ADVERTISEMENT

സ്ട്രോക്കുകൾ അവയുടെ സൂക്ഷ്മതകൾക്ക് പേരുകേട്ടതല്ല. എന്നിരുന്നാലും, 2016 ജൂലൈ 26-ന് മാത്യു എബ്രഹാം (യഥാർത്ഥ പേര് വ്യത്യസ്തമാണ് ) എന്ന 45 വയസ്സുള്ള മധ്യവയസ്കനായ വ്യക്തിയുടെ ജീവിതം വിനാശകരവും നാടകീയവുമായ രീതിയിൽ മാറാൻ പോകുകയാണെന്ന് സൂക്ഷ്മമായ സൂചന ലഭിച്ചു. വലതുകാലിന് ഇടതുകാലിന്റെ അതേ സംവേദനക്ഷമതയില്ലെന്ന് ശ്രദ്ധയിൽപെട്ടപ്പോൾ അദ്ദേഹം തന്റെ ബാങ്കിലേക്ക് പോകാനായി കാർ ഡ്രൈവ് ചെയ്യുകയായിരുന്നു. ഒരുപക്ഷേ സീറ്റ് നീങ്ങിയിരിക്കാം എന്ന് അദ്ദേഹം കരുതി. പിന്നീട്, ഓഫീസിലേക്ക് കയറുന്നതിനു  കാലെടുത്തുവയ്ക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ടായപ്പോൾ അദ്ദേഹം മറ്റൊരു സൂക്ഷ്മമായ സൂചന അനുഭവിച്ചു. എന്നാൽ വർക്ക് പ്രഷർ അല്ലെങ്കിൽ തന്റെ ക്ലയന്റിനെ കാണാൻ പോയി വന്നതിലുള്ള ക്ഷീണം ആവും എന്ന് കരുതി അതിനെ അത്ര തന്നെ വകവച്ചില്ല. അതിനുശേഷം അടുത്ത ഏതാനും ആഴ്ചകളായി അദ്ദേഹം സമാനമായ പ്രശ്നങ്ങൾ ഇതിനിടയിൽ കുറച്ച് തവണ അനുഭവിച്ചിട്ടുണ്ട്. എന്നാൽ  കുറച്ച് മിനിറ്റിനുശേഷം ഇത് അപ്രത്യക്ഷമാകും.

ഓഗസ്റ്റ് 25, 2016-    മേൽപ്പറഞ്ഞ  സൂക്ഷ്മതകൾ അവസാനിച്ചു. ബാങ്കിലെ മാനേജർസ് മീറ്റിങ്ങിൽ പങ്കെടുക്കാൻ കോൺഫറൻസ് റൂമിലേക്ക് നടന്നു നീങ്ങിയ  മാത്യുവിന് പെട്ടെന്ന് വലതുവശത്തെ ബലഹീനതയും സംസാരത്തിലെ ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അതോടെ മാത്യു കുഴഞ്ഞു വീഴുകയായിരുന്നു.

ഇതു കണ്ടതോടെ എത്രെയും പെട്ടെന്നുതന്നെ സഹപ്രവർത്തകർ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിക്കുകയും അവിടെ അദ്ദേത്തിനു വേണ്ടുന്ന ചികിത്സ ലഭിക്കുകയും ചെയ്തു. തലച്ചോറിന്റെ ഇടതു ഹെമിസ്ഫിയറിലെ  കേടുവരുത്തുന്ന ഇസ്കീമിക് സ്ട്രോക്ക് ആയിരുന്നു മാത്യുവിന്.

സ്ട്രോക്കിന്റെ മുൻഗാമിയായ ട്രാൻസിയന്റ് ഇസ്കെമിക് അറ്റാക്സ് ( TIA) മാത്യുവിന് ഉണ്ടായിരുന്നു. പ്രാഥമിക മുന്നറിയിപ്പ് സിഗ്നലുകൾ അദ്ദേഹം അവഗണിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്  സ്ട്രോക്ക് തടയുന്നതിനായി  മരുന്നുകൾ ആരംഭിക്കാൻ കഴിയുമായിരുന്നു. ഇത് അദ്ദേഹത്തിന്റെ സ്ട്രോക്ക് മൂ൪ച്ഛിക്കുന്നതിൽ നിന്ന് തടയുമായിരുന്നേക്കാം.

arun-oommen
ഡോ. അരുൺ ഉമ്മൻ

 ഈ സാഹചര്യങ്ങളിൽ ന്യൂറോയുമായി ബന്ധപ്പെട്ട ഏഴ് അത്യാഹിതങ്ങളും അവ എങ്ങനെയൊക്കെ കൈകാര്യം ചെയ്യാമെന്നും നോക്കാം.

