ADVERTISEMENT

രക്തയോട്ടം നിലയ്ക്കുന്നത് മൂലം കോശങ്ങൾ നശിക്കുന്ന ഗാൻഗ്രീൻ  അവസ്ഥ കോവിഡുമായി ബന്ധപ്പെട്ട പുതിയ ലക്ഷണമാകാമെന്ന് ഡോക്ടർമാർ. കോവിഡിന്റെ സാധാരണ ലക്ഷണങ്ങൾക്ക് മുൻപുതന്നെ ഇത് പ്രത്യക്ഷപ്പെടാമെന്ന് ഡൽഹി രാം മനോഹർ ലോഹ്യ ആശുപത്രിയിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ കണ്ടെത്തി.

രാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട 65കാരനായ ഒരു കോവിഡ് രോഗിയിൽ ഗാൻഗ്രീൻ ലക്ഷണങ്ങൾ ഇത്തരത്തിൽ തുടക്കത്തിലേ പ്രത്യക്ഷമായതായി ഡോക്ടർമാർ പറയുന്നു. വേഗത്തിൽ പടരുന്ന ഒരു അണുബാധയുടെ ഫലമായി  ഗാൻഗ്രീൻ ഉണ്ടാകുമ്പോൾ അടിയന്തര പരിചരണവും ആന്റി ബയോട്ടിക്‌ ചികിത്സയുമെല്ലാം ആവശ്യമാണെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.

എന്നാൽ കോവിഡ് മൂലം ചർമത്തിനുണ്ടാകുന്ന നിരവധി പ്രശ്നങ്ങളിലൊന്നാണ് ഗാൻഗ്രീൻ. തിണർപ്പ്, തൊലിപ്പുറത്ത് വേദനിപ്പിക്കുന്ന കുമിളകൾ, തൊലി ചുവന്ന് തടിക്കൽ, വരണ്ട ചർമം തുടങ്ങി നിരവധി പ്രശ്നങ്ങൾ കോവിഡുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്തിരുന്നു.  എന്നാൽ ഇവയിൽ നിന്ന് വ്യത്യസ്തമായി ഗാൻഗ്രീൻ സങ്കീർണമായ അണുബാധയുടെ പ്രകടമായ ലക്ഷണമാകാമെന്നും അതിനാൽ ഉടനടി പരിചരണം വേണമെന്നും ആരോഗ്യവിദഗ്ധർ പറയുന്നു. ഗാൻഗ്രീനെ തുടർന്ന് രക്തം കട്ടപിടിക്കുന്ന ത്രോംബോസിസിലേക്ക് കോവിഡ് രോഗികൾ നീങ്ങാമെന്ന് ഗവേഷണ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ സഹ രോഗാവസ്ഥകൾ ഉള്ളവർക്കും അമിത മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾ ഉള്ളവർക്കും കോവിഡുമായി ബന്ധപ്പെട്ട ഗാൻഗ്രീൻ അപകടസാധ്യത ഉണ്ടാക്കാം.  ചർമത്തിന്റെ നിറം മാറ്റം, ചുവന്ന് തടിക്കൽ, സംവേദനക്ഷമത നഷ്ടപ്പെടൽ, കുമിളകൾ, ദുർഗന്ധം വമിക്കുന്ന പഴുപ്പ് തുടങ്ങിയവയെല്ലാം കരുതിയിരിക്കേണ്ട ഗാൻഗ്രീൻ പ്രാരംഭ ലക്ഷണങ്ങളാണ്. ഇതിനോടൊപ്പം പനി, അസാധാരണ ഹൃദയമിടിപ്പ്, രക്തധമനികൾക്ക് ക്ഷതം എന്നിവയും സംഭവിക്കാം.

English Summary : Gangrene; COVID- 19 related symptom

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com