ADVERTISEMENT

രക്തത്തിലെ ഓക്‌സിജന്‍ നില മെച്ചപ്പെടുത്താന്‍ നെബുലൈസര്‍ മതിയാകുമെന്ന് പറയുന്ന ഒരു വിഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നാട്ടുകാര്‍ നെട്ടോട്ടമോടവേ ജീവന്‍ രക്ഷിക്കുന്ന ട്രിക്ക് എന്ന പേരിലാണ് ഈ വിഡിയോ പ്രചരിച്ചത്.

വിഡിയോ ചെയ്ത ഫരീദാബാദ് സര്‍വോദയ ഹോസ്പിറ്റലിലെ ഡോ. അലോക് സേത്തിയെ പലരും അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തിരുന്നു. മരുന്ന് ഇടാതെ നെബുലൈസര്‍ ഓണ്‍ ചെയ്ത് അതിലെ മാസ്‌കെടുത്ത് മൂക്കിനോട് ചേര്‍ത്ത് ശ്വസിച്ചാല്‍ രക്തത്തിലെ ഓക്‌സിജന്‍ നില വര്‍ധിപ്പിക്കാനാകുമെന്നായിരുന്നു ഡോക്ടറിന്റെ വാദം. എന്നാല്‍ ഡോ. അലോകിന്റെ അവകാശവാദത്തിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അലോക് ജോലി ചെയ്യുന്ന ആശുപത്രിയും ഡോക്ടറുടെ വാദങ്ങളെ തള്ളിക്കളഞ്ഞു. സംഗതി വിവാദമായതോടെ ക്ഷമാപണവുമായി ഡോക്ടര്‍ രംഗത്തെത്തി. 

ഓക്‌സിജന്‍ സിലിണ്ടറിന് പകരം നെബുലൈസര്‍ ഉപയോഗിക്കാമെന്ന രീതിയില്‍ തെറ്റിദ്ധാരണ പരത്തുന്ന വിഡിയോ അടിസ്ഥാനമില്ലാത്തതാണെന്ന് മേദാന്ത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആന്‍ഡ് റീജനറേറ്റീവ് മെഡിസിന്‍ ചെയര്‍മാന്‍ ഡോ. അരവിന്ദര്‍ സിങ്ങ് പറയുന്നു. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വിവരങ്ങള്‍ക്ക് ഇരയാകരുതെന്നായിരുന്നു സര്‍വോദയ ഹെല്‍ത്ത്‌കെയര്‍ ആശുപത്രിയുടെ പ്രതികരണം. ഡോക്ടറുടെ കണ്ടെത്തലിനെ പിന്തുണയ്ക്കുന്നില്ലെന്നും അത്തരം ചെപ്പടി വിദ്യകള്‍ രോഗം വഷളാക്കിയേക്കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. 

കാര്യം ഇത്രത്തോളമായതോടെ തന്റെ വിഡിയോയില്‍ ഖേദം പ്രകടിപ്പിച്ച് ഡോ. അലോക് രംഗത്തെത്തി. തന്റെ വാദം തെറ്റായിരുന്നു എന്നും നെബുലൈസര്‍ ഓക്‌സിജന്‍ സിലിണ്ടറിന് ഒരിക്കലും പകരമാകില്ലെന്നും ഡോ. അലോക് രണ്ടാമത് ഇറക്കിയ വിഡിയോയില്‍ പറഞ്ഞു.

English Summary : Viral video on using nebuliser as oxygen cylinder baseless, warn experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com