ADVERTISEMENT

ജീവിതശൈലീ രോഗങ്ങളും അതോടൊപ്പം തന്നെ പകർച്ച വ്യാധികളും ഒരു പോലെ വ്യാപകമാകുന്ന സ്ഥിതിവിശേഷമാണ് നമ്മുടെ കേരളത്തിലുള്ളത്. വിദേശരാജ്യങ്ങളിൽ ഒരു പരിധി വരെ ഇവയൊക്കെ നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷേ നമുക്ക് ഈ രണ്ടു രോഗങ്ങളും അതായത് പകരാത്ത രോഗങ്ങളും പകരുന്ന രോഗങ്ങളും ഒരു പോലെ വ്യാപകമാകുന്ന ഒരു സമൂഹ സാഹചര്യം നിലവിലുണ്ട്. ഇതിന് ഇരട്ട രോഗങ്ങളുടെ വ്യാപനം എന്നു പറയും. ഇതു നമ്മൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. പുതിയ പകർച്ചവ്യാധികൾ പല ഭാഗങ്ങളിൽ നിന്നും നമ്മുടെ കേരളത്തിലേക്ക് വരുന്നുണ്ട്. ഒരു കാലത്ത് നമ്മൾ നിർമ്മാർജ്ജനം ചെയ്‌തു എന്നു കരുതിയ രോഗങ്ങൾ പ്രത്യേകിച്ച് ടൈഫോയ്‌ഡ്‌, കോളറ തുടങ്ങിയ രോഗങ്ങൾ തിരികെ വരുന്ന സാഹചര്യം ഉണ്ട്. ഒപ്പം പുതിയ രോഗങ്ങളും വരുന്നുണ്ട്. അതുപോലെ തന്നെയാണ് ജീവിത ശൈലീ രോഗങ്ങളും. അഞ്ചു പേരിൽ ഒരാൾക്ക് പ്രമേഹം.  മൂന്നു പേരിൽ ഒരാൾക്ക് ഹൈപ്പർ ടെൻഷൻ എന്നൊരവസ്ഥയും നിലവിലുണ്ട്. രണ്ടു തരത്തിലുള്ള രോഗങ്ങൾക്കും എതിരായിട്ടുള്ള പ്രതിരോധമാണ് നമുക്കു വേണ്ടത്. 

ജീവിതശൈലീ രോഗങ്ങളെ നേരിടണമെങ്കിൽ അനാരോഗ്യകരമായ ശൈലി മാറ്റണം. ഭക്ഷണ കാര്യത്തിൽ ആരോഗ്യകരമായ രീതി സ്വീകരിക്കണം. പരമ്പരാഗത ഭക്ഷണ രീതി സ്വീകരിക്കുക. 

ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാൻ പ്രധാനമായും നമുക്ക് ആവശ്യമുള്ളത് അഞ്ച് കാര്യങ്ങളാണ്

∙ ഈറ്റിങ് ഔട്ട് എന്ന ഭക്ഷണ സംസ്‌കാരം ഒഴിവാക്കുക

∙ കൃത്യമായ രീതിയിൽ വ്യായാമത്തിനുള്ള സമയം കണ്ടെത്തുക. 

∙ മദ്യപാനം, പുകവലി മുതലായ ശീലങ്ങൾ ഒഴിവാക്കുക. 

∙ കൃത്യമായിട്ടുള്ള വൈദ്യ പരിശോധനകൾ നടത്തി രോഗങ്ങൾ ആദ്യമേതന്നെ കണ്ടെത്തുക.

∙ മാനസികസമ്മർദങ്ങൾ അകറ്റാനായി യോഗ, മെഡിറ്റേഷൻ പോലെയുള്ളവ ശീലമാക്കുക.

