വാക്സീൻ എടുത്തശേഷം കോവിഡ് പോസിറ്റീവ് ആയാൽ? മറ്റു രോഗങ്ങളുള്ളവർ ശ്രദ്ധിക്കേണ്ടത്

HIGHLIGHTS
  • പോസിറ്റീവായി 4 മുതൽ 7 ദിവസം വരെയാണു രോഗം ഏറെ തീവ്രമായിരിക്കുക
  • ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർക്ക് ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്
covid-vaccination
SHARE

പ്രമേഹം, അമിത രക്തസമ്മർദം തുടങ്ങിയവയുള്ളവർ കോവിഡ് കാലത്തു പ്രത്യേകം ശ്രദ്ധിക്കണമെന്നു രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ടും സീനിയർ കൺസൽറ്റന്റ് ഫിസിഷ്യനുമായ ഡോ. സണ്ണി പി. ഓരത്തേൽ. 

ഇവർക്കു സാധാരണ സാഹചര്യത്തിൽ തന്നെ അണുബാധയുണ്ടാകാനുള്ള സാധ്യതയേറെയാണ്. പതിവായി മരുന്നുകൾ കഴിക്കുന്നവർ അതു മുടക്കരുതെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോക്ടർ പറഞ്ഞു. അലർജിയും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളും ഉള്ളവർക്കു വാക്സീൻ എടുക്കാനാകുമോയെന്ന ചോദ്യവും പലരും ഉന്നയിച്ചു. അലർജിയുള്ളവർക്ക് വാക്സീൻ എടുക്കുന്നതിന് ഒരു തടസ്സവുമില്ലെന്നു ഡോക്ടർ പറഞ്ഞു. 

ഇത്തരത്തിലുള്ളവർ മാസ് വാക്സിനേഷൻ ക്യാംപുകൾക്കു പകരം ആശുപത്രികളിൽ നിന്നു വാക്സീൻ സ്വീകരിക്കണം. അലർജിയുണ്ടായാലും ചികിത്സിക്കാനുള്ള സൗകര്യം ഇത്തരം കേന്ദ്രങ്ങളിലുണ്ടാകുമെന്നും ‍ഡോക്ടർ പറഞ്ഞു.

വാക്സീനെടുക്കാൻ മടിക്കരുത്

മറ്റ് അസുഖങ്ങൾക്കു മരുന്നു കഴിക്കുന്നവർക്കു വാക്സീൻ സ്വീകരിക്കാമോയെന്ന സംശയവും ഒട്ടേറെ പേർ ചോദിച്ചു. കോവിഡ് ബാധിതരായാൽ രോഗം ഗുരുതരമാകാൻ സാധ്യതയുള്ള വിഭാഗത്തിൽപെടുന്നവരാണിവർ. അതുകൊണ്ടുതന്നെ നിർബന്ധമായി വാക്സീൻ സ്വീകരിച്ചു സുരക്ഷ നേടാൻ പ്രത്യേകം ശ്രദ്ധിക്കണം.

ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ കോവിഡ് ബാധിതരായാൽ ന്യുമോണിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരും നിർബന്ധമായി വാക്സീൻ സ്വീകരിച്ചു പ്രതിരോധ ശേഷി കൂട്ടണം. ഇപ്പോഴത്തെ വാക്സീൻ ദൗർലഭ്യം താൽക്കാലികം മാത്രമാണെന്നും വാക്സീൻ ലഭിക്കാൻ തിക്കും തിരക്കും കൂട്ടേണ്ട കാര്യമില്ലെന്നും ഡോക്ടർ ഓർമിപ്പിച്ചു.

കോവിഡ് പോസിറ്റീവായാൽ 4– 7 ദിവസം ശ്രദ്ധിക്കണം

കോവിഡ് പോസിറ്റീവായി 4 മുതൽ 7 ദിവസം വരെയാണു രോഗം ഏറെ തീവ്രമായിരിക്കുക. ഈ ദിവസങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. വീടുകളിൽ കഴിയുന്നവരാണെങ്കിൽ രക്തത്തിലെ ഓക്സിജന്റെ അളവു കൃത്യമായി വിലയിരുത്തണം. ആവശ്യമെങ്കിൽ ടെലി മെഡിസിൻ സഹായം തേടാം. നെഗറ്റീവായാലും ഇതിന്റെ പ്രശ്നങ്ങൾ കുറച്ചു കാലം കൂടി നീണ്ടു നിന്നേക്കാം. നന്നായി വിശ്രമിക്കുക. പച്ചക്കറി, പഴം, പാൽ തുടങ്ങിയവ ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക. ചെറിയ വ്യായാമങ്ങൾ ചെയ്യുക.

വാക്സീൻ എടുത്ത ശേഷം പോസിറ്റീവ്

‘ഒരു സുഹൃത്ത് വാക്സീൻ എടുത്തു കഴിഞ്ഞു മൂന്നാം ദിവസം പോസിറ്റീവായി. വാക്സീൻ എടുത്തതുകൊണ്ടാണോ പോസിറ്റീവായത്?’– ഒരു   ചോദ്യം ഇങ്ങനെയായിരുന്നു. വാക്സീൻ എടുത്തതുകൊണ്ടല്ല പോസിറ്റീവായതെന്ന് ഉറപ്പാണെന്നു ഡോക്ടർ പറഞ്ഞു. വാക്സീൻ സ്വീകരിക്കുന്നതിനു 2–3 ദിവസം മുൻപു തന്നെ കോവിഡ് ബാധിതരുമായി ഇയാൾക്കു സമ്പർക്കമുണ്ടായിരിക്കാം. അതുകൊണ്ടാണു വൈറസ് ബാധിതനായത്. ഇതും വാക്സീൻ എടുത്തതും തമ്മിൽ ബന്ധമില്ല. 

വാക്സീൻ സ്വീകരിച്ചവർക്കു ചെറുതായി പനിയുണ്ടാകാമെങ്കിലും അത് ആദ്യ രണ്ടു ദിവസങ്ങൾ മാത്രമേ ഉണ്ടാകൂവെന്നും ഡോ. സണ്ണി പി. ഓരത്തേൽ പറഞ്ഞു.

English Summary : Common doubts about COVID vaccination

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA