ADVERTISEMENT

മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് എന്ന രോഗാണു ഉണ്ടാക്കുന്ന പകർച്ചവ്യാധിയാണ് ക്ഷയരോഗം അഥവാ ട്യൂബർകുലോസിസ്. ഇതു ശരീരത്തിന്റെ ഏതു ഭാഗത്തെയും ബാധിക്കാമെങ്കിലും തൊണ്ണൂറു ശതമാനം പേരിലും കാണപ്പെടുന്നതു ശ്വാസകോശ ക്ഷയമാണ്.

സാധാരണ ഗതിയിൽ ആറുമാസം കൊണ്ട് പൂർണമായും ചികിൽസിച്ചു മാറ്റാവുന്നതാണ് ക്ഷയരോഗം. എന്നാൽ കൃത്യമായി മരുന്ന് കഴിക്കാതിരുന്നാൽ രോഗാണുക്കൾ മരുന്നിനെതിരെ പ്രതിരോധ ശേഷി കൈവരിച്ച് അൽപ്പം കൂടി ശക്തമായ മൾട്ടി ഡ്രഗ് റസിസ്റ്റന്റ് ടിബി യിലേക്ക് നയിക്കും. ഒരാഴ്ചയിൽ അധികം തുടർച്ചയായി ചുമയ്ക്കുന്നുണ്ടെങ്കിൽ നിങ്ങളുടെ ഇൗ ചുമ ക്ഷയരോഗത്തിന്റെ ലക്ഷണമാകാം. 

ക്ഷയരോഗം കണ്ടുപിടിച്ചു കഴിഞ്ഞാൽ ഇത് സംബന്ധിച്ച് ജില്ലാ ആരോഗ്യ കേന്ദ്രത്തെ അറിയിക്കണം എന്നതാണ് ആശുപത്രികൾക്ക് നൽകിയിരിക്കുന്ന നിർദേശം. പിന്നെ ആ രോഗിയുടെ ചികിൽസ സർക്കാർ ഏറ്റെടുക്കുകയാണ് ചെയ്യുക. അയാൾക്കുള്ള മരുന്നും മറ്റും സർക്കാർ സൗജന്യമായി നൽകും. ഡോട്സ് ചികിൽസ പ്രകാരം ആറുമാസം തുടർച്ചയായാണ് ഒരു ക്ഷയരോഗി ചികിൽസ തേടേണ്ടത്. 

ഡോട്സ് ചികിൽസ

ക്ഷയരോഗ ചികിൽസയിൽ മുൻപു മരുന്നു നൽകുന്നതിൽ മാത്രമായിരുന്നു ആരോഗ്യവകുപ്പിന്റെ ഇടപെടൽ. എന്നാൽ  ഇപ്പോൾ ഡോട്ട്സ് സമ്പ്രദായ പ്രകാരം ചികിൽസയുടെ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരുടെ മേൽനോട്ടമുണ്ട്. ശരിയായി ചികിൽസ നൽകിയാൽ 95% രോഗവിമുക്തി ഉണ്ടാകും. ഇൗ ഹ്രസ്വകാല  ചികിൽസാരീതിയിൽ ആരോഗ്യപ്രവർത്തകരുടെ നേരിട്ടുള്ള നിരീക്ഷണത്തിനു വിധേയരായി  രോഗി മുടങ്ങാതെ മരുന്നു കഴിക്കുന്നു. രോഗിയുടെ എല്ലാ ചികിൽസാവിവരവും ഇവർ ശേഖരിച്ചുവയ്ക്കും. 

അറിഞ്ഞിരിക്കേണ്ടത്

∙ സർക്കാർ മേഖലയിലായാലും സ്വകാര്യ മേഖലയിലായാലും ക്ഷയരോഗിക്ക് ഡോട്സ് ചികിൽസ ഉറപ്പുവരുത്താൻ ഡോക്ടറും അത് ചോദിച്ചു വാങ്ങാൻ രോഗിയും ബാധ്യസ്ഥനാണ്.

∙ ചികിൽസ തുടങ്ങി രണ്ടാം മാസം കഴിയുമ്പോൾ  രോഗം പൂർണമായി മാറിയെന്ന് കരുതി മരുന്ന് മുടക്കരുത്. മരുന്നു തുടങ്ങിയ ശേഷമുള്ള ആദ്യ പരിശോധനയും തീരുന്ന സമയത്തുള്ള പരിശോധനയും ചികിൽസയിൽ ഏറെ പ്രധാനപ്പെട്ടതാണ്.

∙ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ ശ്രദ്ധയിൽ പെട്ടാൽ നിർബന്ധമായും കഫം പരിശോധിക്കണം. ഒരു ക്ഷയരോഗി കൃത്യസമയത്ത് ചികിൽസ തേടിയില്ലെങ്കിൽ ഒരുവർഷം പുതിയ 15 ക്ഷയരോഗികളെ ഉണ്ടാക്കും.

ലക്ഷണങ്ങളും ചികിത്സയും

രണ്ടാഴ്ചയിലേറെ നീണ്ടുനിൽക്കുന്ന സാധാരണ മരുന്നുകൾകൊണ്ട് മാറ്റം വരാത്ത ചുമയാണ് പ്രഥമ ലക്ഷണം. ചുമയോടൊപ്പം നേരിയ പനി (വൈകുന്നേരങ്ങളിലോ രാത്രിയിലോ) വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, കഫത്തിൽ രക്തം കാണപ്പെടുക തുടങ്ങിയവയും ക്ഷയരോഗത്തിന്റെ ലക്ഷണങ്ങളാകാം.

എന്തു ചെയ്യണം?

∙ അംഗീകൃത കഫ പരിശോധനാ കേന്ദ്രങ്ങളിൽ വച്ച് രണ്ടുതവണയായി കഫ പരിശോധന നടത്തുക. ഏറ്റവുമടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

∙ ആദ്യ കഫ പരിശോധനയിൽ ക്ഷയരോഗാണുക്കളെ കണ്ടെത്തിയില്ലെങ്കിൽ, ഡോക്ടറുടെ നിർദേശ പ്രകാരമുള്ള മരുന്നുകൾ രണ്ടാഴ്ച കഴിക്കുക. തുടർന്നും ചുമയുണ്ടെങ്കിൽ വീണ്ടും കഫ പരിശോധന നടത്തേണ്ടതാണ്.

∙ രോഗ നിർണയം ഉറപ്പു വരുത്തിയാൽ, ക്ഷയരോഗത്തിനുള്ള ‘ഡോട്സ്’ ചികിത്സാരീതി അവലംബിക്കേണ്ടതാണ്. 

∙ മരുന്നുകൾ കൃത്യമായി കഴിക്കാതിരുന്നാൽ, മരുന്നുകളെ ചെറുക്കുന്ന തരത്തിലുള്ള രോഗാണുക്കൾ ഉടലെടുക്കുകയും രോഗം മാരകാവസ്ഥയിലേക്ക് കടക്കുകയും ചെയ്യും. 

രോഗികൾ ശ്രദ്ധിക്കുക

∙ ചുമയ്ക്കുമ്പോൾ തൂവാലകൊണ്ട് വായയും മൂക്കും അടച്ചുപിടിക്കുക. ഇത് രോഗവ്യാപനം ഒരു പരിധിവരെ തടയും.

∙ പൊതു സ്ഥലങ്ങളിലും, മറ്റു തുറസ്സായ സ്ഥലങ്ങളിലും കഫം തുപ്പാതിരിക്കുക.

English Summary : Tuberculosis: Symptoms, treatment and prevention, World TB Day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com