ADVERTISEMENT

ലോകത്തു മുഴുവൻ വ്യാപിച്ച കോവിഡ് മാഹാമാരി ദിവസവും നൽകി കൊണ്ടിരിക്കുന്നത് ഓരോരോ പുതിയ പാഠങ്ങളാണ്. ഒറ്റപ്പെടുത്തുന്നതിൽ നിന്നും മാറി, ചേർത്തു പിടിക്കേണ്ടതിന്റെ പാഠം. കാലക്രമേണ വകഭേദം മാറുന്നു എന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ച ജനിതകമാറ്റത്തിന്റെ പാഠം. ബ്ലാക് ഫംഗസ് പോലുള്ള സങ്കീർണതകൾ തുറന്നു കാട്ടിയ പാഠം. ഈ ദിവസവും കടന്നു പോകും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ജനതയുടെ ഉൾക്കരുത്തിന്റെ പാഠം. വിവിധ മെഡിക്കൽ സയൻസുകൾ തോളോടു തോൾ ചേർന്ന് ഒന്നാം തരംഗത്തേയും രണ്ടാം തരംഗത്തേയും നേരിട്ടപ്പോൾ പകച്ചു നിന്നത് കോവിഡാണെന്നത് പറയാതെ വയ്യ. കാരണം കോവിഡിന്റെ സംഹാരതാണ്ഡവം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാൻ വിവിധ ചികിത്സാ  ശാസ്ത്രങ്ങൾക്കായി. ഇനിയും ഒരുപാട് പോകാനുണ്ടെങ്കിലും. 

kotakal1

കേവലം ഒരു ജലദോഷത്തിന്റെ ലക്ഷണം മാത്രമായിക്കണ്ട് ഈ  അസുഖത്തെ കുറച്ചു  കാണുന്നവരുണ്ട്. ഇത് ശരിയല്ല. ലക്ഷണങ്ങൾ ഒന്നുമില്ലെങ്കിൽ കൂടി മറ്റുള്ളവരിലേക്ക്, പ്രത്യേകിച്ചും കുട്ടികളിലേക്കും, വൃദ്ധന്മാരിലേക്കും അസുഖം പകർന്നു കൊടുക്കുന്നതിനുള്ള കാരണമായി മാറാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. 

പ്രതിരോധത്തിൽ ഊന്നിയ ചികിത്സാ നയവുമായാണ് ആയുർവേദ ഡോക്‌ടർമാർ തുടക്കം മുതലേ കോവിഡിനെ നേരിട്ടത്. പ്രതിരോധ ചികിത്സ (preventive), ശമനചികിത്സ (curative), പുനരുജ്ജീവന ചികിത്സ (restorative) എന്നീ തലങ്ങളിൽ കൂടിയാണ് ആയുർവേദത്തിന്റെ സാധ്യതകൾ തുടങ്ങിവച്ചതെങ്കിലും ഇപ്പോഴത് വിവിധ ഔഷധ  ഗവേഷണ രംഗത്തേക്കും ചികിത്സാ ഗവേഷണ രംഗത്തേക്കുമുള്ള വാതായനങ്ങൾ വിശാലമായി തുറന്നിട്ടിരിക്കുകയാണ്. ഇന്ദുകാന്തം ക്വാഥം, ആയുഷ്ക്വാഥ ചൂർണം മുതലായ മരുന്നുകളിൽ നടത്തിയ രാസഘടനാ പഠനത്തിൽ "ഇമ്മ്യൂണോ മോഡുലേറ്ററി" (പ്രതിരോധ ക്രമീകരണ) സ്വഭാവമുള്ള നിരവധി രാസഘടകങ്ങൾ കണ്ടെത്തിയതും, ഇവ രോഗതീവ്രത കുറയ്ക്കാൻ സഹായിക്കുന്നു എന്ന കണ്ടെത്തലും ഇതിനുദാഹരണങ്ങളാണ്.  

kotakal3

ഒട്ടേറെ രോഗലക്ഷണങ്ങളും, അതിന്റെ ഉപോൽബലകമായ കാരണങ്ങളും ഇഴ ചേർന്ന ഓരോ ലക്ഷണ സമവായങ്ങളാണ് ആയുർവേദത്തിൽ ഓരോ അസുഖവും. കോവിഡ് 19 ൽ കാണുന്ന പനി, മൂക്കടപ്പ്, ശ്വാസം മുട്ടൽ, രുചിക്കുറവ്, മണമില്ലായ്‌മ, ക്ഷീണം, മേൽ വേദന എന്നിവയെല്ലാംതന്നെ ഒരു തരത്തിലല്ലെങ്കിൽ വേറൊരു തരത്തിൽ ജ്വര (പനി)വുമായി ചേർത്ത് വായിക്കാം. ഈ ലക്ഷണങ്ങളെ  ആയുർവേദ രീതിയിൽ വിശകലനം ചെയ്യുന്നതിനാലാണ് ഒരു വൈദ്യന്റെ വിജയം. ജ്വരത്തിന്റെ പ്രധാന ചികിത്സാതത്വം ജ്വരഹരത്വവും (പനിയേയും അതുമായി ബന്ധപ്പെട്ട ലക്ഷണങ്ങളേയും ഇല്ലാതാക്കുക), ബലകരത്വവും (ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കലും) ആണ്. ഈ ഗുണങ്ങൾ ഉള്ള ചില പ്രത്യേക മരുന്നുകളാണ് ഇപ്പോഴും ചികിത്സയുടെ മുൻനിരയിൽ ഉള്ളത്.  ദശമൂലകടുത്രയാദി കഷായം, വില്വാദി ഗുളിക എന്നിവയെല്ലാം ഇതിനുദാഹരണങ്ങൾ ആണ്. 

ആയുർവേദത്തിൽ പ്രതിരോധം ഒറ്റ വാക്കല്ല. പൈതൃകമായി ലഭിക്കുന്ന ശരീരശക്തി പ്രതിരോധത്തിന്റെ കാതലാണ്. സ്വാഭാവികമായി മാറി വരുന്ന ഋതുക്കളും വയസ്സും  പ്രതിരോധശക്തിയിൽ ഏറ്റക്കുറച്ചിലുണ്ടാക്കുന്നു. പ്രായമായവരിൽ പ്രതിരോധശക്തി കുറയുന്നതിനാലാണ് അവരിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ വൈദ്യസമൂഹം പറയുന്നത്. ഔഷധം, സമീകൃതാഹാരം, വ്യായാമം, ദിനചര്യ മുതലായവയിലൂടേയും ശരീരബലം കാത്തു സൂക്ഷിക്കേണ്ടതാണ്. ഔഷധങ്ങളിൽ ച്യവനപ്രാശം,അഗസ്ത്യരസായനം എന്നീ മരുന്നുകൾ പ്രത്യേക പരാമർശം അർഹിക്കുന്നു. 

ആയുർവേദത്തിൽ ദോഷശേഷ ചികിത്സ (രോഗം മാറിയാലും ആ രോഗം ശരീരത്തിൽ ബാക്കിവെക്കുന്ന കേടുപാടുകൾ ഭേദമാക്കുന്നത്) പ്രധാനമാണ്. ഇത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുന്നത് കൊണ്ടാണ് കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയതിന് ശേഷവും രോഗികൾ ഗുരുതരാവസ്ഥയിലേക്ക് ചിലപ്പോഴൊക്കെ എത്തിച്ചേരുന്നത്. കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ഇനിയും പ്രസക്തിയുള്ളത് പ്രതിരോധത്തിന് തന്നെയാണ്. ഇതിനായുള്ള പ്രതിവിധിയാവട്ടെ ആന്തരികവും ബാഹ്യവുമായ ശരീരശുദ്ധിയും. "അഴുക്ക് വെള്ളത്തിലേ കീടാണുക്കൾ കെട്ടിക്കിടക്കൂ" എന്ന തത്വം ശരീരത്തിനകത്തും ബാധകമാണ്. നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ശരീരദ്രാവകങ്ങളുടെ (body fluid) നിർവിഘ്‌നവും, നിർബാധവുമായ സഞ്ചാരപഥത്തെ സുഗമമാക്കലാണ് ശരീരത്തിനകത്തെ അണുസഞ്ചയം തടയാനുള്ള ഏക മാർഗം. ഇത് വഴി ഓരോ കോശങ്ങളിലേക്കും പോഷണമെത്തിക്കുന്നതിനും കോശങ്ങളും പ്രതിരോധത്തിന് സജ്ജമാക്കുന്നതിനും സാധിക്കുന്നു. നാം നേർക്കണ്ണുകൊണ്ട് കാണുന്ന ആകാരത്തിലും ശരീരഘടനയിലുമല്ല പ്രതിരോധം എന്ന് സാരം. ഇവിടെയാണ് ഇഞ്ചി, തിപ്പലി, തുളസി, ജീരകം മുതലായ ദഹനപ്രക്രിയ സഹായിക്കുന്ന മരുന്നുകളുടെ പ്രസക്തി. 

kotakal4

 പ്രതിരോധത്തെ ത്വരിതപ്പെടുത്തുന്ന മരുന്നുകൾ മാത്രം (Immuno Enhancers ) എല്ലായ്‌പ്പോഴും കോവിഡ് -19 ന് യോജിക്കണമെന്നില്ല. ശരീരത്തിലെ പ്രതിരോധ പ്രക്രിയയ്ക്ക് ഒരു സന്തുലിതാവസ്ഥയാണ് ആവശ്യം. ചില അവസ്ഥകളെങ്കിലും അനിയന്ത്രിതമായി ഇമ്മ്യൂൺ സിസ്റ്റം രോഗാണുക്കളിൽ നിന്നും അതീതമായി സ്വന്തം ശരീരഭാഗങ്ങളെ തന്നെ അപായപ്പെടുത്തുന്ന പ്രവണതകൾ കണ്ടുവരാറുണ്ട്. 'Cytokine storm' എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ ഒരു പക്ഷേ പ്രതിരോധശക്തിയെ ത്വരിതപ്പെടുത്തുന്ന ഔഷധങ്ങളെക്കാൾ, ഇമ്മ്യൂണിറ്റിയെ ക്രമീകരിക്കുന്ന മരുന്നുകൾക്കാകും (immunomodulators) മുൻ‌തൂക്കം, അശ്വഗന്ധ ചൂർണം ഇവിടെ എടുത്തുപറയേണ്ട ഔഷധം ആണ്. 

കോവിഡിന്റെ പ്രതിരോധത്തിന്റെ ഭാഗമായി മൂക്ക്, വായ, തൊണ്ട എന്നീ ഭാഗങ്ങളുടെ 'Hygiene' വളരെ പ്രധാനപ്പെട്ടതാണ്. ഇതിനായി ദശനകാന്തി ചൂർണം ചേർത്തിളക്കിയ വെള്ളം കൊണ്ട് ദിവസവും രണ്ട് നേരമെങ്കിലും കവിൾകൊള്ളുന്നത് നല്ലതാണ്. അണുതൈലം ഓരോ മൂക്കിലും ഈരണ്ട്  തുള്ളി വീതം ഉറ്റിച്ച് വലിക്കുന്നതും നന്ന്. സാംക്രമിക രോഗങ്ങൾ മനുഷ്യരാശിക്ക് പുതുമയുള്ളതല്ല. അവസരോചിതമായ ഇടപെടലുകളിലൂടെ നമുക്കവയെ അതിവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവിടെയും നമുക്ക് ശുഭപ്രതീക്ഷ തന്നെയാണുള്ളത്. 

കോവിഡിനെ ആയുർവേദത്തിലൂടെ എങ്ങനെ പ്രതിരോധിക്കാമെന്ന വിഷയത്തിൽ 26ന് വൈകിട്ട് 6 മുതൽ 7.30 വരെ ഒരു വെബിനാർ സംഘടിപ്പിക്കുന്നുണ്ട്. വെബിനാറിൽ പങ്കെടുക്കാൻ ഇവിടെ റജിസ്റ്റർ ചെയ്യാം. 

ഡോ. രാജഗോപാലൻ കെ.വി.

ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ 

ആര്യവൈദ്യശാല, കോട്ടയ്ക്കൽ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com