പൾസ് ഓക്സി മീറ്ററും പൂഴ്ത്തിവച്ചു..? വ്യാപക പരിശോധനയ്ക്കു നിർദേശം

HIGHLIGHTS
  • കേരളത്തിലെ വിതരണക്കാരെ കണ്ടെത്താനും നിർദേശം
pulse-oximeter
Photo credit : Juan R. Velasco / Shutterstock.com
SHARE

വീട്ടിൽ ചികിൽസയിൽ കഴിയുന്ന കോവിഡ് രോഗികൾക്കുൾപ്പെടെ ശരീരത്തിലെ ഓക്സിജൻ നില കണ്ടെത്താനായി ഉപയോഗിക്കുന്ന പൾസ് ഓക്സി മീറ്ററിനു സംസ്ഥാനത്തു കടുത്ത ക്ഷാമം. മുൻപില്ലാത്ത വിധം ക്ഷാമം ഉണ്ടാകുന്നതിനു പിന്നിൽ കരിഞ്ചന്തയോ പൂഴ്ത്തിവയ്പ്പോ ആകാമെന്നുള്ള വിലയിരുത്തലിനെ തുടർന്നു സംസ്ഥാന വ്യാപകമായി പരിശോധന നടത്താൻ സംസ്ഥാന ഡ്രഗ്സ് കൺട്രോളർ നിർദേശം നൽകി. 

കോവിഡ് ബാധിച്ചവർക്കു ശ്വാസകോശ അണുബാധ ഉണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് വിരലുകളിൽ ഘടിപ്പിച്ച് ഓക്സിജൻ നില പരിശോധിക്കുന്ന പൾസ് ഓക്സിമീറ്റർ കൂടി കരുതുന്നതു നല്ലതാണെന്നു ഡോക്ടർമാർ നിർദേശിച്ചത്.  ഇതോടെ വിൽപന കുതിച്ചുയർന്നു. മുൻപ് 600 – 1000 രൂപയ്ക്കു പൊതുവിപണിയിൽ ലഭിച്ചിരുന്ന പൾസ് ഓക്സിമീറ്ററുകൾക്ക് 3000 രൂപ വരെയായി വിലയും ഉയർന്നു. ഉയർന്ന വിലയ്ക്കും പൾസ് ഓക്സിമീറ്റർ വാങ്ങാൻ ജനം തയാറാണെങ്കിലും സാധനം നിലവിൽ കേരളത്തിലെ വിപണിയിൽ കിട്ടാനില്ലാത്ത അവസ്ഥയായി. ഡൽഹി, മഹാരാഷ്ട്ര, ഹിമാചൽ തുടങ്ങിയ മേഖലകളിൽ നിന്നാണു കേരളത്തിലേക്കു പൾസ് ഓക്സിമീറ്റർ എത്തിയിരുന്നത്. കോവിഡ് രോഗികളുടെ എണ്ണം ഉയർന്നതും ആവശ്യകത ഉയർത്തി. 

പരാതി വ്യാപകമായതോടെ പൾസ് ഓക്സിമീറ്റർ കേരളത്തിലെത്തിക്കുന്ന നിർമാതാക്കളെ കണ്ടെത്താൻ സംസ്ഥാനത്തെ മുഴുവൻ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്കും സംസ്ഥാന ഡ്രഗ് കൺട്രോളർ സർക്കുലർ അയച്ചു. പൂഴ്ത്തി വയ്പ്പോ കരിഞ്ചന്തയോ നടക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്നും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്. പരിശോധന പൂർത്തിയായ ശേഷം സർക്കാരിനു വിശദമായ റിപ്പോർട്ട് സമർപ്പിക്കും. 

വീട്ടിലെ ചികിൽസ ശ്രദ്ധിക്കാനുണ്ടേറെ

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 40% പേർക്ക് ഒരു രോഗലക്ഷണവുമില്ല. 40% പേർക്ക് ചെറിയ രോഗലക്ഷണങ്ങൾ (കാറ്റഗറി എ) മാത്രമേയുള്ളൂ. മൂക്കൊലിപ്പ്, തൊണ്ടവേദന, ചുമ, വയറിളക്കം എന്നിവ വളരെ ചെറിയതോതിൽ മാത്രമാണെങ്കിൽ കാറ്റഗറി എയിൽ പെടുത്താം. രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്കും കാറ്റഗറി എയിൽ പെടുന്നവർക്കും കാര്യമായ ചികിത്സയുടെ ആവശ്യമില്ല. 80% പേർ ഈ വിഭാഗത്തിൽപെടുന്നു. ഇവരിൽ പലർക്കും 7 ദിവസം കൊണ്ടുതന്നെ കോവിഡ് മുക്തിയുമുണ്ടാകാം. ഈ സാഹചര്യത്തിൽ ഇവരെ വീടുകളിൽത്തന്നെ പാർപ്പിക്കുകയെന്ന രീതി നല്ലതാണ്. വിദേശ രാജ്യങ്ങളെല്ലാം നേരത്തേതന്നെ ഈ രീതി പിന്തുടരുന്നു. 

വേണം, കൃത്യമായ നിരീക്ഷണം 

കോവിഡ് പോസിറ്റീവായവർ വീട്ടിലാണു കഴിയുന്നതെങ്കിലും അവരെ കൃത്യമായി നിരീക്ഷിക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടോ, കാറ്റഗറി എയിൽ നിന്ന് കൂടുതൽ ലക്ഷണങ്ങളുള്ള കാറ്റഗറി ബി, സി എന്നിവയിലേക്കു മാറുന്നുണ്ടോ തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കണം. പ്രമേഹം, രക്തസമ്മർദത്തിലെ വ്യതിയാനം തുടങ്ങിയ അനുബന്ധരോഗങ്ങളിൽ രണ്ടോ അതിലേറെയോ ഉണ്ടാവുക, പനി, കടുത്ത തൊണ്ടവേദന, നെഞ്ചുവേദന, ശ്വാസംമുട്ടൽ, മയക്കം, ആഹാരം കഴിക്കാതിരിക്കുക, വിറയൽ തുടങ്ങിയവ വരുന്നുണ്ടെങ്കിൽ സൂക്ഷിക്കണം. 60 വയസ്സിനു മുകളിലുള്ളവർ, ഗർഭിണികൾ എന്നിവർക്കും കൂടുതൽ ശ്രദ്ധ വേണ്ടതാണ്. 

നിശ്ശബ്ദ വില്ലനെ സൂക്ഷിക്കണം 

കോവിഡ് പോസിറ്റീവായവർ വീട്ടിൽ കഴിയുമ്പോൾ പേടിക്കേണ്ടത് ‘സൈലന്റ് ഹൈപോക്സിയ’ എന്ന വില്ലനെയാണ്. രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ തന്നെ രക്തത്തിലെ ഓക്സിജന്റെ അളവു കുറയുന്ന അവസ്ഥയാണിത്. സാധാരണഗതിയിൽ ഓക്സിജൻ സാച്ചുറേഷൻ 90 വേണം. എന്നാൽ, ചിലപ്പോൾ ഇത് 50% ആയാലും രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാതെ ഇരിക്കാം. കോവിഡ് പോസിറ്റീവായവരിൽ 2 – 10% പേർക്ക് ഇങ്ങനെ സംഭവിക്കാം. പൾസ് ഓക്സിമീറ്റർ എന്ന ഉപകരണമുപയോഗിച്ചു രക്തത്തിലെ ഓക്സിജന്റെ അളവു നിരീക്ഷിക്കാം. വീടുകളിലെത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് ഈ ഉപകരണം ലഭ്യമാക്കിയാൽ ദിവസേന രണ്ടുതവണ വീതം ഇതു നിരീക്ഷിക്കാൻ കഴിയും. 

വീട്ടിൽ എന്തു ചികിത്സ? 

ഡോക്ടറുടെ പ്രാഥമിക പരിശോധനയ്ക്കു ശേഷം മാത്രമാണ് ഒരാൾ വീട്ടിൽ കഴിയണോ, ആശുപത്രിയിൽ പ്രവേശിപ്പിക്കണോ എന്ന കാര്യം തീരുമാനിക്കുന്നത്. വീട്ടിൽ കഴിയാൻ പറഞ്ഞാൽ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും മരുന്നുകൾ കഴിക്കണോ എന്നതും ഡോക്ടർ നിർദേശിക്കും. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതുപോലെ മാത്രമാണിത്. കോവിഡ് മുക്തി നേടിയോ എന്നറിയാനായി നിശ്ചിത കാലയളവിനു ശേഷം വേണമെങ്കിൽ സാംപിൾ പരിശോധനയ്ക്കു നിർദേശിക്കാം. വീട്ടിലെ ചികിത്സ സംബന്ധിച്ചു തീരുമാനമെടുത്താൽ ഇതു സംബന്ധിച്ച കൃത്യമായ മാർഗനിർദേശങ്ങളുണ്ടാകും.

വിവരങ്ങൾക്ക് കടപ്പാട് : ഡോ.എൻ.സുൽഫി 

English Summary : COVID- 19; home isolation care

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പയ്യാമ്പലം കടപ്പുറത്ത് ചിതകളെരിയുമ്പോൾ

MORE VIDEOS
FROM ONMANORAMA