മാവേലിക്കര സംഭവം ഒറ്റപ്പെട്ടതല്ല, നിയമപാലകൻ തന്നെ നിയമം കൈയിലെടുത്തു: അഡ്വ. എം.സി. സുരേഷ്

m c suresh
അഡ്വ. എം.സി. സുരേഷ്
SHARE

മാവേലിക്കരയിൽ ഡോക്ടറെ ആക്രമിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റ് വൈകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് അഡ്വ. എം.സി. സുരേഷ്. ‘ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്കു നേരേയുണ്ടാകുന്ന അക്രമങ്ങൾക്കു പിന്നിലെന്താണ്’ എന്ന വിഷയത്തിൽ മനോരമ ഒാൺലൈൻ സംഘടിപ്പിച്ച ക്ലബ് ഹൗസ് ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 16 ന് വൈകിട്ട് 7 ന് നടന്ന ചർച്ചയിൽ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജെയ്ക് സി. തോമസ്, ഇൻഫോക്ലിനിക്ക് കോ – ഫൗണ്ടർ ഡോ. പി.എസ്. ജിനേഷ്, മാവേലിക്കര ജില്ലാ ആശുപത്രി ജൂനിയർ കൺസൽറ്റന്റ് ഡോ. രാഹുൽ മാത്യു, ഐഎംഎ കോട്ടയം സെക്രട്ടറി ഡോ. ബിബിൻ പി. മാത്യു, കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ബിജു തുടങ്ങിയവർ സംസാരിച്ചു. ഹെൽത്ത് ജേണലിസ്റ്റും  പോസിറ്റീവ് സൈക്കോളജിസ്റ്റുമായ സന്തോഷ് ശിശുപാലായിരുന്ന ചർച്ചയുടെ മൊഡറേറ്റർ.

‘‘ഡോ. രാഹുൽ മാത്യുവിനെ ആക്രമിച്ച കേസ് ഒറ്റപ്പെട്ട സംഭവമായി കരുതാൻ കഴിയില്ല. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതു കൊണ്ടുമാത്രം അറസ്റ്റ് ചെയ്യാൻ വൈകുന്നുവെന്ന പൊലീസ് വാദം നിലനിൽക്കില്ല. നിയമപാലകൻ തന്നെ നിയമം കൈയിലെടുത്തത് കേസിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഡോക്ടറെ പ്രകോപിപ്പിച്ച് പ്രതിയെ തല്ലാൻ പരസ്യമായി വെല്ലുവിളിച്ചതും അങ്ങനെ സംഭവിച്ചാൽ അത് ചിത്രീകരിക്കാൻ മൊബൈൽ ഫോണുമായി ഡോക്ടറെ വളഞ്ഞതും കൈയേറ്റം ആസൂത്രിതമായി നടപ്പാക്കാൻ ശ്രമിച്ചതിനു തെളിവാണ്. ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്ന കേസുകളിൽ നിയമം അനുശാസിക്കുന്നതനുസരിച്ച് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്.

ചികിൽസ തേടി ആശുപത്രിയിലെത്തുന്നവർക്ക് മികച്ച ചികിൽസ നൽകാനാണ് ആരോഗ്യപ്രവർത്തകർ ആഗ്രഹിക്കുക. നിർഭാഗ്യവശാൽ രോഗിക്ക് മരണം സംഭവിച്ചാൽ അത് ഡോക്ടറുടെ പിഴവാണെന്ന മുൻവിധിയോടെ സമൂഹം ചിന്തിക്കുന്നതാണ് പ്രശ്നങ്ങൾക്കു കാരണം. രോഗിയുടെ ഉറ്റ ബന്ധുക്കളെക്കാൾ, കൂടെയുള്ളവരാകും ഡോക്ടറെ കൈയേറ്റം ചെയ്യാൻ തുനിയുക. ഡോക്ടർക്ക് ശരീരത്തിന് ഏൽക്കുന്ന മുറിവിനെക്കാൾ മനസ്സിന് ഏൽക്കുന്ന മുറിവ് ആജീവനാന്തം വേട്ടയാടും. കൈയേറ്റത്തിനു പുറമേ സമൂഹമാധ്യമങ്ങളിലൂടെ ഡോക്ടറെ അധിക്ഷേപിക്കുന്ന സംഭവങ്ങളുമുണ്ട്.

കേരള ഹെൽത്ത് കെയർ സർവീസ് പഴ്സൻസ് ആൻഡ് ഹെൽത്ത് കെയർ സർവീസ് ഇൻസ്റ്റിറ്റ്യൂഷൻസ് (പ്രിവൻഷൻ ഒാഫ് വയലൻസ് ആൻഡ് ഡാമേജ് ടു പ്രോപർട്ടി) ആക്ട് 2012–നെക്കുറിച്ച് സമൂഹത്തിനുള്ള അജ്ഞത പലപ്പോഴും ആരോഗ്യപ്രവർത്തകർക്കു നേരേയുള്ള ആക്രമണങ്ങൾക്കു കാരണമാകുന്നു. ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാരെ പെട്ടെന്ന് കണ്ടെത്താൻ പൊലീസിനു കഴിയും. ആക്രമണത്തിനു ശേഷം കേസാകുന്ന ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ ഭീക്ഷണിപ്പെടുത്തിയും അനുരഞ്ജന ചർച്ചകളിലൂടെയും കേസ് പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ കാണാറുണ്ട്. അക്രമ സംഭവങ്ങളിൽ ഉടൻതന്നെ അറസ്റ്റ് നടന്നാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് ഒരുപരിധിവരെ തടയാൻ സാധിക്കും.’’ കോവിഡ് മഹാമാരിയുടെ കാലത്ത് ആരോഗ്യപ്രവർത്തകർക്ക് സമൂഹം  സുരക്ഷിതമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്നും മാനസിക പിന്തുണ നൽകണമെന്നും അഡ്വ. എം.സി. സുരേഷ് പറഞ്ഞു.

കോവിഡ് സ്ഥിരീകരിച്ചു വീട്ടിൽ കഴിയവേ ബുദ്ധിമുട്ട് അനുഭവപ്പെട്ട് മാവേലിക്കര ജില്ലാ ആശുപത്രിയിലെത്തിച്ച ഉമ്പർനാട് അഭിലാഷ് ഭവനം ലാലി (56) മേയ് 14ന് ആണ് മരിച്ചത്. അമ്മ മരിച്ചതറിഞ്ഞെത്തിയ ലാലിയുടെ മകനും സിവിൽ പൊലീസ് ഓഫിസറുമായ അഭിലാഷ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. രാഹുൽ മാത്യുവുമായി തർക്കമുണ്ടായെന്നും ഡോക്ടറെ കൈയേറ്റം ചെയ്തെന്നുമാണ് കേസ്. 

English Summary : Attack on doctors, Adv. M. C Suresh speaks

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആളറിയാതെ തമാശ പറയരുത് | Jayasurya | Nadirsha | Kottayam Nazeer | Latest Interview

MORE VIDEOS