1. സ്ട്രോക്ക് (മസ്തിഷ്കാഘാതം)

സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്നത് തലച്ചോറിലെ ഏതെങ്കിലും ഒരു രക്തക്കുഴലിൽ ബ്ലോക്ക് വരുമ്പോൾ അല്ലെങ്കിൽ ഒരു രക്തക്കുഴൽ പൊട്ടി തലച്ചോറിലേക്ക് രക്തസ്രാവം സംഭവിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ്. തലച്ചോറിലേക്കുള്ള ഏതെങ്കിലും ഒരു രക്തക്കുഴലിൽ കൊഴുപ്പു വന്നു അടിയുന്ന മൂലം അവിടെ ബ്ലോക്ക് ഉണ്ടാവുകയും തലച്ചോറിലെ ആ ഒരു ഭാഗം സ്തംഭിക്കുകയും ചെയ്യുന്നു.

ഈയൊരു അവസ്ഥ എങ്ങനെ പെട്ടെന്ന് തിരിച്ചറിയാൻ പറ്റും എന്ന് നോക്കാം. അതിനു നമുക്ക് FAST എന്ന വാക്കു ഓർത്തിരിക്കാം

Photo Credit : metamorworks / Shutterstock.com
Photo Credit : metamorworks / Shutterstock.com

F- Facial Deviation സ്ട്രോക്ക് സംഭവിക്കുമ്പോൾ ആ വ്യക്തിയുടെ സംസാരത്തിനിടയിൽ തന്നെ ആ വ്യക്തിയുടെ മുഖത്തിന് വ്യതിയാനം സംഭവിക്കുന്നതായി കാണാം. ചുണ്ടുകൾക്ക് ഒരു വശത്തേക്ക് കോട്ടം സംഭവിക്കുന്നു.

A- Arms സ്ട്രോക്ക് ഉണ്ടെന്ന് സംശയിക്കുന്ന ഒരാൾ കൈകൾ ഉയർത്തുമ്പോൾ, ബലഹീനത കാരണം ഒരു ഭുജം താഴുന്നത് കാണാം.  തലയുടെ ഏതു ഭാഗത്തെ രക്തകുഴലിനാണോ ബ്ലോക്ക് വന്നിരിക്കുന്നത് അതിന്റെ എതിർവശത്തെ കൈയിലേക്കോ കാലിലേക്കോ ആവും തളർച്ച വരുന്നത്.

S- Slurring of Speech സംസാരിക്കുന്നതിനിടയിൽ നാക്കു അല്ലെങ്കിൽ സംസാരം കുഴഞ്ഞു പോവുക.

T- Time മസ്തിഷ്കാഘാതത്തിന്റെ പ്രത്യേകത എന്താണെന്നു വച്ചാൽ അതിന്റെ ലക്ഷണങ്ങൾ വളരെ പെട്ടെന്നാവും കാണപ്പെടുക. മേൽപ്പറഞ്ഞവ മൂന്നും കണ്ടാൽ അത് സ്ട്രോക്ക് ആണെന്ന് നമുക്ക് സംശയിക്കാം. ജോലിസ്ഥലത്തോ അതോ വീട്ടിലോ ഇങ്ങനെയൊരു അവസ്ഥ കണ്ടു കഴിഞ്ഞാൽ പ്രധാനമായും ചെയ്യേണ്ടത് രോഗിയെ എത്രയും പെട്ടെന്ന് എല്ലാ സജ്ജീകരണങ്ങളും ഉള്ള ഒരു ആശുപത്രിയിലേക്ക് എത്തിക്കുക എന്നാണ്. കാരണം ആദ്യത്തെ നാലര മണിക്കൂർ വളരെ നിർണായകമാണ്. സ്ട്രോക്ക് വന്ന വ്യക്തിക്ക് വേണ്ടുന്ന ഇൻജക്‌ഷൻ എത്രയും വേഗം കൊടുക്കുന്നത് വഴി അത്രയും വേഗം രോഗമുക്തി സാധ്യമായി വന്നേക്കാം. ഒരു കാരണവശാലും ഏതെങ്കിലും പ്രാദേശിക ആശുപത്രിയിൽ പ്രഥമശുശ്രൂഷയ്ക്കായി സമയം പാഴാക്കരുത്. ഏറ്റവും മികച്ച സജ്ജീകരണങ്ങൾ ഉള്ള ആശുപത്രിയിലേക്ക് തന്നെ കൊണ്ട് പോകുവാൻ ശ്രമിക്കേണ്ടാതാണ്.

2. Brain Bleeding അഥവാ തലച്ചോറിലെ രക്തസ്രാവം  

തലച്ചോറിലെ രക്തസ്രാവത്തിനു പല കാരണങ്ങൾ ആവാം. തലച്ചോറിലെ രക്തക്കുഴലിൽ പ്രഷർ കൂടിയത് മൂലം ഞരമ്പു പൊട്ടുന്നത് കൊണ്ടാവാം അല്ലെങ്കിൽ Aneurysm മൂലവും ആവാം. Aneurysm എന്നാൽ തലച്ചോറിലെ ഞരമ്പിൽ ചെറിയ കുമിളകൾ പോലെ വരികയും ബലഹീനത സംഭവിക്കുകയും പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നതുവഴി തലച്ചോറിൽ രക്തസ്രാവം സംഭവിക്കുന്നു. ഇതും കൂടാതെ ചിലപ്പോൾ ചില ഞരമ്പുകൾക്കു ജൻമനാ സംഭിവിക്കുന്ന തകരാറുകൾ ( Congenital anomaly) മൂലവും രക്തസ്രാവം സംഭവിച്ചേക്കാം. Arteriovenous Malformation അത്തരത്തിൽ ഒന്നാണ്. ഇത്തരം അവസ്ഥയിൽ ഞരമ്പുകൾക്കു വലിയ ബലം കാണില്ല. അവ ഏതെങ്കിലും ഒരു ഘട്ടത്തിൽ പൊട്ടുന്നത് വഴി രക്തസ്രാവം സംഭവിക്കുന്നു. 

തലച്ചോറിലെ രക്തസ്രാവം എങ്ങനെ തിരിച്ചറിയാം?

ജോലിചെയ്യുന്നതിനിടയിൽ പെട്ടെന്ന് തലവേദന ഉണ്ടാവുകയും അത് അടിക്കടി തീവ്രതകൂടി വരികയും ചെയ്യുന്നു. ഇതിനോട് അനുബന്ധിച്ചു അപസ്മാരം വരികയോ ഒരു വശം തളർന്നു പോവുകയോ ചെയ്തേക്കാം. ചില അവസരങ്ങളിൽ അബോധാവസ്ഥയിലേക്കും പോയെന്നു വരാം. ഈ അവസരത്തിൽ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കേണ്ടതാണ്.

3. Seizures അഥവാ അപസ്മാരം

അപസ്മാരം അഥവാ ഫിറ്റ്‌സ് വരുന്നതിനു പലകാരണങ്ങൾ ഉണ്ട്. തലയിൽ ഉണ്ടാവുന്ന ഏതെങ്കിലും മുഴയോ അല്ലെങ്കിൽ രക്തസ്രാവത്തെയോ തുടർന്ന് അപസ്മാരം വരാം. തലച്ചോറിലേക്കുള്ള ഇലക്ട്രിക്കൽ ഇമ്പൾസുകൾ സാധാരണയിലും അധികമായി വരുമ്പോൾ അപസ്മാരം സംഭവിക്കുന്നു. അതുമല്ലെങ്കിൽ തലച്ചോറിലേക്ക് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ( ഉദാഹരണത്തിന് അണുബാധ, വീക്കം, പരിക്ക്) സംഭവിച്ചാലും അപസ്മാരം വരാവുന്നതാണ്. അപസ്മാരം പലരീതിയിൽ സംഭവിച്ചേക്കാം. ചിലപ്പോൾ ഫോക്കൽ ആയി സംഭവിക്കുന്നു. അതായത് ശരീരത്തിന്റെ ഒരു ഭാഗത്തു മാത്രമായി അപസ്മാരം വരുന്നു. ഈ അവസ്ഥയിൽ ചുണ്ടു ഒരു ഭാഗത്തേക്ക് മാത്രമായി കോടി പോവുന്നു. എന്നാൽ മറ്റുചിലപ്പോൾ ശരീരം മൊത്തമായി ഫിറ്റ്‌സ് വരുന്നു.

