ADVERTISEMENT

കോവിഡിന്റെ രണ്ടാം വരവില്‍ എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ച് നില്‍ക്കുകയാണ് ഇന്ത്യ.  ആരോഗ്യ സംവിധാനത്തിന് താങ്ങാവുന്നതിന് മുകളിലേക്ക് ദിനം പ്രതിയുള്ള രോഗികളുടെ എണ്ണം കുതിക്കുകയാണ്. ആവശ്യത്തിന് ഓക്‌സിജനോ, ജീവന്‍ രക്ഷാ മരുന്നുകളോ ഇല്ലാതെ രാജ്യം വലയുമ്പോള്‍ ഈ വിഷമസന്ധി എത്ര നാളേക്ക് നീളുമെന്ന ചോദ്യം ഉയരുന്നു. നിലവിലെ സ്ഥിതി വച്ച് നോക്കിയാല്‍ കുറഞ്ഞത് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് വേണ്ടിയുള്ള തയാറെടുപ്പുകള്‍ കോവിഡിനെതിരെ ഇന്ത്യ നടത്തേണ്ടി വരുമെന്നാണ് പകര്‍ച്ചവ്യാധി വിദഗ്ധര്‍ പറയുന്നത്. ചിലരാകട്ടെ മറ്റേതൊരു പകര്‍ച്ചവ്യാധിയെയും പോലെ നമ്മുടെ സമൂഹത്തിനിടയില്‍ ഇനി എന്നും കോവിഡ് കാണുമെന്നും കരുതുന്നു. 

നിരവധി വകഭേദങ്ങളുമായി ഇടയ്ക്കിടെ നമ്മെ കഷ്ടപ്പെടുത്താന്‍ കോവിഡ് വന്നേക്കാമെന്നാണ് മേദാന്ത മെഡ്‌സിറ്റിയിലെ പകര്‍ച്ചവ്യാധി വിദഗ്ധ നേഹഗുപ്തയുടെ അഭിപ്രായം. രൂക്ഷത കുറഞ്ഞ ഒരു സീസണല്‍ ഫ്‌ളൂവായി കൊറോണ വൈറസ് മാറാനുള്ള സാധ്യതയും നേഹ തള്ളികളയുന്നില്ല. വൈറസിനെ നശിപ്പിക്കാന്‍ കഴിയുന്നതും സുരക്ഷിതമായി കഴിക്കാവുന്നതുമായ മരുന്നുകള്‍ കണ്ടെത്തുകയാണ് കോവിഡ് ഭീതി എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള ഏറ്റവും അനുയോജ്യമായ മാര്‍ഗമെന്നും നേഹ കൂട്ടിച്ചേര്‍ക്കുന്നു. 

വാക്‌സീന്‍ സ്വീകരിക്കുന്നതിലൂടെ നിലവിലെ കോവിഡ് തരംഗങ്ങള്‍ അടങ്ങി കഴിഞ്ഞാല്‍ സീസണല്‍ ഫ്‌ളൂവിന്റെ രൂപത്തില്‍ വൈറസ് ഇടയ്ക്കിടെ തിരിച്ചെത്താമെന്ന് ഇല്ലിനോയ് സര്‍വകലാശാലയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. 

രോഗതീവ്രതയും മരണങ്ങളും കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ രാജ്യത്തെ ഭൂരിപക്ഷം പേരെയും കൊണ്ട് വാക്‌സീന്‍ എടുപ്പിക്കുകയാണ് രാജ്യത്തിന് മുന്നിലുള്ള ഒരേയൊരു വഴിയെന്ന് ഹൈദരാബാദ് കിംസ് ആശുപത്രിയിലെ സീനിയര്‍ പള്‍മനോളജിസ്റ്റ് വി. രമണ പ്രസാദ് പറയുന്നു. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം പന്നി പനി പോലെയുള്ള ഒരു പ്രാദേശിക വ്യാധിയായി കോവിഡ് മാറാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രണ്ടാം വരവില്‍ 20നും 50നും ഇടയിലുള്ളവരെയാണ് കോവിഡ് അതിതീവ്രമായി ബാധിച്ചിരിക്കുന്നതെന്ന് ഗുരുഗ്രം പ്രതീക്ഷ ഹോസ്പിറ്റലിലെ സീനിയര്‍ പള്‍മനോളജിസ്റ്റ് പ്രതിഭ ഡോഗ്ര പറയുന്നു. ആര്‍ടിപിസിആറില്‍ നെഗറ്റീവ് ആയവര്‍ പോലും ഹൈ റെസല്യൂഷന്‍ സിടിയില്‍ ചെസ്റ്റ് പോസിറ്റീവായി മാറുന്ന കാഴ്ചയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.. 

വാക്‌സീന്‍ സാര്‍വത്രികമാക്കുന്നതിലൂടെ മൂന്ന് വര്‍ഷം കൊണ്ട് സ്ഥിതി നിയന്ത്രിക്കാന്‍ സാധിക്കുമെന്ന് ജയ്പൂര്‍ ചെസ്റ്റ് സെന്ററിലെ സീനിയര്‍ പള്‍മനോളജിസ്റ്റ് ശുഭ്രാന്‍ഷുവും പ്രതീക്ഷ പ്രകടിപ്പിക്കുന്നു. 

English Summary : Need long term fight against COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com