ADVERTISEMENT

രണ്ടാം തരംഗത്തിനിടെ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയർന്നപ്പോൾ പരിശോധനാ സംവിധാനങ്ങൾ കടുത്ത സമ്മർദം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് വീട്ടിലിരുന്നുതന്നെ കോവിഡ് പരിശോധിക്കാവുന്ന രണ്ട് റാപ്പിഡ് ആന്റിജൻ ടെസ്റ്റ്  കിറ്റുകൾക്ക്  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അനുമതി നൽകിയത്. പുണെയിലെ മൈലാബ് ഡിസ്കവറി സൊല്യൂഷൻസ് നിർമിച്ച കോവിസെൽഫ്, ഷിക്കാഗോയിലെ ആബട്ട് റാപ്പിഡ് ഡയഗണോസ്റ്റിക്സ് വികസിപ്പിച്ച പാൻബയോ എന്നിവയാണ് ഇത്തരത്തിൽ അംഗീകാരം ലഭിച്ച റാപ്പിഡ് ആന്റിജൻ പരിശോധന  കിറ്റുകൾ.

രോഗലക്ഷണങ്ങളുള്ളവരും പോസിറ്റീവ് ആയവരുമായി അടുത്ത സമ്പർക്കം പുലർത്തിയവരും മാത്രമേ ഇത്തരം കോവിഡ് പരിശോധന കിറ്റുകൾ ഉപയോഗിക്കാവൂ എന്ന് ഐസിഎംആർ നിർദ്ദേശിക്കുന്നു. നേരത്തേയുള്ള രോഗ നിർണയത്തിനും ഐസൊലേഷനും വീട്ടിലുള്ള പരിചരണത്തിനും ഈ കിറ്റുകൾ സഹായിക്കും. പരിശോധന നടത്തി കോവിഡ് പോസിറ്റീവ് എന്ന് തെളിയുന്നവർ ഐസിഎംആറിന്റെയും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും മാർഗ നിർദേശങ്ങൾ പാലിച്ച് വീട്ടിൽതന്നെ ഐസൊലേഷനിൽ ചികിത്സ തേടേണ്ടതാണ്.

രോഗ ലക്ഷണങ്ങൾ ഉള്ളവർ കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ നെഗറ്റീവ് കാണിച്ചാൽ, തുടർന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയമാകണമെന്നും ഐസിഎംആർ പറയുന്നു. ആവശ്യം കഴിഞ്ഞ് ഈ കിറ്റുകളും സ്വാബും മറ്റു വസ്തുക്കളും ഉപേക്ഷിക്കുമ്പോൾ നിർമാതാക്കൾ കവറിൽ നൽകിയിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ഇന്ത്യയിലെ മരുന്നുകടകളിലും ഫ്ലിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും കോവിസെൽഫ് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. 15 മിനിറ്റിനുള്ളിൽ ഫലം അറിയുന്ന ഈ കിറ്റിന് 250 രൂപയാണ് വില. ജൂലൈ 5 വരെയുള്ള താത്ക്കാലിക അനുമതിയാണ് പാൻബയോ കിറ്റിന് നൽകിയിരിക്കുന്നത്. ഇന്ത്യയിലെ ഇതിന്റെ വില പ്രഖ്യാപിച്ചിട്ടില്ല. 15 മിനിറ്റിൽ ഫലം തരുന്ന നേസൽ സ്വാബ് പരിശോധന തന്നെയാണ് ഇതും.

ഇന്ത്യയുടെ പ്രതിദിന കോവിഡ് പരിശോധന ജൂൺ അവസാനത്തോടെ 45 ലക്ഷമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറയുന്നു.നിലവിൽ പ്രതിദിനം 20 ലക്ഷം കോവിഡ് പരിശോധനകളാണ് നടക്കുന്നത്.

English Summary : ICMR Approves Two Home-Testing Kits for COVID-19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com