ADVERTISEMENT

രോഗികളെ ചികിത്സിക്കുന്നവർക്കു നേരേയുണ്ടാകുന്ന അതിക്രമങ്ങൾ ഏറെ വേദനാജനകമാണ്. അത്തരമൊരു ആക്രമണത്തിന് ഇരയാകേണ്ടിവന്ന അനുഭവം പങ്കുവയ്ക്കുകയാണ് മാവേലിക്കര ജില്ലാ ആശുപത്രിയിലെ ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു. ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്’ എന്ന വിഷയത്തിൽ മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിലായിരുന്നു രാഹുൽ വേദനിപ്പിക്കുന്ന ആ അനുഭവം പറഞ്ഞത്. 

16 ന് വൈകിട്ട് 7 ന് നടത്തിയ ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്, ഇൻഫോക്ലിനിക്ക് കോ – ഫൗണ്ടർ ഡോ. പി.എസ്. ജിനേഷ്, ഐഎംഎ കോട്ടയം സെക്രട്ടറി ഡോ. ബിബിൻ പി. മാത്യു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു, അഡ്വ. എം.സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

‘മാവേലിക്കര ജില്ലാ ആശുപത്രിയിൽ  കോവിഡ് ചികിത്സ ഇല്ല, അവിടുത്തെ കോവിഡ് പ്രവർത്തനങ്ങൾ പ്രധാനമായും വാക്സിനേഷനും  സ്വാബ് ടെസ്റ്റുമാണ്. സ്റ്റാഫിന്റെ കുറവ് മൂലം അത് രാവിലെ എട്ട് മുതൽ വൈകിട്ട് എട്ടു വരെയാണ്. എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ രാത്രിയിൽ ചികിത്സ തേടി വരുന്നവരെ നോക്കാറുണ്ട്. അതിന് ഒരു പ്രോട്ടോക്കോൾ ഉണ്ട്, ഹെൽത്ത് സർവീസിലുള്ളവർ, തദ്ദേശ സ്വയം ഭരണസ്ഥാപന അംഗങ്ങളായ പഞ്ചായത്ത് മെംബർ, പ്രസിഡന്റ്, വാർഡ് കൗൺസിലർ എന്നിവർ അറിയിച്ചാൽ ക്വാറന്റീനിലുള്ള രോഗികളെ നോക്കും. പലപ്പോഴും മാനസിക സമ്മർദ്ദം കൂടിയിട്ടാവും രോഗികൾ എത്തുന്നത്. അവരെ സമാധാനിപ്പിച്ച് വീട്ടിലേക്ക് വിടുക, നില ഗുരുതരമാണെങ്കിൽ മെഡിക്കൽ കോളജിലേക്കും മറ്റും മാറ്റുക തുടങ്ങിയവയാണ് വാർഡ് ഡ്യൂട്ടിയിലുള്ള എന്റെ പ്രാഥമിക ജോലി. ശസ്ത്രക്രിയ കഴിഞ്ഞവരുടെ കാര്യങ്ങളും ചെങ്ങന്നൂർ ആശുപത്രിയിലെ ഡയാലിസിസിന്റെ ചാർജും ഇവിടെയാണ്. അതും നോക്കണം. 

മേയ് 14 ന് വാർഡിലെ ഡ്യൂട്ടി സമയത്ത് 4.21 ന് കാഷ്വാലിറ്റിയിൽ വലിയ ബഹളം കേട്ടു, അതേ സമയത്ത്  കാഷ്വാലിറ്റി എംഒയുടെ കോളും വന്നു. ഫുൾ പിപിഇ കിറ്റ് ഇടാൻ സമയം ഇല്ലാത്തതു കൊണ്ട് സർജിക്കൽ ഗൗണും ഡബിൾ ഗ്ലൗവ്സും മാസ്ക്ക് ഷീൽഡും വച്ച് ഞാൻ അവിടെ ചെന്നു. വല്ലാത്ത അന്തരീക്ഷമായിരുന്നു അവിടെ. ഒരു രോഗി കട്ടിലിൽ കിടക്കുന്നു. ചുറ്റും മൂന്നുനാലു പേരുണ്ട്. കസേരകളും മേശയും മറിച്ച് ഇട്ടിരിക്കുന്നു. രോഗിയുടെ കൂടെയുള്ള ആൾ എന്നോടു പറഞ്ഞു, ‘‘നീ ആദ്യം ജീവനുണ്ടോ എന്ന് നോക്കൂ. വേറേ കൂടുതലൊന്നും ചെയ്യാൻ നിൽക്കണ്ട, ബാക്കി പണി ഞങ്ങൾ ചെയ്തോളാം.’’

