ADVERTISEMENT

കോവിഡ് ഭീതി വിതയ്ക്കാന്‍ ആരംഭിച്ചതു മുതല്‍ എല്ലാവരുടെയും ശ്രദ്ധ രോഗപ്രതിരോധത്തിലേക്കു തിരിഞ്ഞു. അതു മെച്ചപ്പെടുത്താനും അസുഖങ്ങള്‍ വരാതിരിക്കാനുമുള്ള മാര്‍ഗങ്ങളെ കുറിച്ച് ജനം ഒന്നടങ്കം ആലോചിച്ച് തുടങ്ങി. എന്തെല്ലാം കഴിച്ചാല്‍ പ്രതിരോധ സംവിധാനത്തിന്റെ കരുത്ത് വർധിപ്പിക്കാം എന്നതിനെ സംബന്ധിച്ചും നിരവധി പഠനങ്ങള്‍ നടന്നു. അതേസമയം, സംസ്‌കരിച്ച ഭക്ഷണം കേടുവരാതിരിക്കാന്‍ ഉപയോഗിക്കുന്ന ചില പ്രിസര്‍വേറ്റീവുകള്‍ പ്രതിരോധ സംവിധാനത്തിന് ഹാനികരമാകാമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. 

ടെര്‍ഷ്യറി ബ്യൂടയ്ല്‍ഹൈഡ്രോക്വിനോണ്‍ അഥവാ ടിബിഎച്ച്ക്യു എന്ന പ്രിസര്‍വേറ്റീവാണ് ടോക്‌സിക്കോളജി പരീക്ഷണത്തില്‍ പ്രതിരോധ സംവിധാനത്തിന് ഹാനികരമാകാമെന്ന് തെളിഞ്ഞത്. ചീസ് ഉള്‍പ്പെടെ 1250 ലധികം ജനപ്രിയ പ്രോസസ്ഡ് ഫുഡ് ഉത്പന്നങ്ങളില്‍ ടിബിഎച്ച്ക്യു ഉപയോഗിക്കുന്നുണ്ട്. ഉത്പന്നത്തിന്റെ സംഭരണ കാലാവധി വർധിപ്പിക്കുക എന്നതില്‍ കവിഞ്ഞ് പ്രയോജനങ്ങളൊന്നും ഇതിനില്ല. 

യുഎസ് പാരിസ്ഥിതിക സംരക്ഷണ ഏജന്‍സിയുടെ ടോക്‌സിസിറ്റി ഫോര്‍കാസ്റ്ററിലെ ഡേറ്റ ഉപയോഗിച്ച്, അമേരിക്ക അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു എന്‍വയോണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പാണ് പഠനം നടത്തിയത്. ഭക്ഷണത്തില്‍ ചേര്‍ക്കുന്ന കെമിക്കലുകള്‍ക്കു പുറമേ പാക്കേജില്‍നിന്ന് ഭക്ഷണത്തിലേക്ക് സംക്രമിക്കുന്ന പിഎഫ്എകള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളെ സംബന്ധിച്ചും പഠനം നടന്നു. 

പ്രൊപ്പയ്ല്‍ ഗാലേറ്റ്, ബ്യൂട്ടലേറ്റഡ് ഹൈഡ്രോക്‌സിഅനിസോള്‍(ബിഎച്ച്എ), ബ്യൂടയ്‌ലേറ്റഡ് ഹൈഡ്രോക്‌സിടൊലുവിന്‍(ബിഎച്ച്ടി) എന്നിവയ്‌ക്കൊപ്പമാണ് പലപ്പോഴും ടിബിഎച്ച്ക്യു ഉപയോഗിക്കാറുള്ളത്. വെജിറ്റബിള്‍ ഓയിലും ആനിമല്‍ ഫാറ്റും അടക്കമുള്ള കൊഴുപ്പുകളില്‍ ടിബിഎച്ച്ക്യു ഉപയോഗിക്കാറുണ്ട്. സ്‌നാക്ക് ക്രാക്കര്‍, നൂഡില്‍സ്, ഫാസ്റ്റ് ഫുഡ്, ശീതീകരിച്ച ഭക്ഷണം അടക്കമുള്ള ഉത്പന്നങ്ങളിൽ ഈ കൊഴുപ്പ് ഉപയോഗിക്കുന്നുണ്ട്. ശീതീകരിച്ച മീന്‍ ഉത്പന്നങ്ങളില്‍ ഉയര്‍ന്ന തോതില്‍ ടിബിഎച്ച്ക്യു ഉപയോഗിക്കാന്‍ അനുമതി ഉണ്ട്.

എലികളില്‍ ട്യൂമറുകള്‍ ഉണ്ടാകുന്നത് വർധിപ്പിക്കാന്‍ ടിബിഎച്ച്ക്യു കാരണമാകാമെന്ന് സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ ദ പബ്ലിക് ഇന്ററസ്റ്റ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മനുഷ്യര്‍ ഇത് ഉപയോഗിക്കുമ്പോള്‍ കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകാമെന്ന് നാഷനല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ ചൂണ്ടിക്കാട്ടുന്നു. ലാബിലെ പരീക്ഷണ മൃഗങ്ങളില്‍ കരള്‍ വീക്കത്തിനും നാഡീവ്യൂഹ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും പക്ഷാഘാതത്തിനും വരെ ടിബിഎച്ച്ക്യു കാരണമായിട്ടുണ്ടെന്നും എന്‍എല്‍എം മുന്നറിയിപ്പ് നല്‍കുന്നു. 

ബിഎച്ച്എ, ടിബിഎച്ച്ക്യു എന്നിവ മനുഷ്യന്റെ പെരുമാറ്റത്തിലും മാറ്റങ്ങളുണ്ടാക്കാമെന്ന് ചില ഗവേഷകര്‍ കരുതുന്നു. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ (എഡിഎച്ച്ഡി) പോലുള്ള പ്രശ്‌നങ്ങളുള്ളവര്‍ ടിബിഎച്ച്ക്യു ഒഴിവാക്കിയ ഭക്ഷണക്രമം ശീലിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  പ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന പാരിസ്ഥിതിക ഘടകങ്ങളിലേക്ക് പൊതുജനത്തിന്റെയും ശാസ്ത്രലോകത്തിന്റെയും ശ്രദ്ധ തിരിക്കാന്‍ കോവിഡ് മഹാമാരിക്ക് സാധിച്ചതായി പഠനത്തിന് നേതൃത്വം നല്‍കിയ എണ്‍വയോണ്‍മെന്റല്‍ വര്‍ക്കിങ് ഗ്രൂപ്പിലെ ഗവേഷകന്‍ ഓല്‍ഗ നയ്‌ഡെന്‍കോ പറയുന്നു. 

English Summary : Preservative Used In Popular Foods May Harm Immune System

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com