അറിഞ്ഞിരിക്കണം ചികിത്സകൾക്കായുള്ള സർക്കാർ സഹായങ്ങൾ; ഇത് നമ്മുടെ അവകാശമാണ്

HIGHLIGHTS
  • 18 വയസ്സിൽ താഴെയുള്ളവർക്കുണ്ടാകുന്ന ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായി താലോലം
  • 18വയസ്സോ അതിൽ കുറവോ ഉള്ളവർക്കായി കാൻസർ സുരക്ഷാ പദ്ധതി
treatment
Photo credit : mistletoe / Shutterstock.com
SHARE

ഏപ്രിൽ ഏഴ് ലോക ആരോഗ്യദിനമാണ്. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ്സുണ്ടാകൂ എന്നാണല്ലോ പഴമൊഴി. ജീവിതശൈലീ രോഗങ്ങളടക്കം പുതുമയല്ലാതായിട്ടു വർഷങ്ങളായി. ചികിത്സാച്ചെലവുകൾ കുതിച്ചുയർന്നുകൊണ്ടേയിരിക്കുന്നു.  ചികിത്സകൾക്കായുള്ള സർക്കാർ സഹായങ്ങളെക്കുറിച്ച് അറിയാം. 

മികച്ച സൗകര്യം, സൗജന്യ ചികിത്സ

മികച്ച റേഡിയേഷൻ, കീമോ തെറപ്പി സൗകര്യങ്ങളും മറ്റു ചികിത്സാ സൗകര്യങ്ങളും സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും ഉണ്ട്.  40,000 രൂപവരെ ചെലവുള്ള മരുന്നുകൾ സൗജന്യമായാണു സർക്കാർ ആശുപത്രികളിൽ നൽകുന്നത്. തീർത്തും നിർധനരായവർക്ക് ഈ തുകയിൽ അധികമായാലും സൗജന്യമാണു മരുന്നുകൾ. 

ഇതിനു പുറമെയാണു നോൺ പ്ലാൻഫണ്ട് ഇനത്തിൽ വിതരണം ചെയ്യുന്ന ധനസഹായം. 5000 രൂപയാണ് ഒറ്റത്തവണയായി നൽകുന്നത്. വർഷം 5 മുതൽ 10 ലക്ഷം വരെയാണ് ആരോഗ്യവകുപ്പിന് ഫണ്ട് അനുവദിക്കുന്നത്. ലഭ്യതയനുസരിച്ച് ഇതു വിതരണം ചെയ്യും. ആശാപ്രവർത്തകരും ആരോഗ്യവകുപ്പിന്റെ ഫീൽഡ് സ്റ്റാഫും അടക്കമുള്ളവർ അതതു മേഖലകളിലുള്ള അർഹരായവരുടെ അപേക്ഷ ഉറപ്പാക്കുകയാണ് പതിവ്. ഇതു പരിശോധിച്ചു പട്ടിക തയാറാക്കും. ഇതനുസരിച്ചാണു തുക കൈമാറുന്നത്.

താലോലം പദ്ധതി

18 വയസ്സിൽ താഴെയുള്ളവർക്കുണ്ടാകുന്ന ഗുരുതര രോഗങ്ങളുടെ ചികിത്സയ്ക്കായാണു പദ്ധതി. വൃക്കരോഗം, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, നാഡീരോഗങ്ങൾ, സെറിബ്രൽപാൾസി, ഓട്ടിസം,അസ്ഥി വൈകല്യങ്ങൾ, സിക്കിൾസെൽ അനീമിയ, തലാസീമിയ, ബ്രിറ്റിൽബോൺ (അസ്ഥി ഒടിയുന്ന അവസ്ഥ) എന്നിവയ്ക്കും എൻഡോസൾഫാൻ രോഗബാധിതർക്കും പ്രയോജനം ലഭിക്കുന്ന പദ്ധതിയാണിത്. ശസ്ത്രക്രിയ, ഡയാലിസിസ് ചെലവടക്കം ഇതിൽ ഉൾപ്പെടും. 50,000 രൂപയാണു സഹായമായി ലഭിക്കുന്നത്. കൂടുതൽ സഹായം ആവശ്യമെങ്കിൽ ലഭ്യമാക്കാൻ അതത് ആശുപത്രി സൂപ്രണ്ട്, ബന്ധപ്പെട്ട വിഭാഗത്തിന്റെ മേധാവി, റേഡിയോ തെറപി വിഭാഗം മേധാവി തുടങ്ങിയവർക്കു വിവേചനാധികാരമുണ്ട്. 

കാൻസർ സുരക്ഷാ പദ്ധതി

2008ൽ ആണു സംസ്ഥാന സർക്കാർ പദ്ധതിക്കു തുടക്കമിട്ടത്. സാമൂഹികക്ഷേമ വകുപ്പു വഴിയാണു നടപ്പാക്കുന്നത്. 18വയസ്സോ അതിൽ കുറവോ ഉള്ളവർക്കാണു പദ്ധതിയുടെ ആനുകൂല്യം. മെഡിക്കൽ കോളജുകളിൽ ഇതിനുള്ള സൗകര്യമുണ്ട്. ഇവിടെ കൗൺസലർമാരുടെ സേവനവും കുട്ടികൾക്കും അവരുടെ കുടുംബത്തിനും ലഭിക്കും. മുഴുവൻ ചികിത്സാച്ചെലവും ആശുപത്രികളാണു വഹിക്കുന്നത്. ആദ്യഘട്ടത്തിൽ 50,000 രൂപവരെയാണു സഹായം. ഡോക്ടർമാരുടെ കമ്മിറ്റിയുടെ നിർദേശമനുസരിച്ചു തുടർ ചികിത്സയും ബാക്കി ചെലവും വഹിക്കും. ഇതിനായി ചികിത്സാ കാർഡുകൾ നൽകുന്നുണ്ട്. ഇതിനുപുറമെ കാരുണ്യഫണ്ട് വഴിയും സഹായം നൽകും.