അപസ്മാരം വരുന്ന വ്യക്തിക്ക് എത്തരത്തിലുള്ള FIRST AID കൊടുക്കാം എന്ന് നോക്കാം..

Photo Credit : Orawan Pattarawimonchai / Shutterstock.com
Photo Credit : Orawan Pattarawimonchai / Shutterstock.com

ഓർക്കുക അപസ്മാരം ആരംഭിച്ചുകഴിഞ്ഞാൽ അത് മിക്ക അവസരങ്ങളിലും സാവധാനം നിയന്ത്രിക്കപ്പെടും . ഈ സമയം വ്യക്തിയെ പരമാവധി സുരക്ഷിതമായി താങ്ങിപ്പിടിച്ചു കിടത്താൻ ശ്രമിക്കുക. തല ഒരിടത്തും തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അപസ്മാരം വരുമ്പോൾ ആ വ്യക്തിയെ യാതൊരു കാരണവശാലും പിടിച്ചു നിർത്താൻ ശ്രമിക്കാതിരിക്കുക. അങ്ങനെ ചെയ്യുന്നത് വഴി അയാളുടെ പേശികളുടെ പരിക്കുകൾ അല്ലെങ്കിൽ ജോയിന്റ് ഡിസ്‌ലൊക്കേഷൻ എന്നിവ വരെ സംഭവിച്ചെന്ന് വന്നേക്കാം. ഫിറ്റ്‌സ് സംഭവിക്കുന്ന സമയത്ത് ഒരു കാരണവശാലും ആ വ്യക്തിക്ക് വെള്ളം കൊടുക്കുകയോ അതുപോലെ തന്നെ വായിലേക്ക് മരുന്ന് ഇട്ടു കൊടുക്കുകയോ ചെയ്യരുത്. അത് ഒരുപക്ഷേ തൊണ്ടയിൽ കുടുങ്ങി ശ്വാസതടസ്സം സൃഷ്ടിച്ചേക്കാം. ചിലയിടങ്ങളിൽ അപസ്മാരം വരുന്ന വ്യക്തിയുടെ കയ്യിൽ താക്കോൽ വച്ച് കൊടുക്കാറുണ്ട്. അത് കൊടുക്കുന്നത് കൊണ്ട് പ്രയോജനം ഉണ്ടാവും എന്നത് വെറും അബദ്ധ ധാരണയാണ്. അത് വെറുമൊരു സപ്പോർട്ട് മാത്രമാണ് നൽകുന്നത്. താക്കോൽ കൈയിൽ പിടിക്കുന്നത് മൂലം അപസ്മാരം ഒരിക്കലും കണ്‍ട്രോൾ ചെയ്യപ്പെടുന്നില്ല. 

4. ആക്‌സിഡന്റിനു ശേഷം സംഭവിക്കുന്ന ഹെഡ് /നട്ടെല്ല് ഇഞ്ചുറിസ്

ഇത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു മേഖലയാണ്. ആളുകൾ ഏറ്റവും ഭയക്കുന്നതും ഇതിനെയാണ്. കാരണം അപകടത്തെ തുടർന്ന് സംഭവിക്കുന്ന തലയിലെ പരിക്കുകൾ അമിതമായ രക്തസ്രാവത്തിനു കാരണമാവുകയും അതേതുടർന്ന് മരണം വരെ സംഭവിക്കുകയും ചെയ്തേക്കാം. ഓർക്കുക- അപകടത്തിൽ പെട്ട ഒരു വ്യക്തിയെ തീർത്തും സൂക്ഷ്മമായി വേണം കൈകാര്യം ചെയ്യാൻ. നമ്മൾ കൈകാര്യം ചെയ്യുന്നതിലുള്ള പിഴവ് മൂലം പരുക്കുകളുടെ ആധിക്യം ഒരിക്കലും കൂടാൻ പാടില്ല. തുടർച്ചയായി രക്തസ്രാവമുണ്ടെങ്കിൽ നല്ല വൃത്തിയുള്ള ഒരു തുണികൊണ്ടു പരിക്കേറ്റ സ്ഥലത്തു രണ്ടു മുതൽ മൂന്നു മിനിട്ടു വരെ നല്ല പ്രഷർ കൊടുക്കുക. കൈയിലോ കാലിലോ ആണ് പരിക്കെങ്കിൽ അവ ഉയർത്തി പിടിയ്ക്കാം. ഹൃദയത്തിനു മുകളിൽ ഉയർത്തി പിടിക്കുക വഴി രക്തസ്രാവത്തിന്റെ പ്രഷർ കുറയാൻ സഹായിക്കും, അതോടൊപ്പം തന്നെ ബ്ലീഡിങ് ഒരു പരിധി വരെ കുറയുകയും ചെയ്യും.  ഈ രോഗികൾ എത്രയും വേഗം അടുത്തുള്ള ആശുപത്രിയിൽ സുരക്ഷിതമായി എത്തുമെന്ന് ഉറപ്പാക്കുക. അപകടത്തിനു ശേഷം ആദ്യത്തെ ഒരു മണിക്കൂർ "GOLDEN HOUR" അഥവാ സുവർണ മണിക്കൂർ എന്ന് പറയുന്നു. അപകടത്തിൽപ്പെടുന്നവർക്ക് ഈ മണിക്കൂറിൽ തൽക്ഷണവും ശരിയായതുമായ പ്രാഥമിക ചികിത്സ നൽകുന്നത് അതിജീവനത്തിനുള്ള സാധ്യത വർധിപ്പിക്കുകയും പരിക്കുകളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നു. 

5. നട്ടെല്ലിൽ സംഭവിക്കുന്ന പെട്ടെന്നുള്ള ഡിസ്ക് പ്രോലാപ്സ്

അധികം ആളുകളും അനുഭവിച്ചിരിക്കാവുന്ന ഒന്നാണ് ഇത്. ജോലിചെയ്യുന്ന സമയം കുനിഞ്ഞു പെട്ടെന്ന് നിവരുമ്പോൾ അല്ലെങ്കിൽ ഭാരമുള്ള ഏതെങ്കിലും വസ്തു ഉയർത്തുകയോ ചെയ്യുമ്പോൾ പെട്ടെന്നുള്ള നടുവേദനയും അതിനൊപ്പം കാലിലേക്കൊരു തരിപ്പോടുകൂടിയ വേദന അല്ലെങ്കിൽ വിങ്ങൽ പോലെ വരികയോ അല്ലെങ്കിൽ ഭാരം എടുത്തു പൊക്കുമ്പോൾ കഴുത്തിലേക്ക് ഉളുക്ക് പോലെഒക്കെ വരുന്നു. ഇവയെല്ലാം Acute Disc Prolapse മൂലം സംഭവിക്കുന്നവയാണ്. നമ്മുടെ നട്ടെല്ലിന് താങ്ങാവുന്നതിലും അധികം ഭാരം അല്ലെങ്കിൽ സ്ട്രെസ് വരുമ്പോൾ ഡിസ്ക്കിന്റെ കവറിങ്ങിൽ പിളർപ്പ് സംഭവിച്ചു ഡിസ്ക് പുറത്തേക്കു തള്ളി പോവുന്നു. അങ്ങനെ പുറത്തേക്കു ചാടി വരുന്ന ഡിസ്ക് ഞരമ്പിൽ തട്ടുമ്പോൾ കാലുകളിലേക്കോ കൈകളിലേക്കോ ഷോക്ക് അടിക്കുന്നപോലെയൊരു സെൻസേഷൻ തോന്നിയേക്കാം. ഇതിനു പുറമെ അസഹനീയമായ വേദനയും തളർച്ചയും അനുഭവപ്പെട്ടേക്കാം. ഇതോടനുബന്ധിച്ചു നടക്കാൻ വരെ ബുദ്ധിമുട്ട് അനുഭവപ്പെട്ടെന്നും വരാം. 

ഇങ്ങനെയുള്ള അവസരങ്ങളിൽ സാധാരണയായി ചെയ്യാൻ പറ്റുന്നതെന്തെന്നാൽ വേദന വന്നു കഴിയുമ്പോൾ അധികം അനങ്ങാതെ ബെഡ് റസ്റ്റ് എടുക്കാൻ ശ്രമിക്കുക. എന്നിട്ടു ഏറ്റവും അടുത്തുള്ള ഡോക്ടറിനെ ബന്ധപ്പെട്ട് വേദന സംഹാരികൾ കഴിക്കുന്നതോടൊപ്പം ഇതിനു അല്പം ആശ്വാസം ലഭിക്കുന്നു. എന്നാൽ ഇതിനു ആശ്വാസം കിട്ടാതെ വരുമ്പോഴോ അല്ലെങ്കിൽ ഇത് മൂലം പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സാധിക്കാതെ വരികയോ അതുമല്ലെങ്കിൽ വീണ്ടും വീണ്ടും ഇതേ വേദന അനുഭവപ്പെടുകയോ ആണെങ്കിൽ ഒരു ന്യൂറോ സർജനെ കണ്ടു അതിനു വേണ്ടുന്ന കൃത്യമായ ചികിത്സ ചെയ്യേണ്ടതാണ്. 

6. Brain Fever or മെനിഞ്ജൈറ്റിസ് 

നല്ല പനി, തലവേദന, കഴുത്തു അനക്കാൻ പറ്റാതെ വരിക എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. തലച്ചോറിനെ കവർ ചെയ്യുന്ന Meninges എന്ന മെംബ്രേയ്‌നിൽ ഇൻഫെക്‌ഷൻ വരുന്നതിനെയാണ് മെനിഞ്ജൈറ്റിസ് എന്ന് പറയുന്നത്. ഇതിനു ഡോക്ടറെ കണ്ടു കൃത്യമായി ചികിത്സാ സഹായം തേടേണ്ടത് അത്യാവശ്യമാണ്. Encephalitis എന്നത് തലച്ചോറിന് ഇൻഫെക്‌ഷൻ വരുന്ന അവസ്ഥയാണ്. രോഗലക്ഷണങ്ങളായി പനിയും ഫിറ്റ്‌സും വന്നേക്കാം അല്ലെങ്കിൽ ചിലപ്പോൾ ബോധം കുറയുന്നു. ഇതിനു എത്രയും വേഗം തന്നെ അടുത്തുള്ള ന്യൂറോളജിസ്റിനെ കണ്ടു ചികിത്സ നേടേണ്ടതാണ്. 

7. സെർവിക്കൽ സ്പോണ്ടിലൈറ്റിസ്/ സുഷുമ്‌നാ നാഡിക്ക് സംഭവിക്കുന്ന പരിക്ക്

പ്രായമായ വ്യക്തികളിൽ തേയ്മാനം അധികമായിരിക്കും. ഈകാരണത്താൽ അവർക്ക് അനങ്ങാൻ ബുദ്ധിമുട്ടു അനുഭവപ്പെടുകയും ശരീരത്തിലുള്ള നിയന്ത്രണം കുറഞ്ഞുവരികയും ചെയ്യുന്നു. തന്മൂലം ഇത്തരം വ്യക്തികൾ വീഴുമ്പോൾ, പ്രത്യേകിച്ച് കഴുത്തിടിച്ചു വീഴുമ്പോൾ പെട്ടെന്ന് എഴുന്നേൽക്കാൻ പറ്റാതെ കഴുത്തിന് താഴേക്ക് തളർന്നു പോകുന്നതായി കാണാം. തേയ്മാനം കാരണം പെട്ടെന്നുണ്ടാവുന്ന വീഴ്ചയുടെ ആഘാതത്തിൽ സ്‌പൈനൽ കോർഡിൽ (സുഷുമ്‌നാ നാഡിക്ക്) പരുക്ക് പറ്റുന്നു. ഇനങ്ങനെയുള്ളവരെ കഴിവതും കഴുത്തു അധികം അനക്കാതെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്യേണ്ടത്. അശ്രദ്ധമായി കൈകാര്യം ചെയ്യുകയാണെങ്കിൽ, ഭാഗിക പരുക്ക് പൂർണ പക്ഷാഘാതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെടാം.

stroke-causes

മസ്തിഷ്കാഘാതത്തിനു ശേഷമുള്ള ആദ്യ ഏതാനും മാസങ്ങളിൽ മാത്യു  തളർവാതരോഗിയായി തുടരുന്നു.  നടക്കാൻ കഴിയാതെ വരികയും, വീഴാതെ വീൽചെയറിൽ ഇരിക്കാൻ പോലും ബുദ്ധിമുട്ടായി വന്നു.  വലതുകൈയുടെയും വിരലുകളുടെയും ഉപയോഗം നഷ്ടപ്പെട്ടു. എന്നാൽ നല്ല രീതിയിലുള്ള ചികിത്സാ ലഭ്യമായതിനാൽ അധികം വൈകാതെ തന്നെ മാത്യുവിന് തന്റെ എല്ലാ സംസാര ശേഷിയും വീണ്ടെടുക്കാൻ സാധിച്ചു. 

അടുത്ത മൂന്ന് മാസത്തിനുള്ളിൽ അദ്ദേഹം ഒരു ഹെമി വാക്കറുമായി നടക്കാൻ തുടങ്ങി.  ഇപ്പോൾ പരസഹായം കൂടാതെ നടക്കാനും മാത്യുവിന് സാധ്യമാണ്.

തീർച്ചയായും, മസ്തിഷ്കാഘാതം മൂലം കേടുപാടുകൾ സംഭവിക്കുന്ന വ്യക്തിയിൽ ശാരീരികമായ ബുദ്ധിമുട്ടുകൾ മാത്രമല്ല അനുഭവപ്പെടുക മറിച്ചു വൈകാരികവും മാനസികവുമായ ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നു. അങ്ങനെ തന്നെ ആയിരുന്നു മാത്യുവിനും. തുടക്കത്തിൽ ശരിക്കും പാടുപെട്ടു. അദ്ദേഹം പറയുന്നതുപോലെ, "ആദ്യത്തെ രണ്ട് മാസം ഭയാനകമായിരുന്നു." താൻ എന്താണ് അനുഭവിക്കുന്നതെന്ന് മനസ്സിലാക്കുവാനോ അത് വിശദീകരിക്കുവാനോ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. "എന്റെ സ്വന്തം ശരീരത്തിനുള്ളിൽ ഒരു തടവുകാരനെപ്പോലെ എനിക്ക് തോന്നി" എന്നും അദ്ദേഹം പറയുന്നു. അതിനുശേഷം കാര്യങ്ങൾ മെച്ചപ്പെട്ടുകൊണ്ടിരിക്കയാണെങ്കിലും , തന്റെ മുൻസ്വത്വത്തിന്റെ പല വശങ്ങളും നഷ്ടപ്പെട്ടതിൽ ഇപ്പോഴും ദുഖമുണ്ട് മാത്യുവിന്. എന്തുതന്നെയായാലും തന്റെ ജീവിതം നല്ലതാണെന്ന് അദ്ദേഹം ഇതിനോടകം അംഗീകരിച്ചിരിക്കുകയാണ്. 

മുകളിൽ പറഞ്ഞ അടിയന്തിര സാഹചര്യങ്ങളിൽ നമ്മൾ തികഞ്ഞ ശ്രദ്ധയോടെ വേണം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ. സമയബന്ധിതമായ വൈദ്യസഹായം നൽകുന്നത് വഴി ജീവൻ രക്ഷിക്കാൻ കഴിയും. കാരണങ്ങൾ ഉടനടി ചികിത്സിച്ചാൽ നിരവധി മരണങ്ങളും പരിക്കുകളുടെ ആഘാതവും തടയാനാകും. ഓർക്കുക - സമയബന്ധിതമായി ചെയ്യുന്ന സഹായത്തിന് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കാം. 

(കൊച്ചി വിപിഎസ് ലേക്‌ഷോർ ഹോസ്പിറ്റലിലെ കൺസൽട്ടന്റ് ന്യൂറോസർജനാണ് ലേഖകൻ)

English Summary : Stroke: Symptoms, Causes, Treatment and Types

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com