സ്കൂളിൽ പോകാതെയുള്ള പഠനം, തകർന്നത് കുട്ടികളുടെ മനോനില; മാതാപിതാക്കൾ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • 91 ശതമാനം കുട്ടികളെയും ഈ അവധിക്കാലം ദോഷകരമായാണ് ബാധിച്ചത്
  • കുട്ടികളുടെ സ്വഭാവത്തിലെ പ്രകടമായ മാറ്റമാണ് മുഖ്യലക്ഷണം
depression child
Photo credit : Shyamalamuralinath / Shutterstock.com
SHARE

ഒരു വര്‍ഷത്തിലധികമായി നമ്മുടെ വിദ്യാലയങ്ങള്‍ ആരവങ്ങളില്ലാതെ, പഠനത്തിന്റെയും കളിചിരികളുടെയും ബഹളങ്ങളില്ലാതെ അടഞ്ഞു കിടക്കുന്നു. വീടുകളില്‍ നിന്നു പുറത്തിറങ്ങാന്‍ കഴിയാതെ, വാതിലുകള്‍ക്കപ്പുറത്തേക്കു ലോകമില്ലാതെ നമ്മുടെ കുഞ്ഞുങ്ങളും ചുവരുകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുകയാണ്. പ്രാവിനെ വാങ്ങി നല്‍കാത്തതിന് ആത്മഹത്യക്കു ശ്രമിച്ച പന്ത്രണ്ടു വയസ്സുകാരന്‍, മാതാപിതാക്കളോട് വഴക്കിട്ടു വീടു വിട്ടിറങ്ങിയ ഒമ്പതുകാരന്‍, മൊബൈല്‍ ഫോണിലൂടെ അരുതാത്ത ബന്ധങ്ങളില്‍ വീണു ദുരുപയോഗം ചെയ്യപ്പെട്ട കൗമാരക്കാരി. പത്രങ്ങളില്‍ വാര്‍ത്തകള്‍ നിറയുകയാണ്. കോവിഡ് കാലം നമ്മുടെ കുട്ടികളുടെ മാനസികാരോഗ്യത്തെ സാരമായിതന്നെ ബാധിച്ചു കഴിഞ്ഞു. എങ്ങനെ നമ്മുടെ കുട്ടികളെ ഈ അവസ്ഥയില്‍ നിന്നു മോചിപ്പിക്കാം? എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. എല്‍സി ഉമ്മന്‍ സംസാരിക്കുന്നു.  

സ്‌കൂളില്ലാത്ത കാലം കുട്ടികളെ ശരിക്കും സന്തോഷിപ്പിക്കുകയാണോ ചെയ്തത്?

തുടക്കത്തില്‍ സന്തോഷം ആയിരുന്നെങ്കിലും ഇപ്പോള്‍ കുട്ടികള്‍ മടുത്തു തുടങ്ങിയെന്നു മാത്രമല്ല 91 ശതമാനം കുട്ടികളെയും ഈ അവധിക്കാലം ദോഷകരമായി ബാധിക്കുകയാണ് ചെയ്തതെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.

മാതാപിതാക്കളുടെ വര്‍ക്ക് ഫ്രം ഹോം കുട്ടികളെ തീര്‍ത്തും ഒറ്റപ്പെടുത്തിയോ?

