ADVERTISEMENT

ഒരു കാലത്ത് സ്ത്രീകളുടെ മാത്രം കുത്തകയായിരുന്നു നഴ്സിങ് മേഖല. എന്നാൽ ഇപ്പോഴത്തെ സ്ഥിതി അങ്ങനെയല്ല. ഈ മേഖലയിലേക്ക് കടന്നുവരുന്ന പുരുഷൻമാരുടെ എണ്ണവും കൂടുന്നു. പെട്ടെന്നുള്ള തീരുമാനങ്ങളും ശാരീരിക അധ്വാനവും വേണ്ട ഇടങ്ങളിൽ പുരുഷ നഴ്സ് മികച്ചുനിൽക്കാറുണ്ടെന്നും ലിംഗ അസമത്വം ഒരിക്കൽപോലും ഈ മേഖലയിൽ അനുഭവപ്പെട്ടിട്ടില്ലെന്നും പറയുകയാണ് ഖത്തർ ഹമദ് മെഡിക്കൽ കോർപറേഷനിലെ റജിസ്റ്റേർഡ് സ്റ്റാഫ് നഴ്സ് പ്രവീൺ കെ. നായർ.  

മാലാഖമാരല്ല, അദൃശ്യകരങ്ങളില്ലാത്ത പച്ചമനുഷ്യർ

നഴ്സിനെ  മാലാഖയായി കാണുമ്പോൾ ഒന്നോർക്കുക... അവരും മനുഷ്യരാണ് അദൃശ്യകരങ്ങളില്ലാത്ത പച്ചമനുഷ്യർ. ലോകം ഉറങ്ങുമ്പോൾ മറ്റൊരു ജീവനു കൂട്ടിരിക്കുന്നവർ... ജനനവും മരണവും ഒരു കൈയിൽ ഏറ്റുവാങ്ങുന്നവർ... പലപ്പോഴും അവഗണനകൾ ഒരു പുഞ്ചിരിയിൽ ഒതുക്കുന്നവർ. ലോകം കൊറോണയ്ക്കെതിരെ പോരാടുമ്പോൾ, ലോകം മുഴുവനുള്ള നഴ്സുമാരടക്കം ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും ഒത്തൊരുമിച്ചു സമൂഹത്തിനായി പ്രവർത്തിക്കുമ്പോൾ, നഴ്സിങ് സമൂഹത്തെ "ഹീറോ" ആയും "മാലഖയായും" ഉയർത്തിക്കാണിക്കുമ്പോൾ തീർച്ചയായും സമൂഹത്തിനു നഴ്സുമാരോടുള്ള മനോഭാവം കൂടി ചർച്ച ചെയ്യേണ്ടതുണ്ട് .

അവഗണനകൾക്കിടയിലെ പുഞ്ചിരി

ഒരുപാട് അവഗണനകൾ ഏറ്റവുവാങ്ങിയാകും ഓരോ നഴ്സിന്റെയും ഒരു ദിനം കഴിഞ്ഞു പോകുന്നത്. മുന്നിൽ വരുന്നവരെല്ലാം അമ്മയായും അച്ഛനായും സഹോദരങ്ങളായും കണ്ട് സ്നേഹത്തോടെ പരിചരിക്കുന്ന ഓരോ നഴ്സിനും സമൂഹം എന്താണു തിരിച്ചു നൽകുന്നത്. മുന്നിൽ വന്നു പോകുന്ന ഓരോ രോഗിയുടെയും പുഞ്ചിരിയാണ് ഓരോ നഴ്സിനും മുനോട്ടുള്ള യാതയിൽ പ്രചോദനം. എങ്കിലും അവരെ മനസ്സിലാക്കാൻ ശ്രമിക്കണം. പലരുടേയും ജീവനും ജീവിതവും കൈയിൽ പിടിച്ച് ഓടുമ്പോൾ സ്വന്തം ആരോഗ്യമോ ഭക്ഷണമോ സമയമോ ഓർക്കാത്ത നഴ്സിന് പലപ്പോഴും അവഗണനകൾ മാത്രമാകും പ്രതിഫലം. ഒരിക്കലും പരാതികളില്ലാതെ പുഞ്ചിരിച്ചു വീണ്ടും ജോലിയിൽ മുഴുകുമ്പോൾ അവർക്കിതൊരു ജോലി മാത്രമല്ല എന്ന് ഓർക്കുക. ജീവിതയാത്രയിൽ ഒരു നഴ്സിന്റെയെങ്കിലും കരുതലും സ്നേഹവും അവർ തരുന്ന ആത്മവിശ്വാസവും അനുഭവിച്ചിട്ടില്ലാത്തവർ കുറവായിരിക്കും. നഴ്സിനെ മനുഷ്യരായി കാണു, നിങ്ങളുടെ പുഞ്ചിരിയിൽ, സ്നേഹസംഭാഷണങ്ങളിൽ ഞങ്ങളെയും ഉൾപ്പെടുത്തൂ.

പലപ്പോഴും സമൂഹത്തിൽ തഴയപ്പെടുന്ന ഒരു വിഭാഗമാണ് നഴ്സ്. മതിയായ പ്രതിഫലമോ സമൂഹത്തിൽ  മാന്യമായ സ്ഥാനമോ ലഭിക്കാതെ പോകുന്നവർ. കോവിഡ് അടക്കം സമൂഹത്തിനു വിപത്താകുന്ന ഏതു മഹാമാരിയിലും പ്രതിരോധത്തിന്റെ മുൻനിരയിൽ നഴ്സ് ഉണ്ടാകും. സ്വന്തം ജീവനേക്കാളേറെ, മുന്നിൽ വരുന്നവരുടെ ജീവന് വിലകല്പിക്കുന്നവർക്ക് മാന്യമായ സ്ഥാനവും ജീവിതവും നൽകാൻ സമൂഹം ഇനിയെങ്കിലും തയാറാകണം.

ലിംഗ അസമത്വം ഇല്ലേയില്ല

നഴ്സിങ് മുൻപു സ്ത്രീകളുടെ ജോലിയായാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി പുരുഷന്മാർ ഈ മേഖലയിലേക്കു കടന്നുവരുന്നുണ്ട്. പെട്ടെന്നുള്ള തീരുമാനങ്ങളും ശാരീരിക അധ്വാനവും വേണ്ട ഇടങ്ങളിൽ പുരുഷ നഴ്സ് മികച്ചുനിൽക്കാറുണ്ട്. ലിംഗ അസമത്വം ഒരിക്കൽപോലും ഈ മേഖലയിൽ അനുഭവപ്പെട്ടിട്ടില്ല. സമ്മർദം നിറഞ്ഞ, നീണ്ടു നിൽക്കുന്ന ഷിഫ്റ്റുകളിൽ പലപ്പോഴും നഴ്സ് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം പറഞ്ഞറിയിക്കാനാകില്ല. 

കോവിഡിൽ തളരാതെ...

കോവിഡ് മഹാമാരിയുടെ ആദ്യ ഘട്ടങ്ങളിലിൽ ഒരുപാടു പ്രതിസന്ധികൾ ഉണ്ടായിരുന്നു. ലോകത്ത് ആദ്യമായി കണ്ട ഒരു രോഗം, അതെങ്ങനെ ആരിൽനിന്ന് എന്നറിയാത്ത അവസ്ഥ. മുന്നിൽവരുന്ന രോഗികളെ പരിചരിക്കാൻ ഒരുപാടു പ്രതിസന്ധികൾ ഉണ്ടായിരുന്നു. പിപിഇ കിറ്റ്‌ ധരിച്ചു നീണ്ട മണിക്കൂറുകൾ സേവനം ചെയ്യുമ്പോൾ ഉണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകളേറെ. വീട്ടിൽ തിരിച്ചെത്തുമ്പോൾ മറ്റുള്ളവർക്ക് പകർന്നു കിട്ടുമോ എന്ന ആശങ്ക. പക്ഷേ ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അഭിമാനമുണ്ട്. സമൂഹത്തിനു സേവനം ചെയ്യാൻ കഴിഞ്ഞതിൽ, ഒരുപാടു പേർക്ക് ആശ്വാസമാകാൻ കഴിഞ്ഞതിൽ, അതിലുപരി ചരിത്രത്തിലെ വലിയൊരു പ്രതിസന്ധിയിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞതിൽ... ഇന്ന് ആശങ്കകളില്ലാതെ രോഗികളെ നോക്കുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ രോഗം പടരാറില്ല. ആരോഗ്യപ്രവർത്തകരൊപ്പം സമൂഹവും ഈ കാര്യത്തിൽ ശ്രദ്ധ ചെലുത്തേടതുണ്ട്. നമ്മളിൽ നിന്നു മറ്റൊരാളിലേക്ക് രോഗം പടരാതെ നോക്കുമ്പോൾ മാത്രമേ രോഗവ്യാപനം തടയാനാകൂ. നിങ്ങളുടെ ആരോഗ്യത്തിനായി ഞങ്ങൾ രാപകലില്ലാതെ മുന്നിലുണ്ട് എങ്കിലും നിങ്ങളുടെ സഹകരണവും നിർദ്ദേശങ്ങൾ പാലിക്കാൻ ഉള്ള മനസ്സും കൊണ്ട് മാത്രമേ ഇ പ്രതിസന്ധി നമുക്ക് അവസാനിപ്പിക്കാനാവൂ.

English Summary : International nurses day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com