കോവിഡ് പ്രതിരോധിക്കാൻ വൈറ്റമിൻ ഗുളികകള്‍ കഴിക്കാമോ?

HIGHLIGHTS
  • പ്രതിരോധ ശക്തി വർധിപ്പിക്കാൻ വൈറ്റമിൻ സി ഗുളിക കഴിക്കാം
  • വാക്സീൻ എടുത്തവർക്ക് കോവിഡ് വന്നാലും ഗുരുതരമാകാനുള്ള സാധ്യതയില്ല
vitamin tablets
Photo credit : ronstik / Shutterstock.com
SHARE

വാക്സീൻ ആർക്കൊക്കെ എടുക്കാം.. ഹൃദ്രോഗമുള്ളവർക്ക് കോവിഡ് വന്നാൽ എന്താണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്... 

മലയാള മനോരമയും കോട്ടയം കാരിത്താസ് ആശുപത്രിയും ചേർന്നു സംഘടിപ്പിച്ച സാന്ത്വനം ഫോൺ  ഇൻ പരിപാടിയിൽ ഒട്ടേറെ ആളുകൾ സംശയങ്ങൾക്കും ആശങ്കകൾക്കും മറുപടി തേടി വിളിച്ചു. പ്രമുഖ ഹൃദ്രോഗ വിദഗ്ധനും കാരിത്താസ് ആശുപത്രി ചീഫ് ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോ. ദീപക് ഡേവിഡ്സണാണു ചോദ്യങ്ങൾക്ക് ഉത്തരം നൽകിയത്. 

കോവിഡ് വന്നതിന്റെ ഫലമായി രക്തം കട്ടപിടിച്ചതു ഹൃദ്രോഗത്തിലേക്ക് നയിച്ചു. ഇനി പ്രത്യേകം ശ്രദ്ധിക്കാൻ എന്തൊക്കെ.

കോവിഡ് വരുന്നവരിൽ അപൂർവം ചിലർക്ക് രക്തം കട്ടപിടിക്കുന്നതും ഹൃദയ സ്തംഭനം ഉണ്ടാകുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കോവിഡ് കാറ്റഗറി സി–യിലേക്ക് കടക്കുമ്പോഴാണ് ഇത്തരത്തിൽ ഗുരുതരാവസ്ഥകൾ ഉണ്ടാകുന്നത്. വിട്ടുമാറാത്ത പനി, ചുമ, ശ്വാസം മുട്ടൽ, ഓക്സിജന്റെ അളവ് കുറയുക എന്നിവ കാറ്റഗറി സി–യിലേക്ക് എത്തിക്കും. ഈ സമയം രക്തം കട്ടപിടിക്കുന്നുണ്ടോ എന്ന പരിശോധന നടത്തണം. അങ്ങനെ കാണിക്കുന്നെങ്കിൽ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ നൽകണം. 

വൈറ്റമിൻ സി ഗുളിക കഴിക്കുന്നത് നല്ലതാണോ 

പ്രതിരോധ ശക്തി വർധിപ്പിക്കാൻ വൈറ്റമിൻ സി ഗുളിക കഴിക്കാം. വൈറൽ ഇൻഫെക്‌ഷൻ വരാതിരിക്കാനും വന്നാൽ മരുന്നായും വൈറ്റമിൻ സി ഉപയോഗിക്കാം. 

dr-deepak-davidson-carits-hospital
ഡോ. ദീപക് ഡേവിഡ്സൺ

ഹൃദ്രോഗത്തെ തുടർന്നു സ്റ്റെന്റ് ഇട്ട വ്യക്തി കോവിഡ് പോസിറ്റീവ് ആയാൽ എന്താണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത് 

കോവിഡ് പോസിറ്റീവ് ആയവർ സാധാരണ എടുക്കുന്ന എല്ലാ ചികിത്സയും സ്വീകരിക്കണം. പോഷകാഹാരങ്ങൾ കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകൾ മുടങ്ങരുത്. വീട്ടിൽ തുടരുകയാണെങ്കിൽ  പ്രത്യേകം ശ്രദ്ധ വേണം. കോവിഡ് ലക്ഷണങ്ങൾ കൂടുകയാണെങ്കിൽ ആശുപത്രിയിലേക്ക് മാറണം. 

ഏത് വാക്സീൻ സ്വീകരിക്കണം. കോവിഷീൽഡോ, കോവാക്സിനോ നല്ലത് 

അങ്ങനെ താരതമ്യ പഠനങ്ങൾ ഇല്ല. വാക്സീനുകൾ 70% ഫലപ്രാപ്തിയുണ്ടെന്നാണ് കണ്ടെത്തൽ. വാക്സീൻ എടുത്തവർക്ക് കോവിഡ് വന്നാലും അത് ഗുരുതരമാകാനുള്ള സാധ്യതയില്ല. എല്ലാവരും വാക്സീൻ എടുക്കുന്നതാണ് നല്ലത്. അടുത്തുള്ള സെന്ററിൽ ലഭ്യമാകുന്ന വാക്സീൻ സ്വീകരിക്കാം. 

ഹൃദ്രോഗത്തെ തുടർന്നു വാൽവ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തി.  മരുന്ന് കഴിക്കുന്നു. വാക്സീൻ എടുക്കാമോ 

വാർഫറിൻ, അസിട്രോം തുടങ്ങി രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന മരുന്നുകൾ കഴിക്കുന്നവർ വാക്സീൻ സ്വീകരിക്കുന്നതിനു മുൻപ് പിടി ടെസ്റ്റ് നോക്കണം. ഇതിൽ ഐഎൻആർ അളവ് മൂന്നിന് മുകളിൽ ആണെങ്കിൽ മരുന്ന് നിർത്തി അളവ് മൂന്നിനു താഴെയാക്കിയ ശേഷമേ വാക്സീൻ സ്വീകരിക്കാവൂ. അല്ലെങ്കിൽ രക്തസ്രാവത്തിന് സാധ്യതയുണ്ട്. ഐഎൻആർ –3നു താഴെയെങ്കിൽ വാക്സീൻ എടുക്കാം. ആശുപത്രിയിൽ മാത്രം വാക്സീൻ സ്വീകരിക്കുക. 

ലിവർ ഫാറ്റ്, സോറിയാസിസ്, രക്തസമ്മർദം, ഉയർന്ന കൊളസ്ട്രോൾ, പ്രമേഹം, ബൈപാസ് കഴിഞ്ഞവർ, സ്റ്റെന്റ് ഇട്ടവർ– ഇവർക്കെല്ലാം വാക്സീൻ സ്വീകരിക്കാമോ 

ഇവർക്കെല്ലാം വാക്സീൻ സ്വീകരിക്കാം. ആരോഗ്യ പ്രശ്നങ്ങളുള്ളവർ വാക്സീൻ സ്വീകരിക്കുന്നത് ഗുണകരമാണ്. അതിനാലാണ് ആരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് ആദ്യ ഘട്ടം വാക്സീൻ വിതരണത്തിൽ മുൻഗണന നൽകിയത്.  രക്തം കട്ടപിടിക്കാതിരിക്കാൻ സഹായിക്കുന്ന വാർഫറിൻ, അസിട്രോം എന്നീ  മരുന്നുകൾ അല്ലാതെ സാധാരണ കഴിക്കുന്ന മരുന്നുകൾ ഒന്നു പോലും നിർത്തേണ്ട ആവശ്യമില്ല. വളരെ ചെറിയ ഡോസ് വാക്സീൻ മാത്രമാണ് ഓരോരുത്തരും സ്വീകരിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങളുള്ളവർ ആരോഗ്യ പ്രവർത്തകരുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ നിന്നു വാക്സീൻ സ്വീകരിക്കുന്നതാണു നല്ലത്. 

മരുന്നുകളോട് അലർജിയുണ്ട്. വാക്സീൻ സ്വീകരിക്കാമോ 

ചെറിയ തോതിൽ അലർജിയുണ്ടെങ്കിലും വാക്സീൻ സ്വീകരിക്കാം. എന്നാൽ മരുന്നുകൾ കുത്തി വയ്ക്കുമ്പോഴുള്ള അലർജി അടക്കം ഉയർന്ന നിലയിൽ അലർജിയുള്ളവർ വാക്സീൻ തൽക്കാലം സ്വീകരിക്കേണ്ട. കുറച്ചു നാൾ കാത്തിരിക്കാം. 

English Summary : COVID- 19 common doubts

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇരട്ട മാസ്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

MORE VIDEOS
FROM ONMANORAMA