ADVERTISEMENT

ഒരിക്കല്‍ കോവിഡ്–19 ബാധിച്ച ശേഷം രോഗമുക്തി നേടിയവര്‍ കൊറോണ വൈറസിനെതിരെ നീണ്ടു നില്‍ക്കുന്ന രോഗ പ്രതിരോധം നേടുന്നുണ്ടോ? കോവിഡ് മഹാമാരി ഒരു ഘട്ടം പിന്നിട്ടപ്പോള്‍ മുതല്‍ ഈ ചോദ്യമുയർന്നിരുന്നു. അതിനുള്ള ഉത്തരം ഏതാനും നാളുകള്‍ക്കകം ഇന്ത്യന്‍ നഗരങ്ങളായ ചെന്നൈയും പുണെയും നല്‍കും. രാജ്യത്ത് ഒരിക്കല്‍ കൂടി കോവിഡ് വ്യാപകമാകുമ്പോള്‍ അണുബാധ ബാധിച്ചവര്‍ക്ക് വീണ്ടും വൈറസ് ബാധയുണ്ടാകുന്നുണ്ടോ എന്ന പഠനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ഈ രണ്ട് നഗരങ്ങളും.

ഈ നഗരങ്ങളില്‍ പുതുതായി കോവിഡ് ബാധിതരാകുന്നവരുടെ ശരീരത്തില്‍ IgG ആന്റിബോഡികളുണ്ടോ എന്നുള്ള പരിശോധന ആരംഭിച്ചു. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യ ശ്രമമാണ് ഇത്. സാര്‍സ് കോവ് 2ന് എതിരായ IgG ആന്റിബോഡികളുടെ സാന്നിധ്യം രോഗിക്ക് മുന്‍പ് കോവിഡ് ബാധ ഉണ്ടായിട്ടുണ്ടെന്ന് തെളിയിക്കും. വൈറസ് ബാധിച്ച് 14 ദിവസങ്ങള്‍ക്ക് ശേഷം ഉണ്ടാകുന്ന ആന്റിബോഡികള്‍ മാസങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കാം. 

ഐസിഎംആറിന് കീഴിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമോളജി നഗര ഭരണകൂടവുമായി ചേര്‍ന്നാണ് ചെന്നൈയില്‍ പരിശോധന നടത്തുന്നത്. പുണെ സിറ്റി കോര്‍പ്പറേഷനാകട്ടെ ആരോഗ്യ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കുന്നത്. 

കോവിഡ് വന്നവര്‍ക്ക് വീണ്ടും വരാനുള്ള സാധ്യത കുറവാണെന്ന് ഐസിഎംആറിലെ സീനിയര്‍ എപ്പിഡെമോളജിസ്റ്റ് ജെ. പി. മുലിയില്‍ പറയുന്നു. ഒരിക്കല്‍ വൈറസ് ബാധ വന്നവര്‍ക്ക് വീണ്ടും രോഗം വരുന്നുണ്ടെന്ന് തെളിഞ്ഞാല്‍ അത് ആശങ്കാജനകവും ഭീതിദവുമായ സാഹചര്യമാകും. കോവിഡ് വാക്‌സീനും മറ്റും വന്നതോടെ ജനങ്ങളുടെ അലംഭാവം വർധിച്ചിട്ടുണ്ടെന്നും കോവിഡ് അനുയോജ്യ പെരുമാറ്റ രീതികള്‍ പിന്തുടരുന്നതില്‍ വീഴ്ചകളുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

English Summary : Pune and Chennai take up study on COVID- 19 reinfections

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com