ADVERTISEMENT

അലർജി ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങളുള്ളവർ കോവിഡ് വാക്സീൻ എടുത്താൽ കുഴപ്പമാകുമോ? കോവിഡിനു ശേഷം ശാരീരിക അസ്വസ്ഥത മാറിയില്ലെങ്കിൽ എന്തു ചെയ്യും...? മലയാള മനോരമയും ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി പാലായും ചേർന്നു നടത്തിയ ഫോൺ ഇൻ പരിപാടിയിൽ കോവിഡിനെക്കുറിച്ച് ഒട്ടേറെ ചോദ്യങ്ങൾ ഉയർന്നു. 

മാർ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയും സീനിയർ കൺസൽട്ടന്റുമായ ഡോ. പി. ജേക്കബ് ജോർജാണ് ചോദ്യങ്ങൾക്കു മറുപടി നൽകിയത്.

പൊടിയോട് അലർജിയുണ്ട്, ആസ്മ രോഗിയാണ്. ഒരു തവണ ഹാർട്ട് അറ്റാക്ക് വന്നു, ഷുഗർ, പ്രഷർ, മസ്കുലർ ഡിസ്ട്രോഫി തുടങ്ങിയ രോഗങ്ങളുണ്ട്. കോവിഡ് വാക്സീൻ എടുക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ?

ഏതെങ്കിലും മരുന്നുകളോട് അലർജി ഉണ്ടെങ്കിൽ വാക്സീൻ എടുക്കരുത്. വാക്സീനോടു ശരീരം എങ്ങനെ പ്രതികരിക്കും എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇത്. ഷുഗർ, പ്രഷർ തുടങ്ങിയ രോഗങ്ങൾ, ആസ്മ പോലുള്ള രോഗങ്ങൾ എന്നിവ ഉള്ളവർ ഹൈ റിസ്ക് വിഭാഗത്തിലാണ്. അതുകൊണ്ടുതന്നെ, മരുന്നുകളോട് അലർജി ഇല്ലെങ്കിൽ നിർബന്ധമായും വാക്സീൻ എടുക്കണം. മരുന്നുകളോട് അലർജി ഉള്ളവർ യാത്രകൾ ഒഴിവാക്കുക, ജാഗ്രത പാലിച്ചു വീട്ടിൽ തുടരുക.

dr-jacob-p-george
ഡോ. പി. ജേക്കബ് ജോർജ്

കോവിഡ് പോസിറ്റീവാണ്. കഴിഞ്ഞ ദിവസം ശരീരത്തിലെ ഓക്സിജന്റെ അളവു 85 ശതമാനം ആയെങ്കിലും അൽപ സമയത്തിനു ശേഷം 91ൽ എത്തി. മറ്റു രോഗങ്ങൾക്കു മരുന്നു കഴിക്കുന്നുണ്ട്. ഓക്സിജന്റെ അളവിലുള്ള വ്യതിയാനം പ്രശ്നമാകുമോ?

ശരീരത്തിലെ ഓക്സിജന്റെ അളവ് 94 ശതമാനത്തിൽ താഴ്ന്നാൽ പ്രശ്നമാണ്. മുറിയിലൂടെ 6 മിനിറ്റ് നടന്നു നോക്കുക. ഇതിനു ശേഷം ഓക്സിജന്റെ അളവ് 90ലും കുറഞ്ഞാൽ ഡോക്ടറെ കാണണം. 94നു മുകളിൽ ആയാൽ കുഴപ്പമില്ല.

കഴിഞ്ഞ വെള്ളിയാഴ്ച രണ്ടാം ഡോസ് വാക്സീൻ എടുത്തു. ഇതിനുശേഷം ശരീര വേദന, ജലദോഷം, വയറിളക്കം എന്നിവയുണ്ട്, ഇന്നലെ മുതൽ വിശപ്പും കുറഞ്ഞു. കോവിഡ് പരിശോധന നടത്തേണ്ടതുണ്ടോ?

വാക്സീൻ എടുത്താൽ 24–48 മണിക്കൂറിനിടെ ചെറിയ പനി, ക്ഷീണം എന്നിവ മാത്രമേ ഉണ്ടാകാൻ ഇടയുള്ളൂ.  ചോദ്യത്തിൽ പറഞ്ഞ അസ്വസ്ഥത വാക്സീൻ സ്വീകരിച്ചതുകൊണ്ടാണെന്നു തോന്നുന്നില്ല. വയറിളക്കം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ വാക്സീൻ സംബന്ധമല്ല. രണ്ടു ഡോസ് വാക്സീൻ എടുത്തതുകൊണ്ടു കോവിഡ് വരില്ല എന്നില്ല. കോവിഡിന്റെ തീവ്രത അകറ്റി നിർത്താനാണു വാക്സീൻ സ്വീകരിക്കുന്നത്. അതുകൊണ്ടു കോവിഡ് പരിശോധന നടത്തുക തന്നെ വേണം.

മാസ്ക്കിന്റെ ശരിയായ ഉപയോഗം കൊണ്ട് കോവിഡിനെ പ്രതിരോധിക്കാനാകുമോ?

കോവിഡ് പോസിറ്റീവ് ആയ ആളുടെ ശരീര സ്രവങ്ങളിൽനിന്നുള്ള അണുക്കൾ ചെറിയ കണികകളിലൂടെ മറ്റൊരാളുടെ ശരീരത്തിൽ കടന്നാണു കോവിഡ് പകരുന്നത്. ഇത് എയറോസോൾ വഴിയും ഡ്രോപ്പ്‌ലെറ്റ് വഴിയും പകരാം എന്നാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. എൻ 95 മാസ്ക്, അല്ലെങ്കിൽ 2 മാസ്ക്കുകൾ ധരിച്ചു കോവിഡിനെ പ്രതിരോധിക്കാം

ഇസ്നോഫീലിയ ഉണ്ട്. പൊടിയോട് അലർജിയാണ്. ഭർത്താവിന് ഇൻസുലിൻ അലർജി ഉള്ളതിനാൽ കുത്തിവയ്പ് എടുക്കാനാകില്ല. ഞങ്ങൾക്കു 2 പേർക്കും വാക്സീൻ സ്വീകരിക്കാൻ ആകുമോ?

സ്വീകരിക്കാം. മരുന്നിനോട് അലർജിലുള്ള ഭർത്താവിനു വാക്സീൻ എടുക്കേണ്ട. ജാഗ്രത തുടരുക.

രണ്ടു മാസങ്ങൾക്കു മുൻപു കോവിഡ് പോസിറ്റീവായി. പിന്നീടു നെഗറ്റീവായെങ്കിലും നടുവേദന, ക്ഷീണം, തലവേദന, വിറയൽ തുടങ്ങിയ പ്രശ്നങ്ങളുണ്ട്.

കോവിഡിനു ശേഷമുള്ള ക്രോണിക് ഫറ്റീഗ് സിൻഡ്രോം (ലോങ് കോവിഡ്) എന്ന അവസ്ഥയാണ് ഇത്. ശരീരം പൂർണമായി സുഖപ്പെടാൻ സമയം എടുക്കുന്ന അവസ്ഥയാണിത്. ചിലർക്കിത് 6 മാസം വരെ നീണ്ടു നിന്നേക്കാം. വൈറ്റമിൻ, കാൽസ്യം ഗുളികകൾ കഴിക്കുക, വ്യായാമം, യോഗ എന്നിവ ചെയ്യുക, പോഷകാഹാരങ്ങൾ കഴിക്കുക, ആവശ്യത്തിനു വിശ്രമിക്കുക.

ആദ്യ ഡോസ് വാക്സീൻ മാർച്ച് 23ന് എടുത്തു. കോവിൻ പോർട്ടലിൽ രണ്ടാം ഡോസിനുള്ള ഡേറ്റ് ലഭിക്കുന്നില്ല. പറഞ്ഞ സമയത്തു വാക്സീൻ എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തു ചെയ്യും?

ആദ്യ വാക്സീൻ സ്വീകരിച്ച് 6–8 ആഴ്ചകൾക്കുള്ളിലാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. എന്നാൽ 8–12 ആഴ്ച സമയത്തു രണ്ടാം ഡോസ് സ്വീകരിക്കുന്നതു ശരീരത്തിന്റെ പ്രതിരോധശേഷി ഉയർത്താൻ സഹായിക്കും എന്നാണു വിദഗ്ധർ ഇപ്പോൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ അൽപം കൂടി കാത്തിരിക്കാം. കൂടുതൽ വാക്സീൻ ലഭിക്കുന്നതോടെ പോർട്ടലിലെ തടസ്സങ്ങൾ നീങ്ങും.

ആദ്യ ഡോസ് വാക്സീൻ കഴിഞ്ഞ മാസം എടുത്തു. രണ്ടാം ഡോസ് കിട്ടാനില്ല. അടുത്ത ആഴ്ച യുഎസിലേക്കു മടങ്ങിപ്പോകുകയാണ്. അവിടെനിന്നു വാക്സീൻ‌ എടുത്താൽ കുഴപ്പമാകുമോ?

ആദ്യ ഘട്ടത്തിൽ എടുത്ത വാക്സീന്റെ രണ്ടാം ഡോസ് സ്വീകരിക്കുകയാണ് ഉചിതം. ‘ആസ്ട്രാസൈനേക്ക’ രണ്ടാം സോഡ് യുഎസിൽ ലഭ്യമാണോയെന്നു നോക്കുക. കോവിഷീൽഡ് വാക്സീനു തുല്യമായി അംഗീകരിച്ചിട്ടുള്ളതാണിത്.

English Summary : COVID- 19 vaccination doubts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com