കെട്ടിപ്പടുക്കാം ആരോഗ്യപൂർണമായ ലോകം; ജനങ്ങളുടെ രക്ഷ ആഗോള ഉത്തരവാദിത്തമെന്ന് ഓർമിപ്പിച്ച് ലോകാരോഗ്യ സംഘടന

HIGHLIGHTS
  • ആരോഗ്യസംരക്ഷണം എന്നത് ജനങ്ങളുടെ അവകാശമാണ് മറിച്ച് ഭരണകൂടങ്ങളുടെ ഔദാര്യമല്ല
world health day
Photo credit : Khongtham / Shutterstock.com
SHARE

1948 ഏപ്രിൽ ഏഴാം തീയതി രൂപീകൃതമായ ലോകാരോഗ്യസംഘടനയുടെ സ്ഥാപക വാർഷികദിനം എല്ലാ കൊല്ലവും ലോകാരോഗ്യ ദിനമായി ആചരിക്കുന്നു. ഈ വർഷത്തെ ലോക ആരോഗ്യ ദിന സന്ദേശ വാചകം " കെട്ടിപ്പടുക്കാം, ന്യായയുക്തവും ആരോഗ്യപൂർണമായ ലോകം" (building a fairer healthier world) എന്നതാണ്. കോവിഡ് മഹാമാരി പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏറെ പ്രസക്തമായ സന്ദേശമാണിത്.

ലോകത്തിൽ ഒരു വിഭാഗം ആളുകൾക്കു നല്ല ആരോഗ്യ സംവിധാനങ്ങൾ ലഭിക്കുമ്പോൾ മറ്റൊരു വിഭാഗം ആരോഗ്യസേവനങ്ങൾ ലഭിക്കാത്ത അവസ്ഥയിലൂടെ കടന്നുപോകുകയാണെന്നു കോവിഡ് നമ്മെ ബോധ്യപ്പെടുത്തുന്നു. വിദ്യാഭ്യാസക്കുറവ്, പരിമിത തൊഴിൽ സാഹചര്യങ്ങൾ, വരുമാനമില്ലായ്മ, ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അപര്യാപ്തത,  ഭക്ഷ്യക്ഷാമം, പകർച്ചവ്യാധികൾ എന്നിവയുടെ ഇടയിൽ ജീവിക്കേണ്ടി വരികയാണ് ഒരു കൂട്ടർക്ക്. ഇത്തരമൊരു സാഹചര്യം അന്യായമാണ് എന്നതുമാത്രമല്ല മനുഷ്യ ഇടപെടൽ വഴി തടയാൻ കഴിയുന്ന ഒന്നുമാണ് എന്ന സത്യമാണ് ഈ വർഷത്തെ ലോക ആരോഗ്യ ദിന സന്ദേശം വിളിച്ചോതുന്നത്.

 കോവിഡ്-19 എല്ലാ രാഷ്ട്രങ്ങളെയും ജനവിഭാഗങ്ങളെയും ദോഷകരമായി ബാധിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രയാസം അനുഭവിക്കുന്നത് മോശമായ ജീവിതസാഹചര്യങ്ങളും ആരോഗ്യ സംവിധാനങ്ങളുമുള്ള പ്രദേശങ്ങളിലെ ജനങ്ങൾ ആണ്. കൃത്യമായ ആരോഗ്യ സംരക്ഷണ സംവിധാനം ഇല്ലാത്തതുകൊണ്ട് മാത്രം രോഗബാധയും മരണവും നേരിടേണ്ടിവരുന്ന ഇവരുടെ രക്ഷ ആഗോള ഉത്തരവാദിത്തമാണെന്ന് ലോകാരോഗ്യസംഘടന ഓർമിപ്പിക്കുന്നു. 

ഈ സാഹചര്യം മറികടക്കാനായി വിവിധ ഭരണകൂടങ്ങളും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളും പൊതുജനങ്ങളും എല്ലാം ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നതാണ് ഒന്നാമത്തെ വസ്തുത. പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ആരോഗ്യസംരക്ഷണം കേവലം ആ പ്രദേശത്തെ ഭരണകൂടത്തിന്റെ മാത്രം ചുമതലയാണെന്നു കരുതാതെ ലോകത്തുള്ള സമസ്ത വിഭാഗം ജനങ്ങളും അക്കാര്യത്തിൽ സഹകരിക്കുക എന്നത് അത്യാവശ്യമാണ്.

ഈ പ്രദേശങ്ങളിലെ ആരോഗ്യ പ്രശ്നങ്ങളുടെയും സംവിധാനങ്ങളുടെയും സ്ഥിതിവിവരകണക്കുകൾ കൃത്യമായി ശേഖരിക്കുക എന്നതാണ് രണ്ടാമതായി ചെയ്യാനുള്ളത്. ജനങ്ങളുടെ വിദ്യാഭ്യാസ, ആരോഗ്യ നിലവാരവും അവരുടെ സാംസ്കാരിക വിശ്വാസങ്ങളും ഒക്കെ കൃത്യമായി മനസ്സിലാക്കിയാൽ മാത്രമേ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനുള്ള ഫലപ്രദമായ ഇടപെടലുകൾ സാധ്യമാകുകയുള്ളൂ

ഈ പ്രദേശങ്ങളിലെ പ്രശ്നങ്ങളുടെ മൂലകാരണം കണ്ടെത്തി പരിഹരിക്കുക എന്നതാണ് അടുത്ത ഘട്ടം. ഇതോടൊപ്പം പ്രാഥമിക ആരോഗ്യ സംവിധാനങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ നിക്ഷേപങ്ങൾ ഉറപ്പുവരുത്തേണ്ടതും ആവശ്യമാണ്. ആരോഗ്യസംരക്ഷണവും രോഗപ്രതിരോധവും ലക്ഷ്യമാക്കി കൊണ്ടുള്ള ഒരു പ്രാഥമിക ആരോഗ്യ സംവിധാനം സാർവത്രികമായി നടപ്പാക്കണം. ഇതുവഴി എല്ലാവർക്കും ആരോഗ്യവും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അതിജീവന ശേഷിയും ഉറപ്പു വരുത്താൻ സാധിക്കും.

സ്വന്തം രാഷ്ട്രത്തിന്റെ  അതിർത്തിക്കുള്ളിൽ ഒതുങ്ങിനിന്നു പ്രവർത്തിക്കാതെ രാജ്യാന്തരതലത്തിലുള്ള പ്രവർത്തനങ്ങൾ ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണെന്നും ലോകാരോഗ്യസംഘടന ഊന്നിപ്പറയുന്നു. ഉദാഹരണത്തിന് കോവിഡ് മഹാമാരി നിയന്ത്രണവിധേയം ആകണമെങ്കിൽ എല്ലാ  രാജ്യങ്ങളിലും രോഗവ്യാപനം തടയേണ്ടതുണ്ട്. ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും ആരോഗ്യമേഖലയിലെ ആസൂത്രണ വിദഗ്ധരുമെല്ലാം രാജ്യാന്തരതലത്തിൽ കൂടിച്ചേർന്ന് ചർച്ചചെയ്ത് ലോകത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും പ്രയോജനപ്പെടുന്ന രീതിയിലുള്ള ആരോഗ്യ സംരക്ഷണ നയങ്ങളും പരിപാടികളും വികസിപ്പിക്കുകയും അത് നടപ്പാക്കുകയും ചെയ്യേണ്ടത് ആധുനികലോകത്തെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്.

കോവിഡ് മഹാമാരിക്ക് എതിരെയുള്ള രോഗ പ്രതിരോധ കുത്തിവയ്പുകളും ചികിത്സാ സൗകര്യങ്ങളും ലോകത്തെ എല്ലാ രാഷ്ട്രങ്ങളിലും ലഭ്യമാക്കേണ്ടത് ഇതിനെ തരണംചെയ്യാൻ അനിവാര്യമാണ്. കാരണം ഏതെങ്കിലും ഒരു രാജ്യത്ത് രോഗബാധയുടെ കാരണമായ വൈറസുകൾ ബാക്കി നിന്നാൽ അത് ഏതു നിമിഷവും മറ്റൊരു മഹാമാരിയായി പൊട്ടിപ്പുറപ്പെടാൻ ഉള്ള സാധ്യത ഏറെയാണ്. 

ഇതോടൊപ്പം ആരോഗ്യസംരക്ഷണം എന്നത് ജനങ്ങളുടെ അവകാശമാണ് മറിച്ച് ഭരണകൂടങ്ങളുടെ ഔദാര്യമല്ല എന്ന യാഥാർഥ്യവും വ്യാപകമായി പ്രചരിപ്പിക്കപ്പെടണം. ഇതുവഴി മാത്രമേ ലോകാരോഗ്യ സംഘടനയുടെ ഭരണഘടനയിലെ അടിസ്ഥാനതത്വം ആയ ‘ജാതി മത രാഷ്ട്രീയ സാമ്പത്തിക സാമൂഹിക’  വിവേചനങ്ങൾ ഒന്നും ബാധിക്കാത്ത ആരോഗ്യസംരക്ഷണം സാധ്യമാകൂ. ഇതു മൗലികാവകാശമാണെന്നും സംഘടന പറയുന്നു.

കോവിഡ മഹാമാരി മൂലം സാമ്പത്തിക സാമൂഹിക പ്രതിസന്ധികളിലേക്ക് നീങ്ങിയ  ജനവിഭാഗങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഉദ്യമത്തിൽ പങ്കാളിയാകേണ്ടത് രാജ്യാന്തര സമൂഹത്തിന്റെ ഉത്തരവാദിത്തം ആണെന്ന് ആവർത്തിച്ചും ഇതിനായി ലോക നേതാക്കളെ ആഹ്വാനം ചെയ്തുമാണു ലോകാരോഗ്യസംഘടനയുടെ സന്ദേശം അവസാനിക്കുന്നത്. 

ഇതിന്റെ അന്തഃസത്ത ഉൾക്കൊണ്ടുകൊണ്ട് ആരോഗ്യകരമായ ശീലങ്ങൾ സ്വായത്തമാക്കാനും രോഗപ്രതിരോധത്തിൽ ഊന്നിക്കൊണ്ടുള്ള ചികിത്സാ സംവിധാനങ്ങൾ വികസിപ്പിക്കാനും ആരോഗ്യസംരക്ഷണം  ആഗോള പ്രശ്നമാണ് എന്ന് തിരിച്ചറിഞ്ഞുകൊണ്ട് ജാഗ്രതയോടെ മുന്നോട്ടു നീങ്ങാനും നമുക്ക് ആകട്ടെ.

(തിരുവനന്തപുരം മെഡിക്കൽ കോളജിലെ മാനസികാരോഗ്യവിഭാഗം അസോസിയേറ്റ് പ്രഫസറാണു ലേഖകൻ. )

English Summary : World health day 2021 theme

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA