പ്രമേഹരോഗികളേ പാദസംരക്ഷണം അവഗണിക്കരുതേ; ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതുമായ കാര്യങ്ങൾ

HIGHLIGHTS
  • കാലുകളിലും പാദങ്ങളിലും വ്യക്‌തി സ്വയം നടത്തുന്ന പരിശോധന വളരെ പ്രധാനമാണ്
  • ചെറു ചൂടുവെള്ളം ഉപയോഗിച്ച് കാലുകൾ ദിവസവും കഴുകണം
diabetes foot care
Photo credit : chingyunsong / Shutterstock.com
SHARE

പ്രമേഹരോഗികളിൽ 15 ശതമാനത്തിന് ജീവിതത്തിലൊരിക്കലെങ്കിലും കാലുകളിൽ വ്രണങ്ങളുണ്ടായേക്കാം. ഇവരിൽ 15 മുതൽ 25 ശതമാനം ആളുകൾക്ക് വ്രണങ്ങൾ കരിയാതെ കാലുകൾ മുറിച്ചുനീക്കേണ്ടിവരുന്നു. നമ്മുടെ രാജ്യത്ത് കാലുമുറിക്കേണ്ടിവരുന്നവരിൽ 50 ശതമാനത്തിനും സങ്കീർണമായ പ്രമേഹമാണു മൂലകാരണമെന്നു പഠനങ്ങൾ സൂചിപ്പിക്കുന്നു. ഒരിക്കൽ കാൽ മുറിക്കേണ്ടിവന്നാൽ പകുതിയോളം പേർക്കും രണ്ടാമതൊരു ശസ്‌ത്രക്രിയകൂടി അഞ്ചുവർഷത്തിനകം വേണ്ടിവന്നേക്കാം. കാൽ മുറിച്ചുനീക്കേണ്ടിവരുന്നവരിൽ, പല കാരണങ്ങൾ കൊണ്ടും മരണനിരക്കും കൂടുതലാണ്. കാലുകളിലുണ്ടാകുന്ന വ്രണങ്ങളും മുറിവുകളും നേരത്തെ കണ്ടെത്തി ഉചിതമായി ചികിത്സ നൽകിയാൽ 85 ശതമാനത്തിലേറെ കാൽ മുറിച്ചുനീക്കൽ ശസ്‌ത്രക്രിയകളും ഒഴിവാക്കാം. നിർഭാഗ്യകരമെന്നു പറയട്ടെ, പ്രമേഹരോഗികളിൽ പലരും പാദസംരക്ഷണത്തിനു വേണ്ടത്ര പ്രാധാന്യം നൽകുന്നില്ലെന്നതാണു വസ്‌തുത.

 വ്രണങ്ങൾ എങ്ങനെ വരുന്നു

നിയന്ത്രണാധീനമല്ലാത്ത പ്രമേഹം, നാഡീഞരമ്പുകളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കും. പ്രമേഹം ബാധിച്ച് പത്തു വർഷം കഴിയുമ്പോൾ 17 ശതമാനം രോഗികൾക്കും സ്‌പർശന ശേഷിയും സന്ധികളുടെ സംവേദനക്ഷമതയും നശിക്കുന്നു. കാലുകളിലുണ്ടാകുന്ന മുറിവുകളെയും, വ്രണങ്ങളെയും വേദനയില്ലാത്തതിനാൽ രോഗി അവഗണിക്കുന്നു. സന്ധികളുടെ ഘടനാപരമായ തകരാറുമൂലം, കാലിന്റെ ആകൃതി വികലമാവുകയും നടക്കാൻ തെറ്റായ രീതികൾ അവലംബിക്കുകയും ചെയ്യുന്നു. കാലുകളിൽ ഉണ്ടാകുന്ന അമിത രക്‌തസമ്മർദ്ദത്തെ തുടർന്നു ചർമത്തിൽ തടിപ്പുകളും പിന്നീട് വ്രണങ്ങളുമുണ്ടാകാൻ ഇടയാകുന്നു.

രക്‌തക്കുഴലുകളിൽ കൊഴുപ്പുറഞ്ഞുകൂടി തടസ്സമുണ്ടാകുന്ന അവസ്‌ഥ പ്രമേഹമുള്ളവരിൽ നേരത്തെ തന്നെ ആരംഭിക്കുകയും വളരെ വേഗം പുരോഗമിക്കുകയും ചെയ്യുന്നു. പുകവലിക്കാരായ പ്രമേഹരോഗികളിൽ രക്‌തക്കുഴലുകളിലെ തടസ്സത്തിന്റെ സാധ്യത 12 ശതമാനം കൂടുതലാണ്. രക്‌തക്കുഴലുകളിൽ തടസ്സമുണ്ടാകാം, ഇതു രക്‌തപ്രവാഹത്തെ തടസ്സപ്പെടുത്തി, കാലിലെ വ്രണങ്ങൾ കരിയാൻ താമസ്സമുണ്ടാക്കുന്നു.

വ്രണങ്ങളിലെ രോഗാണുബാധയും പ്രശ്നങ്ങൾ സങ്കീർണമാക്കുന്നു. പനിയും കാലിലെ വേദനയും രോഗാണുബാധയുടെ ലക്ഷണങ്ങളാണ്. കാലിലെ വ്രണങ്ങൾക്കു ശരിയായ പരിചരണം നൽകിയില്ലെങ്കിൽ, അസ്‌ഥികളിലേക്കു പഴുപ്പ് വ്യാപിക്കുവാനുള്ള സാധ്യതയുമുണ്ട്.