വര്‍ക്ക് ഫ്രം ഹോം എന്നാല്‍ മുഴുവന്‍ സമയവും മാതാപിതാക്കള്‍ വീട്ടിലുണ്ടാകുന്ന സ്ഥിതിവിശേഷമാണെങ്കിലും കുട്ടികളുടെ കൂടെ അവര്‍ക്കു ചിലവഴിക്കാന്‍ കഴിയുന്ന സമയത്തില്‍ കുറവ് സംഭവിക്കുകയാണ് ചെയ്തത്. കോവിഡ് കാലത്തിനു മുന്‍പ് നിശ്ചിത സമയം മാത്രം ജോലി ചെയ്താല്‍ മതിയാകുമായിരുന്നു. തിരിച്ചു വീട്ടിലെത്തിയാല്‍ ബാക്കിയുള്ള സമയം മുഴുവന്‍ കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം ചിലവിടാം. എന്നാലിപ്പോള്‍ അങ്ങനെയല്ല വര്‍ക്ക് ഫ്രം ഹോം ആയതോടെ ഏകദേശം മുഴുവന്‍ സമയവും കംപ്യൂട്ടറിനു മുമ്പില്‍ ഇരിക്കേണ്ടതായി വരുന്നു. കുട്ടികള്‍ക്ക് വീടുകളില്‍ കളിക്കാനും ശബ്ദം ഉണ്ടാക്കാനുമുള്ള സാഹചര്യം കൂടി നഷ്ടമാകുന്നു.  കുട്ടികളുണ്ടാക്കുന്ന ചെറുപ്രശ്‌നങ്ങളും ബഹളങ്ങളും മാതാപിതാക്കളിലും മാതാപിതാക്കളുടെ ആവശ്യമില്ലാത്ത ഇടപെടലുകള്‍ കുട്ടികളിലും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്യുന്നു.

കോവിഡും ലോക്ഡൗണും കുട്ടികളുടെ മനസ്സിന്റെ താളം തെറ്റിച്ചോ?

depression

മനോരോഗ സാധ്യതയുള്ള കുട്ടികളെയും മുന്‍പുതന്നെ മനോരോഗം ഉള്ളവരെയുമാണ് കോവിഡും ലോക്ഡൗണും സാരമായി ബാധിച്ചത്. എങ്കിലും വീട്ടില്‍ അടച്ചിട്ടിരിക്കുന്നതും  ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നതും കുട്ടികളുടെ ശീലങ്ങളിലും സ്വഭാവത്തിലും ചില വ്യത്യാസങ്ങള്‍ വരുത്തിയതായി കണ്ടുവരുന്നു. ദേഷ്യം, സങ്കടം, വാശി എന്നിവ കുട്ടികള്‍ കൂടുതലായി പ്രകടിപ്പിക്കുന്നു. സഹോദരങ്ങള്‍ തമ്മില്‍ നിരന്തരം വഴക്കുണ്ടാക്കുന്നതായും കാണുന്നു. ഉള്ളിലടക്കി പിടിച്ചിരിക്കുന്ന ഊര്‍ജത്തെ  കായികവിനോദങ്ങളില്‍ കൂടി തുറന്നു വിട്ടിരുന്ന കുട്ടികള്‍ ഇപ്പോള്‍ അതിനു സാഹചര്യം ഇല്ലാത്തതുകൊണ്ട് പതഞ്ഞു പൊന്തുന്ന ഊര്‍ജം പുറന്തള്ളാനാകാതെ വിഷമിക്കുകയാണ്. ആ ഊര്‍ജം  ദേഷ്യവും സങ്കടവും വാശിയുമൊക്കെയായാണ് പുറത്തേക്കു വരുന്നത്. കോവിഡിനെ കുറിച്ചുള്ള ഭയം കുട്ടികളില്‍ ഉത്കണ്ഠയും വിഷാദവും മാതാപിതാക്കളെ വേര്‍പിരിയേണ്ടി വരുമോ എന്ന ചിന്തയുമുണ്ടാക്കിയിട്ടുണ്ട്. ചെറിയ കുട്ടികളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. ക്വാറന്റീന്‍ ചെയ്യേണ്ടിവരുന്ന കുട്ടികളില്‍ കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാകുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. മാതാപിതാക്കള്‍ ക്വാറന്റീനിലായ കുട്ടികള്‍ക്കു ഭയവും ഉല്‍ക്കണ്ഠയും ഉണ്ടാകുന്നു. ഏകാന്തതയും ഉത്സാഹക്കുറവും ദേഷ്യവും ഇത്തരം കുട്ടികളില്‍ കണ്ടുവരുന്നു. ചില കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റിയും സംവേദന കുറവും ഉണ്ടാകാനിടയുണ്ട്. കുട്ടികള്‍ സ്വയം നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തപ്പെടുന്നു.

