ADVERTISEMENT

കോവിഡ് മഹാമാരിയെ തുടര്‍ന്ന് എല്ലാവരുടെയും ശ്രദ്ധ പ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിലായി. ഇതിനായി ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തോടും നിര്‍ദ്ദേശമില്ലാതെയും മരുന്നുകള്‍ മേടിച്ച് കഴിക്കുന്ന തിരക്കിലാണ് പലരും. ഇക്കൂട്ടത്തില്‍ ഏറ്റവും പ്രചാരം ലഭിച്ചത് വൈറ്റമിന്‍ സി, സിങ്ക് ഗുളികള്‍ക്കാണ്. കോവിഡ് വരാതിരിക്കാനും കോവിഡ് വന്നവര്‍ക്ക് പെട്ടെന്ന് രോഗമുക്തി നേടാനും വൈറ്റമിന്‍ സിയും സിങ്കും സഹായിക്കുമെന്നാണ് പൊതുവിശ്വാസം. എന്നാല്‍ ഈ പറയുന്ന തരത്തില്‍ കാര്യമായ സ്വാധീനം കോവിഡിനെ ചെറുക്കാന്‍ ഇവയ്ക്കില്ലെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ജാമാ നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് കോവിഡ് രോഗമുക്തിയിലും ലക്ഷണങ്ങള്‍ തടയുന്നതിലും വലിയ തോതിലുള്ള സ്വാധീനമൊന്നും വൈറ്റമിന്‍ സി ക്കോ സിങ്കിനോ ഇല്ല. 

ഈ പഠനത്തിന്റെ ഭാഗമായി അമേരിക്കയിലെ ഒഹയോ, ഫ്‌ളോറിഡ എന്നിവിടങ്ങളിലെ 214 കോവിഡ് രോഗികളെ ഗവേഷകര്‍ നിരീക്ഷണ വിധേയമാക്കി. ഇവര്‍ക്ക് സാധാരണയിലും ഉയര്‍ന്ന അളവില്‍ വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ നല്‍കി. തുടര്‍ന്ന് വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകളൊന്നും ലഭിക്കാത്ത രോഗികളുടെ ആരോഗ്യ നിലയുമായി ഇവരെ താരതമ്യപ്പെടുത്തി. 

പനി, ശ്വാസംമുട്ടല്‍, ചുമ, മൂക്കൊലിപ്പ്, രുചി നഷ്ടമാകല്‍, ക്ഷീണം എന്നിങ്ങനെ ആറ്  ലക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് രോഗികളെ താരതമ്യം ചെയ്തത്. വൈറ്റമിന്‍ സി, സിങ്ക് സപ്ലിമെന്റുകള്‍ ഉടനടി പ്രതിരോധ ശേഷി വര്‍ധിപ്പിക്കില്ലെന്നും കോവിഡ് രോഗി സാധാരണ ഗതിയില്‍ രോഗമുക്തിക്ക് എടുക്കുന്ന 10 ദിവസങ്ങളില്‍ കാര്യമായ സ്വാധീനം ഇവയ്ക്ക് ചെലുത്താനായിട്ടില്ലെന്നും പഠനത്തില്‍ കണ്ടെത്തി. 

ശരീരത്തിന് ഗുണം ചെയ്യുന്ന രണ്ട് പോഷകങ്ങള്‍ തന്നെയാണ് വൈറ്റമിന്‍ സിയും സിങ്കും. അവയ്ക്ക് അണുബാധയ്‌ക്കെതിരെ പോരാടാനുള്ള ശേഷിയുമുണ്ട്. ജലദോഷത്തിനും ചുമയ്ക്കും ക്രോണിക് അണുബാധയ്ക്കുമൊക്കെ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കപ്പെടുന്നതും അത് മൂലമാണ്. എന്നാല്‍ കോവിഡിനെ തടഞ്ഞു നിര്‍ത്താനുള്ള മരുന്നുകള്‍ എന്ന നിലയില്‍ അവയെ കരുതുന്നത് ശരിയല്ലെന്ന് ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. 

കോവിഡിനെ തടയാനെന്ന പേരില്‍ വൈറ്റമിന്‍ സി യും സിങ്കുമൊക്കെ അമിതമായി കഴിക്കുന്നത് ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ പ്രശ്‌നങ്ങള്‍, ഉണങ്ങിയ വായ, ലോഹരുചി തുടങ്ങിയവയ്ക്ക് കാരണമാകുമെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. സിങ്ക് അധികമായി കഴിക്കുന്നത് മരുന്നുകളും വേദനസംഹാരികളും ശരീരത്തില്‍ കാര്യമായി ഏല്‍ക്കാതിരിക്കാനും കാരണമാകാം. 

ഒരു മുതിര്‍ന്ന വ്യക്തിക്ക് പ്രതിദിനം 65-90 മില്ലിഗ്രാം വൈറ്റമിന്‍ സി യാണ് ആവശ്യം. ഒരു മുതിര്‍ന്ന പുരുഷന് 11 മില്ലിഗ്രാമും ഒരു മുതിര്‍ന്ന സ്ത്രീക്ക് 8 മില്ലിഗ്രാമും സിങ്ക് പ്രതിദിനം ആവശ്യമാണ്. ഇതില്‍ കൂടുതല്‍ കഴിക്കുന്നത്  പ്രശ്‌നങ്ങളുണ്ടാക്കാം. ഇതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം കൂടാതെ വെറുതെ വൈറ്റമിന്‍ സിയും സിങ്കും സപ്ലിമെന്റുകള്‍ വാങ്ങി കഴിക്കരുതെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു. 

English Summary : Vitamin C, zinc do not alleviate COVID symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com