പല്ലു തേച്ചപ്പോൾ വന്ന രക്തം ലുക്കീമിയയും സ്ട്രെസ് ബ്രെയിൻ ട്യൂമറും ആയപ്പോൾ; കൗതുകകരമായ അനുഭവങ്ങളുമായി ഡോക്ടർ

searching
Photo credit : fizkes / Shutterstock.com
SHARE

മരണത്തോടടുത്ത ഒരു പിതാവ് മകനു നൽകുന്ന അന്തിമ ഉപദേശം ഇങ്ങനെയാണ്: ‘മോനേ, നീ എങ്ങനെയൊക്കെ ജീവിച്ചാലും ഒരു കാര്യം മാത്രം ചെയ്യരുത്. നിനക്ക് എന്തെങ്കിലും അസുഖം വന്നാല്‍,  ഒരിക്കലും രോഗലക്ഷണങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഗൂഗിളില്‍ നോക്കി രോഗം കണ്ടു പിടിക്കാന്‍ മുതിരരുത്, കാരണം, ചുമ എന്ന് ടൈപ്പ് ചെയ്താല്‍ നിനക്ക് ക്ഷയം ആണെന്ന് ഗൂഗിള്‍ പറഞ്ഞു തരും. പനിയെന്ന് പറഞ്ഞാല്‍ എബോളയെന്നും ജലദോഷമെന്ന് പറഞ്ഞാല്‍ സെറിബ്രോ സ്‌പൈനല്‍ ഫ്‌ലൂയിഡ് എന്നും അനീമിയയുടെ ലക്ഷണങ്ങള്‍ ചൂണ്ടിക്കാട്ടിയാല്‍ ലുക്കീമിയ എന്നും പറഞ്ഞു തരും. ഗൂഗിളില്‍നിന്ന് ഒരിക്കലും രോഗത്തെക്കുറിച്ചുള്ള യഥാർഥ അറിവു ലഭിക്കില്ല’. ഈ ഉപദേശം നല്‍കിയ ശേഷം പിതാവ് മരിക്കുകയും ചെയ്തു. മരണകാരണമായി കണ്ടെത്തിയതാകട്ടെ, ഗൂഗിളില്‍ ചെറിയ രോഗലക്ഷണങ്ങള്‍ക്കായി അനാവശ്യ തിരച്ചിലുകള്‍ നടത്തി ഉണ്ടായ ഭയവും! സത്യത്തില്‍ ഇതൊരു ഗാനത്തിലെ ആശയമാണ്. ഹെന്റിക് വൈഡ്‌ഗ്രേനിന്റെ ‘മെഡിക്കല്‍ മെലഡീസ് ആന്‍ഡ് സര്‍ജിക്കല്‍ സോങ്സ്’ എന്ന ആല്‍ബത്തിലെ ഒരു ഗാനമായ, ‘നെവര്‍ ഗൂഗിള്‍ യുവര്‍ സിംപ്റ്റംസ്’ (നിങ്ങളുടെ രോഗലക്ഷണങ്ങള്‍ ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്) എന്നതാണ് ആ ഗാനം. വെറുമൊരു ഗാനത്തിലെ ആശയമായി നമ്മള്‍ ഇതിനെ തള്ളിക്കളയരുത്. പലരും ഡോക്ട്റെക്കാള്‍ ‘ഗൂഗിള്‍ ഡോക്ടറെ’ ആശ്രയിക്കുന്ന കാലമാണിത്!

ഇന്ന് നമ്മുടെ എന്തു ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം ഗൂഗിള്‍ തരും. അതുകൊണ്ടുതന്നെ ഇക്കാലത്ത് ചിലര്‍ ചികിത്സയും ഗൂഗിള്‍ വഴിയാക്കിയിട്ടുണ്ട്. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍, ഉടന്‍ ഗൂഗിളിനോടാവും സംശയങ്ങള്‍ ചോദിക്കുക. ചിലര്‍ ആ രോഗത്തിനുള്ള മരുന്നുകള്‍ പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു വാങ്ങി കഴിക്കാറുണ്ട്. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ അടങ്ങിയ വെബ്‌സൈറ്റുകളിലെ വിവരങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ വരാറുമുണ്ട് എന്നതാണ് ഇത്തരം സെര്‍ച്ചിന് ആളുകളെ പ്രേരിപ്പിക്കുന്നത്.

ഇതൊക്കെയാണെങ്കിലും ‘ഗൂഗിള്‍ ഡോക്ടറുടെ’ ചികിത്സ ബഹുഭൂരിപക്ഷം കേസുകളിലും പൊല്ലാപ്പ് ഉണ്ടാക്കുകയാണ് ചെയ്യാറുള്ളത്. പരിമിതികളും പരാതികളും ഒഴിവാക്കാനായി പുതിയ പല ഫീച്ചറുകളും ഗൂഗിള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും ഒന്നിനും പൂര്‍ണതയില്ല എന്നുതന്നെ വേണം മനസ്സിലാക്കാന്‍. ഇതിന് തെളിവായി തന്റെ ചില വ്യക്തിപരമായ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് കോട്ടയം കാരിത്താസ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ജോജോ ജോസഫ്. 

കൗമാരക്കാരനെ ഭയപ്പെടുത്തിയ ലുക്കീമിയ (ലുക്കേമിയ)

ഒരു മാസം മുമ്പ് എനിക്കൊരു ഫോണ്‍ കോള്‍ വന്നു. പതിനാറു വയസ്സുള്ള പ്ലസ്ടു വിദ്യാർഥിയാണ്. തിരുവനന്തപുരം സ്വദേശി. ‘ഡോക്ടറുടെ വെബ്‌സൈറ്റില്‍ നിന്നാണ് നമ്പര്‍ കിട്ടിയത്. എനിക്ക് ഡോക്ടറോട് അത്യാവശ്യമായി സംസാരിക്കണം’ എന്നു പറഞ്ഞു കെഞ്ചി. ഫ്രീയായ സമയത്ത് മെസേജ് അയച്ചപ്പോഴേ അവന്‍ തിരിച്ചുവിളിച്ചു. എന്താ മോനേ നിന്റെ പ്രശ്‌നം എന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ഡോക്ടറേ എനിക്ക് ലുക്കീമിയ (രക്താര്‍ബുദം) ആണെന്ന്. ഏത് ഹോസ്പിറ്റലിലാ കാണിക്കുന്നത് ആരാ ചികിത്സിക്കുന്നത് എന്നൊക്കെ ചോദിച്ചപ്പോള്‍, ഇല്ല ഡോക്ടര്‍ ഞാനാരേയും കാണിക്കുന്നില്ല എന്ന് പറഞ്ഞു. അത് ശരിയാവില്ലല്ലോ. എനിക്ക് തിരുവനന്തപുരത്ത് ഡോക്ടര്‍ സുഹൃത്തുക്കളുണ്ട്, ഞാനവരോട് പറയാം എന്നു പറഞ്ഞപ്പോഴാണ് ആ പയ്യന്‍ കാര്യത്തിലേക്കു കടക്കുന്നത്. അവന്‍ ഇതുവരെ ആരുടെയും അടുക്കല്‍ ചികിത്സ തേടിയിട്ടില്ല. ഒരു ദിവസം രാവിലെ പല്ലു തേച്ചപ്പോള്‍ മോണയില്‍നിന്ന് രക്തം വന്നു. ഇത് എന്തുകൊണ്ട് എന്ന് അറിയാനായി അവന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു. അതില്‍ നിര്‍ദേശിച്ചതനുസരിച്ച് ആരുമറിയാതെ പോയി ബ്ലഡ് കൗണ്ട് പരിശോധിച്ചു. സാധാരണയില്‍നിന്ന് അല്‍പം കൂടുതലാണ് കൗണ്ട് എന്ന് റിസള്‍ട്ടില്‍ കാണുകയും ചെയ്തു. അതിനെക്കുറിച്ച് വീണ്ടും ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ അവന്‍ മനസ്സിലാക്കിയെടുത്തത് അത് ലുക്കീമിയയുടെ ലക്ഷണമാണെന്നാണ്. അങ്ങനെ മാനസികമായി തകര്‍ന്ന അവസ്ഥയിലാണ് എന്നെ വിളിച്ചത്. ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് ആദ്യം തന്നെ എനിക്ക് മനസ്സിലായതിനാല്‍ അവന് കാര്യങ്ങള്‍ പറഞ്ഞു കൊടുക്കുകയും എന്റെ ഒരു സുഹൃത്തിനെക്കൊണ്ടു കൂടി പരിശോധിപ്പിച്ച് തെറ്റിദ്ധാരണ മാറ്റിയെടുക്കുകയുമായിരുന്നു.

സ്‌ട്രെസ് ‘ബ്രെയിന്‍ ട്യൂമര്‍’ ആയപ്പോള്‍

എന്റെ സഹപാഠിയും ഒരു ഹയര്‍സെക്കൻഡറി സ്‌കൂളിന്റെ പ്രിന്‍സിപ്പലുമായ വ്യക്തിയും അവരുടെ ഭര്‍ത്താവും കൂടി എന്നെ കാണാന്‍ വീട്ടില്‍ വന്നു. വളരെ അസ്വസ്ഥരായിരുന്നു അവർ. ചായയൊക്കെ കുടിച്ചു കഴിഞ്ഞപ്പോള്‍ എടുത്തടിച്ചപോലെ എന്റെ സുഹൃത്തായ ടീച്ചര്‍ പറഞ്ഞു, ‘ജോജോ, എനിക്ക് ബ്രെയിന്‍ ട്യൂമറാണ്’. ആദ്യം ഞാനും വിശ്വസിച്ചെങ്കിലും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് ഈ 'ബ്രെയിന്‍ ട്യൂമറിന്റെ'  ഉറവിടം മനസ്സിലായത്. കൊറോണയും ലോക്ഡൗണും കാരണം ക്ലാസുകളെല്ലാം ഓണ്‍ലൈനായപ്പോള്‍ പ്രിന്‍സിപ്പല്‍ കൂടിയായ ടീച്ചര്‍ക്ക് പതിവില്ലാതെ ഏറെ സമയം ലാപ്‌ടോപ്പും സ്മാര്‍ട്ട് ഫോണുമെല്ലാം ഉപയോഗിക്കേണ്ടി വന്നു. ഇതിനുപുറമേ വീട്ടിലെ കാര്യങ്ങളും കൂടിയായപ്പോള്‍ കടുത്ത തലവേദനയും അതിനെ തുടര്‍ന്നുള്ള ഛര്‍ദ്ദിയും കണ്ണിനു വേദനയും കാഴ്ചക്കുറവും ഉറക്കമില്ലായ്മയും പതിവായി. ഇക്കാരണങ്ങളെല്ലാം ഗൂഗിളില്‍ നിരത്തി കാരണം തിരക്കിയപ്പോള്‍ ടീച്ചര്‍ സ്വയം കണ്ടെത്തിയതാണ് തനിക്ക് ബ്രെയിന്‍ ട്യൂമറാണെന്ന്. മരണത്തിനു വരെ ഒരുങ്ങിയ മട്ടിലാണ് എന്റെ അടുത്തെത്തിയത്. കാര്യങ്ങള്‍ മനസ്സിലാക്കിയശേഷം എന്റെ സുഹൃത്തായ ന്യൂറോളജിസ്റ്റിന്റെ അടുത്തേക്ക് അവരെ പറഞ്ഞുവിട്ടു. അമിതമായ സ്‌ട്രെസ് മൂലം ഉണ്ടായ മൈഗ്രേനും അസ്വസ്ഥതകളുമായിരുന്നു അതെല്ലാമെന്ന് കണ്ടെത്തി, അതിനുള്ള മരുന്നും കൊടുത്ത് അദ്ദേഹം അവരെ യാത്രയാക്കി.

ഡോക്ടറേക്കാള്‍ വിശ്വാസം ഗൂഗിളിനെയോ?

ഡോക്ടറേക്കാള്‍ വിശ്വാസം ഗൂഗിളിനോട് കാണിക്കുന്നവരുണ്ട്. അമ്പത്തഞ്ചു വയസ്സ് പ്രായമുള്ള ഒരു സ്ത്രീയ്ക്ക് തുടക്കത്തില്‍ തന്നെ ബ്രെസ്റ്റ് കാന്‍സര്‍ തിരിച്ചറിഞ്ഞു. ബ്രെസ്റ്റ് എടുത്തു കളയാത്ത തരത്തിലുള്ള ഓപ്പറേഷന്‍ ചെയ്യാമെന്ന് ഞാന്‍ നിര്‍ദേശിച്ചു. എല്ലാം സമ്മതിച്ചെങ്കിലും തന്റെ മകന്‍ അടുത്തയാഴ്ച ജോലിസ്ഥലത്തുനിന്ന് വരും, അവനോട് കൂടി ചോദിച്ചിട്ട് അവസാന തീരുമാനമെടുക്കാം എന്നു പറഞ്ഞ് അവര്‍ പോയി. മകനോടൊപ്പം അവര്‍ വീണ്ടുമെത്തി. ഹൈദരാബാദില്‍ ഐടി കമ്പനിയില്‍ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്ന വിദ്യാസമ്പന്നന്‍. വളരെ ബഹുമാനത്തോടെ തന്നെ അയാള്‍ എന്നോടു പറഞ്ഞു തുടങ്ങി, ' ഡോക്ടര്‍ മറ്റൊന്നും വിചാരിക്കരുത്, അമ്മയ്‌ക്കൊരു ബോണ്‍ സ്‌കാനും പെറ്റ്് സ്‌കാനും കൂടി ചെയ്താലോ? ചെലവ് ഒരു വിഷയമല്ല എന്ന്. അതെന്തിനാണെന്ന് ചോദിച്ചപ്പോള്‍, ഗൂഗിളില്‍ സെര്‍ച്ച് ചെയ്തപ്പോള്‍ അദ്ദേഹം കണ്ടെത്തിയത്രേ, തീരെ ചെറിയ രീതിയിലെങ്കിലും ശരീരത്തില്‍ മറ്റെവിടെയെങ്കിലും കാന്‍സര്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെങ്കില്‍ ഈ ടെസ്റ്റുകളിലൂടെ അവ കണ്ടെത്താമെന്ന്. ഓരോ സ്‌റ്റേജിലും ഓരോ ടെസ്റ്റുകളും സ്‌കാനുകളുമാണ് ആവശ്യം, ഇപ്പോള്‍ അമ്മയ്ക്ക് അതൊന്നും ആവശ്യമില്ലെന്നും അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ ഗൈഡ്‌ലൈന്‍സ് അനുസരിച്ചാണ് ഞങ്ങള്‍ ചികിത്സ നടത്തുന്നതെന്നുമെല്ലാം പിന്നീട് അയാളെ പറഞ്ഞു മനസ്സിലാക്കി. അതോടെ അദ്ദേഹം സമാധാനത്തോടെ മടങ്ങുകയും ചെയ്തു.

ഇനി ഞാന്‍ കല്ല്യാണം കഴിക്കുന്നത് ശരിയാണോ ഡോക്ടര്‍?

ബൈക്ക് അപകടത്തില്‍ സാരമായ പരിക്കുകള്‍ പറ്റിയ, എന്റെ സുഹൃത്തിന്റെ മകനെ കാണാന്‍ ഒരിക്കല്‍ പോയി. വിശേഷങ്ങളൊക്കെ തിരക്കി പോരാനൊരുങ്ങുമ്പോള്‍ അവനെന്നെ അടുത്തു വിളിച്ച് ചോദിച്ചു, ഡോക്ടര്‍ എനിക്കിനി കല്ല്യാണം കഴിക്കാന്‍ സാധിക്കുമോ എന്ന്. അതെന്താ അങ്ങനെ ചോദിച്ചത്, പ്രത്യേകിച്ച് കുഴപ്പമൊന്നും സംഭവിച്ചില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ഡോക്ടര്‍, എനിക്കിനി വേണ്ടിവരുന്ന ചികിത്സകളെക്കുറിച്ച് ഞാന്‍ ഗൂഗിളില്‍ നോക്കിയപ്പോള്‍ മനസ്സിലായത് നിരവധി എക്‌സ്റേയും സ്‌കാനിങ്ങുകളുമെല്ലാം ചെയ്തു കഴിയുമ്പോള്‍ എനിക്ക് കാന്‍സര്‍ വരാന്‍ സാധ്യതയുണ്ടെന്നാണ്. അങ്ങനെയെങ്കില്‍ ഞാന്‍ കല്യാണം കഴിച്ചാല്‍ അത് ആ പെണ്‍കുട്ടിയോട് ചെയ്യുന്ന ചതിയാകില്ലേ എന്ന്. ഗൂഗിളില്‍ പറയുന്ന കാര്യങ്ങള്‍ അതേ പടി വിശ്വസിക്കരുതെന്നും വൈദ്യശാസ്ത്രം ഇന്ന് വളരെയധികം വികാസം പ്രാപിച്ചിട്ടുണ്ടെന്നും ആ യുവാവിനെയും പറഞ്ഞു മനസ്സിലാക്കേണ്ടി വന്നു.

എന്താണ്  'ഗൂഗിള്‍ ഡോക്ടറുടെ' പ്രശ്നം?

ഇന്റര്‍നെറ്റില്‍നിന്ന്, പ്രത്യേകിച്ച് ഗൂഗിള്‍ പോലെയുള്ള സെര്‍ച്ച് എന്‍ജിനില്‍ നിന്ന് വളരെയധികം മെഡിക്കല്‍ വിവരങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍, നമുക്കുണ്ടാകുന്ന അസുഖങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ക്കും കാരണം കണ്ടുപിടിക്കാന്‍ ഇന്റര്‍നെറ്റില്‍ പരതുന്നത് സ്വാഭാവികം മാത്രമാണ്. ഡോക്ടറെ നേരില്‍ കണ്ട് സംശയങ്ങള്‍ ചോദിച്ച് മനസ്സിലാക്കാനോ നമ്മുടെ ബുദ്ധിമുട്ടുകള്‍ മറ്റൊരാളോടു പറയാനോ തയാറാവാത്തവരാണ് രോഗലക്ഷണങ്ങള്‍ ഗൂഗിള്‍ ചെയ്ത് രോഗനിര്‍ണയം നടത്താന്‍ ശ്രമിക്കുന്നത്. ഇത് പലപ്പോഴും കൂടിയ രോഗനിര്‍ണയത്തിലേക്കും അതുമൂലമുണ്ടാകുന്ന ജിജ്ഞാസയിലേയ്ക്കും നമ്മെ നയിക്കും. അല്ലെങ്കില്‍ തെറ്റായ രോഗനിര്‍ണയത്തിലൂടെ രോഗത്തിന്റെ ഗൗരവം മനസ്സിലാക്കാതെ സ്വയം ചികിത്സ നടത്തി കുഴപ്പത്തില്‍ ചാടും.

മനുഷ്യനെ ചൊവ്വയില്‍ എത്തിക്കാന്‍ വരെ തയാറായി നില്‍ക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇന്റര്‍നെറ്റില്‍ നമുക്ക് രോഗനിര്‍ണയം നടത്തിക്കൂടേ എന്ന് ചോദിക്കുന്നവരോട്, ഇന്നുവരെ അത് സാധ്യമായിട്ടില്ല എന്നതാണ് എനിക്ക് പറയാനുള്ളത്. അതിന് പല കാരണങ്ങളുണ്ട്.

1. റിയാലിറ്റി: ഗൂഗിള്‍ സെര്‍ച്ചില്‍ നമുക്ക് ലഭിക്കുന്ന പല മെഡിക്കല്‍ വിവരങ്ങളും സത്യമായിക്കൊള്ളണമെന്നില്ല.

2. പ്രഫഷണനല്‍/ ജനറല്‍ ഇന്‍ഫര്‍മേഷന്‍: പല രോഗങ്ങളെക്കുറിച്ചുമുള്ള മുഴുവന്‍ വിവരങ്ങളും അതിന്റെ പൂര്‍ണതയില്‍ പ്രെഫഷനല്‍സ് ആയിട്ടുള്ള ആളുകള്‍ക്കേ (ഡോക്ടര്‍, നഴ്സ്, സയന്റിസ്റ്റ്‌സ്) ലഭ്യമാവുകയുള്ളൂ. സാധാരണക്കാര്‍ക്ക് ലഭ്യമാകുന്നത് പൊതുവിവരങ്ങള്‍ മാത്രമാണ്.

3. ഒരു രോഗി ഡോക്ടറോട് പറയുന്ന രോഗലക്ഷണം വച്ച്, ഡോക്ടര്‍ അതിന്റെ ക്ലിനിക്കല്‍ പരിശോധനാഫലവും രോഗലക്ഷണത്തിന്റെ ഹിസ്റ്ററിയും കണക്കിലെടുത്ത്, തന്റെ മെഡിക്കല്‍ ട്രെയിനിങ്ങില്‍ ലഭിച്ച അറിവിന്റെയും അനുഭവത്തിന്റേയും വെളിച്ചത്തില്‍ പ്രാഥമിക രോഗനിര്‍ണയം നടത്തുന്നു. അതിനുശേഷം ലാബ്, സ്‌കാന്‍, ബയോപ്സി പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇത് ‘ഡോ. ഗൂഗിള്‍’ നടത്തുന്നില്ല.

പരിചയസമ്പന്നനായ ഒരു ഡോക്ടറും ഗൂഗിളും തമ്മിലുള്ള വ്യത്യാസം    

ഒരു ചെറിയ രോഗലക്ഷണത്തിന്റെ പരിശോധനയിലൂടെ ഇതു മനസ്സിലാക്കാം. വയറുവേദനയുടെ കാര്യമെടുക്കാം. ഏതാണ്ട് 25 ലേറെ കാരണങ്ങള്‍ കൊണ്ട് വയറുവേദന ഉണ്ടാകാം; അതും പത്തിനു മുകളിലുള്ള വ്യത്യസ്തങ്ങളായ അവയവങ്ങളില്‍നിന്നും. പരിചയസമ്പന്നനായ ഒരു ഡോക്ടർക്കു മാത്രമേ അതിനു കാരണം കണ്ടുപിടിക്കാന്‍ സാധിക്കൂ. ഡോ. ഗൂഗിള്‍ നമ്മെ കണ്‍ഫ്യൂസ് ചെയ്യിക്കുക മാത്രമേയുള്ളൂ. സെര്‍ച്ച് വഴി ലഭിക്കുന്ന വളരെയധികം വിവരങ്ങള്‍ വിവേകത്തോടെ പരിശോധിക്കാന്‍ ചെയ്യാന്‍ ഗൂഗിളിനു കഴിയില്ല. അത് ട്രെയിന്‍ഡ് ആയ ഒരു ഡോക്ടർക്കു മാത്രമേ കഴിയുകയുള്ളൂ.

ഏറ്റവും പ്രധാന കാര്യം 

അടുത്തതായി, രോഗനിര്‍ണയത്തിന് ആവശ്യമായ പരിശോധനകളെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും ലഭിക്കുന്ന ഗൂഗിള്‍ സെര്‍ച്ച് വിവരങ്ങളെക്കുറിച്ച് ഒരു വാക്ക്. ആധുനിക മെഡിക്കല്‍ ചികിത്സ വ്യക്തികേന്ദ്രീകൃത മെഡിസിന്‍ ആണ്. ഒരേ രോഗമുള്ള പല രോഗികള്‍ക്കും രോഗിയുടെ വിവിധ കാര്യങ്ങള്‍ മനസ്സിലാക്കി മരുന്നിനും പരിശോധനകള്‍ക്കും വ്യത്യാസമുണ്ടാകും. അതിനാല്‍ ഇതും ഡോ. ഗൂഗിളിന് പറയുവാന്‍ സാധിക്കില്ല. കാരണം, ഓരോ രോഗത്തെക്കുറിച്ചുള്ള പൊതുവിവരം മാത്രമേ ഗൂഗിള്‍ സെര്‍ച്ചില്‍ ലഭ്യമാകൂ. രോഗം, അതിന്റെ പരിശോധനകള്‍, പുതിയ ചികിൽസയിലും മറ്റും വന്ന വളർച്ച എന്നിവയെപ്പറ്റിയുള്ള സമഗ്ര വിവരങ്ങൾ ഒരു മെഡിക്കല്‍ പ്രഫഷനലിനു മാത്രമേ ലഭ്യമാകൂ. ഇനി അഥവാ ലഭിച്ചാല്‍ തന്നെ യഥാര്‍ഥ അര്‍ഥത്തില്‍ അത് മനസ്സിലാക്കാന്‍ കുറഞ്ഞത് MBBS നിലവാരത്തില്‍ ഉള്ള മെഡിക്കല്‍ വിദ്യാഭ്യാസം ആവശ്യമാണ്. ഗൂഗിള്‍ സെര്‍ച്ച് താഴെപ്പറയുന്ന കാര്യങ്ങള്‍ക്കായി പരിമിതപ്പെടുത്തുക.

1. നിങ്ങളുടെ അടുത്തുള്ള വിദഗ്ധ ഡോക്ടറെ കണ്ടെത്താന്‍ (To find a Doctor/ specialist near you).

2. നിങ്ങള്‍ക്ക് അനുയോജ്യമായ ഒരു ആശുപത്രി തിരഞ്ഞെടുക്കാന്‍ (To find a hospital best for you).

3. ഡോക്ടറെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാന്‍ (To find details of the Consultant).

അസുഖം കണ്ടുപിടിക്കാനും സ്വയം ചികിത്സ നടത്താനും തന്നെ ചികിത്സിക്കുന്ന ഡോക്ടര്‍ നടത്തുന്ന ചികിത്സ ശരിയാണോ എന്ന് നിശ്ചയിക്കാനും വേണ്ടി ദയവായി ഗൂഗിളില്‍ തിരയാതിരിക്കുക.

English Summary : Disease related searching in internet

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA