ADVERTISEMENT

കാന്‍സര്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സയ്ക്ക് നേരത്തെയുള്ള രോഗനിര്‍ണയം വളരെ പ്രധാനമാണ്. പല കാന്‍സറുകളും മരണത്തിന് കാരണമാകുന്നത് അവസാന ഘട്ടത്തില്‍ മാത്രം നാം അവയെ കുറിച്ച് അറിയുന്നതിനാലാണ്.  ഒരു ലക്ഷണങ്ങളും പ്രകടിപ്പിക്കാതെ നിശ്ശബ്ദമായി എത്തി നമ്മെ ഇഞ്ചിഞ്ചായി കൊല്ലുന്ന വേറെയും രോഗങ്ങളുണ്ട്. രോഗം വഷളായി മരണത്തിന്റെ വക്കിലെത്തുമ്പോള്‍ മാത്രമാകും പലരും അവയെ കുറിച്ച് അറിയുക. അത്തരത്തിലുള്ള ചില നിശ്ശബ്ദ കൊലയാളികളെ പരിചയപ്പെടാം

1. ഹൈപ്പര്‍ടെന്‍ഷന്‍

ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ളവരില്‍ പാതി പേരും പലപ്പോഴും പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും കാട്ടില്ല. ഹൃദയത്തിനും രക്തധമനികള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ക്ഷതമേല്‍ക്കും വരെ രക്താതി സമ്മര്‍ദം തിരിച്ചറിയാതെ പോകാം. അനിയന്ത്രിതമായി ദീര്‍ഘനാള്‍ തുടരുന്ന രക്താതി സമ്മര്‍ദം ഒരു സുപ്രഭാതത്തില്‍ ഹൃദയാഘാതമോ, പക്ഷാഘാതമോ കിഡ്‌നി തകരാറോ, കാഴ്ച നഷ്ടമോ ഒക്കെയായി പ്രത്യക്ഷപ്പെടാം. പ്രത്യേകിച്ച് അപകട സാധ്യതയില്ലാത്തവരും വര്‍ഷത്തിലൊരിക്കല്‍ രക്ത സമ്മര്‍ദം പരിശോധിക്കേണ്ടതാണ്. 

2. പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥയാണ് സ്ത്രീകളില്‍ പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിലേക്ക് നയിക്കുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്‌നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ മുഴകള്‍ ഉണ്ടാകാനും ഇത് കാരണമാകും. ക്രമം തെറ്റിയ ആര്‍ത്തവമാണ് ഇതിന്റെ ലക്ഷണമെങ്കിലും പലരും ഇത് ശ്രദ്ധിക്കാറില്ല.  മുഖക്കുരു, മുഖത്തെ രോമങ്ങള്‍, മുടികൊഴിച്ചില്‍ എന്നിവയെല്ലാം പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന്റെ ലക്ഷണങ്ങളാണ്. 

3. ശ്വാസകോശാര്‍ബുദം

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്കുകള്‍ അനുസരിച്ച് ആകെയുള്ള കാന്‍സര്‍ മരണങ്ങളില്‍ 25 ശതമാനവും ശ്വാസകോശ അര്‍ബുദം മൂലമാണ്. എന്നാല്‍ ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ വെളിപ്പെട്ടെന്ന് വരില്ല. രോഗം തീവ്രമാകുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഇത് മരണനിരക്ക് ഉയരാന്‍ ഇടയാക്കുന്നു. ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍ വഴി രോഗം നേരത്തെ നിര്‍ണയിക്കുന്നത് മരണനിരക്ക് 20 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 55 വയസ്സിന് മുകളില്‍ പ്രായമുള്ള പുകവലിക്കാരും മുന്‍പ് പുകവലിക്കാര്‍ ആയിരുന്നവരും വര്‍ഷത്തിലൊരിക്കലെങ്കിലും സിടി സ്‌കാനെടുക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. 

4. ഗ്ലൂക്കോമ

കാഴ്ചയെ നിശ്ശബ്ദമായി കവര്‍ന്നെടുക്കുന്ന രോഗമായിട്ടാണ് ഗ്ലൂക്കോമ അറിയപ്പെടുന്നത്. ഒപ്റ്റിക് ഞരമ്പിനെ ബാധിച്ച് കാഴ്ച നഷ്ടത്തിലേക്ക് നയിക്കുന്ന ഗ്ലൂക്കോമയുടെ ലക്ഷണങ്ങളും ആദ്യം തിരിച്ചറിഞ്ഞെന്ന് വരില്ല. കാഴ്ച നഷ്ടപ്പെടും മുന്‍പ് രോഗം തിരിച്ചറിയാന്‍ ഇടയ്ക്കിടെ കണ്ണ് പരിശോധനയ്ക്ക് വിധേയമാക്കണം. 

5. ക്ലാമിഡിയ

ലൈംഗികമായി പകരുന്ന ഈ രോഗം ക്ലാമിഡിയ ട്രക്കോമാറ്റിസ് എന്ന ബാക്ടീരിയ മൂലമുണ്ടാകുന്നതാണ്. ആന്റിബയോടിക്‌സ് കൊണ്ട് എളുപ്പത്തില്‍ ഭേദമാക്കാവുന്ന ഈ രോഗം ചികിത്സിക്കാതെ പോയാല്‍ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടര്‍ന്ന് വന്ധ്യത അടക്കമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. ലൈംഗികാവയങ്ങളില്‍ നിന്നുള്ള സ്രവം, ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദന തുടങ്ങിയവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. 

English Summary : 5 diseases that could be silently killing you without showing any symptoms

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com