കേന്ദ്രപദ്ധതികൾ

കേന്ദ്ര ആരോഗ്യമന്ത്രിയുടെ ഗ്രാന്റ് ആയി 75,000 മുതൽ 1.25 ലക്ഷം വരെയാണു ലഭിക്കുക. വാർഷിക വരുമാനം 1.25ലക്ഷം കവിയാത്തവർക്കാണ് അർഹത. വരുമാനസർട്ടിഫിക്കറ്റിന്റെയും റേഷൻകാർഡിന്റെ കോപ്പിയും അടക്കം ഓൺലൈനായി അപേക്ഷിക്കാം. ആയുഷ്മാൻഭാരത് പദ്ധതിവഴിയും 5ലക്ഷം വരെ ചികിത്സാ സഹായം ലഭിക്കും. 2, 3ഘട്ടങ്ങളിലുള്ള രോഗികൾക്കാണു സഹായം. സർക്കാർ ആശുപത്രികളിലും എംപാനൽ ചെയ്ത സ്വകാര്യആശുപത്രികളിലും സൗകര്യമുണ്ട്. അപേക്ഷ പിഎംജെഎവൈ പോർട്ടലിലൂടെ നൽകാം.

രാഷ്ട്രീയ ആരോഗ്യനിധി പദ്ധതിയിൽ 2ലക്ഷം വരെയാണു സഹായം. ആർസിസികളിൽ ചികിത്സ തേടുന്ന ബിപിഎൽ കുടുംബങ്ങൾക്കാണ് അർഹത. അതത് ആശുപത്രികളുമായി ബന്ധപ്പെട്ടാണു നടപടികൾ പൂർത്തിയാക്കേണ്ടത്.

ജനനി ശിശു സുരക്ഷകാര്യക്രം(ജെഎസ്എസ്കെ)‌

ഗ്രാമ–നഗരമേഖലകളിലുള്ള വനിതകൾക്കു ഗർഭകാലത്തും പ്രസവസമയത്തും പൂർണമായും സൗജന്യചികിത്സയും മരുന്നുകളുമടക്കം ലഭ്യമാക്കുന്ന പദ്ധതി. 2011ൽ ആണ് ആരംഭിച്ചത്. സർക്കാർ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്കാണ് ഈ സേവനം ലഭിക്കുന്നത്. പദ്ധതി പ്രകാരം പ്രസവശസ്ത്രക്രിയയും തുടർന്നുള്ള മരുന്നുകളും ഭക്ഷണവുമടക്കം സൗജന്യമാണ്. സുഖപ്രസവമെങ്കിൽ 3 ദിവസവും ശസ്ത്രക്രിയ ആണെങ്കിൽ 7 ദിവസവും ആശുപത്രിയിൽ കഴിയാം. ഗുരുതര അസുഖങ്ങളുള്ള നവജാതശിശുക്കൾക്കും പ്രസവശേഷമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കും സൗജന്യചികിത്സ ഉറപ്പാക്കുന്ന രീതിയിൽ 2014ൽ പദ്ധതിയിൽ മാറ്റം വരുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ വീട്ടിലേക്കുള്ള യാത്രയും സൗജന്യമായി ആശുപത്രിയിൽ നിന്നു ലഭ്യമാക്കും.

കസ്തൂർബാ പോഷൺ സഹായ് യോജന(കെപിഎസ്‌ൈവ)

ബിപിഎൽ വിഭാഗത്തിലുള്ള ഗർഭിണികൾക്കും നവജാതശിശുക്കളുടെ അമ്മമാർക്കും പോഷകാഹാരം ഉറപ്പാക്കുന്ന പദ്ധതി. ഈ വിഭാഗത്തിലുള്ള അമ്മമാർക്ക് ഒറ്റത്തവണയായി ആറായിരം രൂപയും പദ്ധതിവഴി ലഭ്യമാക്കും. വാർഷിക വരുമാനം 1.2ലക്ഷത്തിൽ കുറവുള്ളവർക്കാണ് അർഹത. വനിതാശിശു വകുപ്പിനുകീഴിലാണു പദ്ധതി നടപ്പാക്കുന്നത്. 

രാഷ്ട്രീയ കിഷോർ സ്വാസ്ഥ്യ കാര്യക്രം(ആർകെഎസ്കെ)

രാജ്യത്തെ കൗമാരക്കാരായ കുട്ടികളുടെ ആരോഗ്യത്തിനായുള്ള പദ്ധതി. 2014 ജനുവരി 7ന് ആണു തുടക്കം. കൗമാരക്കാരായ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. പോഷകാഹാരം ലഭ്യമാക്കുന്നതിനു പുറമെ മാനസികാരോഗ്യസംബന്ധമായ ക്ലാസുകളും കൗൺസലിങ്ങും ലഭ്യമാക്കും. അങ്കണവാടികളും സ്കൂളുകളും കേന്ദ്രീകരിച്ചാണ് ഇതു നൽകുന്നത്. ആശ–അങ്കണവാടി വർക്കർമാരിലൂടെയാണു പദ്ധതി നടപ്പാക്കുന്നത്. ലൈംഗികവിദ്യാഭ്യാസം, അതിക്രമങ്ങൾക്കെതിരായ ബോധവൽക്കരണം എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

English Summary : Government subsidies for treatments

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA