ADVERTISEMENT

നാം കൊറോണ വൈറസ് കണികകളെ ശ്വാസത്തിലൂടെ ഉള്ളിലേക്ക് എടുക്കുമ്പോൾ ഇവയിൽ 65 ശതമാനത്തിലധികം കണികകളും ശ്വാസകോശത്തിന്റെ ഏറ്റവും ആഴമേറിയ ഭാഗത്ത് എത്തുന്നതായി പുതിയ പഠനം. ഇവിടുത്തെ കോശങ്ങൾക്ക് നാശം വരുത്തി വൈറസ് രക്തത്തിലെ കുറഞ്ഞ ഓക്സിജൻ തോതിനു കാരണമാകുന്നതായും സിഡ്നിയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി നടത്തിയ പഠനത്തിൽ കണ്ടെത്തി. കൂടുതൽ കണികകളും ഇടത് ശ്വാസകോശത്തെക്കാൾ  വലത് ശ്വാസകോശത്തിലേക്കാണ് എത്തുന്നതെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു. ഫിസിക്സ് ഓഫ് ഫ്ലൂയിഡ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം വൈറസ് കണികകൾ  എപ്രകാരമാണ് ശ്വാസകോശത്തിൽ സഞ്ചരിക്കുന്നതെന്ന്  വിശദീകരിക്കുന്നു.

മരത്തിന്റെ ചില്ലകളെ അനുസ്മരിപ്പിക്കുന്ന നമ്മുടെ ശ്വാസകോശം 23 തവണ ചെറിയ  ശാഖകളായി പിരിയുന്നതായി പഠനത്തിന് നേതൃത്വം നൽകിയ സൈദുൽ ഇസ്ലാം പറയുന്നു. ഇതിന്റെ സങ്കീർണത മൂലം ഒരു കംപ്യൂട്ടർ സിമുലേറ്റഡ് ഇമേജ് വികസിപ്പിക്കാൻ ബുദ്ധിമുട്ടാണ്. എന്നാൽ ശ്വാസകോശത്തിലെ 17 ശാഖോപശാഖകളിൽ എന്താണ് വൈറസിന് സംഭവിക്കുക എന്നത് സംബന്ധിച്ച് ഒരു ചിത്രം നൽകാൻ തങ്ങളുടെ പഠനത്തിന് കഴിഞ്ഞതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്വാസം എടുക്കുന്നതിന്റെ തോതനുസരിച്ച് വൈറസ് കണികകളുടെ 32 മുതൽ 35 ശതമാനം വരെ ആദ്യ 17 ശാഖകളിൽ നിക്ഷേപിക്കപ്പെടുന്നു. ശേഷിക്കുന്ന 65% വൈറസ് കണികകളും വായു സഞ്ചികൾ ഉൾപ്പെടുന്ന ശ്വാസകോശത്തിന്റെ ആഴങ്ങളിലേക്ക് പോവുകയാണെന്ന് ഗവേഷകർ പറയുന്നു. ഇടത് ശ്വാസകോശത്തെ അപേക്ഷിച്ച് വലത് ശ്വാസകോശത്തിന്റെ മേൽ ഭാഗത്തും കീഴ് ഭാഗത്തും വൈറസ് കണികകൾ കൂടുതലെത്തുന്നത് ശ്വാസകോശത്തിന്റെ ഘടനാപരമായ വ്യത്യാസവും വായു സഞ്ചാരത്തിന്റെ രീതിയിലുള്ള പ്രത്യേകതകളും മൂലമാകാമെന്ന്  പഠനം ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് അണുബാധ തീവ്രമായ രോഗികളുടെ നെഞ്ചിന്റെ സിടി സ്കാൻ റിപ്പോർട്ടുകളും പഠനത്തെ ശരിവയ്ക്കുന്നു. ശ്വാസകോശത്തിന്റെ പ്രത്യേക മേഖലകളെ ലക്ഷ്യം വച്ചുള്ള മരുന്ന് വിതരണത്തിന് ഈ കണ്ടെത്തലുകൾ സഹായകമാകും.

കണികകൾ വഴിയുള്ള വൈറസ് വ്യാപനത്തെ കുറിച്ച്  ലോകാരോഗ്യ സംഘടന അടുത്തിടെ മുന്നറിയിപ്പ് നൽകിയിരുന്നു. വൈറസ് കണികകൾ വായുവിൽ തങ്ങി നിൽക്കാമെന്നും വെന്റിലേഷൻ കുറവുള്ള അടച്ചിട്ട ഇടങ്ങളിൽ ഇവ രോഗവ്യാപനത്തിന് കാരണമാകാമെന്നും ലോകാരോഗ്യ സംഘടന പറയുന്നു.

English Summary : How COVID-19 aerosols travel through our lungs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com