ADVERTISEMENT

കോവിഡിന്റെ രണ്ടാം തരംഗത്തിൽ കുട്ടികൾക്കു വൈറസ് ബാധയുണ്ടാകാതിരിക്കാൻ മുതിർന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നു ശിശുരോഗ വിദഗ്ധനും ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ കൺസൽറ്റന്റ് പീഡിയാട്രിഷ്യനുമായ ഡോ. എസ്. സച്ചിദാനന്ദ കമ്മത്ത്. കോവിഡ് ആദ്യ തരംഗത്തെ അപേക്ഷിച്ച് രണ്ടാം തരംഗത്തിൽ കുട്ടികളിലെ വൈറസ് ബാധ വർധിച്ചിട്ടുണ്ടെന്നും മലയാള മനോരമ ‘സാന്ത്വനം’ പരിപാടിയിൽ വായനക്കാരുടെ ചോദ്യങ്ങൾക്കു മറുപടിയായി ഡോക്ടർ പറഞ്ഞു.

കുട്ടികൾക്ക് ഇതുവരെയും വാക്സീൻ നൽകിയിട്ടില്ല. അതുകൊണ്ടുതന്നെ അവർക്കു വൈറസ് ബാധ കിട്ടാനുള്ള സാധ്യത കൂടുന്നു. സ്കൂളുകൾ അടച്ച സാഹചര്യത്തിൽ കുട്ടികൾ പുറത്തിറങ്ങുന്നില്ല. അതുകൊണ്ടു തന്നെ പുറത്തു പോയ ശേഷം മടങ്ങിയെത്തുന്ന മുതിർന്നവരാണു കുട്ടികളിലേക്കു വൈറസ് എത്തിക്കുന്നതെന്നു ഡോ. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു.

പോസിറ്റീവായാലും മൂലയൂട്ടാം

കുഞ്ഞുങ്ങൾക്കു മുലപ്പാൽ വളരെ പ്രധാനപ്പെട്ടതാണ്. അമ്മ കോവിഡ് പോസിറ്റീവാണെങ്കിലും കുഞ്ഞുങ്ങൾക്കു മുലയൂട്ടാം. മുലയൂട്ടുന്ന സമയത്ത് അമ്മ മാസ്ക് ധരിക്കണം. മുഖത്തേക്കു കുഞ്ഞിനെ അധികം ചേർത്തു പിടിക്കരുത്. കുഞ്ഞുങ്ങൾക്കു പനി, ജലദോഷം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ചികിത്സ തേടണം.

മുതിർന്നവരെ അപേക്ഷിച്ചു കുട്ടികളിൽ കോവിഡ് മൂലമുണ്ടാകുന്ന രോഗ ലക്ഷണങ്ങളിൽ വ്യത്യാസമുണ്ടാകാം. പനി, വയറുവേദന, ഛർദി, വയറിളക്കം, ത്വക്കിൽ തടിപ്പ്, കണ്ണിൽ ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ ശ്രദ്ധിക്കണം. ഒരു വയസ്സിനു താഴെയുള്ളവർ, ആസ്മ, ശ്വാസം മുട്ടൽ, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള കുട്ടികൾ എന്നിവരെ കൂടുതൽ കരുതണം.

കോവിഡിനു ശേഷമുള്ള ആരോഗ്യ പ്രശ്നങ്ങൾ

കോവിഡ് ബാധിതരായ കുട്ടികളിൽ അതിനു ശേഷം ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു മാസത്തിനുള്ളിൽ ഇങ്ങനെയുണ്ടാകാം. കോവിഡ് ബാധിച്ചതിനു ശേഷം പനി, ത്വക്കിൽ തടിപ്പ്, വായിൽ ചുവന്ന നിറം എന്നിങ്ങനെയുണ്ടായാൽ ശ്രദ്ധിക്കണം.  

 

2 വയസ്സിനു മുകളിൽ മാസ്ക് ധരിക്കാം

ചെറിയ കുട്ടികളിൽ മാസ്ക് ധരിക്കുന്നതു പ്രായോഗികമല്ല. എങ്കിലും 2 വയസ്സിനു മുകളിലുള്ള കുട്ടികൾ മാസ്ക് ധരിക്കാം. ശരിയായി മാസ്ക് ധരിക്കാൻ അവരെ പരിശീലിപ്പിക്കണം. കുട്ടികൾക്കു യോജിച്ച മാസ്ക്കുകൾ ഉപയോഗിക്കണം.

 

ഇനി ശ്രദ്ധ വേണം കുട്ടികളിൽ

കോവി‍ഡിന്റെ രണ്ടാം തരംഗത്തിലും ഇനിയുമുണ്ടാകാമെന്നു കരുതുന്ന മൂന്നാം തരംഗത്തിലും കൂടുതൽ ശ്രദ്ധിക്കേണ്ടതു കുട്ടികളെയാണ്. 12–18 പ്രായത്തിലുള്ള കുട്ടികൾക്കു വാക്സീൻ നൽകാനുള്ള നടപടികൾ ചില രാജ്യങ്ങൾ ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ഇന്ത്യയിലും കുട്ടികൾക്കു കോവിഡ് വാക്സീൻ നൽകുന്നത് ആരംഭിക്കുമെന്നു കരുതുന്നു. കോവിഡ് ബാധിതരായ കുട്ടികളുടെ ചികിത്സ സംബന്ധിച്ചു മാർഗനിർദേശം നൽകാൻ ചില സംസ്ഥാനങ്ങൾ വിദഗ്ധ സംഘങ്ങൾക്കു രൂപം നൽകിയിട്ടുണ്ട്– ‍ഡോ. സച്ചിദാനന്ദ കമ്മത്ത് പറഞ്ഞു.

English Summary : COVID- 19 second wave in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com