ADVERTISEMENT

‘സ്നേഹത്തിനു സുഖപ്പെടുത്താനാവാത്തതും ഒരു നഴ്സിന് സുഖപ്പെടുത്താനാകുമെന്ന് ഒരു ചൊല്ലുണ്ട്’. ജീവിതത്തിലൊരിക്കലെങ്കിലും ഒരു ഡോക്ടറുടെയോ നഴ്സിന്റെയോ പരിചരണത്തിന് വിധേയരയിട്ടുള്ളവരാണ്‌ നാമെല്ലാം. രോഗാതുരത മൂലം ഒറ്റയ്ക്കാവുന്ന അവസരങ്ങളിൽ അവയെ നേരിടാൻ തുണയാകുന്ന, നിസ്വാർത്ഥ സേവനത്തിലൂടെ ഭൂമിയിലെ മാലാഖമാരായ നഴ്സുമാർ നമുക്കു സാന്ത്വനമാവാറുണ്ട്. 

നഴ്സുമാരുടെ സേവനങ്ങളെ ഓർമിക്കുന്നതിനായി ആധുനിക നഴ്സിങിന്റെ ഉപജ്ഞാതാവായ ‘‘വിളക്കേന്തിയ വനിത’’ എന്ന അപരനാമത്താൽ അറിയപ്പെടുന്ന ഫ്ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമായ മേയ് 12 ആണ് നഴ്സസ് ദിനമായി ലോകമെമ്പാടും ആചരിക്കുന്നത്. ആരോഗ്യമേഖലയിലെ ഏറ്റവും വലിയ തൊഴിൽമേഖലയാണ് നഴ്സിങ്. 24 മണിക്കൂറും ജോലി ചെയ്യുന്ന ഒരു ജനവിഭാഗമാണിത്. രോഗപ്രതിരോധത്തിനും രോഗീപരിപാലനത്തിനും ആരോഗ്യ പുനരധിവാസത്തിനും സാന്ത്വനചികിത്സയ്ക്കും നഴ്സുമാരുടെ പങ്കു  നിസ്തുലമാണ്.

ലോകം ‘ കൊറോണ’ രോഗ വ്യാപനത്തിനെതിരെ പടപൊരുതുന്ന ഈ സാഹചര്യത്തിൽ അന്താരാഷ്ട്ര നഴ്സിങ് ദിനത്തിന് പ്രാധാന്യമേറെയാണ്. ലോകമെമ്പാടും പ്രത്യേകിച്ച് ഇന്ത്യയിൽ നഴ്സുമാരുൾപ്പടയുള്ള നമ്മുടെ ആരോഗ്യ പ്രവർത്തകർ കോവിഡിനെതിരെയുള്ള പോരാട്ടത്തിലാണ്. നഴ്‌സുമാരുടെ പ്രത്യേകമായി  കേരളത്തിൽ നിന്നു പഠിച്ചിറങ്ങിയിരിക്കുന്ന നൈപുണ്യമുള്ള  നഴ്സുമാരുടെ പ്രാധാന്യവും അർപ്പണ ബോധവും സേവന തത്പരതയും ആഗോളത്തിലും നമ്മുടെ രാജ്യത്തും ഏറെ വിലമതിക്കപ്പെടുന്ന അവസരത്തിലാണ് ഈ രാജ്യാന്തര നഴ്സിങ് ദിനം കടന്നു വന്നിരിക്കുന്നത്. 

ഇന്റർനാഷണൽ നഴ്സിങ് കൗൺസിലിന്റെ കണക്കു പ്രകാരം ലോകത്താകെ 20 മില്യൻ നഴ്സുമാർ ജോലി ചെയുന്നു എന്നാണ്. ആരോഗ്യരംഗത്ത് നിലയുറപ്പിച്ചിട്ടുള്ള ഇവരെ സ്മരിക്കാതെ ഈ രാജ്യാന്തര നഴ്സിങ് ദിനം ഒരിക്കലും കടന്നു പോവുകയില്ല. പകച്ചു നിന്നു പോയ ഒരു ജനസമൂഹത്തെ, അത് ലോകമെമ്പാടും തന്നെ ഇപ്പോൾ മുന്നോട്ട് നയിക്കാൻ സഹായിക്കുന്നത്,  ആരോഗ്യമേഖലയിലെ  അഹോരാത്രം പണിയെടുക്കുന്ന നഴ്സുമാരുടെ അർപ്പണ ബോധമാണ്. നാളിതുവരെ  ആരോഗ്യമേഖല അത് സർക്കാർ - സ്വകാര്യ മേഖല അപര്യാപ്തകൾ കൊണ്ട് നിറഞ്ഞതായിരുന്നു. എന്നിട്ടും ഈ മേഖലയിൽ പണിയെടുക്കുന്ന നഴ്സുമാരുൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ വിശ്രമമില്ലാത്ത സേവനം ഒന്ന് കൊണ്ട് മാത്രമാണ് ലോകം വീണ്ടും നടന്നു തുടങ്ങാൻ കാരണമായത്. ആ അർത്ഥത്തിലാണ്, അവരെ നാം, ഹീറോസ് എന്ന് വിളിക്കുന്നത്. 

മാനവരാശിക്ക് പ്രത്യാശയുടെ  പുതുവെളിച്ചം കാണിച്ചു കൊണ്ട് ഈ മഹാമാരിയുടെ നാളുകളിൽ അവസരങ്ങൾ മറന്നു,  സ്വന്തം കുടുംബത്തെ മറന്നു, അവരുടെ വേദന മറന്നു, സ്വാന്തനത്തിന്റെ  നിലവിളക്കുമായി മുന്നേ നടക്കുന്ന ലോകത്തിലെ മുഴുവൻ  നഴ്സുമാർക്കും  ഈ  ദിനത്തിൽ ആശംസകൾ അറിയിക്കുന്നു. കോവിഡ് മഹാമാരിക്കെതിരായുള്ള പോരാട്ടം മുന്നിൽ നിന്ന് നയിക്കുന്ന പ്രിയ നഴ്‌സുമാരേ നിങ്ങളോട് ഈ ലോകം കടപ്പെട്ടിരിക്കുന്നു.

(കോട്ടയം കാരിത്താസ്‍ ഹോസ്പിറ്റൽ ഡയറക്ടറും കാത്തലിക് ഹെൽത് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റുമാണ് ലേഖകൻ)

English Summary : International nurses day 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com