ADVERTISEMENT

ഓക്സിജൻ വിതരണ സൗകര്യത്തോടു കൂടിയ 1000 കിടക്കകളുള്ള കോവിഡ് പരിചരണ കേന്ദ്രങ്ങൾ റിലയൻസ് ഫൗണ്ടേഷൻ ഗുജറാത്തിലെ ജാംനഗറിൽ സ്ഥാപിക്കും. എല്ലാ സേവനങ്ങളും ജനങ്ങൾക്ക് ഈ കേന്ദ്രങ്ങളിൽ സൗജന്യമായി ലഭ്യമാക്കും. കേന്ദ്രം സ്ഥാപിക്കുന്നതിന്റെയും അതിന്റെ നടത്തിപ്പിന്റെയും ചെലവുകൾ റിലയൻസ് വഹിക്കും.

ജാംനഗറിലെ ഗവൺമെന്റ് ഡെന്റൽ കോളേജിലാണ് 400 കിടക്കകളുള്ള  കോവിഡ് പരിചരണ കേന്ദ്രം ഒരാഴ്ചയ്ക്കുള്ളിൽ ഉയരുക. ജാംനഗറിലെ തന്നെ മറ്റൊരിടത്ത് 600 കിടക്കകളുള്ള മറ്റൊരു കോവിഡ് പരിചരണ കേന്ദ്രവും രണ്ടാഴ്ചയ്ക്കകം സ്ഥാപിക്കും.

ഈ കേന്ദ്രങ്ങൾക്ക് വേണ്ടിയുള്ള മാനവവിഭവ ശേഷിയും വൈദ്യസഹായവും ഉപകരണങ്ങളും ഒറ്റത്തവണ ഉപയോഗത്തിനുള്ള  മറ്റു വസ്തുക്കളും റിലയൻസ് തന്നെ ലഭ്യമാക്കും. ആശുപത്രിയിൽ ആവശ്യത്തിന് ഡോക്ടർമാരും നഴ്സിങ് ജീവനക്കാരും ഉണ്ടെന്നുറപ്പാക്കാൻ സംസ്ഥാന ഗവൺമെന്റ് ഈ കേന്ദ്രങ്ങളുമായി ഏകോപിച്ച് പ്രവർത്തിക്കും. ജാംനഗർ, ഖംഭാലിയ, ദ്വാരക, പോർബന്തർ, സൗരാഷ്ട്രയിലെ മറ്റു മേഖലകൾ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾക്ക് ഈ പരിചരണ കേന്ദ്രങ്ങൾ ആശ്വാസമേകും.

രാജ്യം കോവിഡിന്റെ രണ്ടാം തരംഗത്തോട് പോരാടുന്ന വേളയിൽ സാധ്യമായ എല്ലാ തരത്തിലും സഹായിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് റിലയൻസ് ഫൗണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സണുമായ നിതാ അംബാനി പറഞ്ഞു. " കൂടുതൽ ആരോഗ്യ പരിചരണ സൗകര്യങ്ങൾ ആവശ്യമായ സമയമാണിത്. ഇതിന്റെ ഭാഗമായാണ് സൗജന്യമായി ഗുണനിലവാരമുള്ള ആരോഗ്യ പരിചരണം നൽകുന്നതിന് രണ്ടിടങ്ങളിലായി റിലയൻസ് ഫൗണ്ടേഷൻ 1000 കിടക്കകളുള്ള സംവിധാനമൊരുക്കുന്നത്. മഹാമാരിയുടെ തുടക്കം മുതൽ തന്നെ ഇന്ത്യയിലെ പൗരന്മാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, അവരോട് തോളോട് തോൾ ചേർന്ന് നിന്ന് പ്രവർത്തിച്ചുവരികയാണ് റിലയൻസ് ഫൗണ്ടേഷൻ. വിലപ്പെട്ട ജീവനുകളെ രക്ഷിക്കാനുള്ള പ്രവർത്തനം അക്ഷീണം തുടരും. ഒരുമിച്ചു നിന്ന് ഈ പോരാട്ടത്തിൽ നാം വിജയിക്കും", നിതാ അംബാനി പറഞ്ഞു.

ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ രണ്ട് കോവിഡ് കേന്ദ്രങ്ങൾ സ്ഥാപിക്കാൻ റിലയൻസ് സംഘങ്ങൾ പ്രവർത്തിച്ചു വരികയാണെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഗ്രൂപ്പ് പ്രസിഡന്റ് ധൻരാജ് നാഥ് വാനി പറഞ്ഞു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗുജറാത്തിലെയും രാജ്യത്തെയും ജനങ്ങളെ സഹായിക്കാനായി വിവിധമേഖലകളിൽ അവിരാമം പ്രവർത്തിച്ചുവരികയാണ് റിലയൻസ്. ഗുജറാത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും കമ്പനി ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. മുംബൈയിൽ സൗജന്യ കോവിഡ് പരിചരണം നൽകുന്നതിന് 875 കിടക്കകളാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രി  സജ്ജമാക്കിയത്. ജാംനഗറിനും  മുംബൈയ്ക്കും ഇടയിൽ 1875 കിടക്കകൾ കോവിഡ് പരിചരണത്തിനായി റിലയൻസ്  ഒരുക്കും.

റിലയൻസ് ഇൻഡസ്ട്രീസിന്റെ സന്നദ്ധ സേവന വിഭാഗമായ റിലയൻസ് ഫൗണ്ടേഷൻ നൂതനവും സുസ്ഥിരവുമായ മാർഗ്ഗങ്ങളിലൂടെ രാജ്യത്തിന്റെ വികസന വെല്ലുവിളികളെ പരിഹരിക്കാനുള്ള ശ്രമത്തിൽ രാസത്വരകങ്ങൾ ആകുന്നു. ഗ്രാമീണ പരിവർത്തനം, ആരോഗ്യം, വിദ്യാഭ്യാസം, കായികം, ദുരന്തനിവാരണം നഗര പുനരുദ്ധാരണം, കല, സംസ്കാരം പാരമ്പര്യം എന്നീ മേഖലകളിൽ രാജ്യം നേരിടുന്ന വികസന വെല്ലുവിളികളിൽ റിലയൻസ് ഫൗണ്ടേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇന്ത്യയിലെ ഗ്രാമങ്ങളിലെയും നിരവധി നഗരങ്ങളിലെയും 45 ദശലക്ഷം പേരുടെ ജീവിതങ്ങളെ സ്പർശിക്കാൻ റിലയൻസ് ഫൗണ്ടേഷന് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ട്.

English Summary : Relance foundation's covid care center

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com