മലബന്ധമുണ്ടാകുമ്പോള്‍ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങള്‍

HIGHLIGHTS
constipation
Photo credit : ruigsantos / Shutterstock.com
SHARE

പലരെയും ഇന്ന് അലട്ടുന്ന പ്രശ്‌നമാണ് മലബന്ധം. നല്ല ശോധന കിട്ടിയില്ലെങ്കില്‍ ഉണ്ടാകുന്ന അസ്വസ്ഥത പറഞ്ഞറിയിക്കാനാകില്ല. പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. തെറ്റായ ഭക്ഷണശീലം, മരുന്നുകള്‍, രോഗങ്ങള്‍, സമ്മര്‍ദം, ആവശ്യത്തിന് വ്യായാമം ഇല്ലായ്മ തുടങ്ങി മലബന്ധം വരാനുള്ള കാരണങ്ങള്‍ പലതാണ്. മലബന്ധമുണ്ടാകുമ്പോള്‍ നമ്മുടെ ചില പ്രവൃത്തികള്‍ കാര്യങ്ങളെ വഷളാക്കാറുണ്ട്. അത്തരത്തില്‍ മലബന്ധം ഉണ്ടാകുമ്പോള്‍ ഒരിക്കലും ചെയ്യരുതാത്ത അഞ്ച് കാര്യങ്ങള്‍ ഇനി പറയുന്നവയാണ്. 

1. ജങ്ക് ഫുഡ് കഴിക്കല്‍

പ്രോസസ്ഡ് ഫുഡ് അഥവാ ജങ്ക് ഫുഡ് പൊതുവേ ആരോഗ്യത്തിന് അത്ര നല്ലതല്ല. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ തീര്‍ച്ചയായും ഇവ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കണം. കൊഴുപ്പ് കൂടുതലുളള ഇത്തരം ഭക്ഷണങ്ങള്‍ ദഹനപ്രക്രിയയെ കൂടുതല്‍ മന്ദീഭവിപ്പിച്ച് അസ്വസ്ഥത വര്‍ധിപ്പിക്കുന്നു. ബ്രഡ്, പാസ്ത, നൂഡില്‍സ്, ബര്‍ഗര്‍ തുടങ്ങി എല്ലാതരം ജങ്ക് ഫുഡും മലബന്ധ സമയത്ത് ഒഴിവാക്കണം. പകരം കൂടുതല്‍ നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. 

2. മടിപിടിച്ച് ഇരിക്കരുത്

മലബന്ധമുണ്ടായാല്‍ കട്ടിലിലോ സോഫയിലോ മടി പിടിച്ച് കൂനിക്കൂടി ടിവിയും കണ്ടിരിക്കരുത്. ഇത് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കും. വെറുതേ ഇരുന്നാല്‍ ദഹനനാളിയിലെ ഭക്ഷണത്തിന്റെ നീക്കം മന്ദഗതിയിലാകും. എന്തെങ്കിലും തരത്തിലുള്ള ചെറിയ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് നല്ല ശോധന സാധ്യമാക്കും. പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയോ യോഗയില്‍ ഏര്‍പ്പെടുകയോ ഒക്കെ ആകാം. ഇത് നിങ്ങളുടെ അടിവയറിലെ പേശികളെ അയച്ച് ശോധന സുഗമമാക്കുന്നു. 

3. പാലുത്പന്നങ്ങള്‍ വേണ്ട

പുളിച്ച് തികട്ടലും ഗ്യാസും ഒക്കെ ഉണ്ടാക്കാന്‍ പാലുത്പന്നങ്ങള്‍ക്ക് ആകുമെന്നതിനാല്‍ മലബന്ധ സമയത്ത് ഇവ ഒഴിവാക്കണം. യോഗര്‍ട്ട്, പാല്‍, തൈര്, ഐസ് ക്രീം എന്നിവയെല്ലാം മലബന്ധം രൂക്ഷമാക്കാം. 

4. വേദനസംഹാരികള്‍

വേദനസംഹാരികള്‍ ആവശ്യമില്ലാതെ കഴിക്കുന്നതും ഒഴിവാക്കണം. ഇവ ഗ്യാസ്‌ട്രോ ഇന്റസ്‌റ്റൈനല്‍ സംവിധാനത്തിന്റെ സങ്കോചം മന്ദഗതിയിലാക്കും. ഏതെങ്കിലും പ്രത്യേക മരുന്ന് കഴിച്ചതിന്റെ ഫലമായിട്ടാണ് മലബന്ധം ഉണ്ടാകുന്നതെങ്കില്‍ അക്കാര്യം ഡോക്ടറെ അറിയിക്കാന്‍ മറക്കരുത്. 

5. മദ്യവും കാപ്പിയും

മലബന്ധത്തിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നു തന്നെ നിര്‍ജ്ജലീകരണമാണ്. മദ്യം കഴിക്കുന്നത് ശരീരത്തിന്റെ നിര്‍ജ്ജലീകരണം വര്‍ധിപ്പിക്കും. മദ്യപാനത്തിന് ശേഷം ധാരാളം വെള്ളം കുടിച്ചില്ലെങ്കില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാകും. കാപ്പിക്കും ശരീരത്തില്‍ സമാനമായ പ്രഭാവമാണുള്ളത്. മലബന്ധം കടുത്തതാക്കേണ്ട എങ്കില്‍ മദ്യത്തില്‍ നിന്നും കാപ്പിയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. 

English Summary : 5 things you should not do when you are constipated

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA