ADVERTISEMENT

മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ മർദിച്ച സംഭവത്തിൽ നടപടി സ്വീകരിക്കുന്നതിൽ പൊലീസിന്റെ ഭാഗത്ത് അനാസ്ഥ വന്നിട്ടില്ലെന്ന് കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു. ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്’ എന്ന വിഷയത്തിൽ മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരാതി കിട്ടി രണ്ടു മണിക്കൂറിനുള്ളിൽ മാവേലിക്കര പൊലീസ് എഫ്െഎആർ ഇട്ടിരുന്നു. എഫ്െഎആറിൽ ഉൾപ്പെടുത്തിയ സെക്ഷനുകളിൽ ഒരു തിരുത്തുപോലും വേണ്ടിവരാതിരുന്നതും ഇൗ കേസിൽ പൊലീസ് വീഴ്ച വരുത്തിയില്ലെന്നതിന്റെ തെളിവാണ്. ആവശ്യമായ എല്ലാ വകുപ്പുകളും ആദ്യ ഘട്ടത്തിൽതന്നെ എഫ്െഎആറിൽ ഉൾപ്പെടുത്തിയിരുന്നതായും ബിജു പറഞ്ഞു. 

16 ന് വൈകിട്ട് 7 ന് നടന്ന ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്, ഇൻഫോക്ലിനിക്ക് കോ – ഫൗണ്ടർ ഡോ. പി.എസ്. ജിനേഷ്, മാവേലിക്കര ജില്ലാ ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു, ഐഎംഎ കോട്ടയം സെക്രട്ടറി ഡോ. ബിബിൻ പി. മാത്യു, അഡ്വ. എം.സി. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

ക്രൈം ആൻഡ് ക്രിമിനൽ ട്രാക്കിങ് നെറ്റ് വർക്ക് ആൻഡ് സിസ്റ്റംസ് (സിസിടിഎൻഎസ്) എന്ന ഒാൺലൈൻ സംവിധാനത്തിലൂടെ എടുത്ത എഫ്െഎആറിൽ പരാതിക്കാരന്റെ മൊഴിപ്രകാരം സർക്കാർ ഉദ്യോഗസ്ഥനെ ആക്രമിച്ച വകുപ്പ് 332, കേരള ഹെൽത്ത് കെയർ സർവീസ് പേഴ്സൺസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഒാഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപർട്ടി) ആക്ട് 2012 എന്നീ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.  കോവിഡ് കാലമായതിനാൽ കോടതി നടപടികളിൽ ഉൾപ്പെടെ സ്വാഭാവികമായി വന്ന സാങ്കേതിക കാലതാമസമാണ് അറസ്റ്റ് വൈകുന്നതിനു കാരണം. കോടതികൾ സാധാരണ രീതിയിൽ പ്രവർത്തിക്കുന്ന സാഹചര്യമായിരുന്നെങ്കിൽ മുൻകൂർ ജ്യാമാപേക്ഷയിൽ നേരെത്ത തീർപ്പു വരുമായിരുന്നു. അല്ലാതെ പ്രതി പൊലീസുകാരനാണെന്ന പരിഗണനയോ അന്യായമായ പിന്തുണയോ നൽകിയെന്ന തെറ്റിദ്ധാരണ ആരോഗ്യപ്രവർത്തകർക്കുണ്ടാകരുതെന്നും ബിജു പറഞ്ഞു. 

കോവിഡ് സ്ഥിരീകരിച്ചു വീട്ടിൽ കഴിയവേ ബുദ്ധിമുട്ട് അനുഭവപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച ഉമ്പർനാട് അഭിലാഷ് ഭവനം ലാലി (56) മേയ് 14ന് ആണ് മരിച്ചത്. അമ്മ മരിച്ചതറിഞ്ഞെത്തിയ ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായ അഭിലാഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവുമായി തർക്കമുണ്ടാകുകയും ഡോക്ടറെ കയ്യേറ്റം ചെയ്തെന്നുമാണ് കേസ്. ‘‘പ്രതിയായ പൊലീസുകാരൻ അമ്മയുടെ മരണാനന്തര ചടങ്ങിനു ശേഷം ക്വാറന്റീനിൽ പോകുകയും പിറ്റേന്ന് പോസിറ്റീവാകുകയും ചെയ്തു. കോവിഡ് പോസിറ്റീവായ വ്യക്തി നെഗറ്റീവാകേണ്ട സമയവും കണക്കിലെടുക്കണം. നെഗറ്റീവായ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു.  ലോക്ഡൗൺ സമയത്ത് അത്യാവശ്യ കേസുകൾ ഒാൺലൈനായി മാത്രമാണ് കോടതിയിൽ പരിഗണിക്കുന്നത്.’’

‘‘ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നിലനിൽക്കേ, നിയമപരമായി തടസമില്ലെങ്കിലും കാലാകാലങ്ങളായി പാലിക്കുന്ന കീഴ്‍വഴക്കങ്ങൾ അനുസരിച്ച് പ്രതിയെ അറസ്റ്റ് ചെയ്യുന്നതിന് സാങ്കേതിക തടസങ്ങൾ പൊലിസിനുണ്ട്. ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവത്തെ വൈകാരികമായി കാണാതെ വസ്തുതാപരമായി കാണണം. ഇത്തരത്തിലൊരു ആക്രമണം നടന്നാൽ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രതിയെങ്കിൽപോലും വിട്ടുവീഴ്ച പാടില്ലെന്നാണ് പൊലിസ് സേനയുടെയും സംഘടനയുടെയും നിലപാട്. 14000 പൊലീസ് ഉദ്യോഗസ്ഥരാണ് കോവിഡ് പോസിറ്റീവായത്. കോവിഡ് പോസിറ്റിവായ ഒരാളെ അറസ്റ്റ് ചെയ്താൽ ആ സ്റ്റേഷനിലെ മുഴുവൻ ഉദ്യോഗസ്ഥരും ക്വാറന്റീനിൽ പോകേണ്ട സാഹചര്യവും കണക്കിലെടുക്കണം. മാവേലിക്കര പൊലിസ് ഇൻസ്പക്ടർ നൽകിയ റിപ്പോർട്ട് ആലപ്പുഴ എസ്പി ഒാഫിസിൽ നിന്നു പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ ബറ്റാലിയനിൽ എത്തിയതോടെ സസ്പെൻഷൻ ഉത്തരവ് ഇറങ്ങി. പൊലീസ് വ‌കുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗങ്ങളുടെ ഒാഫിസ് കോവിഡ് സാഹചര്യത്തിൽ അടഞ്ഞു കിടന്നതിനാൽ ഇതിലും സാങ്കേതികമായ കാലതാമസമാണുണ്ടായത്.’’

‘‘ഏഴു വർഷത്തിൽ കുറവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണെങ്കിൽ അറസ്റ്റ് നിർബന്ധമില്ലെന്ന് സുപ്രീംകോടതിയുടെ നിർദേശമുണ്ട്. നിലവിൽ ഇൗ കേസിൽ ഉൾപ്പെടുത്തിയിരിക്കുന്ന വകുപ്പുകൾ പ്രകാരം പരമാവധി കിട്ടാവുന്ന ശിക്ഷ മൂന്ന് വർഷമാണ്. എന്നിട്ടും മുൻകൂർ ജാമ്യം നൽകരുതെന്ന നിലപാടാണ് പൊലീസ് എടുത്തിരിക്കുന്നത്. ഡോക്ടർമാരുടെ സംഘടന കക്ഷിചേർന്നതോടെ അവരുടെ ഭാഗംകൂടി കേൾക്കാൻ ഹൈക്കോടതി ജാമ്യാപേക്ഷയിൽ വിധിപറയുന്നത് മാറ്റിവയ്ക്കുകയായിരുന്നു. ഹൈക്കോടതിയിൽ എജിയുടെ ഒാഫിസിൽ പോയ പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത സംഭവത്തിൽ അഭിഭാഷകർക്ക് എതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തിരുന്നു. എന്നാൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നതിനാൽ പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.’’

‘‘മഹാമാരിയുടെ കാലഘട്ടത്തിൽ പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവർത്തകരും ഒരേ മനസോടെയാണ് പ്രവർത്തിക്കുന്നത്. മറയൂരിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കേ കരിങ്കല്ലുകൊണ്ട് തലയ്ക്ക് അടിയേറ്റ് ഗുരുതര പരുക്കുകളോടെ ചികിത്സയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ അജീഷ് പോൾ ആരോഗ്യ പ്രവർത്തകരുടെ അർപ്പണ ബോധത്തോടെയുള്ള ശുശ്രൂഷയുടെ ഫലമായി ജീവിതത്തിലേക്ക് മടങ്ങിവരുന്നത് വളരെ കടപ്പാടോടെ ഒാർക്കുന്നു.  ഇൗ കോവിഡ് കാലത്ത് ആരോഗ്യപ്രവർത്തകർ മാത്രമല്ല നൂറ്റിപതിനെട്ടോളം പൊലീസുകാരും ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.’’ വ്യക്തികൾക്കുണ്ടാകുന്ന മനോവൈകല്യങ്ങൾ കാരണം ആരോഗ്യപ്രവർത്തകരെയും പൊലീസിനെയും ആക്രമിക്കുന്നത് നിയമപരമായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

English Summary : Attack on doctors;Kerala police association state general secretary C. R Biju's version

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com