പ്രത്യേക പരിഗണന  വേണ്ടിവരുന്ന കുട്ടികളാണ് ഈ സമയത്തു ഏറെ കഷ്ടത അനുഭവിച്ചത്. കാരണം അവരെ എങ്ങനെ വീട്ടില്‍ സംരക്ഷിക്കാം എന്നതിനെ കുറിച്ച് മാതാപിതാക്കള്‍ക്കു വലിയ ധാരണയുണ്ടായിരുന്നില്ല. മനോരോഗം ഉള്ള കുട്ടികളെയും ലോക് ഡൗണ്‍ സാരമായി ബാധിച്ചു. ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതിനാലും അവര്‍ക്ക് ആശുപത്രിയില്‍ എത്താന്‍ കഴിയാതിരുന്നതിനാലും പലപ്പോഴും കുട്ടിയുടെ രോഗം മൂര്‍ച്ഛിക്കുകയോ ആത്മഹത്യാപ്രവണത വരെ ഉണ്ടാകുകയോ ചെയ്തിട്ടുണ്ട്. ഒ സി ഡി  പോലെ  അവസ്ഥയുള്ള കുട്ടികളില്‍ കോവിഡ് മുഖാന്തിരം രോഗം മൂര്‍ച്ഛിക്കുന്നതായും കണ്ടു.  രോഗത്തെപ്പറ്റിയുള്ള ചിന്തകളും സാനിറ്റൈസര്‍  ഉപയോഗവും ആവര്‍ത്തിച്ചുള്ള കൈകഴുകലുകളുമെല്ലാം അവരുടെ രോഗത്തെ കൂട്ടുന്നു.

elsie-oommen-1
ഡോ. എല്‍സി ഉമ്മന്‍

കോവിഡ് കാലം കുട്ടികളിലുണ്ടാക്കിയ മാനസിക പ്രശ്നങ്ങള്‍ എങ്ങനെ മാതാപിതാക്കള്‍ക്കു തിരിച്ചറിയാന്‍ സാധിക്കും?

കോവിഡ് കാലത്ത് മാത്രമല്ല ഏതു ദുരിത കാലത്തും മാനസികരോഗം ഉണ്ടാകാം. ഇതുപോലുള്ള പകര്‍ച്ചവ്യാധിയുടെ സമയത്ത് ഇതിന്റെ തോത് കൂടുതലായിരിക്കും. ഇത്തരം സമയങ്ങളില്‍ സാധാരണയായി കണ്ടുവരുന്നത് ഉത്കണ്ഠയും വിഷാദവും തന്നെയാണ്. വ്യക്തിത്വ വൈകല്യങ്ങളും മറ്റും ദൂരവ്യാപക പ്രത്യാഘാതങ്ങളാണ്. വിഷാദരോഗം, ആത്മഹത്യയിലേക്കും സ്വയം പീഡനത്തിലേക്കും വഴിമാറാറുണ്ട്. കുട്ടികളുടെ സ്വഭാവത്തിലെ പ്രകടമായ മാറ്റമാണ് മുഖ്യലക്ഷണം. ഏതാണ്ട് പകുതിയിലേറെ മനോരോഗങ്ങള്‍ ആദ്യമേ പ്രത്യക്ഷപ്പെടുന്നത് 14 വയസ്സിനു മുന്‍പായിരിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വിഷാദാവസ്ഥയും  സന്തോഷിക്കാന്‍ പറ്റാത്ത മാനസികാവസ്ഥയും പെട്ടെന്ന് പ്രകോപിതരാകാനുള്ള മാനസികാവസ്ഥയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങളാവാം. 

