ADVERTISEMENT

മിയാമിയിലെ 81കാരി നവോമി കാരബല്ലോ കോവിഡ് വാക്‌സീന്റെ രണ്ട് ഡോസുകളും സ്വീകരിച്ചു കഴിഞ്ഞു. കോവിഡ് മഹാമാരി മൂലം ഒരു വര്‍ഷത്തിലധികമായി വീട്ടില്‍ തന്നെ അടച്ചിരിക്കുന്ന നവോമിക്ക് പുറത്തിറങ്ങി സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ കാണാന്‍ വെമ്പലാണ്. തത്തകളോടും പൂച്ചകളോടും സംസാരിച്ച് താന്‍ മടുത്തെന്നാണ് നവോമി പറയുന്നത്. എന്നാല്‍ നവോമി ഉള്‍പ്പെടെ  വാക്‌സീന്‍ സ്വീകരിച്ചവര്‍ക്കൊന്നും മാസ്‌ക് മാറ്റി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ സമയമായിട്ടില്ലെന്നാണ് അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ പറയുന്നത്. 

നിലവിലെ മാര്‍ഗനിര്‍ദ്ദേശമനുസരിച്ച് വാക്‌സീന്റെ രണ്ട് ഡോസുകള്‍ എടുത്തവരും മാസ്‌ക് ധരിക്കല്‍, ആറടി അകലം പാലിക്കല്‍, ആള്‍ക്കൂട്ടം ഒഴിവാക്കല്‍ പോലുള്ള മുന്‍കരുതലുകള്‍ തുടരണം. കോവിഡ്-19 ലക്ഷണങ്ങള്‍ തടയാനും രോഗ തീവ്രതയും മരണവും ഒഴിവാക്കാനും വാക്‌സീന്‍ സഹായിക്കുമെന്ന് അമേരിക്കയിലെ പകര്‍ച്ച വ്യാധി വിദഗ്ധന്‍ ഡോ. ആന്റണി ഫൗസി പറയുന്നു. എന്നാല്‍ കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ അവ എത്ര മാത്രം സഹായകമാണെന്നതിനെ പറ്റി ഇനിയും പൂര്‍ണ ചിത്രം ലഭിച്ചിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

വാക്‌സിനേഷന്‍ എടുത്ത ഒരാളെ കൊറോണ വൈറസ് ബാധിച്ചാല്‍ അയാള്‍ക്ക് ചിലപ്പോള്‍ പ്രത്യേകിച്ച് യാതൊരു ലക്ഷണവും പ്രത്യക്ഷപ്പെട്ടെന്ന് വരില്ല. എന്നാല്‍ അയാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരാനുള്ള സാധ്യത ആരോഗ്യ വിദഗ്ധര്‍ ഇനിയും തള്ളി കളയുന്നില്ല. 

ഒരാളുടെ വൈറസ് ലോഡാണ് അയാള്‍ക്ക് രോഗം പരത്താന്‍ കഴിയുമോ എന്ന് തീരുമാനിക്കുന്നതെന്ന് സ്‌പെയിനില്‍ നടന്ന ഗവേഷണപഠനം ചൂണ്ടിക്കാട്ടുന്നു. വാക്‌സീന്റെ ആദ്യ ഡോസിന് ശേഷം വൈറസ് ബാധിക്കപ്പെട്ടവര്‍ക്ക് വാക്‌സീന്‍ എടുക്കാത്തവരെ അപേക്ഷിച്ച് വൈറല്‍ ലോഡ് കുറവായിരുന്നതായി ഇസ്രയേലിലെ പ്രാഥമിക പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. ജനസംഖ്യയുടെ നല്ലൊരു ശതമാനം പേര്‍ക്ക് വാക്‌സീന്‍ നല്‍കിയ ഇസ്രയേലില്‍ നിന്ന് ഇത്തരത്തിലുള്ള നിരവധി നിരീക്ഷണങ്ങള്‍ക്കായി ശാസ്ത്രലോകം കാത്തിരിക്കുകയാണ്. 

ലോകത്ത് അതിവേഗം വ്യാപിച്ചു കൊണ്ടിരിക്കുന്ന വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെ നിലവിലെ വാക്‌സീനുകള്‍ ഫലപ്രദമാണോ എന്ന കാര്യവും പരിഗണിക്കണമെന്ന് എമോറി സര്‍വകലാശാലയിലെ പകര്‍ച്ചവ്യാധി വിദഗ്ധന്‍ വാള്‍ട്ടര്‍ ഒറെന്‍സ്റ്റീന്‍ പറയുന്നു. ഒരു സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് നടന്ന് കയറുമ്പോള്‍ അതില്‍ ആരൊക്കെ വാക്‌സീന്‍ എടുത്തു, ആരൊക്കെ എടുത്തില്ല എന്നത് പറയാന്‍ കഴിയില്ല. ഇക്കാരണങ്ങള്‍ കൊണ്ട് വാക്‌സീന്‍ എടുത്തെന്ന് കരുതി സാധാരണ ജീവിതത്തിലേക്ക് മടങ്ങാന്‍ തിടുക്കം കാണിക്കരുതെന്ന് ലോകമെമ്പാടമുള്ള ആരോഗ്യ വിദഗ്ധര്‍ പറയുന്നു. 

ഇനിയൊരു പ്രശ്‌നമുള്ളത് വാക്‌സീന്റെ ഫലപ്രാപ്തി എല്ലാവരിലും ഒരേ പോലെയാകണമെന്നില്ല എന്നതാണ്. അര്‍ബുദമോ, മറ്റു രോഗങ്ങളോ ഉള്ള ഒരാളില്‍ വാക്‌സീന്റെ കാര്യക്ഷമത സാധാരണ ഒരാളെ അപേക്ഷിച്ച് കുറവായെന്ന് വരാം. അതിനാല്‍ തന്നെ കുറച്ച് കാലത്തേക്ക് കൂടിയെങ്കിലും ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

English Summary : Is it safe to take off masks and go back to everyday activities?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com