അവരുടെ കൂടെ ഉണ്ടായിരുന്ന ആൾ ഹരിപ്പാട് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റാണ്, അതൊരു കോവിഡ് ആശുപത്രിയാണ്. ഇവിടെ ഡോക്ടർ ഇല്ലേ എന്നൊക്കെ ആ സ്ത്രീ ചോദിക്കുന്നുണ്ടായിരുന്നു. രോഗിയെ കൊണ്ടു വന്നപ്പോൾത്തന്നെ ഡോക്ടർ അവിടെ ഇല്ല എന്ന രീതിയിലായിരുന്നു അവർ സംസാരിക്കുന്നത്. 

വാർധക്യ രോഗങ്ങളുമായി കിടപ്പായിരുന്ന രോഗിയായിരുന്നു. കോവിഡ് പോസീറ്റിവായെന്നു പറഞ്ഞ് മുമ്പ് ആശുപത്രിയിലേക്കു വിളിച്ചപ്പോൾ അവരെ ആശുപത്രിയിലെത്തിക്കാൻ പറഞ്ഞിരുന്നു. ബാത്ത്റൂമിൽ പോകാൻ ബുദ്ധിമുട്ടാണ്, അച്ഛനും അമ്മയും പോസിറ്റീവാണ്, അതുകൊണ്ട് ഞങ്ങൾ വീട്ടിൽത്തന്നെ ഇരുന്ന് നോക്കുകയാണെന്നായിരുന്നു അവരുടെ മറുപടി. അവരുടെ കൈയിൽ പൾസ് ഓക്സി മീറ്റർ ഉണ്ടായിരുന്നു. തലേ ദിവസം നോക്കുമ്പോൾ മീറ്ററിൽ 75 ഒക്കെയെ കാണുന്നുള്ളു. ഇവർ ആരെയോ വിളിച്ചു ചോദിച്ചു. അവർ പറഞ്ഞു കമിഴ്ത്തി കിടത്തൂ, ചൂടുവെള്ളം കൊടുക്കൂ, ആവി പിടിക്കൂ എന്നൊക്കെ. അതൊക്കെ ചെയ്തിട്ടും പന്ത്രണ്ട് മണിയോടു കൂടി ഓക്സി മീറ്ററിൽ റെക്കോർഡിങ് കാണുന്നില്ല. ആ സമയത്താണ് ഈ അമ്മയെ ആശുപത്രിയിലേക്ക് മാറ്റാൻ ഭർത്താവ് ശ്രമിക്കുന്നത്. ആംബുലൻസ് എത്താൻ താമസിക്കുയും ചെയ്തു. ഇതൊക്കെ ആ സമയത്ത് അവരുടെ ഭർത്താവ് തന്നെ എന്നോടു പറഞ്ഞതാണ്. ‘സാർ ഒന്ന് നോക്ക്, ജീവൻ രക്ഷിക്കാൻ പറ്റുമെങ്കിൽ നോക്കൂ’ എന്നു പറഞ്ഞു. ഞാൻ നോക്കുമ്പോൾ ആൾ മരിച്ചിരുന്നു. മരിച്ചയാളെ ഒന്നും ചെയ്യാൻ സാധിക്കില്ലല്ലോ. ക്വാറന്റീനിൽ ഇരുന്ന രോഗിയുടെ കോവിഡ് മരണമാണെന്ന് പൊലീസിൽ അറിയിച്ചു.

മൂന്നു മണിക്കൂറിനു ശേഷം ബോഡി റിലീസ് ചെയ്യുന്നതിനുള്ള കാര്യങ്ങൾ നടക്കുമ്പോൾ ഡ്യൂട്ടി റൂമിലേക്കു വന്ന ഒരാൾ എന്നോട് ചോദിക്കുന്നു: ‘നിങ്ങളാണോ എന്റെ അമ്മയെ നോക്കിയ ഡോക്ടർ?’ 

ഞാൻ പറഞ്ഞു: ‘അതേ’

അയാളെന്റെ കഴുത്തിന് കുത്തിപ്പിടിച്ച്, ചെവിക്കുറ്റിക്ക് രണ്ട് അടി, നെഞ്ചിൽ നാല് കുത്ത്. നീ എന്റെ അമ്മയെ കൊന്നില്ലേടാ എന്നു ചോദിച്ച് ബഹളം ആരംഭിച്ചു.

പരാതി എന്തെങ്കിലും ഉണ്ടെങ്കിൽ കൊടുക്കാനുള്ള സൗകര്യമുണ്ട്, എന്റെ ദേഹത്ത് എന്തിനാണ് തൊടുന്നത് എന്നു ഞാൻ ചോദിച്ചു.

അപ്പോൾ കൂടെയുള്ളയാൾ ‘വിഡിയോ എടുക്കടാ’ എന്ന് പറയുന്നുണ്ട്. നീ തിരിച്ച് അടിച്ചോ എന്നും പറയുന്നുണ്ട്. അടിക്കാൻ വരുന്ന ആൾ തിരിച്ചടിച്ചോ എന്നു പറയുന്നത് ശരിയല്ല എന്നു തോന്നി, സംയമനം പാലിച്ച്, ദേഹത്തു തൊട്ടത് ശരിയായില്ല എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ മനസ്സിലായി എന്നെ പ്രകോപിപ്പിച്ച്, തിരിച്ചടിക്കുന്ന ഒരു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച് മാധ്യമ വിചാരണയ്ക്കുള്ള ശ്രമമാണെന്ന്.

കൊല്ലത്ത് ഇതുപോലെയൊരു ഡോക്ടറുടെ വിഡിയോ എടുത്ത് പ്രചരിപ്പിച്ചതിനെത്തുടർന്ന് എന്റെ സുഹൃത്തായ ഡോക്ടർ ആത്മഹത്യ ചെയ്യുകയുണ്ടായി. നമ്മുടെ കരിയറും ജോലിയും എല്ലാം നശിപ്പിക്കുക എന്ന കൃത്യമായ പ്ലാനിങ്ങോടെ നടന്ന ഒരു സംഭവമാണ്. അല്ലാതെ വൈകാരികതയുടെ പുറത്ത് അങ്ങനെ സംഭവിച്ചതല്ല, വൈകാരികതയുടെ പുറത്താണെങ്കിലും അത് സമ്മതിച്ചു കൊടുക്കാൻ പാടില്ല. വൈകാരികത നിയന്ത്രിക്കാൻ മനുഷ്യരായ നമ്മൾ പഠിക്കണമല്ലോ? ഇത് പൊലീസിൽ അറിയിച്ചു, പൊലീസ് വന്ന് എഫ്ഐആർ ഇട്ടു. കേസ് റജിസ്റ്റർ ചെയ്ത് ആളെ കൊണ്ടുപോയി. പ്രൈമറി കോണ്ടാക്റ്റായതു കൊണ്ട് അറസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞു. ടെസ്റ്റ് ചെയ്തപ്പോൾ പോസിറ്റീവായി. കഴിഞ്ഞ മാസം 14 ന് നടന്ന സംഭവമാണ്. ആന്റിസിപ്പേറ്ററി ബെയിലിനുവേണ്ടി അദ്ദേഹം ഹൈക്കോടതിയിൽ അപേക്ഷിച്ചിരുന്നു. ആറ് ദിവസം മുൻപാണ് കേസ് എടുത്തത്, വിധി പറഞ്ഞിട്ടില്ല, അറസ്റ്റ് ചെയ്യരുത് എന്ന് അപേക്ഷിച്ചു കൊണ്ടുള്ള പ്ലീഡിങ് കോടതി തള്ളിക്കളഞ്ഞു എന്നാണ് അറിയാൻ കഴിയുന്നത്. ഇപ്പോൾ അദ്ദേഹം ഒളിവിലാണ്.

ഇത്തരം കാര്യങ്ങളിൽ നീതി വൈകിപ്പിക്കുന്നത് അഹോരാത്രം പണിയെടുക്കുന്ന ആരോഗ്യപ്രവർത്തകരുടെ മനോവീര്യം കെടുത്തും.’

English Summary : Attack on doctors, Dr. Rahul Mathews shares his experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com