ADVERTISEMENT

കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളെയും നവജാത ശിശുക്കളെയും എങ്ങനെയാണ് ബാധിക്കുന്നത്, കുട്ടികൾക്ക് കോവിഡ് വരാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകളാണ് സ്വീകരിക്കേണ്ടത്, കോവിഡ് ബാധിച്ച അമ്മമാരിൽ നിന്ന് നവജാത ശിശുക്കൾക്ക് അണുബാധ ഉണ്ടാകാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ എന്തൊക്കെ തുടങ്ങി ഒട്ടേറെ ആശങ്കകളാണ് ഇന്ന് ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഉള്ളത്. എന്നാൽ  കോവിഡ് പോസിറ്റീവ് ആയിട്ടുള്ള മിക്ക കുട്ടികളിലും രോഗലക്ഷണങ്ങൾ വളരെ ചെറിയ തോതിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ചിട്ടയായ പരിചരണത്തിലൂടെ കുട്ടികളെ കോവിഡിൽ നിന്ന് അകറ്റിനിർത്താൻ സാധിക്കുമെന്നും ദുബായ് സുലേഖ ഹോസ്പിറ്റലിലെ പീഡിയാട്രിക്സ് ആൻഡ് നിയോനാറ്റോളജി വകുപ്പ് മേധാവിയും ഷാർജ മെഡിക്കൽ കോളജ് വിസിറ്റിങ് പ്രഫസറുമായ ഡോ. ദീപു ഏബ്രഹാം പറഞ്ഞു.

കോവിഡ് നവജാത ശിശുക്കളിലും കുട്ടികളിലും എന്ന വിഷയത്തിൽ മനോരമ സംഘടിപ്പിച്ച ഫോൺ ഇൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഡോ. ദീപു.

? 3 വയസ്സുള്ള കുട്ടിയുടെ അമ്മയാണ്. കുട്ടിയിൽ എന്ത് രോഗ ലക്ഷണങ്ങൾ കണ്ടാലാണ് കോവിഡ് സംശയിക്കേണ്ടത് (രമ, പന്തളം)

ഏതു പ്രായത്തിൽ ഉള്ള കുട്ടിയാണെങ്കിലും രോഗലക്ഷണങ്ങൾ കണ്ടതുകൊണ്ടു മാത്രം കോവിഡ് ആണെന്ന് പറയാൻ പറ്റില്ല. കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടോ, പനി, തൊണ്ട വേദന, ചുമ, നീരിറക്കം തുടങ്ങിയ ലക്ഷണങ്ങൾ കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കണം.

? രണ്ടു കുട്ടികളുടെ മാതാവാണ്. സമീപ പ്രദേശങ്ങളിൽ കോവിഡ് രൂക്ഷമാണ്. ഇത്തരം സാഹചര്യത്തിൽ എന്റെ കുട്ടിക്ക് കോവിഡ് പോസിറ്റീവ് ആയാൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരുമോ. (അനിത, കുമ്പനാട്)

തീർച്ചയായും ഇല്ല. കോവിഡ് പോസിറ്റീവ് ആയിട്ടുള്ള മിക്ക കുട്ടികളിലും രോഗലക്ഷണങ്ങൾ വളരെ ചെറിയ തോതിൽ മാത്രമാണ് കണ്ടിട്ടുള്ളത്. അവർക്ക് ഹോം ഐസലേഷൻ മതി. നാല് മണിക്കൂർ ഇടവിട്ടു ശരീര താപനില അളക്കുക. 100  ഡിഗ്രിക്കു മുകളിൽ ഉണ്ടെങ്കിൽ പാരസെറ്റമോൾ കൊടുത്തു പനി നിയന്ത്രിക്കാം. വയറിളക്കവും ഛർദ്ദിലുമുള്ള കുട്ടികൾക്ക് നിർജലീകരണം വരാതിരിക്കാൻ ഒആർഎസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളമോ മറ്റു പാനീയങ്ങളോ ഇടയ്ക്കിടെ കൊടുക്കണം.

? കുട്ടികളിൽ കോവിഡ് അണുബാധ ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങൾ എന്തൊക്കെയാണ് (പാർവതി, മന്തമരുതി)

മൂന്നു ദിവസത്തിനപ്പുറം നീണ്ടുനിൽക്കുന്ന കടുത്ത പനി, ശ്വാസത്തിന്റെ വേഗം കൂടുക, ഓക്സിജൻ സാച്ചുറേഷൻ 95 ശതമാനത്തിൽ താഴുക, കലശലായുള്ള മയക്കം, വിരലുകളിലും ചുണ്ടുകളിലും നീല നിറം കാണുക, ഭക്ഷണവും വെള്ളവും പൂർണമായും നിരസിക്കുക എന്നിവ അണുബാധ മൂർച്ഛിക്കുന്നതിന്റെ  ലക്ഷണങ്ങളാണ്. 

? എനിക്ക് മൂന്ന് കുട്ടികൾ ഉണ്ട്. കോവിഡ് പകരാതിരിക്കാൻ കുട്ടികൾക്കും മാസ്ക് നിർബന്ധമാണോ. ഉണ്ടെങ്കിൽ എത്ര വയസ്സ് മുതൽ മാസ്ക് ഉപയോഗിക്കണം. (അലീന, കടമ്മനിട്ട)

2 വയസ്സിന് മുകളിലുള്ള എല്ലാ കുട്ടികളും മാസ്ക് ധരിക്കണം എന്നാണ് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് ശുപാർശ ചെയ്യുന്നത്. മാസ്കിന്റെ ശരിയായ ഉപയോഗം കുട്ടികളിലെ കോവിഡ് അണുബാധയെ ഒരു പരിധിവരെ തടയാൻ സഹായിക്കും.

? കോവിഡിനെ പ്രതിരോധിക്കാൻ ഏതെല്ലാം രീതിയിൽ ഉള്ള ഭക്ഷണ ക്രമീകരണങ്ങൾ ആണ് സ്വീകരിക്കേണ്ടത്. (ഫാത്തിമ, പത്തനംതിട്ട)

കോവിഡ് അണുബാധയെ തടയാനോ സുഖപ്പെടുത്താനോ ഭക്ഷണങ്ങൾക്കു കഴിയില്ല. എന്നാൽ രോഗപ്രതിരോധ സംവിധാനങ്ങളെ സഹായിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. കുട്ടികൾക്ക് പച്ചക്കറി, പഴങ്ങൾ, ഇലക്കറികൾ എന്നിവ ഉൾക്കൊള്ളുന്ന സമീകൃതാഹാരം നൽകണം. ഭക്ഷണം മാത്രമല്ല മാനസികവും ശാരീരികവുമായ ആരോഗ്യത്തിനു നല്ല ഉറക്കവും നിർബന്ധമാണ്. അതുകൊണ്ട് കുട്ടികൾ 8 മുതൽ 9 മണിക്കൂറെങ്കിലും ഉറങ്ങണം.

? എന്റെ മകൾ 8 മാസം ഗർഭിണി ആണ്. പ്രസവ സമയത്ത് അമ്മയ്‌ക്കോ കുഞ്ഞിനോ കോവിഡ് പകരാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടോ. നമ്മുടെ ആശുപത്രികൾ സുരക്ഷിതമാണോ. (ലാലമ്മ, പത്തനംതിട്ട)

കൊറോണ വന്നതിന് ശേഷം പലർക്കും പുറത്തിറങ്ങാൻ തന്നെ ഭയമാണ്. പ്രത്യേകിച്ച് ആശുപത്രി പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാൻ. ഇത് പലപ്പോഴും ജീവൻ അപകടത്തിലാക്കാൻ കാരണമായിട്ടുണ്ട്. ആശുപത്രികളെല്ലാം സർക്കാർ നിബന്ധനകൾ അനുസരിച്ചുള്ള സുരക്ഷാ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. സ്വയം സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുന്നതിലും വിട്ടുവീഴ്ച വരുത്തരുത്. 

? അമ്മ കോവിഡ് പോസിറ്റീവ് ആണെങ്കിൽ നവജാത ശിശുവിന് മുലപ്പാൽ കൊടുക്കാമോ. (മോണിക്ക, പുറമറ്റം)

കോവിഡ് പോസിറ്റീവ് ആയ അമ്മമാർക്കു നവജാത ശിശുക്കൾക്ക് മുലപ്പാൽ കൊടുക്കാവുന്നതാണ്. പക്ഷേ അമ്മമാർ മാസ്ക് നിർബന്ധമായും ധരിക്കുകയും കുഞ്ഞിനെ കയ്യിൽ എടുക്കുന്നതിനു മുൻപ് ഹാൻഡ് വാഷ് /സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.

health-pediatrics-and-neonatology-dr-deepu-abraham

? കുടുംബത്തിൽ എന്റെ 4 വയസ്സുള്ള കുട്ടി ഒഴികെ എല്ലാവരും ഒരു മാസം മുൻപ് കോവിഡ്  പോസിറ്റീവ് ആയിരുന്നു. കുട്ടിക്കു ലക്ഷണങ്ങൾ ഇല്ലാതെ കോവിഡ് വന്നിരുന്നോ. അവന് ഇനി എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടോ. (ബിൻസി, പത്തനംതിട്ട)

കുട്ടികളിൽ രോഗലക്ഷണങ്ങൾ ഇല്ലാതെ തന്നെ കോവിഡ് അണുബാധ ഉണ്ടാവാറുണ്ട്. അതുകൊണ്ട് ഒന്നിലധികം തവണ ടെസ്റ്റ് ചെയ്യാതെ ഉറപ്പിച്ചു പറയാൻ ബുദ്ധിമുട്ടാണ്. ഇനി എന്തെങ്കിലും രോഗലക്ഷണങ്ങൾ വരുമോ എന്ന ചോദ്യത്തിന് സാധ്യത വളരെ കുറവാണ് എന്നാണ് ഉത്തരം. 

കാരണം ഇപ്പോൾ കുട്ടികളിൽ അപൂർവമായി എംഐഎസ്‌സി (മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം) എന്ന രോഗാവസ്ഥ കണ്ടുവരുന്നുണ്ട്. ഇതിനു ഫലപ്രദമായ  ചികിത്സാ രീതികളുണ്ട്. 

? ഞാൻ നാല് മാസം പ്രായമായ കുഞ്ഞിനെ മുലയൂട്ടുന്നുണ്ട്. എനിക്ക് വാക്‌സീൻ എടുക്കാമോ. അത് കുഞ്ഞിനെ ബാധിക്കുമോ. (മുന്ന, തിരുവല്ല)

മുലയൂട്ടുന്ന അമ്മമാർ വാക്‌സീൻ സ്വീകരിക്കുന്നത് സുരക്ഷിതമാണ്. പല രാജ്യങ്ങളും ഇവർക്ക് വാക്‌സീൻ കൊടുത്തു വരുന്നു. ഇന്ത്യയിലും ഏതാനും ആഴ്ചകൾക്കു മുൻപ് നാഷനൽ ടെക്നിക്കൽ അഡ്‌വൈസറി ഗ്രൂപ്പ് ഓൺ ഇമ്യുണൈസേഷൻ ഇതിനു പച്ചക്കൊടി കാട്ടിയിട്ടുണ്ട്. 

? ഞാൻ 7 മാസം ഗർഭിണിയാണ്. എനിക്ക് കോവിഡ് വാക്‌സീൻ എടുക്കാമോ. (ഗായത്രി, നാരങ്ങാനം)

ഗർഭിണികൾ വാക്സീൻ സ്വീകരിക്കുന്നതിൽ വേണ്ടത്ര പഠനങ്ങൾ നടന്നിട്ടില്ലാത്തതിനാൽ വാക്‌സീൻ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ല. അതിനാൽ ഇപ്പോൾ എടുക്കേണ്ടതില്ല.

? ഞാൻ 13 വയസ്സുള്ള കുട്ടിയാണ്. എനിക്ക് 6 വയസ്സുള്ള ഒരു സഹോദരിയും ഉണ്ട്. ഞങ്ങളെ പോലെ ഉള്ള കുട്ടികൾക്കും കോവിഡ് വാക്‌സീൻ ലഭ്യമാകുമോ. (ഹെലൻ, പത്തനംതിട്ട)

ഈ പ്രായത്തിൽ ഉള്ള കുട്ടികളിൽ ചില വാക്സീനുകൾ സുരക്ഷിതമാണെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. ചില രാജ്യങ്ങൾ മേയ് മാസം മുതൽ കൊടുത്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലും അധികം താമസിയാതെ കൊടുത്തു തുടങ്ങും എന്ന് പ്രതീക്ഷിക്കുന്നു. 

അഞ്ചു തൊട്ടു പന്ത്രണ്ടു വയസ്സ് വരെയുള്ള കുട്ടികൾക്ക് ഈ വർഷാവസാനത്തോടെയും ആറു മാസം തൊട്ടുള്ള കുഞ്ഞുങ്ങൾക്ക് അടുത്ത വർഷം പകുതിയോടെയും വാക്‌സീൻ കൊടുത്തു തുടങ്ങാൻ സാധിക്കും എന്നാണ് ശാസ്ത്രജ്ഞർ കണക്കു കൂട്ടുന്നത്.

എന്താണ് എംഐഎസ്‌സി

കുട്ടികളിൽ അപൂർവമായി കണ്ടുവരുന്ന രോഗാവസ്ഥയാണ് എംഐഎസ്‌സി (മൾട്ടി സിസ്റ്റം ഇൻഫ്‌ലമേറ്ററി സിൻഡ്രം). 

കുട്ടികൾക്കോ അവരുടെ കുടുംബങ്ങൾക്കോ കോവിഡ് ബാധിച്ചു രോഗലക്ഷണങ്ങൾ മാറിയതിനു ശേഷം മൂന്നു തൊട്ടു ആറാഴ്ചകൾക്കുള്ളിലാണ് ഈ രോഗം കണ്ടു വരുന്നത്. 

നാലഞ്ചു ദിവസം തുടർച്ചയായുള്ള പനി, കണ്ണിലും വായിലുമുള്ള ചുവപ്പ്, തൊലിപ്പുറത്തു പാടുകൾ, വയറു വേദന, വയറിളക്കം എന്നിവയാണ് ഈ രോഗത്തിന്റെ ആരംഭ ലക്ഷണങ്ങൾ. മറ്റ് അവയവങ്ങളെ ബാധിച്ചാൽ കുറഞ്ഞ രക്തസമ്മർദം തുടങ്ങിയുള്ള സങ്കീർണതകളിലേക്കു നയിക്കുകയും ചെയ്യുന്നു. 

ഇവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യേണ്ടി വരും. അതിൽ ചിലർക്ക് ഐസിയു ശുശ്രൂഷയും വേണ്ടിവന്നേക്കാം. ഈ രോഗാവസ്ഥയ്ക്കു ഫലപ്രദമായ ചികിത്സാ രീതികൾ കണ്ടെത്തിയിട്ടുണ്ട്.

Ebglish Summary : Precautions to be taken to prevent children from COVID- 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com