ADVERTISEMENT

വൈറസിന്റെ ജനിതക മാറ്റമാണ് കേരളത്തിലെ കോവിഡ് രണ്ടാം തരംഗത്തിന്റെ അതിവേഗ വ്യാപനത്തിന് കാരണമെന്ന് വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ജനിതക മാറ്റവും അതിന്റെ പരിണിത ഫലങ്ങളും സംബന്ധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പകര്‍ച്ചവ്യാധി വിഭാഗം അസോഷ്യറ്റ് പ്രഫസര്‍ ഡോ. വി.ജി. ഹരി കൃഷ്ണന്‍ വിശദീകരിക്കുന്നു ....

കോവിഡ് വൈറസിന്റെ ജനിതക വകഭേദങ്ങള്‍

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍, കാലിഫോര്‍ണിയ തുടങ്ങിയ  വൈറസ് വകഭേദങ്ങളാണ് ഇതുവരെ പ്രധാനമായും ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മൂന്നു വകഭേദങ്ങളും ഇൻഡ്യയിൽ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇംഗ്ലണ്ട് വകഭേദം ആണ് കൂടുതൽ. എന്നാൽ തന്നെയും ആകെ കോവിഡ് രോഗികളുടെ വളരെ കുറവ് ശതമാനം രോഗികളിൽ മാത്രമേ ഇവ കണ്ടെത്തിയിട്ടുള്ളൂ.

കേരളത്തിലെ കോവിഡ് വൈറസ് ജനിതക മാറ്റം എങ്ങനെ?

കേരളത്തില്‍ മാത്രമായി ജനിതകമാറ്റം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സമീപ സംസ്ഥാനങ്ങളായ തെലുങ്കാന. ആന്ധ്ര സംസ്ഥാനങ്ങളില്‍ കാണുന്ന ജനിതകമാറ്റം സംഭവിച്ച എൻ440കെ എന്ന വകഭേദം കേരളത്തിൽ അപൂർവമായി കാണുന്നു.

covid-virus-illustration-image
Photo Credit : Andrii Vodolazhskyi / Shutterstock.com

ജനിതക മാറ്റം കൊണ്ടുള്ള പ്രശ്നങ്ങള്‍ ?

കോവിഡ് വ്യാപനത്തിന്റെ വേഗത കൂടുക, രോഗത്തിന്റെ തീവ്രത കൂടുക, വാക്‌സിൻ സ്വീകരിച്ചവരിലും കോവിഡ് ഒരിക്കൽ വന്നവരിലും ഉണ്ടാവുന്ന പ്രതിരോധശേഷി മറികടക്കുക (ഇമ്മ്യുണ് എസ്കേപ്), ആന്റിവൈറൽ മരുന്നുകളെ നിഷ്ഫലമാക്കുക എന്നിവയാണ് പ്രധാന പ്രശ്നങ്ങൾ. ശ്വാസ കോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിനൊപ്പം മറ്റ് അവയവങ്ങളെയും ബാധിക്കുവാൻ സാധ്യത കൂടുതലാണ്.

ഡബിള്‍ മ്യൂട്ടന്റ് വൈറസുകൾ എന്താണ് ? ഇന്ത്യയിലെ രണ്ടാം തരംഗത്തിന് കാരണം ഈ വകഭേദം ആണോ ?

യു കെ, സൗത്ത് ആഫ്രിക്ക എന്നീ വകഭേദങ്ങളുമായി സാമ്യമുള്ള ഇ484ക്യു, എൽ452ആർ. എന്നിങ്ങനെ രണ്ടു മാറ്റങ്ങൾ ഉള്ള ഒരു വൈറസ് വകഭേദത്തിനെയാണ് ഇങ്ങനെ വിളിക്കുന്നത്. ഇപ്പോൾ മഹാരഷ്ട്രയിലും മറ്റും കൂടുതുലായി കാണുന്നുണ്ട്. എന്നാൽ ഇന്ത്യ ഒട്ടാകെ രണ്ടാം തരംഗത്തിന് ഇതാണ് കാരണം എന്ന് ഇപ്പോൾ പറയാറായിട്ടില്ല.

ജനിതകമാറ്റം സംഭവിച്ച് വൈറസിനുള്ള ചികിത്സ?

ചികിത്സകളില്‍ കാര്യമായ വ്യത്യാസമില്ല. എന്നാല്‍ കോവിഡിന് സാധാരണ നല്‍കുന്ന പ്ലാസ്മാതെറാപ്പി, വിദേശ രാജ്യങ്ങളില്‍ ലഭ്യമാക്കുന്ന മോണോ ക്ലോണ്‍ ആന്റിബോഡി ചികിത്സകള്‍ എന്നിവ കാര്യമായി പ്രയോജനം ചെയ്യുന്നില്ല.

വാക്സിനേഷന്‍ ജനിതകമാറ്റം വന്ന വൈറസിന് ഫലപ്രദമോ?

ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസിന് വാക്സീന്‍ ഫലപ്രദമല്ലെന്ന പ്രചരണം ശരിയല്ല. വാക്സീന്‍ എടുത്താല്‍ രോഗത്തിന്റെ തീവ്രത വളരെ കുറവാണ് കാണപ്പെടുന്നത്. മരണനിരക്കും വളരെ കുറവാണ്. വ്യാപനത്തിന്റെ തോത് കുറയ്ക്കാനും കഴിയും. ഹൃദ്രോഗമുള്ളവർ, ഡയാലിസിസ്  എടുക്കുന്നവർ, കാൻസർ രോഗികൾ എന്നിവർ ഉൾപ്പെടെ ദീർഘകാല ചികിത്സ എടുക്കുന്ന രോഗികൾ ഉറപ്പായും വാക്‌സിൻ എടുക്കുന്നത് നല്ലതാണ്. ഈ വിഭാഗത്തിൽ പെടുന്നവർക്ക് രോഗം വന്നാൽ ഉണ്ടാകാവുന്ന അപകടത്തേക്കാൾ വളരെ കുറവാണ് വാക്‌സിൻ എടുത്താൽ ഉണ്ടാകാവുന്ന പാർശ്വഫലങ്ങൾ. അതിനാൽ വാക്‌സിൻ എടുക്കുന്നതാണ് ഉത്തമം.

English Summary : COVID second wave: Reasons for huge surge in cases

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com