ADVERTISEMENT

ഗ്ലാസ്, പ്ലാസ്റ്റിക് എന്നിവയെ അപേക്ഷിച്ച് തുണിയിലും പേപ്പറിലും കൊറോണവൈറസ് കുറച്ചു സമയം മാത്രമേ തങ്ങി നിൽക്കൂ എന്ന്  ബോംബെ ഐ ഐ ടി ഗവേഷകർ. 

കോവിഡ് 19 നു കാരണമാകുന്ന സാർസ് കോവ് 2 വൈറസ് ശ്വസന കണികകളിലൂടെയാണ് പ്രേക്ഷണം ചെയ്യപ്പെടുന്നത്. ഇത് പതിക്കുന്ന പ്രതലങ്ങൾ അണുബാധ വ്യാപിക്കാൻ കാരണമാകുന്നു. 

സുഷിരങ്ങളുള്ളതും ഇല്ലാത്തതുമായ (impermeable - വായുവും ജലവും കടക്കാത്ത പ്രതലം) പ്രതലങ്ങളിൽ ഈ കണികകൾ പതിച്ചാൽ അവ ഡ്രൈ ആകുന്നതിനെക്കുറിച്ച് 'ഫിസിക്സ് ഓഫ് ഫ്‌ളൂയിഡ്‌സ്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനം വിശകലനം ചെയ്‌തു. 

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ ദ്രാവക രൂപത്തിൽ കണികകൾ വളരെ കുറച്ചു സമയം മാത്രമേ നിൽക്കുന്നുള്ളൂ എന്നു കണ്ടു. അതുകൊണ്ടുതന്നെ വൈറസ് ഏറെ നേരം ഈ പ്രതലങ്ങളിൽ നിലനിൽക്കില്ല. 

എന്നാൽ ഗ്ലാസ് പ്രതലത്തിൽ നാലു ദിവസവും പ്ലാസ്റ്റിക്കിലും സ്റ്റെയ്ൻലെസ് സ്റ്റീലിലും ഏഴു ദിവസവും വൈറസിന് നിലനിൽക്കാനാകുമെന്നും പഠനത്തിൽ കണ്ടു. പേപ്പറിൽ മൂന്നു മണിക്കൂറും വസ്ത്രത്തിൽ രണ്ടു ദിവസവും മാത്രമാണ് വൈറസ് നിലനിന്നതെന്നും പഠനം പറയുന്നു. 

ഹോസ്പിറ്റലുകളിലെയും ഓഫീസുകളിലെയും ഗ്ലാസ്, സ്റ്റെയ്ൻലെസ്സ്റ്റീൽ അല്ലെങ്കിൽ ലാമിനേറ്റഡ് വുഡ് എന്നിവ കൊണ്ടുണ്ടാക്കിയ ഫർണിച്ചറുകൾ തുണി കൊണ്ട് മൂടുന്നത് അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുമെന്ന് ബോംബെ ഐഐടി  ഗവേഷകനായ സംഘമിത്രോ ചാറ്റർജി പറയുന്നു.  പൊതു സ്ഥലങ്ങളായ പാർക്കുകൾ, ഷോപ്പിങ് മാളുകൾ, റസ്റ്ററന്റുകൾ, റെയിൽവേ, എയർ പോർട്ട് കാത്തിരുപ്പ് മുറികൾ തുടങ്ങിയ സ്ഥലങ്ങളിലെ സീറ്റുകളും രോഗ വ്യാപനം തടയാൻ തുണി കൊണ്ട് മൂടണമെന്ന് പഠനം നിർദേശിക്കുന്നു. 

ശ്വസന കണികകളിലെ ദ്രാവക അംശം 99.9 ശതമാനവും എല്ലാ പ്രതലങ്ങളിൽ നിന്നും ഏതാനും മിനിറ്റ് കൊണ്ട് ബാഷ്‌പീകരിച്ചു പോകുമെന്ന് ഗവേഷകർ പറയുന്നു. എന്നാൽ സൂക്ഷ്‌മമായ ദ്രാവക പാളി ഈ പ്രതലങ്ങളിൽ അവശേഷിക്കും. ഇതിൽ വൈറസിന് നില നിൽക്കാനാകുമെന്ന് കണ്ടു. 

സുഷിരങ്ങളുള്ള പ്രതലങ്ങളിൽ impermeable ആയ പ്രതലങ്ങളെ അപേക്ഷിച്ച് ബാഷ്‌പീകരണ  തോത് വളരെ കൂടുതലാണെന്ന് ജനനി ശ്രീമുരളീധരൻ, അമിത് അഗർവാൾ, രജനീഷ് ഭരദ്വാജ്  എന്നിവരടങ്ങിയ ഗവേഷക സംഘം കണ്ടെത്തി. 

സ്‌കൂളുകൾ തുറക്കുമ്പോൾ നോട്ട് ബുക്കുകൾ കൈമാറുമ്പോഴും കറൻസി നോട്ടുകൾ കൈമാറുമ്പോഴും എല്ലാം മതിയായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കണമെന്ന് ഗവേഷകർ പറയുന്നു. അതുപോലെ ഇ  കൊമേഴ്‌സ് കമ്പനികൾ ഉപയോഗിക്കുന്ന കാർഡ് ബോർഡ് പെട്ടികൾ താരതമ്യേന സുരക്ഷിതമാണ് എന്നും പഠനം പറയുന്നു.

English Summary : Coronavirus survives longer on glass, plastic than cloth or paper

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com