പകർച്ചവ്യാധികളെ സംബന്ധിച്ച് വളരെ ജാഗ്രത കാണിക്കേണ്ടതുണ്ടെന്ന് കോവിഡ്നമ്മളെ പഠിപ്പിച്ചിട്ടുണ്ട്. Prevention is better than cure എന്നുള്ളതാണ് പകർച്ചവ്യാധികളെ സംബന്ധിച്ച് ഏറ്റവും വലിയൊരു സന്ദേശം. കേരളത്തിൽ രണ്ടു തരത്തിലുള്ള പകർച്ചവ്യാധികളാണ് കാണുന്നത്. ഒന്ന് ജലജന്യരോഗങ്ങൾ മറ്റൊന്ന് കൊതുകുകൾ പരത്തുന്ന രോഗങ്ങൾ. അതുകൊണ്ട് പരിസരം ശുചിയായിട്ടും ഈർപ്പരഹിതമായിട്ടും സംരക്ഷിക്കാൻ ശ്രദ്ധിക്കമം. വെള്ളക്കെട്ടുകൾ ഒഴിവാക്കി കൊതുകുകളുടെ പ്രജനനം തടയുകയും വളർത്തു മൃഗങ്ങളുമായുള്ള ഇടപെടലുകൾ കുറച്ചു കൂടി ആരോഗ്യകരമാക്കുകയും വേണം. 

ഇപ്പോൾ വരുന്ന പല രോഗങ്ങളും ജന്തുജന്യ രോഗങ്ങളാണ്. കാർഷികാവശ്യങ്ങൾക്കും ഉപജീവനത്തിനും ഹോബിയായിട്ടുമൊക്കെ  മൃഗങ്ങളുമായി വളരെ അടുത്തിടപഴകിയൊരു പാരമ്പര്യമാണ് നമുക്കുള്ളത്. എന്തുതന്നെ ആയാലും മൃഗങ്ങളുമായുള്ള ഇടപെടലുകളിൽ ജാഗ്രത പാലിക്കണം. ശുചിത്വം പാലിക്കണം. ഈ രീതിയിൽ പകർച്ചവ്യാധികളെ നമുക്ക് നിയന്ത്രിക്കാൻ സാധിക്കും. 

ജീവിതശൈലീ രോഗങ്ങളും പകർച്ചവ്യാധികളും പരസ്‌പര പൂരകങ്ങളാണ്. കോവിഡ് നമ്മളെ പഠിപ്പിച്ച ഒരു കാര്യം രോഗം കൂടുതൽ ഗുരുതരമായതും മരണകാരണമായതും മറ്റ് രോഗങ്ങൾ ഉള്ളതുകൊണ്ടാണ്. അതായത് പ്രമേഹം പോലെയുള്ള രോഗങ്ങൾ. ഡയബറ്റിസ് ഉള്ള വ്യക്തിയിൽ കോവിഡ് മാരകമാകും, ട്യൂബർകുലോസിസ് മാരകമാകും. ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കാൻ ജീവിതശൈലീ രോഗങ്ങൾക്കു സാധിക്കും.  ഇതുവഴി പകർച്ചവ്യാധികൾ മാരകമാകാനും സാധ്യതയുണ്ട്. ഇതാണ് കോവിഡ് നമ്മളെ പഠിപ്പിച്ച പാഠം. രണ്ടു രോഗങ്ങൾക്കും എതിരായിട്ടുള്ള ഒരു പ്രതിരോധമായിരിക്കണം നമ്മൾ സ്വീകരിക്കേണ്ടത്. അതിന് ശുചിത്വം വളരെ പ്രധാനമാണ് ഒപ്പം ജീവിതശൈലി ആരോഗ്യകരമാക്കുകയും വേണം.

വിവരങ്ങൾക്കു കടപ്പാട്:

ഡോ. ബി പദ്മകുമാർ

അസിസ്റ്റന്റ് പ്രഫസർ

ആലപ്പുഴ മെഡിക്കൽകോളജ്

English Summary : Lifestyle and infectious diseases; prevention tips

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com