം എന്ന 24 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ജൈവഘടികാരം അനുസരിച്ചാണ് നമ്മുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. സൂര്യനില്‍ നിന്നു ലഭിക്കുന്ന പ്രകൃതിദത്ത വെളിച്ചം ഉപയോഗിച്ചാണ് ഈ ഘടികാരം ക്രമപ്പെടുത്തിയിരിക്കുന്നത്. 

വെളിച്ചം വരുമ്പോള്‍ ഉണരാനും വെളിച്ചം പോകുമ്പോള്‍ ഉറങ്ങാനുമൊക്കെ ശരീരത്തെ പ്രേരിപ്പിക്കുന്നത് ഈ ജൈവഘടികാരം തന്നെയാണ്. എന്നാല്‍ കൃത്രിമ വെളിച്ചത്തിന്റെ വരവ് ഈ ജൈവഘടികാരത്തിന്റെ താളം തെറ്റിക്കുന്നു. ഇതിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും സാധ്യതയുണ്ട്. രാത്രി സമയത്ത് കൃത്രിമ വെളിച്ചത്തില്‍ ദീര്‍ഘനേരം ഇരിക്കുന്നത് തൈറോയ്ഡ് കാന്‍സറിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

രാത്രിയില്‍ കൃത്രിമവെളിച്ചത്തിന്റെ അതിപ്രസരമുള്ള മേഖലകളില്‍ ജീവിക്കുന്നവര്‍ക്ക് തൈറോയ്ഡ് കാന്‍സര്‍ വരാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കാന്‍സര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു. ഇരുട്ടിനോടുള്ള പ്രതികരണമെന്ന നിലയില്‍ ശരീരം ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് മെലട്ടോണിന്‍. രാത്രിയില്‍ കൃത്രിമ വെളിച്ചത്തിന്റെ സാന്നിധ്യം മെലട്ടോണിന്‍ ഉത്പാദനം തടസ്സപ്പെടുത്തുമെന്ന് ഹൂസ്റ്റണ്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഹെല്‍ത്ത് സയന്‍സ് സെന്ററിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനം വെളിപ്പെടുത്തുന്നു. 

കൃത്രിമ വെളിച്ചം ജൈവ ഘടികാരത്തെ താളം തെറ്റിക്കുമ്പോള്‍ വിവിധ തരം കാന്‍സറുകളുടെ അപകട സാധ്യത കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍. ഗവേഷണത്തിന്റെ ഭാഗമായി 4,64,371 പേരെ 12 വര്‍ഷവും എട്ട് മാസവും പഠനസംഘം നിരീക്ഷിച്ചു. ഇതില്‍ 384 പുരുഷന്മാര്‍ക്കും 47 സ്ത്രീകള്‍ക്കും തൈറോയ്ഡ് കാന്‍സര്‍ സ്ഥിരീകരിച്ചു. ഏറ്റവും കൂടുതല്‍ പേരില്‍ കണ്ട തൈറോയ്ഡ് കാന്‍സര്‍ പാപ്പിലറി തൈറോയ്ഡ് കാന്‍സറാണെന്നും പഠനറിപ്പോര്‍ട്ട് പറയുന്നു.   

കഴുത്തിന് താഴെ സ്ഥിതി ചെയ്യുന്ന ചിത്രശലഭത്തിന്റെ ആകൃത്രിയിലുള്ള തൈറോയ്ഡ് ഗ്രന്ഥിയെ ബാധിക്കുന്ന അര്‍ബുദമാണ് തൈറോയ്ഡ് കാന്‍സര്‍. കഴുത്തില്‍ വേദനയില്ലാത്ത ഒരു മുഴയോ നീര്‍ക്കെട്ടോ ആണ് തൈറോയ്ഡ് കാന്‍സറിന്റെ പ്രധാന ലക്ഷണം. 

English Summary : Artificial light at night can up your risk of thyroid cancer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com