കാലുകളിൽ നേരത്തെ വ്രണങ്ങളുണ്ടായിട്ടുള്ളവർ പാദങ്ങളിൽ ഘടനാപരമായ തകരാറുള്ളവർ, കാഴ്‌ചശക്‌തി കുറഞ്ഞവർ, പ്രായമേറിയവർ, പ്രമേഹം നിയന്ത്രണാധീനമല്ലാത്തവർ, വൃക്കകളുടെ പ്രവർത്തനം തകരാറിലായ വ്യക്‌തികൾ തുടങ്ങിയവരൊക്കെ പാദങ്ങളിൽ പ്രശ്‌നങ്ങളുണ്ടാകുവാൻ സാധ്യതയേറിയവരാണ്. 

 കണ്ടുപിടിക്കാം തടസ്സങ്ങൾ

ആൻജിയോഗ്രാം, ഡോപ്ലർ തുടങ്ങിയ പരിശോധനകൾ രക്‌തക്കുഴലുകളിലെ തടസ്സങ്ങൾ നേരത്തെ കണ്ടുപിടിക്കാൻ സഹായിക്കുന്നു. ആൻജിയോപ്ലാസ്‌റ്റി, ബൈപാസ് ശസ്‌ത്രക്രിയകൾ മുതലായവ കാലുകളിലെ രക്‌തക്കുഴലുകളുടെ തടസ്സങ്ങൾ നീക്കാൻ സഹായിക്കും.

പാദങ്ങളിലെ ആരോഗ്യപ്രശ്‌നങ്ങളുടെ ചികിത്സയ്‌ക്കാണു പ്രമേഹരോഗികൾ ഏറ്റവും കൂടുതൽ നാൾ ആശുപത്രിയിൽ കിടക്കേണ്ടിവരുന്നത്. 

കാലുകളിലും പാദങ്ങളിലും വ്യക്‌തി സ്വയം നടത്തുന്ന പരിശോധന വളരെ പ്രധാനമാണ്. ദിവസവും വ്രണങ്ങളോ, മുറിവുകളോ, ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം. കാൽ വിരലുകളുടെ ഇടയിലും മുറിവുകൾ ഉണ്ടായേക്കാം. ചെറു ചൂടുവെള്ളം ഉപയോഗിച്ച് കാലുകൾ ദിവസവും കഴുകണം. കാൽ കൂടുതൽ സമയം വെള്ളത്തിൽമുക്കി വയ്‌ക്കുന്നത് ചർമത്തിന് ദോഷകരമാണ്. കാൽവിരലുകളുടെ ഇടയിൽ നന്നായി തുടച്ച് ഉണക്കിയ ശേഷം, ഏതെങ്കിലും ടാൽകം പൗഡർ ഇട്ടാൽ ആ ഭാഗങ്ങൾ ഈർപ്പമില്ലാതെയിരിക്കും.  കാൽ വിരലുകളുടെ നഖങ്ങൾ കൃത്യമായി മുറിക്കണം. 

പ്രമേഹമുള്ളവർ പുകവലി പൂർണമായും ഒഴിവാക്കുന്നതും പാദസംരക്ഷണത്തിൽ പ്രധാനമാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞ് രോഗാണുബാധയുണ്ടാകുന്നതിനാൽ മദ്യപാനം ഉപേക്ഷിക്കണം.

 ഇക്കാര്യങ്ങൾ ഓർക്കണേ...

∙ പാദങ്ങളുടെ സംരക്ഷണത്തിന് എല്ലായ്‌പ്പോഴും ചെരുപ്പുകൾ ഉപയോഗിക്കുക.

∙ പാദരക്ഷകൾ ശരിയായ അളവിൽ ഉള്ളതായിരിക്കണം..

∙ ലെതർ കാൻവാസ് ചെരുപ്പുകളാണ് നല്ലതാണ്.

∙ പ്ലാസ്‌റ്റിക് ചെരുപ്പുകൾ ഒഴിവാക്കുക.

∙ അറ്റം കൂർത്തതും ഹൈഹീൽ ഉള്ളതുമായ ചെരിപ്പുകൾ ധരിക്കരുത്.

∙ ഷൂ ധരിക്കുന്നതിനു മുൻപ് ഉൾഭാഗം പരിശോധിച്ച്, കല്ലുകളോ, കൂർത്തഭാഗങ്ങളോ ഇല്ലായെന്ന് ഉറപ്പുവരുത്തുണം.

∙ പുതിയചെരിപ്പുകൾ ധരിക്കുമ്പോൾ ആദ്യമൊക്കെ കുറച്ചുസമയം മാത്രം ഉപയോഗിക്കുക.

വ്രണങ്ങൾ ഉണ്ടാകുന്നു കരിയുന്നില്ല; കാരണം ഇതാ:

∙ നാഡീ–ഞരമ്പുകളുടെ പ്രവർത്തന തകരാറുകൾ

∙ രക്‌തക്കുഴലുകളിലെ ഘടനാപരമായ വൈകല്യങ്ങൾ

∙ രോഗാണുബാധ.

English Summary : Diabetes foot care

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA