12 മുതൽ 15 വയസ്സു വരെയുള്ളവർക്കായുള്ള ഫൈസർ വാക്സീന് യുകെ അംഗീകാരം നൽകി

pfizer-vaccine
SHARE

12 മുതൽ 15 വയസ്സു വരെയുള്ള കുട്ടികളിൽ ഫൈസർ- ബയോഎൻടെക്  വാക്സീൻ ഉപയോഗിക്കാനുള്ള അനുമതി യുകെ  നൽകി. ഈ പ്രായത്തിലുള്ളവർക്ക് വാക്സീൻ സുരക്ഷിതമാണെന്നും ഇതിന്റെ ഗുണഫലങ്ങൾ അപകടസാധ്യതയേക്കാൾ കൂടുതലാണെന്നുമുള്ള കണ്ടെത്തലിനെ തുടർന്നാണ് ഇത്. ഇനി കുട്ടികൾക്ക് ഇപ്പോൾ വാക്സീൻ നൽകണമോ വേണ്ടയോ എന്ന കാര്യത്തിൽ യുകെ വാക്സീൻ സമിതി തീരുമാനമെടുക്കും. 16 വയസ്സിനു മുകളിലുള്ളവരിൽ ഉപയോഗിക്കാനുള്ള അംഗീകാരം ഫൈസറിനു നേരത്തേ ലഭിച്ചിരുന്നു.

സമിതി തീരുമാനം എടുത്തു കഴിഞ്ഞാൽ കുട്ടികൾക്കും കൂടി വാക്സീൻ നൽകാനുള്ള സ്റ്റോക്ക് തങ്ങളുടെ കൈവശം ലഭ്യമാണെന്ന് യുകെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക് പറഞ്ഞു. നിലവിൽ 18 വയസ്സിനു താഴെയുള്ളവരിൽ യുകെ വാക്സീൻ വിതരണം ആരംഭിച്ചിട്ടില്ല.

അമേരിക്കയും കാനഡയും 12 -15 പ്രായ വിഭാഗത്തിലുള്ള കുട്ടികൾക്ക് വാക്സീൻ നൽകുന്നത് ആരംഭിച്ചിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സീൻ വിതരണം ഉടൻ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ജർമനിയും.

യുകെയിലെ മുതിർന്ന ജനസംഖ്യയിൽ പാതി പേർ പൂർണമായും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. കാൽഭാഗം പേർ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവരാണ്. മറ്റൊരു കാൽ ഭാഗം-ഏകദേശം 13 ദശലക്ഷം പേരാണ് ഇനി വാക്സീൻ സ്വീകരിക്കാനുള്ളത്. കുട്ടികൾക്ക് തീവ്രമായ കോവിഡ് അണുബാധയുണ്ടാകാനുള്ള സാധ്യത അപൂർവമാണ്. കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന കുട്ടികളുടെ  ശതമാനവും വളരെ കുറവ്. ഈയൊരവസ്ഥയിൽ  അപകട സാധ്യത കൂടുതലുള്ള മുതിർന്നവർക്ക് പൂർണമായും വാക്സീൻ നൽകി കഴിഞ്ഞ് കുട്ടികളുടെ കാര്യം പരിഗണിച്ചാൽ മതിയെന്ന് ഒരു വിഭാഗം ആരോഗ്യവിദഗ്ധർ പറയുന്നു. ഇസ്രായേൽ പോലുള്ള രാജ്യങ്ങൾ മുതിർന്നവർക്ക് മാത്രം വാക്സീൻ നൽകി അവിടുത്തെ കോവിഡ് സ്ഥിതി നിയന്ത്രണാധീനമാക്കിയിരുന്നു.

അതേസമയം കോവിഡിന്റെ മൂന്നാം തരംഗം, അതിന്റെ ഡെൽറ്റാ വകഭേദം തുടങ്ങിയവ കുട്ടികളെയും വൻതോതിൽ രോഗബാധിതരാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചില ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. അടച്ചിട്ട സ്കൂളുകൾ പഴയ മട്ടിൽ തുറന്നു പ്രവർത്തിക്കുന്നതിനും കുട്ടികളുടെ വാക്സിനേഷൻ അത്യാവശ്യമാണെന്ന് ഇവർ കൂട്ടിച്ചേർത്തു.

English Summary : UK approves Pfizer jab for 12 to 15-year-olds

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ എസ്ബി; കലാലയ ഓർമകളിലൂടെ കുഞ്ചാക്കോ ബോബൻ

MORE VIDEOS
FROM ONMANORAMA