ADVERTISEMENT

കോവിഡിൽ ജീവൻ ബലിയർപ്പിച്ചവരും അതിജീവിച്ച് തിരികെ ജീവിതത്തിലേക്കു വന്നവരും ഇപ്പോൾ നമുക്കു ചുറ്റുമുണ്ട്. ദിനംപ്രതി കോവിഡ് രൂക്ഷമാകുന്ന വാർത്തയാണ് പല സ്ഥലങ്ങളിൽ നിന്നു നമ്മൾ കേട്ടുകൊണ്ടിരിക്കുന്നതും. ഈ അവസരത്തിൽ ഏറ്റവുമധികം പ്രയത്നിക്കുന്ന ഒരു വിഭാഗമാണ് ആരോഗ്യപ്രവർത്തകർ. ഓരോ ആരോഗ്യപ്രവർത്തകർക്കും പറയാനും ഉണ്ടാകും നൂറ്നൂറ് അനുഭവങ്ങൾ. അത്തരമൊരനുഭവം പങ്കുവയ്ക്കുകയാണ് ഡൽഹിയിൽ നിന്ന് തോമസ് ജെ മരിയദാസ് എന്ന ആരോഗ്യപ്രവർത്തകൻ.

‘ഈ കോവിഡ് മഹാമാരിയുടെ കാലത്ത് എല്ലാ ആരോഗ്യ പ്രവർത്തകർക്കും പറയുവാൻ ഒരുപാട് ഒരുപാട് അനുഭവങ്ങൾ ഉണ്ടാവും...........

മദാൻ ( യഥാർഥ പേരല്ല ) അതായിരുന്നു അവന്റെ പേര്. നല്ല ആരോഗ്യവാനായ ചെറുപ്പക്കാരൻ. 25 വയസ്സ്. മുഖത്ത് നല്ല ചൈതന്യം.

കുറച്ചു കഴിഞ്ഞാണ് മനസിലായത് അപ്പുറത്തെ റൂമിൽ കിടക്കുന്ന  മീര ഇവന്റെ അമ്മ ആണ്. അമ്മയുടെ സ്ഥിതി ഏറെ മോശമായിരുന്നു. Bipap ൽ ആയിരുന്നു.

ഞങ്ങളുടെ വാർഡിൽ അവൻ അഡ്മിറ്റ്‌ ആകും മുൻപേ അവന്റെ ശരീരത്തിലെ ഓക്സിജൻ ലെവൽ 85 ൽ താഴെ ആയിരുന്നു. ഞാൻ അവന്റെ അടുത്തെത്തി. മാസ്ക് ഊരി കൈയിൽ പിടിച്ചു കൊണ്ടിരിക്കുന്ന അവൻ എന്നോട് പറഞ്ഞു എന്തിനാ എന്നെ ഇവിടെ കൊണ്ടു വന്നത്. ഞാൻ ഒ.കെ ആണ്. എനിക്ക് നാളെ ഇന്റർവ്യൂ ഉണ്ട്. എന്നെ പോകാൻ അനുവദിക്കൂ. അവന്റെ അവസ്ഥ തീരെ മോശമാണന്നും മാസ്ക് വച്ചു കൊണ്ടിരുന്നില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും മനസ്സിലാക്കിക്കുവാൻ ശ്രമിച്ചു. അവൻ ഒരു രീതിയിലും സഹകരിക്കുന്നില്ല. ഡോക്ടർമാരും കുറെ ശ്രമിച്ചു. പക്ഷേ, അവൻ പറയുന്നത് അവനു കുഴപ്പം ഇല്ല എന്നുതന്നെ. അവൻ വളരെ ആസ്വസ്ഥനായിരുന്നു. അവന്റെ വീട്ടുകാരുമായി  സംസാരിച്ചപ്പോൾ മാനസികമായി അവന് ഒരു പ്രശ്നവും ഇല്ലെന്ന് അറിഞ്ഞു. പിന്നെന്താണോ ഇങ്ങനെ..അവനെ കാണുമ്പോളൊക്കെ ഞാൻ അശ്വസിപ്പിച്ചു.

മദാന് ചില്ല് ഗ്ലാസിൽ കൂടി അപ്പുറത്തെ റൂമിൽ കിടക്കുന്ന അവന്റെ അമ്മയെ കാണാവുന്ന രീതിയിലാണ് കിടത്തിയത്. അവനും അവന്റെ അമ്മയ്ക്കും അത് ആശ്വാസം ആകുമല്ലോന്നു കരുതി. അമ്മയെ നോക്കിയിരിക്കുമ്പോൾ അവനോടു ഞാൻ പറഞ്ഞു, രണ്ടു പേരും വേഗം സുഖമാവും. ഞാനും പ്രാർഥിക്കാം. പക്ഷേ അമ്മയെക്കുറിച്ചു മറ്റൊന്നും അവൻ സംസാരിച്ചില്ല. മീരയും മകന്റെ കാര്യത്തിൽ ആകുലപ്പെട്ടു കണ്ടില്ല.

അടുത്ത ദിവസം അവന്റ അമ്മയുടെ സ്ഥിതി കൂടുതൽ മോശമായി. മദാൻ അവരെതന്നെ നോക്കി ഇരിക്കുകയായിരുന്നു. എങ്ങനേലും ജീവൻ രക്ഷിക്കാൻ സിപിആർ കൊടുക്കുമ്പോൾമഞാൻ മദാനെയും ശ്രദ്ധിച്ചു. അവനു കാര്യങ്ങൾ മനസ്സിലായിട്ടുണ്ടാവണം. പാവം മീര ഏതാനും മിനിറ്റുകൾക്കകം യാത്രയായി.

എങ്ങനെ അവനെ അശ്വസിപ്പിക്കുമെന്ന് ഒരു പിടിയും കിട്ടിയില്ല. 

ഏതാനും ദിവസങ്ങൾ കഴിഞ്ഞു. സാധാരണ മെഡിസിൻ കൊടുക്കാൻ അടുത്ത് ചെല്ലുമ്പോൾ എല്ലാ രോഗികളോടും സംസാരിക്കാറുണ്ട്.. അവരുടെ വീട്ടുകാര്യങ്ങളും മറ്റും പങ്കു വയ്ക്കുന്നത് കേൾക്കാറുണ്ട്. പിപിഇ കിറ്റ് ഇട്ടു കയറുന്നതിനാൽ മുഖം വ്യക്തമല്ലെങ്കിലും എന്റെ ശബ്ദം അവരിൽ മിക്കവരും ( പഴയ രോഗികൾ ) മനസ്സിലാക്കിയിരുന്നു. ഓരോ റൂമിലും കയറിയിറങ്ങുമ്പോൾ ഇന്നലെ കണ്ടവർ അവിടെ ഉണ്ടായെന്നു വരില്ല. ഡിസ്ചാർജ് / ട്രാൻസ്ഫർ ഔട്ട്‌ അല്ല (മനസ്സിലായെന്നു കരുതുന്നു)

thomas
തോമസ് ജെ മരിയദാസ്

എങ്കിലും എല്ലാവരെയും പേരെടുത്തു വിളിക്കുമ്പോൾ, കുശലം അന്വേഷിക്കുമ്പോൾ അവരോട് സംസാരിക്കുമ്പോൾ.. അത് നമുക്ക് ആശ്വാസം തന്നെ. അവർക്കും... ചിലർ യോഗ ചെയുന്നു, ചിലർ കുട്ടികളെ പോലെ മാസ്ക് ഊരി തലയിലും ചെവിയിലും വച്ചു കളിക്കുന്നു, ചിലർ ഒന്നും കഴിക്കാതെ എന്നാൽ തന്റെ വീട്ടുകാർ കൊടുത്തു വിടുന്ന കെട്ടു കണക്കിന് ഭക്ഷണ സാധനങ്ങൾ നിരത്തി വച്ച് അതിന്റ നടുക്ക് ഒരു കച്ചവടക്കാരനെ പോലെ ഇരിക്കുന്നു, ചിലർ കരയുന്നു, ചിലർ ചിരിക്കുന്നു, ചിലർ രണ്ടുമില്ലാതെ.... നാളെ ഡിസ്ചാർജ് ആകും എന്ന് പറഞ്ഞു ഭാണ്ഡം കെട്ടിയിരുന്നവർ മുകളിലേക്കു പോകുന്നു.... രക്ഷപ്പെടില്ല എന്ന് ഉറപ്പുണ്ടായിരുന്നവർ വീട്ടിലേക്കു മടങ്ങുന്നു.. രണ്ടും ഈശ്വരന്റെ മായ...

ഇന്നലെ മെഡിസിൻ കൊടുക്കാൻ ചെന്നപ്പോൾ മദാനെ കണ്ടു. അവൻ ഏറെ സന്തോഷവാൻ ആയിരുന്നു. ഇയർ ഫോൺ വച്ചു പാട്ട് കേൾക്കുന്നു. ഓക്സിജൻ മാസ്ക് ഇടയ്ക്ക് മാത്രം വച്ചാൽ മതി.

അവനോട് അവിടെ ഇരുന്നു ഞാൻ സംസാരിച്ചു..

" മദാൻ എനിക്കു നിന്നെ കാണുമ്പോൾ ഒരുപാട് സന്തോഷം തോനുന്നു. ഇന്നലെ വരെ നിന്റെ അവസ്ഥ എന്തായിരുന്നു എന്ന് നിനക്കറിയാമാലോ. നീ രക്ഷപ്പെട്ടു വീട്ടിലേക്കു പോകുമ്പോ അത് എനിക്ക് ഒത്തിരി സന്തോഷമാവും. കാരണം നീ മരണത്തെ മുന്നിൽ കണ്ടു കഴിഞ്ഞവൻ ആണ് ഇവിടെ.

അവൻ പറഞ്ഞു: ബ്രദർ എനിക്ക് എന്താണ് ഇതു വരെ സംഭവിച്ചത് എന്ന് ഓർമിക്കാൻ പറ്റുന്നില്ല. കഴിഞ്ഞതൊന്നും എനിക്കറിയില്ല. ഇന്റർവ്യൂവി ന്റെ കാര്യം ശരിയാണ്. എനിക്ക് ഒരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യണമായിരുന്നു.

ഞാൻ അത്ഭുതപ്പെട്ടു... ഇതെന്ത് മറിമായം...

അവന്റെ അടുത്ത ഡയലോഗ് എന്നെ വീണ്ടും അമ്പരപ്പിച്ചു......

അവൻ തുടർന്നു...." എന്റെ അമ്മ മരിച്ചു കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഓർമ കിട്ടിയത്... അതുവരെ നടന്നതൊന്നും എനിക്കറിയില്ല..."

അതും കൂടി കേട്ടപ്പോൾ ഞാൻ .

(Covid duty ഓരോ ദിവസവും ഓരോ അനുഭവങ്ങളാണ്... നമ്മുടെ ജീവന്റെ വില നമ്മെ മനസ്സിലാക്കിച്ചു തരുന്ന ദൃശ്യങ്ങൾ.

NB: വെറുതെ ഇരുന്നു വല്ലായിടത്തും നിന്നും കൊറോണ വരുന്നതിലും നല്ലത് കഴിയാവുന്നതും പരമാവധി patient care നൽകിയിട്ട് വരുന്നെങ്കിൽ വന്നോട്ടെ... അത് ഞങ്ങൾ സഹിക്കും. അതിന് ഒരു അന്തസ്സുണ്ട്.’ 

English Summary : COVID- 19 warrior experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com