അസ്ഥി ഉരുക്കം എന്നൊന്നുണ്ടോ? യോനിസ്രവം രോഗലക്ഷണമാകുന്നത് എപ്പോൾ?

vaginitis
Photo credit : GBALLGIGGSPHOTO / Shutterstock.com
SHARE

മോൾക്കാകെ ഒരു മെലിച്ചിലാണല്ലോ...ആകെയങ്ങു കോലം കെട്ട്....വല്ല അസ്ഥിയുരുക്കവോ മറ്റോ ? പിന്നെ ലേഹ്യമായി, പച്ചമരുന്നായി, അസ്ഥീടെ ഉരുക്കം പിടിച്ചു നിറുത്താനേ !

ശരിക്കും ഈ അസ്ഥി ഉരുകുമോ  ...ഇനി എങ്ങാനും ഉരുകിയാൽ തന്നെ അതേതു വഴിയിലൂടെ ഈ  ഗർഭപാത്രം പിന്നിട്ടു യോനിയിലൂടെ പുറത്തു വരും .... ദാ ഉത്തരം ഇവിടെയുണ്ട് ...

യോനിയിൽ നിന്നുള്ള സ്രവങ്ങൾക്കു അസ്ഥികളുമായി പുലബന്ധം പോലുമില്ല.

ആർത്തവചക്രത്തിന് അനുസരിച്ചു സ്വഭാവികമായി തന്നെ യോനീസ്രവങ്ങൾ ഉണ്ടാകും. സ്വാഭാവികമായുള്ള യോനീസ്രവം (physiological vaginal discharge) ഗന്ധമില്ലാത്ത നിറമില്ലാത്ത കുറഞ്ഞ അളവിലുള്ളതും നേരിയ പശപശപ്പുള്ളതുമാണ്.

എപ്പോഴാണ് യോനിസ്രവം രോഗലക്ഷണമാകുന്നത് ?

യോനീസ്രവത്തിന്റെ

∙ കട്ടി/സാന്ദ്രത

∙ ഗന്ധം

∙ നിറം

∙ അളവ്

ഇവയിലൊക്കെ അസാധാരണത്വം കണ്ടാൽ അത് രോഗലക്ഷണമാകാം.

യോനീസ്രവം രോഗലക്ഷണമാകുന്ന സാഹചര്യങ്ങൾ നമുക്കൊന്ന് പരിചയപ്പെടാം.

പൂപ്പൽ ബാധ (കാൻഡിഡിയാസിസ്)

കാൻഡിഡ എന്ന പൂപ്പൽ ആണ് അസഹനിയമായ ചൊറിച്ചിൽ അനുഭവപ്പെടുന്ന ഈ രോഗത്തിനു കാരണം. ഒപ്പം തൈര് പോലെയുള്ള വെളുത്ത യോനിസ്രവവും. 75 ശതമാനത്തോളം സ്ത്രീകളിലും നാൽപ്പത് വയസ്സിനകം ഒരിക്കലെങ്കിലും ഈ രോഗവസ്ഥ വന്നു പോകുന്നു എന്ന് കണക്കുകൾ പറയുന്നു. ഡയബറ്റിസ് രോഗികളിൽ സാധ്യത സാധാരണക്കാരിലും കൂടുതലാണ്. യോനീസ്രവത്തിനൊപ്പം, യോനിക്കു ചുറ്റുമുള്ള ഭാഗങ്ങളിലേക്കും തുടയിടുക്കിലേക്കും അണുബാധ പടർന്നു ചൊറിച്ചിലും ചുവപ്പും ഉണ്ടാകാം. പങ്കാളിയുടെ ലിംഗാഗ്രത്തിലും പൂപ്പൽ ബാധ കണ്ടു വരാറുണ്ട്.

