ചിലര്‍ കോവിഡ് സൂപ്പര്‍ സ്‌പ്രെഡര്‍മാരാകാന്‍ കാരണമെന്ത് ?

HIGHLIGHTS
  • 20 ശതമാനം വ്യക്തികളാണ് 80 ശതമാനം രോഗവ്യാപനത്തിനും കാരണം
  • കൂടുതല്‍ ശ്വാസകണികകള്‍ പുറന്തള്ളുന്നവർ കൂടുതല്‍ പേരിലേക്ക് രോഗം വ്യാപിപ്പിക്കും
covid-virus
SHARE

ഒരു വ്യക്തി നിരവധി പേരിലേക്ക് കോവിഡ് രോഗം പരത്തുന്നതിനെയാണ് സൂപ്പര്‍ സ്‌പ്രെഡിങ്ങ് എന്നു പറയുന്നത്. ഇത്തരത്തില്‍ രോഗം പരത്തുന്നവരെ സൂപ്പര്‍ സ്‌പ്രെഡര്‍ എന്ന് വിശേഷിപ്പിക്കും. എന്തു കൊണ്ടാണ് ചിലര്‍ മാത്രം കോവിഡിന്റെ സൂപ്പര്‍ സ്‌പ്രെഡറായി മാറുന്നതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. കൂടുതല്‍ ശ്വാസകണികകള്‍ പുറന്തള്ളുന്നവരുടെയുള്ളില്‍ വൈറസുണ്ടെങ്കില്‍ സ്വാഭാവികമായും കൂടുതല്‍ പേരിലേക്ക് രോഗവ്യാപനത്തിന് സാധ്യതയുണ്ട്. ഒരാളുടെ പ്രായം, അമിത വണ്ണം, അവരിലെ കോവിഡ് അണുബാധയുടെ തീവ്രത എന്നിവയാണ് ഒരു വ്യക്തി സൂപ്പര്‍ സ്‌പ്രെഡറാകുമോ എന്ന് തീരുമാനിക്കുന്ന ഘടകമെന്ന് ടുലേന്‍ സര്‍വകലാശാല, ഹാര്‍വഡ് സര്‍വകലാശാല, എംഐടി, മസാച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രി എന്നിവ ചേര്‍ന്ന് നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. 

ഓരോ വ്യക്തിയും പുറന്തള്ളുന്ന ശ്വാസ കണികകളുടെ എണ്ണത്തിലും തരത്തിലും വ്യത്യാസമുണ്ടാകുമെന്ന് പ്രൊസീഡിങ്ങ്‌സ് ഓഫ് ദ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. പ്രായമായവരും കൂടുതല്‍ ബോഡി മാസ് ഇന്‍ഡെക്‌സ് ഉള്ളവരും തീവ്രമായ രോഗബാധയുള്ളവരും മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി ശ്വസന കണികകള്‍ പുറന്തള്ളുമെന്ന് പഠന റിപ്പോര്‍ട്ട് പറയുന്നു.

20 ശതമാനം വ്യക്തികളാണ് 80 ശതമാനം രോഗവ്യാപനത്തിനും കാരണമാകുന്നതെന്നും ഗവേഷകര്‍ അടിവരയിടുന്നു. അണുബാധയുടെ തീവ്രത വര്‍ധിക്കുന്നതിനൊപ്പം അണുക്കള്‍ അടങ്ങിയ കണികകളുടെ പുറന്തള്ളലും വര്‍ധിക്കുമെന്നും പഠനത്തില്‍ കണ്ടെത്തി. രോഗം ബാധിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഇത്  മൂര്‍ധന്യാവസ്ഥയിലെത്തുകയും പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം സാധാരണ ഗതിയിലേക്ക് മടങ്ങുകയും ചെയ്യും. അണുബാധയുടെ തോത് ഉയര്‍ന്നത് അനുസരിച്ച് അണു മാത്രകളുടെ വലിപ്പവും കുറയുന്നതായും പഠനറിപ്പോര്‍ട്ട് പറയുന്നു. അണുബാധയുടെ മൂര്‍ധന്യാവസ്ഥയില്‍ ഇത് ഒരു മൈക്രോണ്‍ വരെയൊക്കെ ചെറുതാകും. കണികകളുടെ വലുപ്പം കുറയുന്നത് സംസാരിക്കുമ്പോഴും ശ്വസിക്കുമ്പോഴും ചുമയ്ക്കുമ്പോഴും അത് കൂടുതല്‍ പുറത്ത് വരുന്നതിന് കാരണമാകും. അവയ്ക്ക് കൂടുതല്‍ നേരം വായുവില്‍ ഒഴുകി നടക്കാനും മറ്റൊരാള്‍ ശ്വസിക്കുമ്പോള്‍ അയാളുടെ ശ്വാസകോശം വരെ എത്താനും സാധിക്കും.

രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളിലും ശ്വാസ കണികകളുടെ പുറന്തള്ളല്‍ വര്‍ധിച്ചു വന്നിരുന്നത് ശ്രദ്ധയില്‍ പെട്ടതായി പഠനത്തിന് നേതൃത്വം നല്‍കിയ ടുലേന്‍ നാഷണല്‍ പ്രൈമേറ്റ് റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ചാഡ് റോയ് പറഞ്ഞു. ടിബി പോലുള്ള സാംക്രമിക രോഗങ്ങളുടെ തീവ്ര ഘട്ടങ്ങളിലും ഇത്തരത്തില്‍ കണികകളുടെ എണ്ണത്തില്‍ സമാനമായ വര്‍ധനയുണ്ടാകാറുണ്ടെന്നും റോയ് ചൂണ്ടിക്കാട്ടി. പ്രായമായവരെ അപേക്ഷിച്ച് യുവാക്കളും ആരോഗ്യവാന്മാരും പുറന്തള്ളുന്ന ശ്വാസകണികകളുടെ എണ്ണം കുറവാണെന്നും പഠനം കൂട്ടിച്ചേര്‍ക്കുന്നു. 

English Summary : What makes someone a COVID-19 super-spreader

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA