ADVERTISEMENT

രക്തസമ്മർദവും പ്രമേഹവുമുള്ളവർ നിർബന്ധമായും കോവിഡ് വാക്സീൻ സ്വീകരിക്കണമെന്നു ഫിസിഷ്യനും ഡയബറ്റോളജിസ്റ്റുമായ ഡോ. ജോബി പോൾ. ‘കോവിഡ് കാലത്തെ ആരോഗ്യപ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ‘മലയാള മനോരമ’ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമേഹമുള്ളവർക്കു കോവിഡ് ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്. വാക്സീൻ സ്വീകരിച്ചാൽ 2 ദിവസം ചെറിയ പനിയും വാക്സീൻ എടുത്ത ഭാഗത്തു വേദനയും കടച്ചിലുമുണ്ടാകാം. ഹൃദയം, വൃക്ക, കരൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടു ഗുരുതര അസുഖമുള്ളവർക്കു ഡോക്ടറുടെ നിർദേശപ്രകാരം വാക്സീൻ സ്വീകരിക്കാം.

കോവിഡ് മാത്രമല്ല ഡെങ്കിപ്പനി, എലിപ്പനി പോലുള്ള രോഗങ്ങളും വർധിക്കുന്നുണ്ട്. പേശികളിലും സന്ധികളിലും വേദന, കടുത്ത പനി, ശരീരത്തിൽ ചുവന്ന പാടുകൾ, വിറയൽ, കണ്ണിനു ചുറ്റും വേദന, കണ്ണുകൾ ചുവന്നു വീർക്കൽ എന്നിവയെല്ലാം ഇവയുടെ ലക്ഷണങ്ങളാകാം. ഉടൻ ചികിത്സ ഉറപ്പാക്കണം.

വായനക്കാരുടെ സംശയങ്ങളും ഡോക്ടറുടെ മറുപടിയും

? 45 വയസ്സുള്ള സ്ത്രീയാണ്. ചില ഭക്ഷണത്തോടും മരുന്നിനോടും അലർജിയുണ്ട്. വാക്സീൻ സ്വീകരിക്കാമോ ?

∙ വാക്സീൻ സ്വീകരിക്കാം. അലർജി ചികിത്സ ലഭ്യമാകുന്ന ആശുപത്രികളിൽ വാക്സീൻ സ്വീകരിക്കുന്നതാകും നല്ലത്. ആ സമയത്ത് അലർജി പ്രശ്നങ്ങളുണ്ടായാൽ ഉടൻ ചികിത്സ ഉറപ്പാക്കാനാകും.

? 45 വയസ്സുള്ള സ്ത്രീയാണ്. പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ട്. രണ്ടു കാൽപാദത്തിനും എരിച്ചിലുണ്ട്.

∙ പ്രമേഹരോഗികളിൽ ഞരമ്പിനെ ബാധിക്കുന്ന ഡയബറ്റിക് പെരിഫറൽ ന്യൂറോപതിയാകാനാണു സാധ്യത. ഡയബറ്റോളജിസ്റ്റിനെ കണ്ടു പരിശോധന നടത്തി മരുന്നു കഴിച്ചാൽ മാറും.

? 66 വയസ്സുള്ള പുരുഷനാണ്. കോവിഡ് രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച് ഒരു മാസം കഴിഞ്ഞു. വേദന സംഹാരികൾ കഴിക്കുന്നതുകൊണ്ടു കുഴപ്പമുണ്ടോ ?

∙ ഡോക്ടറുടെ നിർദേശ പ്രകാരം വേദന സംഹാരികൾ കഴിക്കാം. കോവിഡ് ബാധയുള്ളപ്പോൾ വേദന സംഹാരികൾ കഴിക്കേണ്ട.

? 15 വയസ്സുള്ള പെൺകുട്ടിക്ക് ആർത്തവ സമയത്തു തലചുറ്റി വീഴുക, കയ്യും കാലും വിറയ്ക്കുക, വിയർക്കുക തുടങ്ങി പ്രശ്നങ്ങളുണ്ട്.

∙ ഹീമോഗ്ലോബിൻ, തൈറോയ്ഡ് എന്നിവയുടെ കുറവു മൂലം ഇങ്ങനെ സംഭവിക്കാം. ഡോക്ടറെക്കണ്ടു പരിശോധനകൾ നടത്തി ചികിത്സ തേടണം

DR-HONE-IN
ഡോ. ജോബി പോൾ

? കോവിഡ് പോസിറ്റീവായ 15 വയസ്സുകാരന് എന്തെങ്കിലും മരുന്നു കഴിക്കേണ്ട ആവശ്യമുണ്ടോ ?

∙ രോഗലക്ഷണങ്ങളില്ലെങ്കിൽ മറ്റു മരുന്നുകളുടെ ആവശ്യമില്ല. വൈറ്റമിൻ ഗുളികകൾ കഴിക്കുന്നതു നല്ലതാണ്.

? 71 വയസ്സുള്ള പുരുഷനാണ്. കോവിഡ് പോസിറ്റീവായി ഒരു മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇപ്പോൾ നെഗറ്റീവാണ്. പക്ഷേ ഓർമക്കുറവുണ്ട് .

∙ കോവിഡിനു ശേഷം സോഡിയം കുറയുന്നതു മൂലമോ ഹോർമോണിൽ വരുന്ന വ്യത്യാസം മൂലമോ ഓർമക്കുറവുണ്ടാകാം. ഡോക്ടറെക്കണ്ടു ചികിത്സ ഉറപ്പാക്കണം.

? 20 വയസ്സുള്ള പെൺകുട്ടിയാണ്. കോവിഡ് നെഗറ്റീവായിട്ടു രണ്ടാഴ്ച കഴിഞ്ഞു. വായിൽ കയ്പ് അനുഭവപ്പെടുന്നു.

∙ കോവിഡിനു ശേഷം രണ്ടാഴ്ച മുതൽ 3 മാസം വരെ ചെറിയ പ്രശ്നങ്ങളുണ്ടാകും. പേടിക്കേണ്ട, ശരിയാകും.

? 24 വയസ്സുള്ള പെൺകുട്ടിയാണ്. വയറുവേദന, വയറിളക്കം എന്നിവയുണ്ട്. എപ്പോഴും ഛർദിക്കാൻ തോന്നുന്നു.

∙ ഭക്ഷ്യവിഷബാധയാണോയെന്നു സംശയമുണ്ട്. കഞ്ഞിവെള്ളത്തിൽ ഉപ്പിട്ടു കുടിക്കുക. എരിവുള്ള ഭക്ഷണം കഴിക്കേണ്ട. കുറയുന്നില്ലെങ്കിൽ ഉടനെ ഡോക്ടറെ കാണിക്കണം.

? 80 വയസ്സുള്ള പുരുഷനാണ്. കോവിഡ് വാക്സീൻ രണ്ടു ഡോസും എടുത്തു. കോവിഡ് വരാതെയിരിക്കാൻ ഇനി എന്തൊക്കെ ശ്രദ്ധിക്കണം

∙ രണ്ടു വാക്സീൻ സ്വീകരിച്ചാലും ശ്രദ്ധിച്ചില്ലെങ്കിൽ കോവിഡ് വരാനുള്ള സാധ്യതയുണ്ട്. കോവിഡ് ബാധിച്ചാൽ തീവ്രത ഒഴിവാക്കാനാകും എന്നതാണു വാക്സീന്റെ ഗുണം. വാക്സീൻ എടുത്ത ശേഷവും കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

? 38 വയസ്സുള്ള സ്ത്രീയാണ്. മൈഗ്രേൻ മൂലം കടുത്ത തലവേദന അനുഭവപ്പെടാറുണ്ട്. ആർത്തവത്തിനു രണ്ടു ദിവസം മുൻപു നെറ്റിയുടെ ഇടതുവശത്തോ വലതുവശത്തോ ആയി കലശമായ തലവേദനയുണ്ടാകും. ആർത്തവ ശേഷവും ഒരാഴ്ച നീളും. കഴുത്തിനും വേദനയുണ്ടാകും. ചികിത്സയുണ്ടോ ?

∙ മൈഗ്രേൻ ഉള്ളവർ സിട്രിക് ആസിഡ് അടങ്ങിയ നാരങ്ങ, മുസംബി, ഓറഞ്ച്, തക്കാളി പോലുള്ള പഴങ്ങളും പച്ചക്കറികളും പരമാവധി ഒഴിവാക്കണം. ചോക്‌ലേറ്റ് ഒഴിവാക്കണം. ചായ, കാപ്പി എന്നിവ കുറച്ചു മതി. സമയത്തിന് ആഹാരം കഴിക്കണം. സമയത്തിന് ഉറങ്ങണം. ടിവി അകലെ ഇരുന്നു കാണണം. മൊബൈൽ ഫോണിന്റെ ഉപയോഗം കുറയ്ക്കാം. കൂടുതലാണെങ്കിൽ ഫിസിഷ്യനെയോ ന്യൂറോളജസ്റ്റിനെയോ കാണിക്കാം. വേദനയ്ക്കു പാരസെറ്റമോൾ കഴിക്കുന്നതിനു പ്രശ്നമില്ല.

? 55 വയസ്സുള്ള പുരുഷനാണ്. പ്രമേഹത്തിനു മരുന്നു കഴിക്കുന്നുണ്ട്. കോവിഡ് നെഗറ്റീവായിട്ടു രണ്ടാഴ്ചയായി. പ്രമേഹം മുൻപത്തെക്കാൾ കൂടുതലാണ്.

∙ കോവിഡിനു ശേഷം പ്രമേഹം കൂടുന്നുണ്ട്. ഡോക്ടറെക്കകണ്ടു പരിശോധന നടത്തി മരുന്നിന്റെ അളവു കൂട്ടാം. ഭക്ഷണത്തിൽ നിയന്ത്രണം വേണം.

? 34 വയസ്സുള്ള പുരുഷനാണ്. ചെറിയ കഫക്കെട്ടുണ്ട്. ഹൃദയഭാഗത്തു പിടിത്തം പോലെ തോന്നുന്നു. ശ്വാസം എടുക്കുമ്പോൾ ഇതു കൂടുന്നു. രക്തസമ്മർദം, പ്രമേഹം തുടങ്ങി അസുഖങ്ങളില്ല.

∙ കഫക്കെട്ടു മൂലം ചിലപ്പോൾ ഇത്തരം ലക്ഷണം കാണിച്ചേക്കാം. പക്ഷേ ഡോക്ടറെക്കണ്ട് ഇസിജി പരിശോധന നടത്തി മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പാക്കണം.

? 40 വയസ്സുള്ള സ്ത്രീയാണ്. മൂത്രത്തിൽ പഴുപ്പും ഉൾപ്പനിയും ഇടയ്ക്കിടെ വരുന്നു.

∙ മൂത്രത്തിൽ ഇടയ്ക്കിടെ പഴുപ്പുണ്ടാകുന്നുണ്ടെങ്കിൽ യൂറോളജിസ്റ്റിനെ കണ്ടു ചികിത്സ ഉറപ്പാക്കണം

? 39 വയസ്സുള്ള സ്ത്രീയാണ്. വലതു കാലിന് ഇടയ്ക്കിടെ തരിപ്പുണ്ടാകുന്നു. ഈ സമയം നന്നായി വിയർക്കുകയും തലവേദനയും ഉണ്ടാകുന്നു.

∙ ഡോക്ടറെ കണ്ടു പരിശോധിച്ചു ഞരമ്പിന്റെ പ്രശ്നമാണോയെന്നു തിരിച്ചറിഞ്ഞു ചികിത്സിക്കണം. തൈറോയ്ഡിന്റെ ഏറ്റക്കുറച്ചിലുകൾ, പ്രമേഹം, നട്ടെല്ലിന്റെ തകരാർ തുടങ്ങിയ കാരണങ്ങളാൽ ഈ ലക്ഷണങ്ങൾ കാണിച്ചേക്കാം.

English Summar : Diabetes and COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com