ADVERTISEMENT

ഗർഭിണികൾ കോവിഡ് കാലത്തു മാനസികാരോഗ്യത്തിനു കൂടുതൽ ഊന്നൽ നൽകണമെന്നു ലൂർദ് ആശുപത്രിയിലെ സീനിയർ കൺസൽറ്റന്റ് ഗൈനക്കോളജിസ്റ്റ് ഡോ. ദിവ്യ ജോസ് പറഞ്ഞു. കോവിഡ് ബാധിക്കുമോയെന്ന ഭീതി പലർക്കുമുണ്ട്. ഇതേക്കുറിച്ചു കൂടുതൽ ആശങ്ക മനസ്സിൽ കരുതേണ്ടെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ സംശയങ്ങൾക്കു മറുപടിയായി ഡോക്ടർ പറഞ്ഞു. കോവിഡ് പോസിറ്റീവായ ഭൂരിഭാഗം പേരിലും അതു ഗുരുതരമാകാറില്ല. 80– 85% പേരിലും ചെറിയ രോഗ ലക്ഷണങ്ങളേയുണ്ടാകൂ. ഗർഭിണികൾ പോസിറ്റീവായാലും ഭയപ്പെടേണ്ട കാര്യമില്ല. കുഞ്ഞിന്റെ ആരോഗ്യത്തെ അതു ബാധിക്കുകയില്ല. അതേസമയം, രോഗം ഗുരുതരമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വീടിനകത്തും പുറത്തും കോവിഡ് പ്രോട്ടോക്കോൾ പൂർണമായി പാലിക്കണമെന്നും ഡോ. ദിവ്യ ജോസ് പറഞ്ഞു.

∙വീട്ടിനകത്തും മാസ്കാകാം

പുറത്തു പോകുന്നയാളുകൾ വീടുകളിലുണ്ടെങ്കിൽ ഗർഭിണികൾ വീടിനകത്തും മാസ്ക് ഉപയോഗിക്കണം. പരമാവധി പുറത്തു പോകുന്നത് ഒഴിവാക്കുക. ആശുപത്രിയിൽ പോകുമ്പോൾ എൻ 95 മാസ്ക് ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക. പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഡോക്ടർ വിശ്രമം നിർദേശിച്ചിട്ടില്ലെങ്കിൽ ചെറിയ തോതിൽ വ്യായാമം ചെയ്യാം. മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടു തന്നെ ഹോബികൾ പോലെ മനസ്സിനു സന്തോഷം നൽകുന്ന കാര്യങ്ങൾ ചെയ്യുക. അനാവശ്യമായ ആശങ്കകൾ അകറ്റാൻ ഇതു സഹായിക്കും.

∙ഗർഭിണികൾക്ക് പോസിറ്റീവായാൽ

കോവിഡ് ബാധിക്കാതിരിക്കാൻ ഗർഭിണികൾ പ്രത്യേകം മുൻകരുതലുകൾ സ്വീകരിക്കണം. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക, കൈകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കുക തുടങ്ങിയ രീതികൾ മറക്കരുത്. കോവിഡ് പോസിറ്റീവായാൽ ആരോഗ്യ നില പ്രത്യേകം ശ്രദ്ധിക്കണം. മിക്കവർക്കും സാധാരണ ജലദോഷമോ പനിയോ മാത്രമേ ലക്ഷണങ്ങളായി ഉണ്ടാകൂ. കൂടുതൽ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സിക്കുന്ന ഡോക്ടറെ കൺസൽറ്റ് ചെയ്യണം. ആശുപത്രിയിൽ നേരിട്ടു പോകാൻ സാധിക്കുന്നില്ലെങ്കിൽ ‘ടെലി മെഡിസിൻ’ സഹായം തേടാം.

∙കോവിഡ് വാക്സീൻ ഇപ്പോൾ വേണ്ട

സർക്കാരിന്റെ വാക്സീൻ നയമനുസരിച്ചു ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഇപ്പോൾ വാക്സീൻ നൽകുന്നില്ല. വിദേശരാജ്യങ്ങളിൽ കൊടുക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ നൽകി തുടങ്ങിയിട്ടില്ല. ഈ നയത്തിൽ പിന്നീടു മാറ്റമുണ്ടായേക്കാമെന്നും ഡോക്ടർ പറഞ്ഞു.

English Summary : COVID- 19 and pregnancy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com