ADVERTISEMENT

ജലദോഷത്തെയും കോവിഡ് 19 ലക്ഷണമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ബ്രിട്ടനിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ അടുത്തിടെ രംഗത്ത് വന്നിരുന്നു. ഈ ആവശ്യം ഉന്നയിച്ച് യുകെയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ക്ക് അവര്‍ കത്തും എഴുതി. എന്നാല്‍ ഈ ആവശ്യത്തോട് വിയോജിക്കുകയാണ് ഇന്ത്യയിലെ ഡോക്ടര്‍മാര്‍. 

ജലദോഷത്തെ 100 ശതമാനം ഉറപ്പുള്ള ഒരു കോവിഡ് ലക്ഷണമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് എയിംസ് ഭോപ്പാല്‍ ആന്‍ഡ് ജമ്മു പ്രസിഡന്റ് വൈ. കെ. ഗുപ്ത അഭിപ്രായപ്പെടുന്നു. എന്നാല്‍ ജനങ്ങള്‍ ജാഗ്രത കൈവെടിയരുതെന്നും മാസ്‌ക് അണിയല്‍, സാമൂഹിക അകലം പോലുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും ഡോ. ഗുപ്ത കൂട്ടിച്ചേര്‍ത്തു. 

ക്വീന്‍ മേരി യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനിലെ ഓണററി ക്ലിനിക്കല്‍ സീനിയര്‍ ലെക്ച്ചര്‍ അലക്‌സ് സോഹലിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരാണ് ജലദോഷത്തെയും നിസ്സാരമായി എടുക്കരുതെന്ന ആവശ്യം ഉയര്‍ത്തിയത്. ലോകാരോഗ്യ സംഘടനയും ഈ ലക്ഷണങ്ങളെ കോവിഡിന്റെ പരിശോധന മാനദണ്ഡത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച കത്തില്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെടുന്നു. മൂക്കൊലിപ്പ്, മൂക്കടപ്പ്, ക്ഷീണം, തലവേദന, പേശീവേദന, തൊണ്ട വേദന എന്നിവയുമായി എത്തുന്ന രോഗികളില്‍ പലരും പിന്നീട് കോവിഡ് പോസിറ്റീവ് ആകാറുണ്ട്. ജലദോഷവും പനിയുമൊന്നും കോവിഡ് ആയിരിക്കില്ലെന്ന് കരുതി രോഗികള്‍ പുറത്തിറങ്ങി നടക്കുന്നത് രോഗവ്യാപനം വര്‍ധിപ്പിക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ പനി, വരണ്ട ചുമ, ക്ഷീണം തുടങ്ങിയവയാണ് കോവിഡിന്റെ ഏറ്റവും പൊതുവായ മൂന്ന് ലക്ഷണങ്ങള്‍. രുചിയും മണവും നഷ്ടമാകല്‍, വേദന, തലവേദന, തൊണ്ട വേദന, മൂക്കടപ്പ്, കണ്ണ് ചുവക്കല്‍, വയറിളക്കം, ചര്‍മ പ്രശ്‌നം തുടങ്ങിയവും അത്ര സാധാരണല്ലാത്ത കോവിഡ് ലക്ഷണങ്ങളായി അംഗീകരിച്ചിട്ടുണ്ട്. 

English Summary : British doctors say common cold is a sign of COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com