ADVERTISEMENT

കോവിഡ് കാലത്ത് പ്രമേഹരോഗികൾ വളരെ ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. കരുതലോടെ നീങ്ങിയില്ലെങ്കിൽ അപകടകരമായ അവസ്ഥയിലെത്താം. ഇതെക്കുറിച്ചുള്ള സംശയങ്ങൾക്കു  മറുപടി

കോവിഡും പ്രമേഹവും തമ്മിൽ ബന്ധമുണ്ടോ?

പ്രമേഹവുമായി ബന്ധപ്പെട്ട് രണ്ടു തരത്തിലാണ് കോവിഡ് വില്ലനാകുന്നത്. ഒന്ന്, നിലവിൽ പ്രമേഹമുള്ളവരുടെ ആരോഗ്യനില കോവിഡ് ബാധയെത്തുടർന്ന് പെട്ടെന്നു മോശമാകുന്നു. ഇൻസുലിൻ ഉപയോഗിക്കാത്തവരെയും കോവിഡ് ബാധയ്ക്കു ശേഷം തുടർച്ചയായി ഇൻസുലിൻ ഉപയോഗിക്കേണ്ട അവസ്ഥയിലെത്തിക്കുന്നു. രണ്ടാമത്, ചിട്ടയായ ഭക്ഷണവും വ്യായാമവും മൂലം ഇതുവരെ പ്രമേഹത്തിനു പിടികൊടുക്കാത്തവരിൽ ചിലർ കോവിഡിനു ശേഷം പ്രമേഹരോഗികളായി മാറുന്നു.

പ്രമേഹരോഗി കോവിഡ് ബാധിതനാകുമ്പോൾ എന്താണ് ശരീരത്തിൽ സംഭവിക്കുന്നത്?

വൈറസ് പ്രവേശിക്കുന്നതോടെ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനം തകരാറിലാകുന്നു. പാൻക്രിയാസിന്റെ പ്രവർത്തനത്തെയും അതുവഴി ഇൻസുലിൻ ഉൽപാദനത്തെയും പ്രതികൂലമായി ബാധിക്കുന്നു. പാൻക്രിയാസിൽ ഇൻസുലിൻ ഉൽപാദിപ്പിക്കുന്നത് ബീറ്റാ കോശങ്ങളാണ്. കൊറോണ വൈറസ് ഈ കോശങ്ങളെ നശിപ്പിക്കുന്നു. കോവിഡിനെത്തുടർന്നുണ്ടാകുന്ന ആന്തരിക വീക്കവും ബീറ്റ കോശങ്ങളെ നശിപ്പിക്കുന്നു. ഇൻസുലിൻ തന്മാത്രകളെ തിരിച്ചറിയാനുള്ള ശരീരകലകളുടെ ശേഷിയും നഷ്ടപ്പെട്ടേക്കാം. ഇതുമൂലം ഇൻസുലിൻ റെസിസ്റ്റൻസും ടൈപ്പ് 2 പ്രമേഹവും പിടിപെടാൻ സാധ്യതയുണ്ട്.

മറ്റൊരു സാധ്യത സൈറ്റോകൈൻ സ്റ്റോം എന്ന പ്രശ്നമാണ്. അതായ വൈറസിനെ ചെറുത്തുതോൽപിക്കാനുള്ള ശ്രമത്തിനിടയിൽ നമ്മുടെ പ്രതിരോധ സംവിധാനം ശരീരത്തിലെ പ്രധാന ആന്തരികാവയവങ്ങളെക്കൂടി ശത്രുപക്ഷത്തു നിർത്തി കേടുപാടു വരുത്തുന്നു. ഇതുമൂലവും പാൻക്രിയാസിന് ഇൻസുലിൻ ഉൽപാദനം ക്രമീകരിക്കാൻ കഴിയാതെ വരുന്നു. ശ്രദ്ധിച്ചില്ലെങ്കിൽ ഡയബറ്റിക് കീറ്റോ അസിഡോസിസ് പോലുള്ള സങ്കീർണാവസ്ഥയിലേക്കു വരെ എത്തിയേക്കാം. 

പ്രമേഹരോഗി കോവിഡ് ബാധിതനാകുമ്പോൾ പിന്തുടരുന്ന ചികിത്സാ പ്രോട്ടോക്കോൾ എന്താണ്?

അത് ഓരോ രോഗിയെയും അനുസരിച്ച് വ്യത്യസ്തമായിരിക്കും. കഴിഞ്ഞ മാസം അഡ്മിറ്റ് ചെയ്ത അറുപതുവയസ്സുകാരന്റെ ഉദാഹരണം പറയാം. കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ അദ്ദേഹത്തിന്റെ എച്ച്ബിഎവൺസി 6.9 മാത്രമായിരുന്നു. കോവിഡ് ബാധിക്കുന്നതിനു മുൻപുള്ള മാസങ്ങളിലും  പ്രമേഹം കൃത്യമായി നിയന്ത്രിച്ചു ജീവിച്ച വ്യക്തിയായിരുന്നു അദ്ദേഹം. പക്ഷേ കോവിഡിനെത്തുടർന്ന് ചുമയും നെഞ്ചിൽ കഫക്കെട്ടും  ബാധിച്ചു. ഓറൽ സ്റ്റിറോയ്ഡും കോവിഡ് ചികിത്സാ പ്രോട്ടോക്കോൾ പ്രകാരമുള്ള മരുന്നുകളും നൽകി. വൈകാതെ അദ്ദേഹത്തിന്റെ റാൻഡം ഷുഗർ റീഡിങ് 300നു മുകളിലെത്തി. രക്തത്തിലെ ഷുഗർനില നിയന്ത്രിക്കുന്നതിനു മൂന്നുനേരവും ഭക്ഷണത്തോടൊപ്പം ഷോർട്ട് ആക്ടിങ് ഇൻസുലിനും രാത്രി ബേസൽ ഇൻസുലിനും നൽകേണ്ടിവന്നു. കോവിഡ് ചികിത്സാ കാലയളവിലും ഡിസ്ചാർജ് ചെയ്ത ശേഷം തുടർന്ന് രണ്ടുമൂന്നാഴ്ച കൂടിയും അതേ ഇൻസുലിൻ ഡോസ് തുടരേണ്ടിവന്നു. കോവിഡ് മുക്തനായശേഷം വളരെ സാവധാനമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമായത്.

കോവിഡ്ബാധയ്ക്കു ശേഷം ഇൻസുലിൻ ഉപയോഗം എത്രനാൾ വേണ്ടി വന്നേക്കാം?

കോവിഡ് ചികിത്സയിൽ ഉപയോഗിക്കുന്ന സ്റ്റെറോയിഡും റെംഡെസിവിർ ഉൾപ്പെടെയുള്ള മരുന്നുകളും സാധാരണ രോഗിയിൽ തന്നെ രക്തത്തിലെ ഷുഗർനില ഉയർത്തുന്ന ഘടകങ്ങളാണ്. പ്രമേഹം നിയന്ത്രണവിധേയമായ രോഗികൾക്കാണ് കോവിഡ് ബാധിക്കുന്നതെങ്കിൽ ചികിത്സാകാലയളവിലേക്കും തുടർന്നു കുറച്ചു ദിവസങ്ങൾക്കും മാത്രമായി ഇൻസുലിൻ നൽകി അവരുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായ നിലയിലേക്കു കൊണ്ടുവരാനാകും. എന്നാൽ പ്രമേഹം നിയന്ത്രണാതീതമായ രോഗികളെ സംബന്ധിച്ചിടത്തോളം കോവിഡ് അത്ര നിസ്സാരമായി കാണാനാകില്ല. പ്രത്യേകിച്ചും എച്ച്ബിഎവൺസി 9നു മുകളിലുള്ളവർ. കോവിഡിനെത്തുടർന്നുള്ള മാനസിക സമ്മർദവും അതുമൂലമുള്ള ഹോർമോൺ വ്യതിയാനവുമെല്ലാം പ്രമേഹനില മോശമാക്കിയേക്കാം.

കോവിഡിനെത്തുടർന്നുള്ള പ്രമേഹം ലോങ് കോവിഡ് ലക്ഷണമാണോ?

കോവിഡ് ബാധിക്കുന്ന എല്ലാവരിലും പ്രമേഹ ഭീഷണി ഉണ്ടാകണമെന്നില്ല. ശരീരത്തിൽ പ്രവേശിച്ച വൈറസ് കൃത്യമായ ചികിത്സ ലഭിക്കുന്നതിനു മുൻപുള്ള ഇ‌ടവേളയിൽ ഒരുപക്ഷേ ആന്തരിക അവയവങ്ങൾക്ക് കേടുപാടുണ്ടാക്കിയേക്കാം. ഇതിന്റെ പ്രത്യാഘാതങ്ങളാണ് കോവിഡ് സുഖപ്പെട്ടതിനു ശേഷവും നമ്മെ അലട്ടുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളായി മാറുന്നത്. ഇതിനെ ലോങ് കോവിഡ് അഥവാ പോസ്റ്റ് കോവിഡ് സിൻഡ്രോം എന്നാണ് വിളിക്കുന്നത്.അതിനാൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നവരും രോഗിയുമായി സമ്പർക്കം പുലർത്തിയവരും എത്രയും വേഗം ആർടിപിസിആർ ടെസ്റ്റ് നടത്തി കോവിഡ് ചികിത്സ തുടങ്ങേണ്ടതാണ്. ശരീരത്തിൽ വൈറസിന്റെ വിളയാട്ടത്തിന് സമയം അനുവദിച്ചുകൊടുക്കരുത്.

പ്രമേഹരോഗികൾ ശ്രദ്ധിക്കേണ്ടതെന്തെല്ലാം?

അമിതമായ ക്ഷീണം, തളർച്ച, പതിവിലേറെ വിശപ്പ്, ദാഹം മൂലം നാവു വരളുന്ന അവസ്ഥ, കാഴ്ചയിലുണ്ടാകുന്ന മങ്ങൽ, മുറിവുകൾ ഉണങ്ങുന്നതിൽ വരുന്ന കാലതാമസം, പതിവിലേറെ തവണ തവണ മൂത്രശങ്ക, ശരീരത്തിൽ ഉണ്ടാകുന്ന മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ അവഗണിക്കരുത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായ ഇടവേളകളിൽ പരിശോധിക്കുകയും നിയന്ത്രണവിധേയമാക്കുകയും വേണം. കോവിഡ് പോസിറ്റീവായ ഒരു പ്രമേഹ രോഗി ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലെങ്കിൽ വീട്ടിൽ തന്നെ ക്വാറന്റീനിൽ കഴിഞ്ഞ് മരുന്നുകൾ കഴിച്ചാൽ മതിയാകും. എന്നാൽ സാച്ചുറേഷൻ നില താഴ്ന്നുപോകുന്നുണ്ടോ എന്നു പരിശോധിക്കണം. വീട്ടിൽ ഒരു പൾസ് ഓക്സിമീറ്റർ ഉണ്ടെങ്കിൽ ഇതു ചെയ്യാവുന്നതാണ്. റീഡിങ്ങിൽ വ്യത്യാസം വന്നാൽ ആശുപത്രിയിൽ അഡ്മിറ്റാകാൻ വൈകരുത്

അമിതവണ്ണം അപകടമാണോ?

ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30നു മുകളിലുള്ള അമിതവണ്ണമുള്ളവരിലും കോവിഡ് ബാധ ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ഇത്തരക്കാരിൽ കോവിഡ്ബാധയ്ക്കുമുൻപ് പ്രമേഹരോഗം ഇല്ലെങ്കിലും കോവിഡിനു ശേഷം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി ഉയരുന്നതായി കണ്ടെത്തിയിട്ടുണ്ട്. 

ഇവർക്ക് തുടർന്ന് ഇൻസുലിൻ ഉപയോഗം നിർബന്ധമായി തുടരേണ്ടി വരാനും സാധ്യതയുണ്ട്. 

ലോക്ഡൗണും വർക് ഫ്രം ഹോമുമായി വീട്ടിൽ തന്നെ ചടഞ്ഞുകൂടിയിരിക്കുന്നവരും കോവിഡിനെ പേടിച്ച് ജിമ്മും വർക്ക് ഔട്ടും മതിയാക്കിയവരും അമിതവണ്ണം പിടിപെടാതിരിക്കാൻ ശ്രദ്ധിക്കണം. അമിതവണ്ണമുള്ളവരിൽ പലർക്കും നേരത്തെ തന്നെ ശ്വാസതടസ്സവും കിതപ്പും സാധാരണമാണ്. ഇതും കോവിഡ് ബാധയെ കൂടുതൽ രൂക്ഷമാക്കും. 

 പ്രതിരോധ ശക്തി വർധിപ്പിക്കാൻ എന്തു ചെയ്യാം?

എത്ര യൂണിറ്റ് ഇൻസുലിൻ എടുക്കുന്നവർക്കും വാക്സീൻ കുത്തിവയ്പെടുക്കാം. അതിൽ മടി കാണിക്കരുത്. ഡോക്ടറുടെ നിർദേശപ്രകാരം വൈറ്റമിൻ സി, ബി കോംപ്ലക്സ്, സിങ്ക് ടാബ്‍ലറ്റുകൾ കഴിച്ച് രോഗപ്രതിരോധശേഷി ഉറപ്പാക്കാൻ ശ്രമിക്കാം. ആരോഗ്യകരമായ ഭക്ഷണശീലവും വ്യായാമവും പിന്തുടരുകയും വേണം. പിരിമുറുക്കം ഒഴിവാക്കാം. ശാരീരിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള മുൻകരുതലുകൾ വാക്സിനേഷനു ശേഷവും തുടരാം. എന്തെങ്കിലും കാരണവശാൽ കോവിഡ് പിടിപെട്ടാലും മനസ്സുകൊണ്ട് പോസിറ്റീവായി നേരിടാം.

ഡോ.ജോസഫ് കെ. ജോസഫ്

കൺസൽറ്റന്റ്, ഇന്റേണൽ മെഡിസിൻ, ഡയബെറ്റിസ്

വിപിഎസ് ലേക്‌ഷോർ ആശുപത്രി, കൊച്ചി

English Summary : COVID- 19 in diabetes patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com