ട്രൈക്കോമോണിയാസിസ്

ട്രൈക്കോമോണാസ് വജൈനാലിസ് (Trichomonas vaginalis) എന്ന സൂക്ഷ്മജീവിയാണ് ഈ രോഗത്തിനു കാരണം. മഞ്ഞ കലർന്ന പച്ച നിറമാണ് ഈ യോനിസ്രവത്തിന്. ഗർഭാശയ ഗളം ചുവന്നു (strawberry cervix) കാണപ്പെടുന്നത് ഒരു പ്രധാന ലക്ഷണം ആണ്. രോഗലക്ഷണങ്ങളില്ലാതെയും ഈ അണുബാധ ഉണ്ടാകാം. ഗർഭിണികളിൽ ട്രൈക്കോമോണിയാസിസ് വന്നാൽ, മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത കൂടുതലാണ്.

ബാക്ടീരിയൽ വജൈനോസിസ്

ഇത് ഒരു അണുബാധയല്ല.  യോനിയിൽ സ്വാഭാവികമായി കണ്ടു വരുന്ന ലാക്ടോബാസിലസ് (lactobacillus) എന്ന ബാക്ടീരിയ കുറയുകയും മറ്റു ബാക്ടീരിയ അവിടെ പെറ്റുപെരുകകുകയും ചെയ്യുന്ന അവസ്ഥയാണ്. മത്സ്യഗന്ധമുള്ള തവിട്ടു കലർന്ന വെള്ള നിറത്തിലുള്ള യോനീസ്രവമാണ് ഇതിന്റെ പ്രത്യേകത. ആർത്തവ ദിനങ്ങളിൽ ഈ ഗന്ധം വർധിക്കുകയും ചെയ്യുന്നു.

ട്രൈക്കോമോണിയാസിസും ബാക്റ്റീരിയൽ വജൈനോസിസും വന്ധ്യതയ്ക്കു കാരണമായേക്കാവുന്ന പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് (Pelvic inflammatory disease - PID)ലേക്കു നയിച്ചേക്കാം.

ഗർഭാശയ മുഖത്തു നിന്നുള്ള സ്രവങ്ങൾ യോനീസ്രവം ആയി തെറ്റിദ്ധരിക്കാം. ഗോണെറിയ, ഹെർപിസ് മുതലായ അണുബാധ മുതൽ ഗർഭാശയ കാൻസർ വരെ ഇതിന് കാരണമാകാം.

രോഗനിർണയം

∙ വിദഗ്ധ പരിശോധന (Speculum and per vaginal examination )

∙ യോനീസ്രവത്തിന്റെ മൈക്രോസ്കോപിക് പരിശോധന, കൾച്ചർ

ചികിത്സ

∙ രോഗത്തിനനുസരിച്ചു ചികിത്സ വ്യത്യസ്തമാണ്. പൂപ്പൽ ബാധയിൽ ആന്റി ഫംഗൽ മരുന്നുകളാണ് ഫലപ്രദമെങ്കിൽ, മറ്റു രണ്ടു രോഗവസ്ഥയിൽ ആന്റിബയോട്ടിക്കുകൾ ആണ്.

∙ ചില സാഹചര്യങ്ങളിൽ പങ്കാളിയേയും ചികിൽസിക്കേണ്ടി വന്നേക്കാം.

∙ പൂപ്പൽ ബാധയിൽ ഡയബറ്റിസ് ചികിത്സ,  ശരീര ഭാഗങ്ങളിൽ ഈർപ്പം നിൽക്കുന്നത് ഒഴിവാക്കുക എന്നീ കാര്യങ്ങൾ കൂടി ചെയ്യണം.

∙ സങ്കീർണതകൾ ഒഴിവാക്കാൻ ആരംഭത്തിൽ തന്നെ ശരിയായ ചികിത്സ തേടുക.

അപ്പോൾ ഇനി "അസ്ഥിയുരുക്കം" പിടിച്ചു നിർത്താൻ ഒറ്റമൂലി തേടി പോകും മുൻപ് മേൽപ്പറഞ്ഞ കാര്യങ്ങൾ കൂടി മനസ്സിൽ വയ്ക്കുക.

English Summary : Vaginal dischare, Vaginitis: Symptoms and treatment

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫിറ്റ്നസിന് നീന്തൽ, തീറ്റയായി ഡ്രൈ ഫ്രൂട്സ്; പന്തയക്കോഴികളുടെ പരിശീലനം ഇങ്ങനെ

MORE VIDEOS
FROM ONMANORAMA