ADVERTISEMENT

കോവിഡ് ബാധിച്ച് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തേടേണ്ടി വരുന്ന രോഗികളിൽ 20- 30 ശതമാനം പേരുടെയും തലച്ചോറിനെ വൈറസ് ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് നാഡീരോഗ വിദഗ്ധർ. പലവിധത്തിലാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്നത്. കോവിഡിനെ തുടർന്നുണ്ടാകുന്ന ദ്വിതീയ രോഗലക്ഷണങ്ങൾ പ്രതിരോധസംവിധാനം നാഡീവ്യൂഹത്തെ തന്നെ ആക്രമിക്കുന്ന ഗില്ലൻ ബാരി സിൻഡ്രോമിന് കാരണമാകാമെന്ന് കോണ്ടിനെന്റൽ ഹോസ്പിറ്റൽസ് സീനിയർ കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ഡോ. എം. കെ. സിംഗ് പറയുന്നു. കാലിൽ ബലക്കുറവും വിറയലുമായി ആരംഭിക്കുന്ന ഈ രോഗം ശരീരത്തിന്റെ മേൽ ഭാഗത്തേക്ക് പടരുകയും പക്ഷാതത്തിലേക്ക് വരെ നയിക്കുകയും ചെയ്യാം.

തലച്ചോറിലെ രക്തം കട്ടപിടിച്ച് രക്തക്കുഴലുകൾ അടയുന്ന അവസ്ഥയാണ് കോവിഡ് തലച്ചോറിനെ ബാധിക്കുന്ന ആദ്യ വിധം.  ഇതിനുപുറമേ വൈറസ് തലച്ചോറിനെ നേരിട്ട് ബാധിച്ച് ബ്രെയിൻ ഫോഗിനും മസ്തിഷ്ക വീക്കത്തിനും കാരണമാകാം. രോഗി എപ്പോഴും ഉറക്കം തൂങ്ങുന്നതിനും ആശയക്കുഴപ്പം ഉണ്ടാകുന്നതിനും ഇത് വഴിവയ്ക്കും. കോവിഡ് മാറിയാലും ആഴ്ചകളോ മാസങ്ങളോ ഈ ലക്ഷണങ്ങൾ തുടരാം.

കോവിഡിന് തലച്ചോറിൽ അമിതമായ നീർക്കെട്ടും ഉണ്ടാക്കാനാകും. തലച്ചോറിലെ ഗ്രേ, വൈറ്റ് മാറ്ററുകൾ  നീര് വച്ച് തലച്ചോറിന്റെ ഒരു ഭാഗത്തിനോ  അല്ലെങ്കിൽ പൂർണമായോ നാശം വരുത്താൻ വൈറസിന് സാധിക്കുമെന്നും ഡോ. എം. കെ. സിംഗ് ചൂണ്ടിക്കാട്ടി.

കോവിഡ് മൂലം ശരീരത്തിന്റെ മറ്റു ഭാഗത്തുണ്ടാകുന്ന അണുബാധ തലച്ചോറിലേക്ക് പടരുന്നതും സങ്കീർണതകൾ സൃഷ്ടിക്കാം. മൂക്കിൽ നിന്നും ചെവിയിൽ നിന്നും പഴുപ്പ് തലച്ചോറിലേക്ക് പടരാറുണ്ട്. കോവിഡിന്റെ ചികിത്സയ്ക്കായി കഴിക്കുന്ന മരുന്നുകൾ പ്രതിരോധ സംവിധാനത്തെ അമർത്തി വയ്ക്കുന്നതും തലച്ചോറിന് ക്ഷതം ഉണ്ടാക്കാം. പേശി വേദന, വിശദീകരിക്കാനാവാത്ത തലവേദന, മസ്തിഷ്ക വീക്കം, തലകറക്കം, രുചിയും മണവും നഷ്ടമാകൽ എന്നിവയെല്ലാം കോവിഡ് തലച്ചോറിനെയും നാഡീവ്യൂഹ സംവിധാനങ്ങളെയും ബാധിച്ചു തുടങ്ങിയതിന്റെ ലക്ഷണങ്ങളാണ്. ഇവയ്ക്കു പുറമേ പക്ഷാഘാതം, ചലന പ്രശ്നങ്ങൾ, സംവേദന പ്രശ്നം, ചുഴലി ദീനം എന്നിവയ്ക്കും കോവിഡ് കാരണമാകാം.

കോവിഡുമായി ബന്ധപ്പെട്ട്   ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന  രോഗികളിൽ ഒന്നു മുതൽ മൂന്ന് ശതമാനത്തിന് പക്ഷാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷാഘാതത്തിനുള്ള സാധ്യത കോവിഡ് തീവ്രത അനുസരിച്ച് വ്യത്യാസപ്പെടാം. ഇടത്തരം രോഗലക്ഷണങ്ങൾ ഉള്ളവരിൽ പക്ഷാഘാത സാധ്യത ഒരു ശതമാനമാണെങ്കിൽ തീവ്ര കോവിഡ് ബാധിതർക്ക് ഇത് ആറ് ശതമാനം വരെ ഉയരാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു മുതൽ മൂന്ന് ആഴ്ചകൾക്കുള്ളിൽ പക്ഷാഘാതം ഉണ്ടാകാം.

English Summary : COVID-19 Can Severely Damage Your Brain, Cause Guillain-Barre Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com