ഭക്ഷണശീലങ്ങളില്‍ വ്യതിയാനങ്ങള്‍, അമിതഭക്ഷണം കഴിക്കുക അല്ലെങ്കില്‍ ഭക്ഷണം കഴിക്കാതിരിക്കുക, ഉറക്കത്തിലെ മാറ്റങ്ങള്‍, ഉറങ്ങാതെ ഇരിക്കുക അല്ലെങ്കില്‍ അമിതമായി ഉറങ്ങുക, ശാരീരികമായ ക്രിയകള്‍ ചെയ്യാനുള്ള താമസം, അപകടകരമായ കാര്യങ്ങള്‍ ചെയ്യാനുള്ള അമിത ആവേശം, അമിതക്ഷീണം, ശ്രദ്ധക്കുറവ്, സ്വയം കുറ്റപ്പെടുത്തല്‍, മരണത്തെക്കുറിച്ചും മറ്റും പറയുകയും തോന്നുകയും ചെയ്യുക, സ്‌കൂളിലെ പ്രകടനങ്ങള്‍ മോശമാവുക, ഉത്സാഹക്കുറവ്, നിരന്തരമായ ശാരീരിക രോഗങ്ങള്‍, പിടിവാശി ഇവയൊക്കെയുംതന്നെ ലക്ഷണങ്ങളാണ്.  ഹൈപ്പര്‍ ആക്ടിവിറ്റി, ഉത്കണ്ഠ, മാതാപിതാക്കളോടു കൂടുതല്‍ ചേര്‍ന്നിരിക്കുക ഇവയും ലക്ഷണങ്ങളാകാം.

ഇത്തരം മാനസിക പ്രശ്‌നങ്ങളെ എങ്ങനെ തരണം ചെയ്യാം?

മനോരോഗ വിദഗ്ധരുടെ സേവനം നൽകാന്‍ ശ്രമിക്കുക എന്നതുതന്നെയാണ് പ്രാഥമികമായി ചെയ്യേണ്ടത്. കൂടാതെ, കുട്ടികളില്‍ ധൈര്യവും ശക്തിയും പകരേണ്ടത് മാതാപിതാക്കളാണ്. കുട്ടികള്‍ക്ക് തങ്ങളുടെ സാമീപ്യം ആവശ്യമാണെന്നറിഞ്ഞ് അവരുടെ കൂടെ കൂടുതല്‍ സമയം ചിലവഴിക്കുക. കോവിഡിനെ കുറിച്ച് കുട്ടികള്‍ക്കു മനസ്സിലാവുന്ന വിധത്തില്‍ ബോധവല്‍ക്കരണം നടത്തുക.  ഭീതി ജനിപ്പിക്കുന്ന വാര്‍ത്തകളില്‍ നിന്ന് അവരുടെ ശ്രദ്ധയെ തിരിച്ചുവിടുക. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി,  കുട്ടികളെ പഠിക്കുവാനും കളിക്കാനും കഴിക്കാനും വ്യായാമം ചെയ്യാനും ഉറങ്ങാനും എല്ലാം പ്രേരിപ്പിക്കുക. നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിച്ചും നല്ലതല്ലാത്തവയെ തീര്‍ത്തും അവഗണിച്ചും നിരുത്സാഹപ്പെടുത്തിയും മുന്നോട്ടുപോകുക. ഇന്റര്‍നെറ്റ് ഉപയോഗം പരിമിതപ്പെടുത്തുക. കൂട്ടുകാരുമായും ബന്ധുക്കളുമായും ഫോണിലൂടെയും മറ്റും സംസാരിപ്പിക്കുക, ബന്ധങ്ങളെ ഊഷ്മളമാക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുക. ഗാര്‍ഹിക പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമുണ്ടാക്കുന്ന സമ്മര്‍ദ്ദം കുട്ടികളുടെ മേല്‍ പ്രകടിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക.

മൊബൈല്‍ ഫോണ്‍ പോലുള്ളവയുടെ അമിത ഉപയോഗം കുട്ടികളെ എങ്ങനെയാണു ബാധിച്ചത്?

three-year-old-mobile-addiction-leads-to-counseling

പ്രധാന പ്രശ്‌നം മൊബൈല്‍ ഫോണിനോടു കുട്ടികളുടെ ആസക്തി വര്‍ധിക്കുന്നതാണ്. കൂടാതെ ഇവയുടെ അമിത ഉപയോഗം കുട്ടികളിലെ കോഗ്‌നിറ്റീവ് സ്‌കില്‍സ് കുറയ്ക്കുന്നതായി കണ്ടുവരുന്നു. അക്കാദമിക് കാര്യങ്ങളില്‍ താല്‍പര്യം കുറയുക, യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടാനാകാത്ത അവസ്ഥ, കുട്ടികളില്‍ ഉണ്ടാകേണ്ട വകതിരിവ് ഉണ്ടാകാതിരിക്കുക, കമ്പലിങ് ബിഹേവിയർ, അക്രമവാസന വര്‍ധിക്കുക. വ്യക്തിത്വവൈകല്യങ്ങളും പഠനവൈകല്യങ്ങളും ഇതുമൂലം ഉണ്ടാകാം. എന്തുകൊണ്ടാണ് ഇപ്രകാരം സംഭവിക്കുന്നതെന്നു ചോദിച്ചാല്‍ മൊബൈല്‍ ഫോണ്‍ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ വൈകാരികമായ സമ്മര്‍ദ്ദത്തെ കൂട്ടുന്നു എന്നതു തന്നെയാണ് ഉത്തരം.

ഇതുകൂടാതെ കുട്ടികളില്‍ ശാരീരിക പ്രശ്‌നങ്ങളായ അമിതവണ്ണവും മനോരോഗം മൂലം ഉണ്ടാകാനിടയുള്ള  ശാരീരിക രോഗങ്ങള്‍ക്കും സാധ്യതയുണ്ട്. കളിക്കളങ്ങളില്‍ നിന്നു ലഭിക്കുന്ന പല ഗുണങ്ങളും ഇന്റര്‍നെറ്റ് ഗെയിമിങ്ങിനു ഇല്ല. കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനമാണ് കളി. അതുവഴിയാണ് കുട്ടികള്‍ ലോകത്തെ അറിയുന്നത്. മറ്റുകുട്ടികള്‍ക്കൊപ്പം ചേര്‍ന്നുള്ള കളികള്‍ അവനെ ഒരു സാമൂഹ്യജീവിയാക്കുന്നു. വിട്ടുവീഴ്ച ചെയ്യുവാനും തോല്‍ക്കുവാനും സഹകരിക്കുവാനും ജയിക്കുവാനുമൊക്കെ കളി അവനെ പഠിപ്പിക്കുന്നു. ചുരുക്കത്തില്‍ കുട്ടികളിലെ കളി ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ വളര്‍ച്ചയെ പ്രാപിക്കാന്‍ അവനെ പഠിപ്പിക്കുന്നു. വിഡിയോ ഗെയിമില്‍ ഇത്തരത്തിലുള്ള പ്രചോദനം ലഭിക്കുന്നില്ല. ഇത്തരം കളികളില്‍ ഏര്‍പ്പെടുമ്പോള്‍ മറ്റുള്ളവരുമായി ഇടപഴകാന്‍ കഴിയാതെ വരുന്നു. മറ്റുള്ള കുട്ടികളെ സ്വാധീനിക്കുവാനോ അവരുടെ സ്വാധീനം ഈ കുട്ടികളില്‍ ഉണ്ടാകുവാനോ ഇടയില്ല. മാത്രമല്ല, സാമൂഹികമായ ഒരു ഇടപെടലുമില്ല. രണ്ടു മണിക്കൂറിലധികം ഗാഡ്ജറ്റ്‌സുകളില്‍ സമയം ചിലവഴിക്കുന്ന കുട്ടികളില്‍ ദേഷ്യം വര്‍ധിക്കുന്നതായും കണ്ടുവരുന്നു.

ആത്മഹത്യാപ്രവണത കാണിക്കുന്ന കുട്ടികളെ എങ്ങനെ അതില്‍ നിന്നു പിന്തിരിപ്പിക്കാം?

ആത്മഹത്യാ പ്രവണത ഉള്ള കുട്ടികളുടെ മാതാപിതാക്കള്‍ ഈ കാര്യം വ്യക്തമായി മനസ്സിലാക്കുകയും വീടുകളില്‍ കുട്ടികളെ ശ്രദ്ധിക്കുകയും വേണം. മാതാപിതാക്കള്‍ കൂടുതല്‍ ബോധവാന്മാരാകണമെന്നു  സാരം. മനോരോഗ ചികിത്സകന്റെ സഹായം വേണ്ട കുട്ടികളെ വീടുകളില്‍ എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചു ഡോക്ടറുമായി സംസാരിക്കുകയും സഹായം ആവശ്യമായ ഘട്ടങ്ങളില്‍ ഡോക്ടറുടെ സേവനം നല്‍കുകയും ചെയ്യണം. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുമിത്രാദികളും അടങ്ങുന്ന ഒരു വലിയ സമൂഹം തങ്ങളെ സംരക്ഷിക്കാനും പിന്തുണക്കാനുമുണ്ട് എന്നുള്ള ഒരു തോന്നല്‍ കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുക. ഇങ്ങനെ ചെയ്യുന്നത് കുട്ടികളെ ആത്മഹത്യാപ്രവണതയില്‍ നിന്നും പിന്തിരിപ്പിക്കുന്നതിലെ പ്രധാന ഘടകമാണ്. അതുകൊണ്ട് അങ്ങനെയൊരു ചിന്ത സമൂഹത്തിന്റെയും  മാതാപിതാക്കളുടെയും ഭാഗത്തുനിന്നും ഉണ്ടാകേണ്ടതാണ്. 

ആത്മഹത്യാ പ്രവണത ഉള്ള കുട്ടികള്‍ക്ക് കോപ്പിങ് ആന്‍ഡ് സപ്പോര്‍ട്ട് ട്രെയിനിങ് കൊടുക്കുക. പ്രതികൂലമായ സാഹചര്യങ്ങളെ എങ്ങനെ നേരിടാമെന്നുള്ള പരിശീലനവും കുട്ടികള്‍ക്ക് വീട്ടില്‍ നിന്നു തന്നെ കൊടുക്കേണ്ടതാണ്. കൂടാതെ, കുട്ടികളോട് ജീവന്റെ വിലയെക്കുറിച്ച് പറഞ്ഞു ബോധവല്‍ക്കരിക്കാം. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ പരിശീലിപ്പിക്കാം. ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉള്ള നിര്‍ദ്ദേശങ്ങളും കുട്ടികള്‍ക്ക് കൊടുക്കാവുന്നതാണ്, അതിന് അവരെ അഭ്യസിപ്പിച്ചെടുക്കുക. ആത്മനിയന്ത്രണത്തിനുള്ള വഴികള്‍ അവരെ പഠിപ്പിക്കുക. മറ്റുള്ളവരുമായി എങ്ങനെ ആത്മവിശ്വാസത്തോടെ ഇടപെടാന്‍ സാധിക്കും, എങ്ങനെ  സംവേദിക്കണം എന്നുള്ളതും പഠിപ്പിച്ചു എടുക്കുക. മേല്പറഞ്ഞ കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കു സഹായം ആവശ്യമുണ്ടെങ്കില്‍ ആ മേഖലയില്‍ വിദഗ്ധരായവരെ സമീപിക്കുക. പരാജയങ്ങളാണ് മിക്കവാറും കുട്ടികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നത്. അതുകൊണ്ട് പരാജയങ്ങളെ എങ്ങനെ സമചിത്തതയോടെ നേരിടണമെന്ന് കുട്ടികളെ മുന്‍കൂട്ടി പരിശീലിപ്പിക്കുക. മാതാപിതാക്കള്‍ക്കു കളികളുടെ രൂപത്തില്‍ ഇത്തരം സാഹചര്യങ്ങളുണ്ടാക്കി ഇവയെ എങ്ങനെ അഭിമുഖീകരിക്കണമെന്നു കുട്ടികളെ അഭ്യസിപ്പിക്കാവുന്നതാണ്.

English Summary : COVID lockdown and online education affected children's mental health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA